തീപ്പെട്ടി വലിപ്പത്തില്‍ ഫോണ്‍, അമ്മയെ ഉറക്കാന്‍ ഗുളിക; ആസൂത്രണത്തിന്റെ അതിബുദ്ധി |Investigation


ശ്രീലക്ഷ്മി മേനോൻ, ഷബിത, റോസ് മരിയ വിൻസന്റ്

6 min read
Read later
Print
Share

ഇരപിടിയന്‍മാരുടെ പൊതു സ്വഭാവമായി ഞങ്ങള്‍ കണ്ടെത്തിയകാര്യങ്ങളില്‍ ഒന്നാണിത്. ആദ്യം കുട്ടിയുടെ വിശ്വാസം നേടി എടുക്കുക, ചൂഷണം ചെയ്യുക, പുറത്തറിയുമെന്ന് തോന്നിയാല്‍ ഭീക്ഷണിപ്പെടുത്തുക

പ്രതീകാത്മക ചിത്രം വര : ബാലു വി.

കുഞ്ഞിയുടെ (യഥാര്‍ഥ പേരല്ല) പിതാവിന്റെ ജ്യേഷ്ഠനൊപ്പമാണ് അവളുടെ വീട്ടിലെത്തിയത്. കുഞ്ഞിയെ കാണാനോ മിണ്ടാനോ പാടില്ല എന്നറിയാവുന്നതുകൊണ്ടുതന്നെ അവളുടെ അമ്മയോടാണ് സംസാരിച്ചത്. അവരുടെ വാക്കുകളും മകളുടെ ഭാവിയെക്കുറിച്ചുള്ള കരുതലുകളാല്‍ മറയ്ക്കപ്പെട്ടതായിരുന്നു. അവര്‍ പറഞ്ഞതെല്ലാം തലയാട്ടി കേട്ടുകൊണ്ട് കൂടുതലൊന്നും ചോദിക്കുകയും പറയുകയും വേണ്ട എന്ന തീരുമാനത്തോടെ ഇറങ്ങാന്‍ തുടങ്ങിയപ്പോളാണ് അവള്‍ ഓടി വന്നത്.
തന്നെ കാണാനാണ് വന്നതെന്നറിഞ്ഞ ഗൗരവത്തിലാണ് കുഞ്ഞി സംസാരം തുടങ്ങിയത്. പറയുന്നതിനിടെ അവള്‍ ജനലിലൂടെ പുറത്തേക്ക് നോക്കുന്നുണ്ടായിരുന്നു. അമ്മ കണ്ണു കൊണ്ട് ആംഗ്യം കാണിച്ചു-'അതാണവന്റെ വീട്'. പതിനൊന്നുകാരി കുഞ്ഞിക്ക് 'പ്രേമം' 'കാണിച്ചുകൊടുത്ത ഇരുപത്തൊമ്പതുകാരന്റെ വീട്. കുഞ്ഞിയുടെ അമ്മ അറിയാതെ വളരെ വിദഗ്ധമായി ഏറെ ദിവസങ്ങളും സമയവുമെടുത്തായിരുന്നു അയാള്‍ കുഞ്ഞിയെ തന്റെ വരുതിയിലാക്കിയത്.
image

അമ്മയോട് പറഞ്ഞാല്‍ മൊബൈലില്‍ എടുത്ത ഫോട്ടോകള്‍ എല്ലാവരെയും കാണിക്കുമെന്നുമുള്ള ഭീക്ഷണിയായിരുന്നു കുഞ്ഞിയെ തന്റെ നിലയ്ക്കു നിര്‍ത്താനുള്ള അയാളുടെ ആദ്യത്തെ അടവ്. ഇതിനൊപ്പം കുഞ്ഞിക്ക് വലിയ ഓഫറുമുണ്ടായിരുന്നു. 'അനിയന്‍മാരെ കാണിക്കാതെ തിന്നോ' എന്നു പറഞ്ഞുകൊണ്ട് കൊടുക്കുന്ന മിഠായികളായിരുന്നു ആ ഓഫര്‍. കുഞ്ഞി വലയിലായപ്പോള്‍ കടന്നേറ്റങ്ങളും പുരോഗമിച്ചു. തീപ്പെട്ടിക്കൂടിന്റെയത്ര വലിപ്പത്തിലുള്ള ഒരു മൊബൈല്‍ ഫോണ്‍ കുഞ്ഞിയ്ക്ക് കൊടുത്തു (ഫോണ്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്). രാത്രി എല്ലാവരും ഉറങ്ങിയാല്‍ പതിനൊന്നുകാരി ഉറക്കമിളച്ച് ഇരുപത്തൊമ്പതുകാരന്റെ ചാറ്റുകള്‍ക്കും അശ്ലീല സംഭാഷണങ്ങള്‍ക്കും കാതുകൊടുത്തുണര്‍ന്നുകിടന്നു. കിടയ്ക്കക്കടിയില്‍ ഒളിപ്പിച്ചു വയ്ക്കാറുള്ള ഫോണ്‍ രാവിലെ എടുക്കാന്‍ പാകത്തില്‍ വീടിന് പുറത്ത് എവിടെങ്കിലും ഒളിപ്പിച്ചു വെച്ചിട്ട് അയാള്‍ക്ക് സ്ഥലം പറഞ്ഞുകൊടുക്കും. ഫോണ്‍ചാര്‍ജ് ചെയ്ത് വൈകുന്നേരം ആരും കാണാതെ കുഞ്ഞിയുടെ അടുത്തെത്തിക്കും. രണ്ടുമാസമാണ് ഇങ്ങനെ ഫോണ്‍ കൈമാറ്റം തുടര്‍ന്നത്! ഇതിനിടയില്‍ അമ്മയ്ക്ക് നല്‍കാന്‍ ഉറക്കഗുളികയും ഇയാള്‍ കുഞ്ഞിയെ ഏല്‍പ്പിച്ചിരുന്നു. ശേഷം രാത്രി കതക് തുറന്നിടാനായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ ഭയം തോന്നിയ കുട്ടി മരുന്ന് അമ്മയ്ക്ക് നല്‍കിയില്ല. അയാളുടെ വലവീശൽ പക്ഷേ, ഫോൺ കൈമാറ്റത്തിൽ നിന്നില്ല. അതുവരെ അപരിചതമായിരുന്ന പല ലോകവും അയാൾ നിർദയം കുഞ്ഞിയെ കാണിച്ചു.

ഒരു ദിവസം അണുബാധ ഉണ്ടായതോടെ വീട്ടുകാര്‍ കുഞ്ഞിയെ ആശുപത്രിയില്‍ എത്തിച്ചു. അതോടെയാണ് അവള്‍ പീഡനത്തിനിരയായിട്ടുണ്ടെന്ന് അറിയുന്നത്. കുഞ്ഞിക്ക് അയാള്‍ നല്‍കിയ ഫോണും ഇതോടെ കണ്ടെടുത്തു. അതില്‍ കുഞ്ഞിയുടെ രഹസ്യഭാഗങ്ങളുടെ ചിത്രങ്ങളും വീഡിയോകളും കണ്ടെത്താനായി. അയാളെ പോലീസ് കസ്റ്റഡിയിലെടുത്തപ്പോഴാണ് അറിയുന്നത് അവളെ കൂടാതെ വേറെയും നാല് കുട്ടികളെ അയാള്‍ ഉപദ്രവിച്ചിട്ടുണ്ടെന്ന്.

പരമ്പരയുടെ ആദ്യ ഭാഗ്യം വായിക്കാം: കണ്ണുവേണം കുട്ടികളില്‍; വലവിരിച്ച് അരികിലുണ്ട് പൂമ്പാറ്റക്കുഞ്ഞും മാലാഖക്കുട്ടിയും

കോഴിക്കോട്ട് കരിങ്കല്‍ ക്വാറിയിലെ തൊഴിലാളിയായ ഇതരസംസ്ഥാനക്കാരന്‍ ഗോവിന്ദന്‍ (യഥാര്‍ഥ പേരല്ല) ഭാര്യയ്ക്കും മൂന്നു കുഞ്ഞുങ്ങള്‍ക്കുമൊപ്പം ക്വാറിയ്ക്കടുത്തുള്ള വീട്ടിലാണ് താമസം. ആറ് വയസ്സാണ് മൂത്ത കുഞ്ഞിന്റെ പ്രായം. പയിമ്പ്രയില്‍ താമസിക്കുന്ന തന്റെ ബന്ധുക്കളുടെ അടുത്തേക്ക് പോയ ഭാര്യയെ കൂട്ടികൊണ്ടുവരാന്‍ ഗോവിന്ദന്‍ പോയ നേരത്താണ് ഇവരുടെ മൂത്ത കുഞ്ഞ് പീഡനത്തിനിരയായത്. അതീവ ഗുരുതരാവസ്ഥയിലായ കുട്ടിയ്ക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കുകയും ആഴ്ചകള്‍ക്കു ശേഷം ആശുപത്രി വിടുകയും ചെയ്തു. മകള്‍ക്ക് യാത്ര ചെയ്യാനുള്ള ആരോഗ്യമായാല്‍ ഉടന്‍ തന്നെ തിരികെ നാട്ടിലേക്ക് പോകുമെന്ന് പറയുന്നു ഗോവിന്ദന്‍. പെണ്‍കുട്ടിയെ അതിക്രൂരമായ പീഡനത്തിനിരയാക്കിയത് തൊട്ടയല്‍വക്കത്തെ ഇരുപത്തെട്ടുകാരനായിരുന്നു. പോലീസ് അറസ്റ്റിനിടെ അയാള്‍ ആത്മഹത്യാശ്രമവും നടത്തി. പ്രതിയെ കണ്ടപ്പോള്‍ നാട്ടുകാര്‍ ഞെട്ടിയത് അയാളുടെ അത്രയും കാലത്തെ സൗമ്യസ്വഭാവത്തിന്റെയും ആരോടും മിണ്ടാത്ത പ്രകൃതത്തിന്റെയും പേരിലായിരുന്നു.

കൊണ്ടോട്ടി പോലീസ് സ്റ്റേഷനില്‍ ഈ മാസം ആറാം തിയ്യതി രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസ് അച്ഛനും അമ്മയും ഇല്ലാത്ത പതിനാറ് വയസ്സുകാരിയെ കാണ്മാനില്ല എന്നതായിരുന്നു. അടുത്ത ബന്ധുവിനോടൊപ്പമായിരുന്നു കുട്ടിയുടെ താമസം. അന്വേഷണം പുരോഗമിക്കവേ പെണ്‍കുട്ടിയുടെ കയ്യിലുള്ള ഫോണിന്റെ ലൊക്കേഷന്‍ പിന്തുടര്‍ന്നാണ് കുട്ടിയെ കണ്ടെത്താന്‍ സാധിച്ചതെന്ന് കൊണ്ടോട്ടി സി.ഐ ബിജു പറയുന്നു. ഓണ്‍ലൈന്‍ ക്ളാസിന് ഉപയോഗിച്ചുകൊണ്ടിരുന്ന ഫോണില്‍ വാട്സാപ്പും ഇന്‍സ്റ്റഗ്രാമും ഫെയ്‌സ്ബുക്കുമെല്ലാം ഉണ്ടായിരുന്നു. സോഷ്യല്‍ മീഡിയ വഴി തന്നെയാണ് പെണ്‍കുട്ടി ഒരു യുവാവിനെ പരിചയപ്പെടുന്നതും. ഒരു സ്പാനിഷ് കമ്പനിയിലെ എന്‍ജനീയറാണെന്നും നാട്ടില്‍ അവധിയ്ക്കു വന്നതാണെന്നുമാണ് അയാള്‍ പെണ്‍കുട്ടിയെ വിശ്വസിപ്പിച്ചിരുന്നത്. ഇയാളുമായി പെണ്‍കുട്ടി പ്രണയത്തിലായതോടെ പുറത്ത് വച്ച് തമ്മില്‍ കാണുന്നതും പതിവായി. പല കാരണങ്ങളും പറഞ്ഞ് പെണ്‍കുട്ടിയുടെ കയ്യിലെ വളയും മോതിരവും ഊരി വാങ്ങി വിറ്റു.
എളുപ്പം പണക്കാരിയാവാനുള്ള വിദ്യയും പതിനാറുകാരിയ്ക്ക് ഇയാള്‍ പറഞ്ഞുകൊടുത്തിരുന്നു. വിദേശ സൈറ്റുകളില്‍ നഗ്‌നചിത്രങ്ങള്‍ അപ്‌ലോഡ് ചെയാല്‍ അക്കൗണ്ടിലേക്ക് പണം വരുമെന്നും ചിത്രങ്ങള്‍ അയച്ചു നല്‍കണമെന്നും അയാള്‍ ആവശ്യപ്പെട്ടു. ഏറെ നിര്‍ബന്ധത്തിന് വഴങ്ങി പെണ്‍കുട്ടി അനുസരിക്കുകയും ചെയ്തു. നാലഞ്ച് മാസങ്ങളായി പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ തുടര്‍ച്ചയായി അയാള്‍ക്ക് ലഭിച്ചുകൊണ്ടേയിരുന്നു. പെണ്‍കുട്ടിയുടെ ബന്ധുക്കളായ സമാനപ്രായക്കാരികളുടെ നമ്പര്‍ കൂടി ഇയാള്‍ ആവശ്യപ്പെട്ടിരുന്നു.

പത്തുമണിക്കൂറോളം നീണ്ട ഓപ്പറേഷന് ശേഷമാണ് പ്രതിയെ പോലീസ് കുടുക്കിയത്. പ്രതിയുടെ ഫോണ്‍ പരിശോധിച്ചപ്പോല്‍ കേരളത്തിലങ്ങോളമുള്ള പതിനാലിനും പതിനാറിനുമിടയില്‍ പ്രായമുള്ള നിരവധി പെണ്‍കുട്ടികളുമായി സൗഹൃദം പുലര്‍ത്തിയിരുന്നുവെന്ന് കണ്ടെത്തുകയുണ്ടായി. കൊണ്ടോട്ടിയിലെ പെണ്‍കുട്ടിയോടൊപ്പം തന്നെ മറ്റ് മൂന്ന് പെണ്‍കുട്ടികളെയും കൂടി ഇയാള്‍ ലൈംഗികമായി ദുരുപയോഗം ചെയ്തു എന്നും പോലീസ് കണ്ടെത്തി.

ഇത് ഒറ്റപ്പെട്ട സംഭവങ്ങളല്ല. പത്തിനും പതിനാലും വയസ്സിനിടയിലുള്ള കുട്ടികള്‍ അതിക്രൂരമായ ലൈംഗികാതിക്രമണത്തിന് വിധേയരായിക്കൊണ്ടിരിക്കുന്നു. ഇതില്‍ ഭൂരിഭാഗവും അടുത്തറിയാവുന്നവരാല്‍ പീഡിപ്പിക്കപ്പെടുന്ന കുരുന്നുകളാണ്.. ഇരപിടിയന്‍മാരുടെ പൊതുസ്വഭാവമായി ഞങ്ങള്‍ കണ്ടെത്തിയ കാര്യങ്ങളില്‍ ഒന്ന് ഇതായിരുന്നു. ആദ്യം കുട്ടിയുടെ വിശ്വാസം നേടി എടുക്കുക, ചൂഷണം ചെയ്യുക, പുറത്തറിയുമെന്ന് തോന്നിയാല്‍ ഭീക്ഷണിപ്പെടുത്തുക... പാവം കുഞ്ഞുങ്ങള്‍, അവര്‍ എന്തറിയുന്നു.

graph

എന്താണ് പോക്‌സോ?

ഇന്ത്യയില്‍ 50 ശതമാനത്തിലധികം കുട്ടികള്‍ ഏതെങ്കിലും തരത്തിലുളള ലൈംഗിക ചൂഷണത്തിന് ഇരയാകുന്നുണ്ടെന്നാണ് കണക്ക്. 18 വയസില്‍ താഴെയുളള ആണ്‍കുട്ടികളും പെണ്‍കുട്ടികളും നേരിടുന്ന ലൈംഗിക ചൂഷണങ്ങള്‍ തടയാനായി 2012 മുതല്‍ പ്രാബല്യത്തില്‍ വന്ന നിയമമാണ് പോക്‌സോ (Protection of Children from Sexual Offences Act.) 2019ല്‍ പോക്സോ നിയമത്തില്‍ വരുത്തിയ ഭേദഗതി പ്രകാരം പതിനാറ് വയസില്‍ താഴെയുള്ള കുട്ടികളെ ലൈംഗിക അതിക്രമത്തിന് വിധേയരാക്കിയാല്‍ 20 വര്‍ഷത്തില്‍ കുറയാത്ത തടവുശിക്ഷയാണ് വിധിക്കുക. എന്നാല്‍ നിയമത്തിലെ പഴുതുകളും തെളിവുകളുടെ അഭാവവും പലപ്പോഴും പ്രതികള്‍ രക്ഷപ്പെടുന്നതിന് കാരണമാവാറുണ്ട്. ചിലപ്പോള്‍ നിഷ്‌കളങ്കര്‍ ശിക്ഷിക്കപ്പെടുന്നതിനും...

കുറ്റവും ശിക്ഷയും

പെനിട്രേറ്റീവ് സെക്ഷ്വല്‍ അസള്‍ട്ട്- കുട്ടിയ്ക്കുമേല്‍ ഏതെങ്കിലും ശരീരഭാഗമോ വസ്തുവോ കടത്തുക- ഏഴുവര്‍ഷത്തില്‍ കുറയാത്ത തടവുശിക്ഷയും പിഴയും. കേസിന്റെ സ്വഭാവമനുസരിച്ച് ജീവപര്യന്തവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യം.

സെക്ഷ്വല്‍ അസോള്‍ട്ട്: ലൈംഗിക ഉദ്ദേശ്യത്തോടെ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുക- മൂന്നുവര്‍ഷം മുതല്‍ ഏഴുവര്‍ഷം വരെയുള്ള തടവും പിഴയും.

സെക്ഷ്വല്‍ ഹരാസ്മെന്റ്: ശരീരഭാഗമോ ഏതെങ്കിലും വസ്തുവോ കാണിക്കുക, കുട്ടിയെ ലക്ഷ്യമിട്ട് ലൈംഗികച്ചുവയുള്ള ആംഗ്യങ്ങള്‍ കാണിക്കുക, ശരീരം പ്രദര്‍ശിപ്പിക്കുക. മൂന്നുവര്‍ഷം വരെ തടവും പിഴയും ഈടാക്കാവുന്ന കുറ്റം. നീലച്ചിത്രങ്ങള്‍ക്കായി കുട്ടിയെ ഉപയോഗിക്കുന്നതും പോക്സോ നിയമത്തിന്റെ പരിധിയിലാണ് വരിക. അഞ്ചുവര്‍ഷംവരെ തടവും പിഴയും.

2012-ലെ പോക്‌സോ നിയമം വന്നതിനുശേഷം ഓരോ വര്‍ഷവും കുട്ടികള്‍ക്കെതിരായ ലൈംഗികാക്രമണകേസുകളില്‍ വന്‍തോതില്‍ വര്‍ധനവാണുണ്ടായത്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച് രാജ്യത്താകെ 26,497 കേസുകളാണ് കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങളില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ഈ റിപ്പോര്‍ട്ടനുസരിച്ചുള്ള കേരളത്തിലെ കണക്കുകളും കേരള പോലീസിന്റെ കൈവശമുള്ള കണക്കുകളും തമ്മില്‍ വലിയ വൈരുദ്ധ്യമാണുള്ളത്.

2019 ല്‍ മാത്രം കേരളത്തില്‍ 3609 പോക്‌സോ കേസുകളാണ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. മറ്റ് വര്‍ഷങ്ങളെ അപേക്ഷിച്ച് 2019-ലാണ് കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കൂടുതല്‍. പോലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ സൂചനകളനുസരിച്ച് ഈ വര്‍ഷം ജനുവരി മുതല്‍ ഒക്ടോബര്‍ വരെ 2480 പോക്സോ കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. 2018 മുതല്‍ 2020 ഒക്ടോബര്‍ വരെ കുട്ടികള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് മലപ്പുറം ജില്ലയിലാണ്. പോലീസിന്റെ രേഖകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ ലൈംഗികാതിക്രമത്തിന് ഇരയാക്കപ്പെടുന്ന കുട്ടികള്‍ പത്തിനും പതിനാലിനും ഇടയില്‍ പ്രായമുള്ളവരാണ്. അക്രമികള്‍ ഇരുപത്തി രണ്ടിനും മുപ്പതിനും ഇടയില്‍ പ്രായമുള്ളവരും അമ്പത് വയസ്സിന് മുകളിലുള്ളവരുമാണ്.

നിര്‍ഭയ കൗണ്‍സിലറായ അഡ്വ. സ്വപ്ന പങ്കുവയ്ക്കുന്നതും ഈ കണക്കുകള്‍ ശരിവയ്ക്കുന്ന സംഭവങ്ങളാണ്.

"ഒരു യുവാവ്, 21 വയസ്സ്, അയാള്‍ തന്റെ അയല്‍ക്കാരായ പത്തുവയസ്സ് പ്രായം വരുന്ന രണ്ട് കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചതായി ഒരു പരാതി വന്നു. ഒരു തവണയല്ല, പലതവണ ഇയാള്‍ ഇവരെ ദുരുപയോഗം ചെയ്തിരുന്നു. ഇതിനൊപ്പം ഇയാളുടെ അച്ഛന്റെ സഹോദരിയുടെ മകളുമായും ഇയാള്‍ക്ക് ഇത്തരത്തില്‍ ബന്ധമുണ്ടായിരുന്നു. ആ പെണ്‍കുട്ടിക്ക് പതിനാല് വയസ്സുള്ളപ്പോള്‍ തുടങ്ങിയതാണ്. ഇതൊന്നും തെറ്റല്ലെന്നും വിവാഹം കഴിക്കാമെന്നുമൊക്കെ പറഞ്ഞാണ് ഇയാള്‍ ദുരുപയോഗിച്ചിരുന്നത്. വീട്ടുകാര്‍ പോലും ഇതറിഞ്ഞിരുന്നില്ല. മൂന്ന് വര്‍ഷത്തിന് ശേഷം മറ്റ് രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ ഇയാള്‍ അറസ്റ്റിലായി. ആ പെണ്‍കുട്ടികളുടെ മൊഴിയില്‍ നിന്നാണ് ഇയാള്‍ക്ക് പുതിയൊരു ബന്ധമുള്ളതായും അറിഞ്ഞത്. ആ പെണ്‍കുട്ടിയും ലൈംഗികമായി ദുരുപയോഗിക്കപ്പെട്ടതായി വൈദ്യപരിശോധനയില്‍ നിന്നും വ്യക്തമായി.

സമീപപ്രദേശത്തെ മറ്റൊരു കേസില്‍ പ്രതി രണ്ടാനച്ഛനാണ്... അവരുടെ ആദ്യ ഭര്‍ത്താവ് ഈ സ്ത്രീയേയും കുട്ടിയേയും ഉപേക്ഷിച്ചു പോയതാണ്. രാവിലെ അമ്മ ഉണര്‍ന്ന് അടുക്കളയിലെ ജോലിക്കും മറ്റുമായി പോകുന്ന സമയത്ത് ഇയാള്‍ ഈ പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കും. പല ദിവസങ്ങളിലും ഇത് സംഭവിച്ചു. പുറത്തു പറഞ്ഞാല്‍ അമ്മയെ കൊല്ലും എന്നായിരുന്നു ഇയാളുടെ ഭീക്ഷണി. ഒരിക്കല്‍ പെണ്‍കുട്ടി ശക്തമായി പ്രതിരോധിച്ചതോടെ മുറിയില്‍ ശബ്ദം കേട്ട് അമ്മ വന്ന് നോക്കുമ്പോള്‍ ഇയാള്‍ കുട്ടിയെ ഉപദ്രവിക്കുന്നത് കാണുകയും ഇവര്‍ പരാതി നല്‍കുകയും ചെയ്തു. അങ്ങനെ അയാളെ അറസ്റ്റ് ചെയ്യുമ്പോഴാണ് ഇയാള്‍ക്ക് മറ്റ് പല സ്ത്രീകളുമായി ബന്ധമുള്ളതായും പല പ്രായത്തിലുള്ള കുട്ടികളെ ദുരുപയോഗം ചെയ്തിട്ടുള്ളതായും അറിയുന്നത്."

കുഞ്ഞുങ്ങളോട് ആര്‍ക്കാണിത്ര അഭിനിവേശം എന്താണിത്ര ആസക്തി എന്ന ചോദ്യമാണ് ഞങ്ങളെ മഞ്ചേരി സബ്ജയിലിലേക്കെത്തിച്ചത്. ഞെട്ടുന്ന വിവരങ്ങളാണ് അവിടെ നിന്ന് ഞങ്ങളെ തേടിയെത്തിയത്. അത് അടുത്ത ലക്കത്തില്‍.

(തുടരും)

പരമ്പരയുടെ ആദ്യ ഭാഗ്യം വായിക്കാം: കണ്ണുവേണം കുട്ടികളില്‍; വലവിരിച്ച് അരികിലുണ്ട് പൂമ്പാറ്റക്കുഞ്ഞും മാലാഖക്കുട്ടിയും

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഞങ്ങളുമായി പങ്കുവയ്ക്കാം: responseinvestigation@gmail.com

Content Highlights : Investigation on Pedophilia Kerala Sexual Assaults crime against children Child Care pocso

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram