പ്രതീകാത്മക ചിത്രം വര : ശ്രീലാൽ
"ബന്ധുവും അയല്‍ക്കാരനുമായ അച്ഛന്റെ പ്രായമുള്ള ഒരാള്‍ മോളേ എന്ന് വിളിച്ചുകൊണ്ട് കൂട്ടിക്കൊണ്ടുപോകുമ്പോള്‍ എനിക്ക് ആറ് വയസ്സാണ്. നെഞ്ചിലെ രണ്ട് കറുത്തവട്ടങ്ങള്‍- അതാണ് മുല എന്ന് അയാള്‍ നുള്ളിപ്പറിച്ചിട്ട് പറയുമ്പോളാണ് ഞാന്‍ അറിയുന്നത്. അയാളുടെ ആവശ്യങ്ങള്‍ക്കു ശേഷം വീടിന്റെ കതക് തുറന്ന് പുറത്തേക്ക് എന്നെ ഇറക്കി വിടുമ്പോള്‍ തേന്‍മിഠായി വാങ്ങിത്തിന്നാന്‍ അമ്പത് പൈസ എന്റെ കൈയില്‍ വച്ചുപിടിപ്പിച്ചിരുന്നു. വളരെ സമര്‍ഥമായിട്ടായിരുന്നു അയാള്‍ അമ്മയുടെ പക്കല്‍ നിന്നും എന്നെ കൂട്ടിക്കൊണ്ടുപോയിരുന്നത്.
ഓരോ തവണ കതക് തുറന്ന് എന്നെ പുറത്തേക്ക് ഇറക്കിവിടുമ്പോളും അയാള്‍ അമ്പതു പൈസ വീതം എന്റെ കയ്യില്‍ പിടിപ്പിക്കും. ആ അമ്പതു പൈസകളെല്ലാം ഞാന്‍ വീടിന്റെ പിറകില്‍ കുഴികുത്തി മൂടിവെച്ചിട്ടുണ്ടായിരുന്നു. ഇന്നത് ഓര്‍ക്കുമ്പോള്‍ എന്റെ ഓരോ ശവമടക്ക് പോലെയാണ് എനിക്ക് തോന്നുന്നത്. ഒരു തവണ ഞാന്‍ ചോദിച്ചിട്ടുണ്ട് എന്നെ മാത്രം ഇങ്ങനെ നുള്ളിപ്പറിക്കുന്നതെന്തിനാണെന്ന്. അന്നയാള്‍ പറഞ്ഞത് അത്രയ്ക്കും ഇഷ്ടമുള്ളത് കൊണ്ടാണെന്നാണ്.
ഇതേ ആളുതന്നെ വര്‍ഷങ്ങള്‍ക്കുശേഷം ഞാന്‍ എഴുതാന്‍ തുടങ്ങിയെന്നറിഞ്ഞ് എന്നെ തേടി വന്നിരുന്നു. എന്റെ ചുറ്റുവട്ടങ്ങളെക്കുറിച്ച് ഞാന്‍ എഴുതുന്നുവെന്ന് മനസ്സിലായപ്പോള്‍ എന്നെങ്കിലും ഞാന്‍ അയാളെക്കുറിച്ച് എഴുതുമോ എന്ന് ഭയന്നാണ് എന്റെ ജോലിസ്ഥലത്ത് തിരഞ്ഞു വന്നത്. എന്നിട്ടെന്നോടു പറഞ്ഞു- നീയാരെപ്പോലെയാണ് എഴുതാന്‍ ശ്രമിക്കുന്നത്, നീയൊരു വേശ്യാ എഴുത്തുകാരിയല്ലേ. ഒരു മറുപടി കൊണ്ട് മാത്രം അയാളോടുള്ള എന്റെ ദേഷ്യം തീര്‍ക്കാനോ, നഷ്ടപ്പെട്ടുപോയ എന്റെ കുട്ടിക്കാലം തിരിച്ചുപിടിക്കാനോ കഴിഞ്ഞിട്ടില്ലെങ്കിലും 'അങ്ങനെ ആക്കിയതാരാ?' എന്ന മറുചോദ്യത്തില്‍ നിന്നും അയാള്‍ തിരിച്ചറിഞ്ഞത് ആറുവയസ്സില്‍ എന്നെ ചെയ്തതൊന്നും ഞാന്‍ മറന്നിട്ടില്ല എന്നു തന്നെയാണ്."
ശരീരത്തിലെ മുറിവുകള്‍ ഉണങ്ങി അപ്രത്യക്ഷമാകുമ്പോഴും ഒരായുഷ്‌കാലം മുഴുവന്‍ മനസ്സ് പേറിക്കൊണ്ടിരിക്കുന്ന പോസ്റ്റ് ട്രോമാറ്റിക് സ്ട്രസ് ഡിസോഡര്‍ എന്ന ഭീകരമായ അവസ്ഥയുണ്ട്. ആറുവയസ്സു മുതല്‍ നേരിടേണ്ടി വന്ന വികലമായ ലൈംഗികാതിക്രമങ്ങളുടെ പ്രത്യാഘാതങ്ങള്‍ ഇരുപത്തിയാറ് വയസ്സിലും വിടാതെ പിന്തുടരുന്ന എഴുത്തുകാരിയായ ഒരു അധ്യാപിക പങ്കുവച്ച പൊള്ളുന്ന അനുഭവങ്ങള്‍ പോസ്റ്റ് ട്രോമാറ്റിക് സ്ട്രസ് ഡിസോഡര്‍ എന്ന മാനസികാവസ്ഥ തരുന്ന അതിസങ്കീര്‍ണമായ പ്രതിസന്ധികളുടേതാണ്.
ആറു വയസ്സില്‍ നിന്ന് ഇരുപത്തിയാറ് വയസ്സില്‍ എത്തിനില്‍ക്കുമ്പോളും ആ വേദനയും മുറിപ്പാടും ഞാന്‍ ഓരോ നിമിഷവും പേറിനടക്കുക തന്നെയാണ്. അത് എന്റെ ശരീരത്തിനും മനസ്സിലും ഏല്‍പിച്ച ആഘാതം വളരെ വലുതായിരുന്നു. ഒന്നല്ല ഒരുപാട് ലൈംഗികാതിക്രമങ്ങളിലൂടെ ഒരു കുട്ടി കടന്നുപോകുന്നുവെന്നതിന് എനിക്ക് വേറെ ഉദാഹരണങ്ങളൊന്നും കാണിച്ചുതരേണ്ട ആവശ്യമില്ല-സ്വന്തം മനസ്സംഘര്‍ഷങ്ങളല്ലാതെ... ഒന്നിലധികം തവണ ലൈംഗികാതിക്രമം നേരിടേണ്ടി വന്നിരുന്നു ഇവര്‍ക്ക് തന്റെ ബാല്യത്തില്‍.

പ്രതീകാത്മക ചിത്രം വര : ശ്രീലാൽ
മാതാപിതാക്കള്‍ കുട്ടികളെയുമെടുത്ത് ബസ്സില്‍ കയറിക്കഴിഞ്ഞാല്‍ ഇരിക്കുന്നവരുടെ മടിയില്‍ കുട്ടിയെ ഇരുത്തി 'സുരക്ഷിത'യാക്കിയിട്ട് പലരും സ്വതന്ത്രരായി നില്‍ക്കാറുണ്ട്. ഒരിക്കല്‍ എന്നെയും കൂട്ടി വെറും അഞ്ചുകിലോമീറ്റര്‍ ദൂരത്തേക്ക് അച്ഛന്‍ യാത്രചെയ്യുമ്പോള്‍ അടുത്ത് സീറ്റില്‍ ഇരിക്കുന്നയാളിന്റെ മടിയിലേക്ക് എന്നെയിരുത്തി. അയാളുടെ മുഖം ഇന്നും ഞാന്‍ മറന്നുപോയിട്ടില്ല. മിഡിയും ടോപ്പുമായിരുന്നു ഞാന്‍ ധരിച്ചിരുന്നത്. ബസ്സില്‍ നില്‍ക്കാനിടമില്ലാത്തവണ്ണം ആളുകള്‍ തിങ്ങിനിറഞ്ഞിട്ടും അച്ഛന്‍ തൊട്ടടുത്ത് നില്‍പ്പുണ്ടായിട്ടും വളരെ സമര്‍ഥമായി അയാള്‍ രഹസ്യമായി ചെയ്യാന്‍ കഴിയുന്നതെല്ലാം ആ ചുരുങ്ങിയ സമയത്തിനുള്ളില്‍ വിരലുകള്‍ കൊണ്ട് ചെയ്തിരുന്നു. മുമ്പു പറഞ്ഞതുപോലെ പത്തുവയസ്സുപോലും തികയാത്ത ഒരു കുട്ടിക്ക് തന്നെ അയാള്‍ എന്താണ് ചെയ്തതെന്ന് അച്ഛനോട് പറഞ്ഞുകൊടുക്കാന്‍ മാത്രമുള്ള ഭാഷ കയ്യിലുണ്ടായിരുന്നില്ല.
എന്തു കൊണ്ട് അത് തുറന്നു പറഞ്ഞില്ലെന്ന് മക്കളോട് ചോദിക്കുന്നവരെ കാണുമ്പോള്‍ എനിക്ക് ആ സംഭവമാണ് ഓര്‍മ വരാറ്. വീട്ടില്‍ സ്വാതന്ത്രമില്ലാഞ്ഞിട്ടോ, സൗഹൃദത്തോടെ പെരുമാറുന്ന മാതാപിതാക്കളില്ലാഞ്ഞിട്ടോ അല്ല. ആ ഭയത്തെ, അനുഭവത്തെ വിശദമാക്കാനുള്ള ഭാഷ ലൈംഗികാതിക്രമത്തിലൂടെ നഷ്ടപ്പെട്ടപോകുന്നു എന്നാണ് എന്റെ അനുഭവത്തില്‍ നിന്നും ഞാന്‍ മനസ്സിലാക്കുന്നത്.
ഇന്നും എന്നെ വിടാതെ പിന്തുടരുന്നുണ്ട് ആ ഓര്‍മകള്‍. അനുഭവങ്ങള്‍ അവിടെയും അവസാനിച്ചില്ല. വീട്ടില്‍ നിന്നും സ്‌കൂളിലേക്ക് അടുത്ത് വീട്ടിലെ കുട്ടികളെല്ലാം ഒന്നിച്ചാണ് പോവാറുളളത്. അതൊരു പരീക്ഷാകാലമായിരുന്നു. ചുറ്റുവട്ടത്ത് എന്റെ ക്ളാസില്‍ പഠിക്കുന്ന മറ്റുകുട്ടികളൊന്നുമില്ല. റോഡരികിലുള്ള പെട്ടിക്കടയില്‍ നിന്നാണ് പരീക്ഷയെഴുതാനുള്ള പേനയും മഷിയും മറ്റും വാങ്ങുക. കടയില്‍ കയറിയപ്പോള്‍ കടക്കാരന്‍ ചോദിച്ചു തനിച്ചേയുള്ളോ എന്ന്. പരീക്ഷയാണ് വേഗം പോകണം എന്നു പറഞ്ഞ് കാശുകൊടുത്തപ്പോള്‍ സ്‌കൂളിലേക്ക് പരീക്ഷാഡ്യൂട്ടിയ്ക്കു പോകുന്ന പി.ടി മാഷിനെ ഉറക്കെ വിളിച്ച് കടക്കാരന്‍ പറഞ്ഞു, മാഷേ ഈ കൊച്ചും അങ്ങടേക്കാ നോക്കിക്കേണേ എന്ന്. പി.ടി സാര്‍ ഒന്നും മിണ്ടാതെ തിരിഞ്ഞുനോക്കി എന്നെ കാത്തുനിന്നു. വടിയുമായി എപ്പോഴും റോന്തുചുറ്റുകയും എവിടെ കണ്ടാലും അടിക്കുകയും ചെയ്യുന്ന ആളാണ്. പേടിയോടെയാണ് മാഷിന്റെ പിറകേ നടന്നത്.
ചെറിയ ഇടവഴിയിലേക്കെത്തിയപ്പോള്‍ മാഷ് എന്റെ തോളില്‍ കൈവച്ചുകൊണ്ട് കഴിഞ്ഞ പരീക്ഷയൊക്കെ എങ്ങനെ ഉണ്ടായിരുന്നു എന്നെല്ലാം ചോദിച്ചു. നന്നായിരുന്നു മാഷേ എന്നു പറഞ്ഞു മുഴുമിക്കുന്നതിനു മുമ്പേ മാഷ് എന്റെ യൂണിഫോം ഷര്‍ട്ടിന്റെ ആദ്യത്തെ ബട്ടണ്‍ അഴിച്ച് കൈ താഴ്ത്തിയിരുന്നു. മുമ്പും അനുഭവങ്ങളുണ്ടായിരുന്നത് കൊണ്ട് എന്താണ് നടക്കുന്നതെന്ന് കൃത്യമായി തിരിച്ചറിഞ്ഞെങ്കിലും പ്രതികരിക്കാന്‍ ഭയമായിരുന്നു. അയാളെന്നെ ഇവിടെയെങ്ങാനും കൊന്നിട്ടുപോയാലോ എന്നായിരുന്നു ഏഴാം ക്ലാസുകാരിയായ എന്റെ ചിന്ത പോയത്. അപ്പോഴാണ് പാടത്തുനിന്ന് രണ്ട് പണിക്കാര്‍ മാഷോട് കുശലം പറഞ്ഞത്. മാഷ് അവരോട് സ്നേഹത്തോടെ വിശേഷങ്ങള്‍ പറഞ്ഞു കൊണ്ടിരിക്കുമ്പോള്‍ 'മാഷേ പരീക്ഷയ്ക്കു സമയമായി' എന്നു പറഞ്ഞുകൊണ്ട് ഞാന്‍ അവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. അപ്പോഴും ഞാനയാളെ വിളിച്ചത് 'മാഷേ' എന്നായിരുന്നു. ആ സംഭവത്തിന് ശേഷം സ്‌കൂളില്‍ ഞാന്‍ ആരോടും മിണ്ടാതായി. എല്ലാത്തില്‍ നിന്നും ഓടിയൊളിക്കാന്‍ തുടങ്ങി.
വര്‍ഷങ്ങള്‍ക്കുശേഷം അയാളെ ഞാന്‍ കണ്ടത് ഒരു ആശുപത്രിയില്‍ വച്ചാണ്. എന്റെ അമ്മ അയാളെ കണ്ടതും 'മാഷേ' എന്നു വിളിച്ച് സ്നേഹത്തോടെ സംസാരിച്ചു. അയാളും സ്വതസിദ്ധമായ പുഞ്ചിരിയോടെ അമ്മയോട് വിശേഷങ്ങള്‍ തിരക്കുന്നുണ്ടായിരുന്നു. അമ്മ എന്നെ അയാള്‍ക്കു പരിചയപ്പെടുത്തിയപ്പോള്‍ അയാള്‍ സ്നേഹത്തോടെ വിശേഷങ്ങള്‍ ചോദിച്ചു. അന്ന് താന്‍ നെഞ്ചുപൊള്ളിച്ച ആ ഏഴാം ക്ലാസുകാരിയുടെ മുഖം അയാളുടെ ഓര്‍മയുടെ ഏഴയലത്തുപോലുമെത്തിയിട്ടുണ്ടായിരുന്നില്ല. ഓര്‍മയുണ്ടായിരുന്നേല്‍ അയാളുടെ ഭാവത്തില്‍ നിന്ന് ഞാനത് പിടിച്ചെടുത്തേനെ. ഒത്തിരി കുട്ടികളില്‍ ഒരാളായിരുന്നു ഞാനും അയാള്‍ക്ക്.''
അറിവ് വച്ച നാള്‍ മുതല്‍ കേക്കുകളേയും ക്രീം ബിസ്‌കറ്റുകളേയും വെറുത്തതാണ് ശിൽപ (യഥാര്‍ഥ പേരല്ല). മധുരത്തോട് തനിക്കുണ്ടായിരുന്ന അമിതമായ സ്‌നേഹം മുതലെടുത്ത കൂട്ടുകാരിയുടെ മുത്തച്ഛന്‍ തന്നെയാണ് കാരണക്കാരൻ. കേക്ക് വച്ചുനീട്ടിയ അയാളുടെ ദുഷ്ടലാക്ക് തിരിച്ചറിയാനുള്ള വിവേകബുദ്ധി അന്നത്തെ എട്ടു വയസ്സുകാരിക്ക് ഉണ്ടായില്ല. ആ വേദനയും അറപ്പും പിന്നെ ജീവിതത്തെ വിട്ടൊഴിഞ്ഞില്ല. ഇന്ന് മുപ്പതിലെത്തിനില്‍ക്കുമ്പോഴും ശിൽപ കേക്കുകളോടും മറ്റ് മധുരപലഹാരങ്ങളോടും അറപ്പോടെ മുഖം തിരിക്കുന്നു.
മസ്തിഷ്‌ക വളര്‍ച്ചയുടെ പരമപ്രധാനമായ കാലം ഒമ്പതു വയസ്സുമുതല്‍ പന്ത്രണ്ട് വരെയാണ്. ആ പ്രായമെത്തും വരെ കുട്ടികള്‍ നേരിടുന്ന അതിക്രമങ്ങളെ അവര്‍ പലപ്പോഴും ഓര്‍ത്തിരിക്കണെമെന്നില്ല. പക്ഷേ മസ്തിഷ്‌കവികാസം പൂര്‍ണമായിക്കഴിഞ്ഞാല്‍ അതായത് ഏതാണ്ട് പതിമൂന്ന് വയസ്സായാല്‍ കുട്ടി തന്റെ ശാരീരിക വളര്‍ച്ചയോടൊപ്പം തന്നെ തിരിച്ചറിയുന്നു താന്‍ ചൂഷണം ചെയ്യപ്പെട്ടതാണെന്ന്. അന്നുമുതല്‍ കുട്ടിയുടെ ഉള്ളില്‍ ട്രോമ നിലയുറപ്പിക്കാന്‍ തുടങ്ങും. മാനസികാരോഗ്യത്തെ തടസ്സപ്പെടുത്തുന്ന രീതിയില്‍ ട്രോമ പ്രവര്‍ത്തിക്കുമ്പോള്‍ സംഭവിക്കുന്നതെന്തൊക്കെയാണെന്ന് വിശദമാക്കുകയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സൈക്യാട്രി വിഭാഗം അസിസ്റ്റന്‍ഡ് പ്രൊഫസറും മനോരോഗ വിദഗ്ധയുമായ ഡോ. വര്‍ഷ വിദ്യാധരന്‍.

ഡോ. വര്‍ഷ വിദ്യാധരന്‍
''മാനസിക-സാമൂഹിക പ്രശ്‌നങ്ങളുമായി എന്റെ മുന്നിലെത്തുന്ന ഭൂരിഭാഗം കേസുകളുടെയും പ്രധാന കാരണം ബാല്യത്തില്‍ അവര്‍ നേരിട്ട ലൈംഗിക ചൂഷണങ്ങളുടെ പ്രത്യഘാതങ്ങളാണ്. സാമൂഹിക സാമ്പത്തിക ചുറ്റുപാടുകളോ വിദ്യാഭ്യാസമോ അവിടെ വിഷയമാവുന്നില്ല. ആണ്‍-പെണ്‍ വ്യത്യാസം ഇരകളിലോ ഇരപിടിയന്മാരിലോ ഇല്ല. വളരെ അടുത്ത ആള്‍ക്കാരാണ് ഭൂരിഭാഗം കേസുകളിലും കുറ്റവാളികള്‍. ചെറുപ്പത്തിലുണ്ടാകുന്ന ഇത്തരം അതിക്രമങ്ങള്‍ ആ വ്യക്തിയില്‍ ഒരു തരം ടോക്‌സിക് സ്‌ട്രെസിന് കാരണമാകുന്നു. മാനസികപിരിമുറുക്കം രണ്ട് തരത്തിലാണുള്ളത് -ഒന്ന് സ്വയം മറികടക്കാന്‍ സാധിക്കുന്നത് (ബെയറബിള്‍ സ്‌ട്രെസ് - അതായത്, ഇത്തരം അതിക്രമങ്ങള്‍ക്ക് ഇരകളായ കുട്ടികളെ മാതാപിതാക്കളുടെയും ചുറ്റുപാടുമുള്ളവരുടെയും പിന്തുണയില്‍ അതിജീവിച്ചാലും അവര്‍ നേരിടുന്ന മാനസിക സംഘര്‍ഷങ്ങള്‍).
രണ്ടാമത്തേതാണ് ടോക്‌സിക് സ്‌ട്രെസ്. ആരും പിന്തുണക്കാനില്ലാതെ ആരോടും ഒന്നും പറയാതെ തന്റെയുള്ളിലെ സംഘര്‍ഷങ്ങളെ ഇവര്‍ വളര്‍ത്തി വലുതാക്കുന്നു. ഇത് അവരുടെ വ്യക്തിത്വത്തെ തന്നെ ബാധിക്കുന്നു. മൂഡ് സ്വിങ്ങ്‌സ്, ഉത്കണ്ഠ, വിഷാദം, ഉറക്കകുറവ്, സ്വഭാവ വൈകല്യങ്ങള്‍ എന്നിവ ദീര്‍ഘകാലം അനുഭവപ്പെടാം. ഇതില്‍ നിന്നും രക്ഷപ്പെടാന്‍, സംഭവിച്ചതെല്ലാം മറക്കാന്‍ ലഹരിയെ ആശ്രയിക്കുന്നവരും കുറവല്ല.
ഇത്തരം അനുഭവങ്ങള്‍ നേരിട്ടവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ആദ്യം വേണ്ടത് അവരെ മനസിലാക്കുക എന്നത് തന്നെയാണ്. ആത്മഹത്യാപ്രവണത, വിഷാദം എന്നിവ നേരിടുന്നവര്‍ക്ക് ചിലപ്പോള്‍ മരുന്നുകള്‍ കൊണ്ടുള്ള ചികിത്സയും ആവശ്യമായി വരാം. തങ്ങള്‍ നേരിടുന്ന മാനസിക പ്രശ്‌നങ്ങള്‍ തുറന്ന് പറയാന്‍, അതിക്രമം നേരിട്ടവരും തയ്യാറാവേണ്ടതാണ്. ആവശ്യമെങ്കില്‍ ഒരു മനഃശാസ്ത്രജ്ഞന്റെ സഹായം തേടുന്നതിനും മടിക്കേണ്ടതില്ല. സമൂഹം എന്ത് പറയുമെന്നുള്ള ഉത്കണ്ഠയും നമ്മളാണ് കുറ്റക്കാരെന്നുള്ള ചിന്തകളും പ്രശ്‌നങ്ങളെ സങ്കീര്‍ണമാക്കുകയേ ഉള്ളൂ.''
വേണം പോക്‌സോ സര്‍വൈവല്‍ ക്ലിനിക്കുകള്‍
നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഓരോ സാമൂഹികാരോഗ്യ കേന്ദ്രത്തിലും പോക്സോ സംബന്ധമായ കേസുകള്‍ മാത്രം കൈകാര്യം ചെയ്യാന്‍ വിദഗ്ധഡോക്ടര്‍മാരടങ്ങുന്ന ഒരു മെഡിക്കല്‍ യൂണിറ്റ് തന്നെ രൂപീകരിക്കേണ്ടതുണ്ട്. ലൈംഗികാതിക്രമം നേരിട്ട കുട്ടികളെ അവിടെയാണ് പ്രാഥമിക ചികിത്സയ്ക്കു വിധേയമാക്കേണ്ടത്. ഗൈനക്കോളജിസ്റ്റ്, ഫോറന്‍സിക് മെഡിസിന്‍, പീഡിയാട്രിഷ്യന്‍, സര്‍ജന്മാര്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സൈക്യാട്രിസ്റ്റ് എന്നിവരടങ്ങുന്ന സംഘമായിരിക്കണം മെഡിക്കല്‍ യൂണിറ്റില്‍ ഉണ്ടായിരിക്കേണ്ടത്. ലൈംഗികാതിക്രമത്തിനിരയാവുന്നവരെ പരിചരിക്കാന്‍ പ്രത്യേക പരിശീലനം പോക്സോ സര്‍വൈവല്‍ യൂണിറ്റുകള്‍ക്ക് നല്‍കിയിരിക്കണം. ഇതേ രീതിയില്‍ താലൂക്കാശുപത്രികളിലും ജില്ലാശുപത്രികളിലും സെക്ഷ്വല്‍ വിക്റ്റിമുകളെ പരിശോധിക്കാനും ചികിത്സിക്കാനും റീഹാബിലിറ്റേഷന്‍ ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങള്‍ ഒരുക്കേണ്ടതുണ്ട്. ആധുനിക വൈദ്യശാസ്ത്രരംഗത്ത് ഓരോ അവയവങ്ങള്‍ക്കായും പ്രത്യേകം വിഭാഗങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ആദ്യം പരിഗണിക്കേണ്ടത് ലൈംഗികാതിക്രമം നേരിട്ടെത്തുന്നവര്‍ക്ക് കൃത്യമായും വ്യക്തമായും ചികിത്സയും നല്കുന്ന വിദഗ്ധരായ മെഡിക്കല്‍ യൂണിറ്റുകളെക്കുറിച്ചായിരിക്കണം. മുതിര്‍ന്നര്‍ക്കുണ്ടായ ലൈംഗികാക്രമണങ്ങളും ആദ്യം പരിശോധിക്കപ്പെടേണ്ടത് ഈ മെഡിക്കല്‍ സംഘത്തിന്റെ ഉത്തരവാദിത്തത്തിലായിരിക്കണം.
കാലങ്ങളോളം നീളുന്ന ട്രോമയില്‍ നിന്നും തകര്‍ച്ചകളില്‍ നിന്നും ലൈംഗികാതിക്രമം നേരിട്ടവരെ രക്ഷിക്കാന്‍ സമൂഹത്തിനും വലിയ ബാധ്യതയുണ്ട്. അവരെ അകറ്റി നിര്‍ത്തുകയല്ല ചേര്‍ത്തുപിടിക്കുകയാണ് വേണ്ടത്. ശരിയായ ലൈംഗിക വിദ്യാഭ്യാസം ഇത്തരം അതിക്രമങ്ങളെ തടയുന്നതില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. ഒപ്പം മനസ്സിലുള്ള മുറിവുകളെ പറ്റി തുറന്നുപറയാനുള്ള സാഹചര്യങ്ങള്‍ നമ്മുടെ കുടുംബങ്ങളിലും സമൂഹങ്ങളിലും ഉണ്ടാകണം. ഇരയാക്കപ്പെടുന്നവരെ ഒറ്റപ്പെടുത്തുന്ന അവരുടെ കുറ്റമാണ് ഇതെല്ലാം എന്ന് പറയുന്ന മനോഭാവം മാറ്റാന്‍ സമൂഹവും തയ്യാറാണം. ശരിയായ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാനും നിരപരാധികള്‍ കുടുങ്ങാതിരിക്കാനും സഹായിക്കും വിധം നമ്മുടെ നിയമങ്ങള്‍ ശക്തമായി നടപ്പാക്കാന്‍ അധികാരികളും ശ്രദ്ധിക്കണം.
നമ്മുടെ കുഞ്ഞുങ്ങള്‍ സുരക്ഷിതരല്ല എന്ന യാഥാര്‍ഥ്യം ഏറെ ഭയപ്പെടുത്തുന്നതാണ്. അന്വേഷണത്തിനിടെ മുന്നിലെത്തിയ നോവേറ്റ ഒട്ടേറെ കുഞ്ഞു മുഖങ്ങള്‍, തകര്‍ന്ന് പോയ അമ്മ മനസുകള്‍, കാലങ്ങള്‍ കഴിഞ്ഞിട്ടും മുറിവുണങ്ങാത്ത മനസുമായി ജീവിക്കുന്നവര്‍, കുട്ടികളോട് മാത്രമേ തങ്ങള്‍ക്ക് ആസക്തി തോന്നാറുള്ളൂ എന്ന് ഒരു മടിയും കൂടാതെ തുറന്ന് പറഞ്ഞ പീഡോഫൈലുകള്‍, സൈബര്‍ ഇടത്തില്‍ പ്രായം നോക്കാതെ രതിസുഖം കണ്ടെത്തുന്നവര്‍... ഒന്നിനേയും മാറ്റി നിര്‍ത്താനാവില്ല...
കണ്ണടയ്ക്കാനാവില്ല ! കുട്ടികള്‍ക്കു നേരെ നീളുന്ന കഴുകന്‍ കണ്ണുകളെ നമുക്ക് കരുതിയിരിക്കാം...
(തുടരും)