ടീച്ചർക്കുള്ള കത്തിൽ അവളെഴുതി: അമ്മ പറഞ്ഞു മിണ്ടണ്ട; അയാൾ ചേച്ചിയെ ഉപേക്ഷിച്ച് പോകും |Investigation


ശ്രീലക്ഷ്മി മേനോൻ, ഷബിത, റോസ് മരിയ വിൻസന്റ്

വളരെ ചെറുപ്പത്തിലേ ദുരനുഭവങ്ങളിലൂടെ കടന്നുപോകുന്ന കുട്ടികളുടെ എണ്ണത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ആശങ്കയുണര്‍ത്തുന്ന രീതിയിലുള്ള വളര്‍ച്ചയാണ് സംഭവിച്ചിരിക്കുന്നത്. അങ്ങനെയുള്ളവരെ വൈകാരികമായി സ്വാധീനിച്ചുകൊണ്ട് ലൈംഗികചൂഷണങ്ങള്‍ക്ക് വിധേയമാക്കാന്‍ വളരെ എളുപ്പമാണ്.

പ്രതീകാത്മക ചിത്രം, വര- ശ്രീലാൽ

ഴിഞ്ഞ വര്‍ഷത്തെ അവസാനത്തെ പിരീഡില്‍ പാഠമെടുക്കുന്നതിനു പകരം കുട്ടികളെക്കൊണ്ട് കത്തെഴുതിച്ച അനുഭവം പങ്കുവെക്കുകയാണ് കോഴിക്കോട്ടെ ഒരു ഹൈസ്‌കൂള്‍ അധ്യാപിക.

ബെല്ലടിച്ചപ്പോള്‍ അവരവരുടെ കത്തുകള്‍ നാലായി മടക്കിയിട്ട് ഓരോ ഡസ്‌കിന്റെയും അറ്റത്ത് വച്ചിട്ടുപോകാന്‍ പറഞ്ഞു. ഒരാള്‍ സിഗരറ്റ് വലിയെക്കുറിച്ചാണ് എഴുതിയിരിക്കുന്നത്. ഞാന്‍ ചോദ്യം ചോദിക്കുന്നത് ഇഷ്ടമില്ല, ഇംഗ്ളീഷ് വഴങ്ങുന്നില്ല എന്നുമൊക്കെയുള്ള പരാതിക്കത്തുകള്‍ക്കിടയില്‍ നടുങ്ങിത്തരിച്ചുപോയ ഒരു കയ്യക്ഷരം ഇന്നും അധ്യാപികയുടെ ഓര്‍മയിലുണ്ട്. 'ആരോടും പറയില്ല എന്ന് പടച്ചവനെക്കൊണ്ട് സത്യം ചെയ്യിക്കുന്നു' എന്ന് പറഞ്ഞുതുടങ്ങിയ കത്തില്‍ മൂത്തസഹോദരിയുടെ ഭര്‍ത്താവിന്റെ ഉപദ്രവമാണ് എഴുതിയിരിക്കുന്നത്. പ്രാണന്‍ പിടയുന്ന വേദനയോടെ അമ്മയോട് കരഞ്ഞ് പറഞ്ഞപ്പോള്‍ അവര്‍ പറഞ്ഞത്രേ, അയാൾ വരുമ്പോ എങ്ങോട്ടേലും മാറിക്കോളാന്‍. ഇനി അതു വിഷയമാക്കിയാല്‍ ജ്യേഷ്ഠത്തിയെയും ഇട്ടേച്ച് അയാള്‍ പോയിക്കളയുമത്രേ. അങ്ങനെ ആരുമറിയാത്ത പല കഥകള്‍, ആരോടും പറയില്ലെന്ന ഉറപ്പുകൊടുത്ത ഞാന്‍. പിറ്റേ ദിവസം ആ കുഞ്ഞുങ്ങള്‍ക്ക് മുന്നില്‍ പിടിച്ചുനിന്നതെങ്ങനെയെന്ന് എനിക്കേ അറിയൂ. കത്തുകള്‍ ജാഗ്രതാസമിതിയുടെ ചുമതലയുള്ള അധ്യാപകനെ ഏല്‍പിച്ചു, ആരുമറിയാതെ വളരെ പതുക്കെ മാത്രമേ കൈകാര്യം ചെയ്യൂ എന്ന ഉറപ്പോടെ. പിന്നെ കത്തെഴുതിക്കല്‍ ഞാന്‍ സ്ഥിരമാക്കി. നോട്ട്ബുക്ക് പരിശോധിക്കുന്നു എന്ന മട്ടില്‍ കയ്യക്ഷരങ്ങള്‍ നോക്കി ഓരോ കുട്ടിയേയും തിരിച്ചറിഞ്ഞു. വേദനയോടെ, നിസ്സഹായതയോടെ''- അധ്യാപിക പറഞ്ഞു നിര്‍ത്തി.

''ഒരു ദിവസം മക്കളോടൊപ്പം അച്ഛന്‍ ചെലവഴിക്കുന്ന മണിക്കൂറെത്ര, അമ്മ ചെലവഴിക്കുന്ന മണിക്കൂറെത്ര?എത്ര രക്ഷിതാക്കള്‍ മക്കള്‍ക്ക് ചെവികൊടുക്കുന്നുണ്ട്?, ഈ ചോദ്യങ്ങള്‍ക്ക് നേരായ ഉത്തരം തരൂ എന്നിട്ടാവാം വിശാലമായ അവലോകനങ്ങള്‍''- ഡബ്ല്യൂ.സി.ഡി സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലറായ പ്രേമ പ്രതികരിച്ചതിങ്ങനെയാണ്.

അച്ഛനോ അമ്മയോ മരണപ്പെട്ടതിനാലോ വിവാഹബന്ധം വേര്‍പിരിഞ്ഞതിനാലോ ഏക രക്ഷകര്‍ത്താവ് വളര്‍ത്തുന്ന കുട്ടികള്‍, കുടുംബം നിലനില്‍ക്കെത്തന്നെ മറ്റൊരു ബന്ധം കൂടി സ്ഥാപിക്കുന്നതു കാരണം സ്വസ്ഥത നഷ്ടപ്പെടുന്ന കുടുംബത്തിലെ കുട്ടികള്‍, അച്ഛനോ അമ്മയോ വേറെ വിവാഹിതരാവുകയും രണ്ടാനമ്മയോ രണ്ടാനച്ഛനോ കൂടെ താമസിക്കുന്ന കുട്ടികള്‍...തുടങ്ങി വളരെ ചെറുപ്പത്തിലേ ദുരനുഭവങ്ങളിലൂടെ കടന്നുപോകുന്ന കുട്ടികളുടെ എണ്ണത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ആശങ്കയുണര്‍ത്തുന്ന രീതിയിലുള്ള വളര്‍ച്ചയാണ് സംഭവിച്ചിരിക്കുന്നത്. അങ്ങനെയുള്ളവരെ വൈകാരികമായി സ്വാധീനിച്ചുകൊണ്ട് ലൈംഗികചൂഷണങ്ങള്‍ക്ക് വിധേയമാക്കാന്‍ വളരെ എളുപ്പമാണെന്നാണ് മനസ്സിലാവുന്നത്. വീട്ടില്‍ നിന്നും തങ്ങള്‍ ശ്രദ്ധിക്കപ്പെടില്ല എന്നു തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ കുട്ടികളുടെ ലോകം തിരിച്ചുപിടിക്കാന്‍ പറ്റാത്ത രീതിയില്‍ കൈവിട്ടുപോകും.

Read More...കണ്ണുവേണം കുട്ടികളിൽ; വലവിരിച്ച് അരികിലുണ്ട് പൂമ്പാറ്റക്കുഞ്ഞും മാലാഖക്കുട്ടിയും...

സഹപാഠികളുമായി സഹകരിക്കാന്‍ കഴിയാത്ത കുട്ടികള്‍, അധ്യാപകര്‍ക്ക് വലിയ തലവേദനയാകുന്നവര്‍, സ്‌കൂളിലെ എല്ലാ പ്രശ്‌നങ്ങളിലും- വേണ്ടതിനും വേണ്ടാത്തതിനും ഇടപെടുന്നവര്‍ തുടങ്ങി തങ്ങള്‍ക്കുള്ളിലെ കലുഷിതാന്തരീക്ഷത്തെ അവരൊഴുക്കിവിടുന്നത് പലതരത്തിലൂടെയുമാണ്. പ്രശ്‌നങ്ങള്‍ തുറന്നു പറയാന്‍ പലപ്പോഴും ഇടമില്ലാത്തതും ചെറുപ്രായത്തില്‍ മാനസികസംഘര്‍ഷങ്ങള്‍ ഉള്ളില്‍ത്തന്നെ ഒതുക്കിനിര്‍ത്തുന്നതും കുട്ടികളുടെ ഭാവിയ്ക്ക് വലിയ ഭീഷണി തന്നെയാണ്. അന്തര്‍മുഖരായിരിക്കുക, സൗഹൃദങ്ങളില്ലാതിരിക്കുക, അധ്യാപകരോട് സംസാരിക്കാതിരിക്കുക, നിരുപദ്രവകാരികളായി ക്ളാസില്‍ ഇരിക്കുക, സ്‌കൂള്‍ ആക്ടിവിറ്റികളില്‍ സജീവമല്ലാതിരിക്കുക, പഠനത്തില്‍ വളരെ ശരാശരി നിലവാരം പുലര്‍ത്തുക തുടങ്ങിയവ കുട്ടികളില്‍ കണ്ടെത്തിയാല്‍ കൗണ്‍സിലിങ്ങിന് വിധേയമാക്കുകയാണ് പതിവ്. തൊണ്ണൂറ് ശതമാനം കുട്ടികളും തങ്ങള്‍ക്ക് സംഭവിച്ചതെന്താണെന്ന് തുറന്നു പറയും. ലൈംഗികാതിക്രമത്തിന് ഇരയായതിന്റെ പരിണതഫലം അനുഭവിച്ചുകൊണ്ടിരിക്കുന്നവരായിരിക്കും അതില്‍ ഏറിയ പങ്കും. ഈ കുട്ടികള്‍ ആര്‍ക്കും ഒരു ശല്യവുമില്ലാത്തതിനാല്‍ അവരുടെ പ്രശ്‌നങ്ങള്‍ പലപ്പോഴും അധ്യാപകര്‍ അറിയാന്‍ വൈകും. വൈകുംതോറും കുട്ടികള്‍ കൂടുതല്‍ സങ്കീര്‍ണമായ മാനസികാവസ്ഥയിലേക്കാണ് നയിക്കപ്പെടുന്നത്.

സ്‌ക്രീനിങ് എന്ന ഒരു സംവിധാനത്തിലൂടെ എല്ലാ ദിവസവും ഓരോ ക്ലാസിലെ രണ്ട് കുട്ടികളെ വീതം വിളിച്ച് സ്‌കൂള്‍ കൗണ്‍സിലര്‍ സംസാരിക്കും. ഈ സ്‌ക്രീനിങ്ങിലൂടെയാണ് കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങളുടെ ചുരുളുകളഴിയുന്നത്. ലൈംഗികപീഡനത്തിന് ഇരയാക്കപ്പെട്ട ചില കുട്ടികള്‍ സഹപാഠികളോട് ലൈംഗിക ചേഷ്ടകള്‍ പ്രകടിപ്പിക്കാറുണ്ട്. അത് മറ്റു കുട്ടികള്‍ വഴിയോ അധ്യാപകര്‍ മുഖേനയോ കൗണ്‍സിലര്‍ അറിയുകയും കുട്ടിയുമായി വിശദമായി സംസാരിക്കുകയും ചെയ്യുന്നു. അപ്പോള്‍ അറിയാന്‍ കഴിയുക ചൂഷണത്തിന് ഇരയായത് സ്വന്തം വീട്ടില്‍ നിന്നു തന്നെയാണെന്നാണ്.

12644 സ്‌കൂളുകളാണ് കേരളത്തിലുള്ളത്. 4504 സര്‍ക്കാര്‍, 7277 എയ്ഡഡ്, 863 അണ്‍ എയ്ഡഡ് എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു. കുട്ടികളുടെ ലഹരി ഉപയോഗം, മാനസിക-ലൈംഗിക ചൂഷണങ്ങള്‍ തുടങ്ങിയ പരിഹരിക്കുന്നതിനായി ജില്ലാടിസ്ഥാനത്തില്‍ സര്‍ക്കാര്‍- എയ്ഡഡ് സ്‌കൂളുകളില്‍ ജാഗ്രതാ സമിതിയുണ്ട്. വ്യക്തിപരമായ പരിഗണന ഓരോ കുട്ടിയ്ക്കും ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ 1012 സ്‌കൂള്‍ കൗണ്‍സിലര്‍മാരുടെ പോസ്റ്റുകളാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. മൊത്തം സ്‌കൂളുകളിലായി 986 പേരാണ് ഇപ്പോള്‍ സേവനത്തിലുള്ളത്.

എന്നാല്‍ അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ കുട്ടികളുടെ മാനസികാരോഗ്യത്തെക്കുറിച്ചോ, അവരനുഭവിക്കുന്ന സംഘര്‍ഷങ്ങളെക്കുറിച്ചോ, ചൂഷണങ്ങളെക്കുറിച്ചോ അറിയാന്‍ നിലവില്‍ യാതൊരുവിധ സംവിധാനങ്ങളുമില്ല. ഇത്തരം കേസുകള്‍ സാധാരണക്കാരുടെ മക്കള്‍ പഠിക്കുന്ന സ്‌കൂളുകളില്‍ മാത്രം സംഭവിക്കുന്ന കാര്യങ്ങളാണെന്ന് പറഞ്ഞത് ഒരു ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നയാളാണ്.

Read More... തീപ്പെട്ടി വലിപ്പത്തില്‍ ഫോണ്‍, അമ്മയെ ഉറക്കാന്‍ ഗുളിക; ആസൂത്രണത്തിന്റെ അതിബുദ്ധി...

അമ്മ ഉപേക്ഷിച്ച ഒരു എട്ടാംക്ലാസുകാരി പെണ്‍കുട്ടിയുടെ അനുഭവവും പ്രേമടീച്ചര്‍ പങ്കുവച്ചു. കുട്ടികളുടെ സംരക്ഷണത്തിനായുള്ള ഷെല്‍ട്ടര്‍ ഹോമില്‍ നിന്നാണ് പെണ്‍കുട്ടിയും അനിയത്തിയും പഠിച്ചിരുന്നത്. അവധിക്കാലമെത്തിയാല്‍ മറ്റു കുട്ടികളെല്ലാം വീടുകളിലേക്ക് പോകും എന്നാല്‍ ഈ പെണ്‍കുട്ടി പോകാന്‍ തയ്യാറായില്ല. മൂന്ന് ദിവസത്തിലധികം പെണ്‍കുട്ടിയുമായി സംസാരിച്ചപ്പോള്‍ വീട്ടില്‍ ചെന്നാല്‍ അച്ഛന്‍ ലൈംഗികമായി ദുരുപയോഗിക്കുന്നതിന്റെ ഞെട്ടിക്കുന്ന അനുഭവമാണ് പറയാനുണ്ടായിരുന്നത്.

ലോക്ഡൗണ്‍ കാലത്ത് കുട്ടികളുമായി നേരിട്ട് ബന്ധപ്പെടാനാവുന്നില്ല എന്നതാണ് വലിയ വെല്ലുവിളി. അംഗൻവാടികളില്‍ രൂപീകരിച്ചിട്ടുള്ള അഡോളസെന്റ് ക്ളബ്ബുകള്‍ വഴി ലഭിക്കുന്ന കേസുകള്‍ അതത് സ്‌കൂള്‍ കൗണ്‍സിലറലുടെ ശ്രദ്ധയിലേക്കെത്തിക്കുകയാണ് ഇപ്പോള്‍ അനുവര്‍ത്തിക്കുന്ന മാര്‍ഗം. കുട്ടികള്‍ എല്ലായ്പ്പോഴും അവരുടെ പ്രശ്നങ്ങള്‍ പറഞ്ഞുകൊള്ളണമെന്നില്ല. അവര്‍ക്കു പറയാന്‍ കഴിയുന്ന സമയത്ത് കൗണ്‍സിലര്‍മാര്‍ക്ക് കേള്‍ക്കാനുള്ള സാഹചര്യമുണ്ടോ ഇല്ലയോ എന്നതും നേരിട്ടല്ലാത്ത ഫോണിലൂടെയുള്ള സംഭാഷണം എന്ന വലിയ കടമ്പയും ലോക്ഡൗണ്‍ കാലത്ത് ഭീഷണിയാണ്.

വിദ്യാലയാന്തരീക്ഷം തികച്ചും വിദൂരമായിരിക്കുന്ന ഈ സാഹചര്യത്തില്‍ മാതാപിതാക്കള്‍ കുട്ടികളെ കേള്‍ക്കാന്‍ തയ്യാറാകണം. വീട്ടുകാര്‍ക്ക് പ്രിയങ്കരരായിരിക്കുന്നവരാണ് കുട്ടികളെ തങ്ങളുടെ ഇംഗിതത്തിന് വിധേയരാക്കുന്നതെന്ന സത്യം രക്ഷിതാക്കള്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറാവേണ്ടതാണ്. നവമാധ്യമങ്ങളെ മാതാപിതാക്കള്‍ അമിതമായി ആശ്രയിക്കുന്നതുമൂലം കുട്ടികളെ കേള്‍ക്കുന്നതിലും ശ്രദ്ധിക്കുന്നതിലും വീഴ്ചയുണ്ടാവുകയും അനാരോഗ്യകരമായ ബന്ധങ്ങള്‍ കുടുംബാംഗങ്ങള്‍ പുലര്‍ത്തുക വഴി വേണ്ടത്ര കരുതല്‍ കുട്ടികള്‍ക്ക് ലഭിക്കാതെ പോവുകയും ചെയ്യുന്നത് നിത്യസംഭവങ്ങളായിക്കഴിഞ്ഞിരിക്കുന്നു.

ലോക്ഡൗണ്‍ കാലത്ത് കുട്ടികള്‍ക്കു നേരിടുന്ന അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതില്‍ കുറവ് സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ അധ്യയനവര്‍ഷത്തില്‍ 1490 പോക്സോ കേസുകള്‍ ചൈല്‍ഡ്ലൈന്‍​ മുഖേന റിപ്പോര്‍ട്ട് ചെയ്യപ്പെട്ടെങ്കില്‍ ഈ വര്‍ഷം മുപ്പത് മുതല്‍ നാല്പത് ശതമാനം വരെ റിപ്പോര്‍ട്ടിങ്ങില്‍ കുറവുണ്ടായതായി ചൈല്‍ഡ്ലൈന്‍ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ അഭിപ്രായപ്പെടുന്നു. കുട്ടികള്‍ നേരിടുന്ന അതിക്രമങ്ങള്‍ ചൈല്‍ഡ് ലൈനിനെ അറിയിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചിരുന്നത് അധ്യാപകരും സഹപാഠികളുമാണ്. എന്നാല്‍ നിലവില്‍ അതിനുള്ള സാഹചര്യമില്ല. എങ്കിലും ശരാശരി ദിവസം 30 കേസുകള്‍ വരെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. അതില്‍ പീഡോഫീലിയയും ഉള്‍പ്പെടുന്നു.

കോഴിക്കോട് നഗരത്തിലെ ഒരു പ്രമുഖ സ്‌കൂളിലെ അധ്യാപകന്‍ പഠനയാത്രയ്ക്കിടെ വിദ്യാര്‍ഥിയെ പീഡിപ്പിച്ചത് വലിയ വാര്‍ത്തയായിരുന്നു. സ്‌കൂളിലെ കായിക അധ്യാപകന്റെ ശാരീരികവും മാനസികവുമായ ഉപദ്രവം സഹിക്കവയ്യാതെ പഠനം നിര്‍ത്താന്‍ പോയ എട്ടാം ക്ലാസുകാരിയായ കാസര്‍ക്കോട് സ്വദേശിനിയും അന്വേഷണത്തിനിടെ ഞങ്ങളുടെ മുന്നിലെത്തി. സംരക്ഷിക്കേണ്ടവര്‍ തന്നെ വേട്ടക്കാരാവുമ്പോഴുള്ള ഭയമായിരുന്നു ആ കുട്ടികളുടെ അനുഭവങ്ങളില്‍ നിറഞ്ഞത്. വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ വിദ്യാര്‍ത്ഥിനിയെ കൊണ്ട് ക്ലാസ് അധ്യാപകനെതിരേ വ്യാജപരാതി കൊടുപ്പിച്ച സഹപ്രവര്‍ത്തകരുടെ കുടിലബുദ്ധിയെ പറ്റി പറഞ്ഞത് അതേ സ്‌കൂളിലെ മറ്റൊരു അധ്യാപകനാണ്. കുറ്റാരോപിതനായ അധ്യാപകന്‍ ജോലി രാജിവച്ച് ഭാര്യയും മക്കളുമായി നാടുവിടേണ്ട അവസ്ഥയില്‍ വരെ കാര്യങ്ങളെത്തിച്ചു.

തങ്ങള്‍ക്ക് സംഭവിക്കുന്നത് തെറ്റാണോ ശരിയാണോ എന്നറിയാത്ത കുട്ടികള്‍ ഏറെയാണ്. ശരിയായ ലൈംഗിക വിദ്യാഭ്യാസം സ്‌കൂളുകളില്‍ നടപ്പാക്കാത്തതിന്റെ പോരായ്മ തന്നെയല്ലേ ഇത് ചൂണ്ടിക്കാണിക്കുന്നത്? ചിന്തിക്കേണ്ടത് അനിവാര്യമാണ്.

സാങ്കേതിക വിദ്യയില്‍ ഏറെ മുന്നിലായ മക്കള്‍ സൈബര്‍ലോകത്തിന്റെ സ്വകാര്യതയില്‍ എവിടെയയൊക്കെ എത്തിപ്പെടുന്നുവെന്ന് അറിയാതെ പകച്ചു നില്‍ക്കുന്ന മാതാപിതാക്കളും ഏറെയാണ്.''എന്റെ ഫോണില്‍ വാച്ച്‌ലിസ്റ്റ് എന്നൊരുസാധനം ഉണ്ടെന്ന കാര്യം ഈയടുത്താണ് ഞാനറിഞ്ഞത്. അതും ഒരു പ്രത്യേകസാഹചര്യത്തില്‍ തിരിച്ചറിഞ്ഞതാണ്''- രണ്ട് പെണ്‍കുട്ടികളും ഒരു മകനുമുള്ള ഒരു അമ്മ പറയുന്നു. എന്റെ മക്കള്‍ ആറിലും നാലിലും ഒന്നിലുമാണ്. അനിയന്റെ വീട് തൊട്ടടുത്താണ്. അവന്റെ മകള്‍ രണ്ടാം ക്ളാസില്‍ പഠിക്കുന്നു. ഒരു ദിവസം എന്റെ മക്കളും അനിയന്റെ മോളും വീടിന്റെ രണ്ടാം നിലയിലെ കര്‍ട്ടനു പിന്നില്‍ മറഞ്ഞു നിന്ന് ഫോണ്‍ കാണുന്നത് അനിയന്‍ കണ്ടു. ഗെയിം കളിക്കാന്‍ ആരാണ് ഫോണ്‍ കൊടുത്തതെന്നും ചോദിച്ച് അവനത് പിടിച്ചു വാങ്ങി. എന്താണ് അവര്‍ കണ്ടിരുന്നതെന്ന് നോക്കിയപ്പോള്‍ റീസന്റ് സൗണ്ട് സെര്‍ച്ച് ചെയ്തിരിക്കുന്നത് സണ്ണി ലിയോണ്‍ വീഡിയോസ് എന്നാണ്. അപ്പോള്‍ത്തന്നെ അവന്‍ ആ ഫോണില്‍ വാച്ച്ഹിസ്റ്ററി നോക്കി. കഴിഞ്ഞ ഒന്നരയാഴ്ചയായി പല തവണ, പല സമയത്തായി പോണ്‍വീഡിയോകള്‍ കണ്ടിരിക്കുന്നതായി മനസ്സിലായി. ആരോട് പറയും? എന്തു കണ്ടെന്നും ചോദിച്ചാണ് തല്ലുക? ആരാണ് കാണാന്‍ പറഞ്ഞതെന്ന് എങ്ങനെ ചോദിക്കും? മക്കളുടെ മുഖത്തുനോക്കാന്‍ പറ്റാത്ത അവസ്ഥ. നിസ്സഹായതയോടെ ആ അമ്മ പറഞ്ഞു നിര്‍ത്തി.

ഒരു ലോക്ഡൗണ്‍ പ്രതിഭാസമായി സ്മാര്‍ട്ട് ഫോണുകളും സൈബറിടങ്ങളും മാറിയപ്പോള്‍ കുഞ്ഞുങ്ങളെ ലക്ഷ്യം വച്ചുകൊണ്ട് വലവീശുന്നവര്‍ വിജയിച്ചുകൊണ്ടേയിരിക്കുന്നു. സൈബറിടങ്ങളിലെ അമിത സ്നേഹവും കരുതലും കണ്ട് നമ്മുടെ മക്കള്‍ തേടിപ്പോകുന്ന അറ്റമില്ലാക്കയത്തെക്കുറിച്ച് അവതാരകയും നടിയുമായ അശ്വതി ശ്രീകാന്ത് പങ്കുവെച്ച വാക്കുകള്‍:

''ഒരു കുട്ടിയുടെ അമ്മ എന്ന നിലയില്‍ ഇന്നത്തെ സമൂഹം എന്നെയും ഭയപ്പെടുത്തുന്നുണ്ട്. പണ്ടൊക്കെ അടുത്ത വീട്ടില്‍ പോയി കളിയെല്ലാം കഴിഞ്ഞ് സന്ധ്യയ്ക്കാണ് നമ്മളെല്ലാം വീട്ടില്‍ കയറിയിരുന്നത്. അത്രയും സ്വാതന്ത്യം അനുഭവിച്ച നമ്മള്‍ ഇന്ന് കുട്ടികളെ അടുത്ത വീട്ടില്‍ ഒരു പത്ത് മിനിട്ട് നോക്കാന്‍ ഏല്‍പിച്ച് പോകാന്‍ ഭയക്കുന്നു. ശരിക്കും പുരുഷന്മാരുടെ കാര്യമാണ് കഷ്ടം. അവര്‍ക്ക് ഒരു കുഞ്ഞിനെ സ്നേഹത്തോടെ മടിയിലെടുത്തു വച്ച് കൊഞ്ചിക്കാന്‍ ഇന്നത്തെ സാഹചര്യത്തിലാവില്ല. ഒരാള്‍ മോശമാണെന്ന് കരുതി എല്ലാവരെയും നിയന്ത്രിക്കേണ്ട സാഹചര്യമാണിന്ന്. സ്വന്തം കുഞ്ഞിനോട് മാത്രം മതി വാത്സല്യം എന്ന് നമ്മുടെ പുരുഷന്മാരോട് ഇനി പറയേണ്ടി വരും.

നമ്മുടെ കുട്ടികള്‍ നമുക്ക് മാത്രമാണ് കുട്ടികള്‍. ബാക്കി സമയത്ത് അവര്‍ എല്ലാവിധ കൗതുകങ്ങളും കൊണ്ട് നടക്കുന്നവരാണ്. അതുകൊണ്ട് തന്നെ അവര്‍ ചൂഷണം ചെയ്യപ്പെടാനുള്ള സാധ്യതകളും ഏറെയുണ്ട്. സ്വന്തം കുട്ടിയുടെ ഏറ്റവും അടുത്ത സുഹൃത്താണ് താന്‍ എന്ന അമിതവിശ്വാസം കൊണ്ട് തന്നെ പല മാതാപിതാക്കളും കുട്ടികള്‍ക്ക് ഗാഡ്ജറ്റുകള്‍ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ ഉപയോഗിക്കാന്‍ കൊടുക്കാറുണ്ട്. പലപ്പോഴും മാതാപിതാക്കളേക്കാള്‍ വലിയ ടെക്കികളാണ് കുട്ടികള്‍. അതുകൊണ്ട് തന്നെ ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം പോലുള്ള ആപ്പുകള്‍ നമുക്ക് വലുതായി അറിയില്ലെങ്കിലും കുട്ടികള്‍ അതുപയോഗിക്കുന്നുണ്ടെങ്കില്‍ നിയന്ത്രിക്കാന്‍ നമ്മള്‍ ശ്രമിക്കണം. അതിനെക്കുറിച്ച് ഒരു ധാരണ നമ്മളും ഉണ്ടാക്കിയെടുക്കണം. ഒരു പ്രായം വരെ ഈ മേല്‍നോട്ടം അത്യാവശ്യമാണ്.ഇന്നത്തെ കുട്ടികള്‍ക്ക് പല കാര്യങ്ങളിലും അറിവ് നേരത്തെ തന്നെ ലഭിക്കാനുള്ള പല മാര്‍ഗങ്ങളുണ്ട്. പണ്ടത്തെ ഒരു പതിനഞ്ചു വയസ്സുള്ള കുട്ടിക്ക് അറിയാവുന്നതിന്റെ ഇരട്ടി കാര്യങ്ങള്‍ ഇന്നത്തെ ഏഴു വയസുള്ള കുട്ടിക്ക് അറിയാം. വിവരങ്ങള്‍ ഇന്ന് എല്ലാവരുടെയും വിരല്‍ തുമ്പിലാണ്. തനിക്ക് തന്റേതായ സ്പേസ് വേണമെന്ന് ആവശ്യപ്പെടുന്ന കുറേ കുട്ടികളുണ്ട്. ആ സ്പേസില്‍ അവരെന്താണ് ചെയ്യുന്നതെന്ന് മാതാപിതാക്കള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം.'

Read More... ആദ്യം ഇര, പിന്നെ വേട്ടക്കാരൻ, അഞ്ചു വർഷത്തിനിടെ മൂന്ന് തവണ ജയിൽവാസം...

സമ്പൂര്‍ണസാക്ഷരതയവകാശപ്പെടുന്ന, പ്രതികരണശേഷിയുള്ള, വിവേചനബുദ്ധിയുള്ള, വൈകാരികപക്വതയുള്ള മലയാളിക്ക് എവിടെയാണ് പിഴയ്ക്കുന്നതെന്ന അന്വേഷണം എത്തിനിന്നത് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റിലാണ്. പീഡോഫീലിയക്കു പിന്നിലെ ശാസ്ത്രീയ വിശദീകരണങ്ങള്‍ കേട്ടപ്പോള്‍ മനുഷ്യര്‍ക്കുള്ളിലെ പലമനുഷ്യരെയും കണ്ടെത്തുകയായിരുന്നു.

(തുടരും)

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഞങ്ങളുമായി പങ്കുവയ്ക്കാം: responseinvestigation@gmail.com

Content Highlights: Investigation on Pedophilia and crime against children in Kerala Schools and Families pocso cases Child line

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram