പ്രതീകാത്മക ചിത്രം, വര- ശ്രീലാൽ
ഒരു ഇരപിടിയനെ തേടിയുള്ള അന്വേഷണമാണ് ഞങ്ങളെ സുമേഷിന്റെ (യഥാർഥ പേരല്ല) അരികിലെത്തിച്ചത്. അഞ്ചുവർഷത്തിനിടെ മൂന്നു പോക്സോ കേസുകളിലാണ് സുമേഷ് ജയിലിലായത്. മലപ്പുറത്ത് ഏറ്റവും കൂടുതൽ പോക്‌സോ പ്രതികൾ റിമാൻഡിൽ കഴിയുന്ന ജയിൽ എന്ന കുപ്രസിദ്ധിയുള്ള മഞ്ചേരി സബ്ജയിലിലായിരുന്നു സുമേഷിന്റെയും റിമാൻഡ് കാലം. ഇരുപത്തിയേഴ് തടവുകാരെ പാർപ്പിക്കാൻ സൗകര്യമുള്ള ജയിലിൽ ഇപ്പോൾ അമ്പതോളം പേർ റിമാൻഡിൽ കഴിയുന്നു. ഇവിടെ നിന്ന് ലഭിച്ച വിവരങ്ങളനുസരിച്ച് അയാളുടെ വീട്ടിലെത്തി. ഗവേഷണ വിദ്യാർഥികളാണെന്നും പഠനാവശ്യത്തിനായി സമീപിച്ചതാണെന്നും പറഞ്ഞപ്പോൾ സുമേഷ് മനസ്സ് തുറക്കാൻ മടി കാണിച്ചില്ല.
കേസുകളൊക്കെ വേറുതെ കെട്ടിവക്കുന്നതാണ് എന്നായിരുന്നു സുമേഷിന്റെ ആദ്യത്തെ പ്രതികരണം. ''ചിലപ്പോൾ അങ്ങനെയൊക്കെ പറ്റിപ്പോവാറുണ്ട്. ചില കുട്ടികളെ കാണുമ്പോൾ കല്യാണം കഴിക്കാൻ തോന്നും. പെൺകുട്ടികള് റെഡിയാണേൽ ടൂറൊക്കെ പോകും. അങ്ങനെ രണ്ട് വട്ടം ഗർഭക്കേസായി. പോലീസ് പിടിച്ച് അകത്താക്കി. പിന്നെ ആങ്കുട്ട്യോളുടെ കാര്യത്തിലിതൊക്കെ സാധാരണയാണ്. ഞാനും ഇങ്ങനൊക്കെതന്നെയല്ലേ ഇത്രയെത്തിയത്''-വളരെ നിസ്സാരമായാണ് സുമേഷ് ഇതൊക്കെ പറഞ്ഞുതള്ളുന്നത്. സുമേഷിനെതിരേയുള്ള പോക്‌സോ കേസുകളിൽ ആദ്യത്തേത് സ്വന്തം ഇളയച്ഛന്റെ പതിനാലുകാരിയായ മകളെ പീഡിപ്പിച്ചതാണ്. പീഡനവിവരം വീട്ടുകാർ അറിഞ്ഞെങ്കിലും പുറത്തറിയാക്കാതെ മറച്ചുവെച്ചു. പീഡനത്തിനിരയായ പെൺകുട്ടിയുടെ സഹപാഠിയെ പ്രണയം നടിച്ച് വശത്താക്കി ശാരീരിക പീഡനത്തിനിരയാക്കുകയും അതേത്തുടർന്ന് ഗർഭിണിയാവുകയും ചെയ്തു. ആ പെൺകുട്ടിയുടെ വീട്ടുകാർ പോലീസിൽ പരാതിപ്പെട്ടപ്പോഴാണ് ആദ്യത്തെ പീഡനവിവരം പുറത്തറിയുന്നത്. ഈ രണ്ട് കേസുകളിലും ജാമ്യം ലഭിച്ച് ആറ് മാസം തികയുന്നതിനു മുമ്പുതന്നെ അയൽക്കാരിയായ പതിനൊന്നുകാരിയെ പീഡനത്തിനിരയാക്കിയ കേസിൽ വീണ്ടും ജയിലിലായി. പതിനാല് വയസ്സിൽ നിന്നും പതിനൊന്ന് വയസ്സിലേക്ക് പ്രതിയുടെ ശ്രദ്ധ തിരിഞ്ഞു എന്ന വസ്തുത വെളിച്ചംവീശുന്നത് പിടിക്കപ്പെട്ടതിനുശേഷം താരതമ്യേന പ്രതികരണശേഷി കുറഞ്ഞ പ്രായക്കാരിലേക്ക് പീഡകരുടെ കണ്ണുകൾ പതിയുന്നു എന്ന വസ്തുതയിലേയ്ക്കാണ്.

പ്രതീകാത്മകചിത്രം, വര-ശ്രീലാല്‍
വിചിത്രമാണ് സുമേഷിന്റെ പശ്ചാത്തലം. കുട്ടിക്കാലത്ത് പീഡനത്തിന് ഇരയായ ആളാണ് സുമേഷ്. അച്ഛനും അമ്മയും സഹോദരിയും സഹോദരനും അടങ്ങുന്ന ഒരു സാധാരണ കുടുംബമാണ് അയാളുടേത്. വീട്ടിൽ ഇടയ്ക്കിടെ വിരുന്നു വന്നിരുന്ന അറുപതുകാരനായ ഒരു ബന്ധുവാണ് ചെറുപ്പത്തിൽ ആദ്യമായി രതിവൈകൃതങ്ങൾക്കായി ഉപയോഗിച്ചത്. വളരുംതോറും അത്തരം അനുഭവങ്ങൾ സ്ത്രീകൾ ഉൾപ്പെടെയുളളവരിൽ നിന്നും അയാൾ നേരിട്ടു. ഇരയിൽ നിന്ന് വേട്ടക്കാരനിലേക്കുള്ള ദൂരം വിരലിലെണ്ണാവുന്ന വർഷങ്ങൾ മാത്രമാണെന്ന യാഥാർഥ്യത്തിലേയ്ക്കാണ് സുമേഷിന്റെ ജീവിതം വിരൽചൂണ്ടുന്നത്.

ഡോ. അരുൺ ബി. നായർ
ഇര വേട്ടക്കാരനാവുന്നു
ഇര പിന്നീട് വേട്ടക്കാരനാകുന്ന സംഭവങ്ങൾ ഏറെയാണെന്ന് തിരുവനന്തപുരം മെഡിക്കൽകോളേജിലെ മാനസികരോഗവിദഗ്ധനായ ഡോ. അരുൺ ബി. നായർ പറയുന്നു. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നവരിൽ പലരും അവരുടെ കുട്ടിക്കാലത്ത് ലൈംഗിക ചൂഷണത്തിന് ഇരയാക്കപ്പെട്ടവരാണെന്ന് കണക്കുകൾ പറയുന്നു. 2014-ൽ നടത്തിയ ഒരു പഠനത്തിൽ 38.6 ശതമാനം ആൺകുട്ടികളും 37.7 ശതമാനം പെൺകുട്ടികളും കുട്ടിക്കാലത്ത് ഒരിക്കലെങ്കിലും ലൈംഗികമായ ദുരനുഭവങ്ങൾക്ക് ഇരയായിട്ടുണ്ടെന്നാണ് കണക്ക്. കേരളത്തിൽ മൂന്നിൽ ഒന്ന് എന്ന തോതിൽ കുട്ടികൾ ലൈംഗികാതിക്രമങ്ങൾക്ക് ഇരയാകുന്നുണ്ടെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
അതിക്രമങ്ങളുടെ അഞ്ച് ഘട്ടങ്ങൾ
കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ അഞ്ച് ഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ആദ്യഘട്ടത്തിൽ ഇരയാക്കപ്പെടുന്ന കുട്ടിയും ഇരയാക്കുന്ന ആളും തമ്മിൽ സവിശേഷമായൊരു ബന്ധം സ്ഥാപിക്കപ്പെടുന്നു. നേരിട്ടോ, ഓൺലൈൻ മാധ്യമങ്ങളിലൂടെയോ കുട്ടിക്ക് വൈകാരിക പിന്തുണയും പ്രചോദനങ്ങളും നൽകുക, സമ്മാനങ്ങളും ഇഷ്ടഭക്ഷണങ്ങളും വാങ്ങിനൽകുക തുടങ്ങിയ പ്രലോഭനങ്ങളാൽ മനസ്സിൽ ഒരു വിശിഷ്ട സ്ഥാനം നേടിയെടുക്കുക എന്നതാണ് ആദ്യത്തെ തന്ത്രം. സമൂഹമാധ്യമങ്ങൾ ജനകീയമായതുമുതലുള്ള കുട്ടികളെ കാണാതാകുന്ന കേസുകളും പോക്സോ കേസുകളും കഴിഞ്ഞ അഞ്ചുവർഷത്തെ കണക്കുകളുടെ അടിസ്ഥാനത്തിൽ പരിശോധിച്ചപ്പോൾ കണ്ടത് ഇത്തരത്തിൽ രക്ഷകർ ചമഞ്ഞ, ചാറ്റുകളുടെ പുരോഗതിയ്ക്കനുസരിച്ച് വഷളായിക്കൊണ്ടിരുന്ന ശാരീരിക-മാനസിക ബന്ധങ്ങളുടെ എണ്ണത്തിലുള്ള വലിയ വർധനവായിരുന്നു.
ശാരീരികമായ അതിക്രമത്തിലൂടെയാണ് രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നത്. രണ്ട് ഉപഘട്ടങ്ങളുണ്ട് ഇവിടെ. ആദ്യഘട്ടത്തിൽ മൃദുവായ രീതിയിലുള്ള മുന്നേറ്റങ്ങളായിരിക്കും പീഡോഫൈൽ നടത്തുക. അസ്വഭാവികമായി സ്വകാര്യഭാഗങ്ങളിൽ സ്പർശിക്കുക, അശ്ലീല ചിത്രങ്ങളും വീഡിയോകളും അയച്ചുകൊടുക്കുക തുടങ്ങിയ ശ്രമങ്ങൾ ഇവിടെ കാണാം. ഇത്തരം രീതികളോട് കുട്ടിയോ ഇത് ശ്രദ്ധയിൽപ്പെട്ട ബന്ധുക്കളോ പ്രതികരിക്കുകയാണെങ്കിൽ ശ്രമം ഉപേക്ഷിക്കപ്പെടും. പ്രതികരണം പീഡകർക്ക് അനുകൂലമാണെങ്കിൽ രണ്ടാമത്തെ ഉപഘട്ടമായ തീവ്രമായ ലൈംഗികചൂഷണത്തിലേക്ക് പോകും. അതിക്രൂരമായ ശാരീരിക പീഡനങ്ങളും മറ്റനുബന്ധ ചൂഷണങ്ങളും നടക്കുന്നത് ഈ ഘട്ടത്തിലാണ്.
കുട്ടിയെ ഭീഷണിപ്പെടുത്തിയും ഉപദ്രവിച്ചും അതിക്രമം മറച്ചുവയ്ക്കുക എന്നതാണ് മൂന്നാം ഘട്ടത്തിൽ സംഭവിക്കുന്നത്. കുട്ടികളെത്തന്നെയോ അവർക്ക് പ്രിയപ്പെട്ടവരെയോ കൊന്നുകളയുമെന്നുമൊക്കെയുള്ള ഭീഷണിയിലൂടെയായിരിക്കും ചൂഷകൻ കാര്യം സാധിക്കുക. കുറച്ചുകൂടി മുതിർന്ന കുട്ടികളാണെങ്കിൽ ചിത്രങ്ങൾ ഉപയോഗിച്ചും വീഡിയോകൾ കാണിച്ചും ബ്ലാക്ക്മെയിൽ ചെയ്തുതുടങ്ങും.
നാലാം ഘട്ടം എത്തുമ്പോളാണ് അത്രയും നാൾ കുട്ടി കടന്നുപോയ ശാരീരിക-മാനസിക പീഡനങ്ങളെക്കുറിച്ച് ബന്ധുക്കൾ അറിയുന്നത്. കുട്ടി നേരിട്ട് പറഞ്ഞിട്ടോ, അവിചാരിതമായോ ആയിരിക്കും വേണ്ടപ്പെട്ടവർ അറിയുക. തുടരെത്തുടരെയുള്ള ആരോഗ്യപ്രശ്‌നങ്ങൾ, സ്വഭാവവൈകല്യങ്ങൾ തുടങ്ങി അസ്വസ്ഥതകൾ നിറഞ്ഞതായി മാറും കുട്ടിയുടെ തുടർനാളുകൾ.
അഞ്ചാംഘട്ടത്തിൽ കുടുംബം തന്നെ ഇത് മറച്ചുവയ്ക്കാനുള്ള ശ്രമമാണ് നടത്തുന്നത്. അത്രയുംകാലം താമസിച്ച വീടും പരിസരവും പാടേ ഉപേക്ഷിച്ചുകൊണ്ട് മാറിത്താമസിക്കുക, അയൽബന്ധങ്ങൾ വിച്ഛേദിക്കുക, കുട്ടിയുടെ അടുത്ത ബന്ധുക്കൾ പൊതുവിടത്തിൽ നിന്നും മാറിനിൽക്കുക, സമൂഹത്തിലും മനുഷ്യരിലുമുള്ള വിശ്വാസം നഷ്ടപ്പെടുക തുടങ്ങിയവയിലൂടെ കുടുംബം ഏകാന്തതയിലേക്ക് പറിച്ചുനടപ്പെടുന്നു. മുൻപ് ലൈംഗിക അതിക്രമങ്ങൾക്ക് ഇരയായ കുട്ടികൾക്കും കുടുംബത്തിനും സമൂഹത്തിൽ നിന്നും നേരിട്ട വിവേചനങ്ങളും പ്രശ്‌നങ്ങളും കാണാനിടയാവുന്നതുകൊണ്ടാണ് അങ്ങനെയൊരു മനോഭാവത്തിലേക്ക് കുടുംബം എത്തിച്ചേരുന്നത്.
അപരിചിതരല്ല വില്ലന്മാർ
ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട എൺപത് ശതമാനം സംഭവങ്ങളിലെയും വില്ലന്മാർ കുട്ടികൾക്ക് നേരത്തെ പരിചയമുള്ളവരായിരിക്കും. അതിൽ അമ്പത് ശതമാനവും രക്തബന്ധമുള്ളവരായിരിക്കും. മുപ്പത് ശതമാനം പേർ അയൽക്കാർ, കുടുംബസുഹൃത്തുക്കൾ, അധ്യാപകർ തുടങ്ങി കുട്ടികൾക്ക് ഏറെ പരിചയമുള്ളവരായിരിക്കും. ബാക്കിയുള്ള ഇരുപത് ശതമാനം അപരിചിതരാണ്. തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുക, ഉറങ്ങിക്കിടക്കുന്ന കുഞ്ഞിനെ എടുത്തുകൊണ്ടുപോയി പീഡിപ്പിക്കുക, ഓൺലൈൻ സൗഹൃദം നടിച്ചുള്ള ചൂഷണങ്ങൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.

വിവരങ്ങൾക്ക് കടപ്പാട്- ഡോ.അരുണ്‍ ബി.നായര്‍(തിരുവനന്തപുരം മെഡിക്കല്‍ കോളേജ്),
ഡോ. വര്‍ഷ വിദ്യാധരന്‍(കോഴിക്കോട് മെഡിക്കല്‍ കോളേജ്)
കുട്ടികളെ ചൂഷണം ചെയ്യുന്നവരിൽ ഒരു നിശ്ചിത ശതമാനം പേർ മയക്കുമരുന്നിനും മദ്യത്തിനും അടിമകളായിട്ടുള്ളവരാണ്. അശ്ലീല വീഡിയോകൾ കാണുന്ന ശീലമുള്ളവരും അത് പരീക്ഷിച്ചു നോക്കാൻ താൽപര്യമുള്ളവരും ഇക്കൂട്ടത്തിലുണ്ട്. ചെറുത്തുനിൽപിലെ പരാജിതർ എന്ന തികഞ്ഞ ബോധ്യം ഉള്ളതിനാൽ ഇത്തരക്കാർ കുട്ടികളെയാണ് തങ്ങളുടെ രതിവൈകൃതങ്ങൾക്കായി തിരഞ്ഞെടുക്കുക. വ്യക്തിത്വ വൈകല്യമുള്ളവരാണ് മറ്റൊരു വിഭാഗം. കുട്ടിക്കാലം മുതലേ മോഷ്ടാക്കളായി മാറിയവർ, അന്യരെ ദ്രോഹിക്കുന്നതിൽ ചെറിയ സന്തോഷം കണ്ടെത്തുന്നവർ, സാഡിസ്റ്റ് മനോഭാവക്കാർ തുടങ്ങിയവരാണ് ഈ വിഭാഗത്തിൽപെട്ടവർ.
ഒരു പതിനഞ്ചുകാരി പെൺകുട്ടിയുടെ അമ്മയ്ക്ക് പറയാനുണ്ടായിരുന്നത് തന്റെ മകൾ ആരോടും പറയാതെ ഏറെനാൾ സഹിച്ചുനടന്ന രതിവൈകൃതങ്ങളുടെ മറ്റൊരുമുഖമായിരുന്നു. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായിരുന്ന സ്ത്രീയിൽ നിന്നാണ് പെൺകുട്ടിയ്ക്ക് പീഡനമേൽക്കേണ്ടി വന്നത്. ഭർത്താവും കുട്ടിയും വീട്ടിലില്ലാതിരുന്നപ്പോൾ രാത്രി അവർക്ക് കൂട്ടിരിക്കാൻ വേണ്ടിയാണ് മകളെ അവർക്കരികിലേക്ക് അയച്ചത്. ആദ്യത്തെ സംഭവം കഴിഞ്ഞ് വീണ്ടും അവർ പെൺകുട്ടിയെ 'ക്ഷണിച്ച'പ്പോൾ അമ്മയോട് പറയും എന്നു പറഞ്ഞ് പെൺകുട്ടി രക്ഷപ്പെടാൻ ശ്രമിച്ചു. അപ്പോൾ പറഞ്ഞ മറുപടിയാണ് പെൺകുട്ടിയെ സ്തബ്ദയാക്കിയത്. 'പറഞ്ഞോ, നിങ്ങൾടെ മോള് ശരില്ലാട്ടോ എന്ന് അമ്മയോട് ഞാൻ പറഞ്ഞാൽ പോരേ' എന്നായിരുന്നു അത്. കുറ്റം തനിക്കുമേൽ ചാർത്തപ്പെടുമോ എന്ന് ഭയന്ന് പെൺകുട്ടി നടന്നതെന്താണെന്ന് ആരോടും പറഞ്ഞില്ല.
പീഡോഫീലിക് ഡിസോർഡർ
ലൈംഗികവൈകൃതങ്ങൾക്ക് (Sexual Paraphilisa) അടിമപ്പെടുന്ന അവസ്ഥ. സമൂഹത്തിൽ ഒരു ശതമാനം മാത്രമാണ് ഇത്തരക്കാരുള്ളത്. കുട്ടികളോട് മാത്രം ലൈംഗികാസക്തിയുണ്ടാവുക, സ്വഭാവിക ലൈംഗിക ഉത്തേജനം ഇല്ലാതിരിക്കുക തുടങ്ങിയ പ്രശ്‌നങ്ങൾ ഇക്കൂട്ടർക്കുണ്ടാവും. കുട്ടികളെ ആവർത്തിച്ച് പീഡനത്തിനിരയാക്കുന്നത് പീഡോഫീലിക് ഡിസോർഡർ ഉള്ളവരാണ്. അവരുടെ കുട്ടിക്കാലത്ത് അനുഭവിക്കേണ്ടിവന്ന ചൂഷണങ്ങളും അതിക്രമങ്ങളുമാകാം ഇങ്ങനെയൊരു മാനസികാവസ്ഥയിലേക്കെത്തിപ്പെടാനുള്ള കാരണങ്ങളിലൊന്ന്. ദൃശ്യമാധ്യമങ്ങളുടെ അമിതസ്വാധീനവും പീഡോഫൈലുകളെ സൃഷ്ടിക്കുന്നു. യാതൊരു നിയന്ത്രണങ്ങളുമില്ലാതെ ലഭിക്കുന്ന ലൈംഗികവൈകൃതദൃശ്യങ്ങളും കുട്ടികളെ ഉപയോഗിച്ചുകൊണ്ടുള്ള അശ്ലീല വീഡിയോകളും സ്ഥിരമായി കാണുകയും കണ്ണിൽപ്പെടുന്ന കുട്ടികളിൽ അത്തരം ആസക്തികളടക്കുകയും ചെയ്യുന്നു ഇത്തരക്കാർ. ഹോർമോൺ വ്യതിയാനങ്ങൾ, അപൂർവമായി തലച്ചോറിലെ ചില ഭാഗങ്ങളുടെ പ്രവർത്തന വൈകല്യങ്ങൾ എന്നിവയും പീഡോഫൈലുകളെ രൂപപ്പെടുത്താം.
ലൈംഗികാതിക്രമം നേരിട്ട കുട്ടികൾ ശാരീരികവും മാനസികവുമായ സ്വഭാവവ്യതിയാനങ്ങൾ പ്രകടിപ്പിക്കുന്നു. ശാരീരിക ലക്ഷണങ്ങൾ പലപ്പോഴും ഉദരവുമായി ബന്ധപ്പെട്ടതാണ്. മുതിർന്ന കുട്ടികളായിട്ടും കിടക്കയിൽ മൂത്രമൊഴിക്കുക, വയറിളക്കം, അടിവയറ്റിൽ വേദന, ഇടവിട്ടു വരുന്ന മൂത്രാശയ അണുബാധകൾ, തൊണ്ടയിലെയും വായയിലെയും അണുബാധ തുടങ്ങിയ ലക്ഷണങ്ങൾ പ്രകടിപ്പിക്കും.
ഉറക്കക്കുറവ്, മുതിർന്ന വ്യക്തികളെ കാണുമ്പോൾ ഭയം, അമിത ഉത്കണ്ഠ, വിഷാദം, സ്വയം മുറിവേൽപിക്കാനുള്ള പ്രവണത, ആത്മഹത്യാപ്രവണത, എന്നിവയാണ് മാനസിക സ്വഭാവവ്യതിയാനത്തിന്റെ ലക്ഷണങ്ങൾ. തുടരെത്തുടരെ കൈ കഴുകുക, കടുത്ത കുറ്റബോധം, ഒസിഡി (ഒബ്‌സസീവ് കംപൽസീവ് ഡിസോർഡർ), തീവ്രവിഷാദരോഗം, ബൈപോളാർ ഡിസോർഡർ, ലഹരിവസ്തുക്കളുടെ ഉപയോഗം തുടങ്ങിയവയും കുട്ടികളിലെ ലൈംഗിക ചൂഷണത്തിന്റെ പ്രധാന പരിണിതഫലങ്ങളാണ്. സഹപാഠികളായ കുട്ടികളോടോ, മുതിർന്നവരോടോ ലൈംഗികചേഷ്ടകൾ കാണിക്കുകയോ ലൈംഗികാതിക്രമങ്ങൾക്ക് മുതിരുകയോ ചെയ്യുക തുടങ്ങിയ പ്രശ്‌നങ്ങളും തുടർജീവിതത്തിൽ ഇവർ നേരിടേണ്ടി വരുന്നു. ജീവിതത്തിലുടനീളം ലൈംഗികവിരക്തിയും നേരിടേണ്ടി വരുന്നവരുമുണ്ട്.
കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന പോക്‌സോ കേസുകളുടെ അറുപത് ശതമാനവും പെൺകുട്ടികൾ ഇരകളാക്കപ്പെടുന്ന കേസുകളാണ്. എന്നാൽ ഓരോ ആൺകുട്ടിയും തന്റെ നല്ല ബാല്യകാലത്ത് അയൽക്കാരനാലോ അടുത്ത ബന്ധുക്കളാലോ അപരിചിതരാലോ അതിക്രൂരമായി പീഡിപ്പിക്കപ്പെടുന്നുണ്ട്. ബാല്യകാലത്തെ അത്തരം അനുഭവങ്ങൾ പങ്കുവെച്ചവർ ഏറെയാണ്. കല്യാണ വീടുകൾ, മരണവീടുകൾ തുടങ്ങിയ ആഘോഷവേളകളിലെല്ലാം തന്നെ അതിനിന്ദ്യവും ക്രൂരവുമായ ലൈംഗിക അതിക്രമത്തിന് വിധേയരാക്കപ്പെട്ടവരിൽ ഏറിയ പങ്കും ആൺകുട്ടികളാണ്. നാട്ടിൻപുറത്തെ ആഘോഷവേളകളിൽ ഓരോ ആൺകുട്ടിയെയും നോട്ടമിട്ട് വച്ച് മറ്റുള്ളവരോട് 'അത് ബുക്ഡ്' എന്നു പറയുന്ന ഏർപ്പാടുണ്ടായിരുന്നു എന്നുപറഞ്ഞത് വയസ്സ് നാൽപതായിട്ടും കുട്ടിക്കാലത്ത് നേരിട്ട് ലൈംഗികാതിക്രമത്തിന്റെ ട്രോമയിൽ നിന്നും കരകയറാൻ കഴിയാതെ നിസ്സഹായനായിപ്പോയ പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത, സാമൂഹിക-രാഷ്ട്രീയ മേഖലകളിൽ സജീവമായ ഒരു വ്യക്തിയാണ്'.
വിദ്യാലയം എന്ന വിശാലതയെ കുട്ടികൾക്ക് അക്ഷരാർഥത്തിൽ നഷ്ടമായ വർഷമാണ് ഇത്. പാഠപുസ്തകങ്ങളുടെ കാര്യത്തിൽ ഓൺലൈൻ ക്ളാസുകൾ പരിഹാരമായപ്പോൾ, ക്ളാസന്തരീക്ഷം വീടുകളിലേക്ക് മാറ്റേണ്ടിവന്നപ്പോൾ അവരുടെ തുറന്നുപറച്ചിലുകളാണ് ഇല്ലാതായത്. അധ്യാപകരാണ് മിക്കപ്പോഴും കുട്ടികൾ അനുഭവിക്കുന്ന ലൈംഗിക പീഡനങ്ങൾ ബന്ധപ്പെട്ടവരെ അറിയിക്കുന്നത്. കഴിഞ്ഞ അധ്യയനവർഷം നേരംപോക്കിനായി എട്ടാം ക്‌ളാസിലെ കുട്ടികളെക്കൊണ്ട് കത്തെഴുതിച്ച ഒരധ്യാപിക നടുങ്ങിയിരുന്നുപോയത് ഇനി താൻ കുട്ടികളെ എങ്ങനെയാണ് അഭിമുഖീകരിക്കേണ്ടത് എന്നോർത്തായിരുന്നു. അത്തരം അനുഭവങ്ങൾ അടുത്ത ലക്കത്തിൽ...
(തുടരും)
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഞങ്ങളുമായി പങ്കുവയ്ക്കാം: responseinvestigation@gmail.com
Content Highlights : Investigation on Pedophilia Kerala psychology of pedophile crime against children pocso cases