പല്ലടയാളം, മുടിനാരുകൾ... വൈകുംതോറും നശിക്കുന്ന തെളിവുകൾ | Investigation


By ശ്രീലക്ഷ്മി മേനോൻ, ഷബിത, റോസ് മരിയ വിൻസന്റ്

5 min read
Read later
Print
Share

ഇരുപത് മുതൽ മുപ്പത് വരെ പ്രായമുള്ളവർ തങ്ങളുടെ ലൈംഗികശേഷി പരീക്ഷിക്കാനായി കുട്ടികളെ തിരഞ്ഞെടുക്കുകയും കുട്ടികൾ സുരക്ഷിതമായ ഇടങ്ങളാണെന്ന് മനസ്സിലാക്കുകയും ചെയ്യുന്നതോടെ ലൈം​ഗികാതിക്രമങ്ങൾ ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു.

പ്രതീകാത്മക ചിത്രം : വര ശ്രീലാൽ

സ്‌നേഹ (പേര് യഥാർഥമല്ല) എന്ന ഒമ്പത് വയസ്സുകാരിയെ ആ പോലീസ് സർജൻ ഇന്നും ഓർത്തിരിക്കുന്നു. ഡോക്ടറുടെ ടീച്ചിങ് മെറ്റീരിയലായി സൂക്ഷിച്ചിരുന്ന സ്നേഹയുടെ പോസ്റ്റ്മോർട്ടം ഫോട്ടോകൾ കണ്ടപ്പോൾ മനസ്സിലായി ഒരു നോക്കുകണ്ടവർക്കാർക്കും അവളെ മറക്കാൻ പറ്റില്ല എന്ന്. ''ഒരു പാവക്കുട്ടിയെ തുന്നിച്ചേർക്കുന്നത്രയും സൂക്ഷ്മതയോടെ ഞാനവളുടെ അവയവങ്ങൾ എടുത്തിടത്തു തന്നെ വെച്ചു'' പേരു വെളിപ്പെടുത്താനാ​ഗ്രഹിക്കാത്ത ആ സർജൻ തുടർന്നത് ഇങ്ങനെയായിരുന്നു:

''സ്‌കൂളിൽ ഉച്ചഭക്ഷണം കഴിഞ്ഞപ്പോൾ മുതൽ കാണാതായതായിരുന്നു സ്‌നേഹയെ. ഇന്റർവെല്ലായിട്ടും കണ്ടെത്താൻ കഴിയാതെയായപ്പോളാണ് സ്‌കൂൾ അധികൃതർ തിരച്ചിൽ ഊർജിതമാക്കിയത്. കുട്ടികൾ വെള്ളം കുടിക്കാൻ പോകുന്ന അടുത്ത വീടുകളിലെല്ലാം പോയി അന്വേഷിച്ചു. എല്ലാവരും കൈമലർത്തി. ചുറ്റുപാടെല്ലാം അന്വേഷിച്ച് നിരാശരായി മടങ്ങുമ്പോളാണ് ചെരുപ്പുകൾ ഒരു വീടിന്റെ മുറ്റത്തെ കുറ്റിച്ചെടികൾക്കിടയിൽ ക്ളാസ് ടീച്ചർ കണ്ടത്. അത് സ്നേഹയുടെ ചെരുപ്പ് തന്നെയാണെന്ന് തിരിച്ചറിഞ്ഞ ടീച്ചർ കുട്ടി വീടിനകത്തുതന്നെയുണ്ടെന്ന് ഉറപ്പിച്ചു പറഞ്ഞു. നാട്ടുകാർ വീട് മൊത്തം പരിശോധിച്ചു. ഗൃഹനാഥൻ തിരച്ചിലിനോട് സഹകരിക്കുകയും ചെയ്തു. പഴയ മാളികവീടിന്റെ മച്ചിൽ കൂട്ടിയിട്ടിരിക്കുന്ന തേങ്ങാച്ചാക്കുകളിലൊന്നിൽ നിന്നും സ്നേഹയുടെ ജീവനറ്റ ശരീരം ലഭിച്ചു.

അമ്പത്തഞ്ചുകാരനായ ഗൃഹനാഥൻ അറസ്റ്റിലായി. വിദേശത്താണ് അയാളുടെ രണ്ട് പെൺമക്കൾ. ഭാര്യ മക്കളുടെ അരികിലേക്ക് പോയതുകൊണ്ട് ഇയാൾ വീട്ടിൽ തനിച്ചായിരുന്നു. സ്‌കൂളിൽ നിന്നും ഉച്ചയ്ക്ക് കുട്ടികൾ അയാളുടെ വീട്ടിൽ വെള്ളം കുടിക്കാൻ വരാറുണ്ട്. സ്നേഹ ഒറ്റയ്ക്കാണെന്ന് കണ്ടപ്പോൾ അയാൾ അവളെ ചുംബിക്കാൻ ശ്രമിച്ചു. എതിർത്തുകൊണ്ട് കുട്ടി പറഞ്ഞതാവട്ടെ സ്‌കൂളിൽ പോയി ടീച്ചറോട് പറയും എന്നായിരുന്നു. ഒച്ചവയ്ക്കുമെന്ന് ഭയന്ന് മൂക്കും വായയും ബലമായി പൊത്തിപ്പിടിച്ചതോടെ കുട്ടി ശ്വാസംമുട്ടി മരിക്കുകയായിരുന്നു. അപമാനം ഭയന്ന് അയാൾ ശരീരം ചാക്കിലാക്കി തേങ്ങാക്കൂട്ടത്തോടൊപ്പം വച്ചു. രാത്രിയിൽ ശരീരം പുഴയിൽ ഒഴുക്കിക്കളയാമെന്ന് കരുതി.''

Read More : ടീച്ചർക്കുള്ള കത്തിൽ അവളെഴുതി: അമ്മ പറഞ്ഞു മിണ്ടണ്ട; അയാൾ ചേച്ചിയെ ഉപേക്ഷിച്ച് പോകും |Investigation

മുഖം അമർത്തിപ്പിടിച്ചതുകാരണം സംഭവിച്ച മുറിവുകൾ, പ്രതിരോധത്തിനായി കുട്ടി കടിച്ചവിധം, അയാളുടെ കൈയിൽ ആഴ്ന്നിറങ്ങിയ സ്നേഹയുടെ പല്ലിന്റെ അടയാളം, പല്ലുകളുടെ നിരയിലുള്ള അകലവ്യത്യാസങ്ങളും അത് പ്രതിയുടെ കൈയിൽ പതിഞ്ഞ വിധവും ഉമിനീരിൽ നിന്ന് ലഭിച്ച ഡി.എൻ.എ തുടങ്ങിയവയായിരുന്നു ശക്തമായ തെളിവുകൾ. പ്രതി കുറ്റം സമ്മതിച്ചു. തന്റെ ഫോറൻസിക് കരിയറിൽ എക്കാലവും ഓർത്തുവെക്കുന്ന കേസ് എന്നാണ് സ്നേഹയുടെ ഫോട്ടോയിലേക്ക് നോക്കിക്കൊണ്ട് ഡോക്ടർ പറഞ്ഞത്.

നാഷണൽ ക്രൈം റെക്കോഡ്സ് കണക്കുകൾപ്രകാരം രാജ്യത്ത് കഴിഞ്ഞ വർഷം കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം 1556 ആണ്. റിപ്പോർട്ടു ചെയ്യപ്പെട്ട കൊലപാതകങ്ങൾ മാത്രമേ കണക്കിൽ പെടുന്നുള്ളൂ. അതിൽ പോക്സോ മരണങ്ങൾ 130 ആണ്. കേരളത്തിൽ മാത്രം ഇരുപത് കുട്ടികളാണ് ലൈംഗികാതിക്രമത്തിന്റെ ഭാഗമായി കൊല്ലപ്പെട്ടത്. 2020-ൽ ജനുവരി മുതൽ മാർച്ച്- മൂന്നുമാസത്തിനുള്ളിൽ- വരെ ഏഴ് കുട്ടികളാണ് ഇത്തരത്തിൽ കൊല്ലപ്പെട്ടത്. മാർച്ചിനുശേഷമുള്ള കണക്കുകൾക്കായി ബന്ധപ്പെട്ടവരെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. 'പരിശോധിക്കണ്ടതും നയപരമായ വിഷയവുമാണ്' എന്നായിരുന്നു ലഭിച്ച മറുപടി.

ലൈം​ഗികാതിക്രമങ്ങൾക്ക് ഇരയായ കുട്ടികളെ വൈദ്യപരിശോധനയ്ക്കായി കൊണ്ടുവരുമ്പോൾ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് വിദ​ഗ്ധാഭിപ്രായങ്ങൾ പലതാണുള്ളത്. എന്നാൽ ഇപ്പോഴുള്ള രീതികൾ പലപ്പോഴും ഫലവത്താകാറില്ല.

സാധാരണഗതിയിൽ ഹാർഡ് സെക്സിനാണ് കുട്ടികൾ വിധേയരാക്കപ്പെടാറ്. അതുകൊണ്ട് തന്നെ തെളിവ് ശേഖരണത്തിനായി കുട്ടികളെ വേഗം പരിശോധനയ്ക്ക് വിധേയരാക്കേണ്ടതുണ്ട്. എന്നാൽ, പലപ്പോഴും ഇത് സംഭവിക്കുന്നില്ല. കുട്ടികളെ പരിശോധനയ്ക്ക് എത്തിക്കുന്നത് വൈകുന്നത് കാരണം തെളിവുകൾ നശിക്കാൻ ഇടയാവുന്നുണ്ട്. മിക്ക പോക്സോ കേസുകളും പരാജയപ്പെടാനുള്ള കാരണവും ഇതുതന്നെ.

Investigation
പ്രതീകാത്മക ചിത്രം : വര ശ്രീലാൽ

കുട്ടികൾ പൊതുവേ ഇരകളാക്കപ്പെടാനുള്ള കാരണങ്ങൾ പലതാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് വേട്ടക്കാരന്റെ ആത്മവിശ്വാസമില്ലായ്മ. തന്റെ എതിർലിംഗത്തിലുള്ള വ്യക്തിക്കാവശ്യമായത്രയും ലൈംഗികസംതൃപ്തി നല്കാൻ കഴിയാത്തവർ പ്രതികരണശേഷി പൊതുവേ കുറഞ്ഞ, ലൈംഗികതയെന്തെന്നറിയാത്ത കുട്ടികളെ ദുരുപയോഗം ചെയ്യുന്നു. പ്രലോഭനങ്ങളും പണവും മിഠായികളും കുട്ടികളെ ആകർഷിക്കുന്ന മറ്റ് വസ്തുക്കളുമാണ് ഇവർ പകരം വെച്ചുനീട്ടുന്നത്. ഇത്തരം പീഡകർ പലപ്പോഴും ശരിയായ ലൈംഗിക സംതൃപ്തി ലഭിക്കാത്തവരും അടിച്ചമർത്തപ്പെട്ടതും പ്രകൃതിവിരുദ്ധവുമായ ലൈംഗികതയിൽ താൽപര്യമുള്ളവരുമാണ്. സ്ഖലനം സാധ്യമാകാത്ത ലൈംഗികബന്ധമാണ് 'സെക്ഷ്വൽ ബാറ്ററി' എന്നു വിശേഷിപ്പിക്കപ്പെടുന്നത്. അവിടെ പെനിട്രേഷൻ സാധ്യമായിക്കൊള്ളണമെന്നില്ല. ബലമായി ലൈംഗിക അവയവങ്ങളിൽ സ്പർശിക്കുക, ഇരയെ സ്പർശിക്കാൻ പ്രേരിപ്പിക്കുക എന്നിവ ഇത്തരത്തിലുള്ള ലൈംഗികതയാണ്. ആനൽ സെക്സ് നടക്കുന്നതും ഇത്തരം സന്ദർഭങ്ങളിലാണ്.

പല കാരണങ്ങളാൾ സൈക്കോജനിറ്റിക് ഇംപൊട്ടൻസിലേക്കെത്തിയവരും (വൈകാരികമായ ഷണ്ഡത്വം) ഉദ്ധാരണം നിലനിർത്താൻ കഴിയാത്തവരുമാണ് വൈകൃതമായ ലൈംഗികപരീക്ഷണങ്ങൾക്കായി കുട്ടികളെ ലക്ഷ്യമിടുന്നത്. അതുകൊണ്ടുതന്നെ വേട്ടക്കാരുടെ പ്രായം വലിയൊരു ഘടകം തന്നെയാണ്. ഇരുപത് മുതൽ മുപ്പത് വരെ പ്രായമുള്ളവർ തങ്ങളുടെ ലൈംഗികശേഷി പരീക്ഷിക്കാനായി കുട്ടികളെ തിരഞ്ഞെടുക്കുകയും കുട്ടികൾ സുരക്ഷിതമായ ഇടങ്ങളാണെന്ന് മനസ്സിലാക്കുകയും ചെയ്യുന്നതോടെ ലൈംഗികാതിക്രമങ്ങൾ ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു. മനുഷ്യൻ മാനസികമായി ഒരിടത്തിൽ ആഹ്ളാദം കണ്ടെത്തിയാൽ അവിടേക്കു തന്നെയായിരിക്കും അവന്റെ ആയുഷ്‌കാലശ്രദ്ധ.

അമ്പത് വയസ്സുമുതലുള്ളവരിൽ പൊതുവേ കണ്ടുവരുന്ന ഒരവസ്ഥയാണ് പ്രോസ്റ്റേറ്റ് ഗ്ലാൻഡ് ഹൈപ്പർട്രോഫി. പ്രോസ്റ്റേറ്റ് ഗ്ലാൻഡ് തടിച്ചുവീങ്ങി വലുതാവുകയും പുരുഷ ആർത്തവവിരാമം എന്നു വിളിക്കപ്പെടുന്ന അവസ്ഥ സംജാതമാവുകയും ചെയ്യുന്നു. ഈ സമയത്താണ് കാമചോദനകൾ വളരെയധികമായി ഉയരുക. അത് നിവർത്തിക്കാൻ കണ്ടെത്തുന്നതാവട്ടെ ഒരു മിഠായി ഓഫറിലോ വീഡിയോ ഗെയിമിലോ വീണുപോകുന്ന, പ്രതികരണശേഷിയില്ലാത്ത കുട്ടികളെയും.

പീഡനത്തിനിടയിലോ ശേഷമോ കുട്ടി മരണപ്പെടുന്ന കേസുകളിൽ പ്രതികൾ മിക്കവാറും അവരുടെ ബന്ധുക്കളോ പരിചയക്കാരോ എന്നും കാണുന്നവരോ ആയിരിക്കും. സംഭവം കുട്ടി പുറത്തു പറയാതിരിക്കാൻ, സമൂഹത്തിലെ തന്റെ മാനാഭിമാനങ്ങൾ നഷ്ടപ്പെടാതിരിക്കാൻ, ഭാര്യയും മക്കളുമടങ്ങുന്ന കുടുംബം ചിതറിപ്പോവാതിരിക്കാൻ പ്രതി കണ്ടെത്തുന്ന ഏക മാർഗമാണ് കൊലപാതകം.

ലൈംഗികാവശ്യത്തിനായി ഇരയെ ആക്രമിച്ച് മരണാസന്നദ്ധതയിലേക്കെത്തിക്കുകയും ആ സന്ദർഭത്തിൽ വേട്ടക്കാരൻ അനുഭവിക്കുന്ന രതിയാനന്ദവുമാണ് 'ലസ്റ്റ് മർഡർ' എന്നറിയപ്പെടുന്നത്. ഇര കൊല്ലപ്പെടുക തന്നെ ചെയ്യും. സൗമ്യ വധക്കേസ് ഇത്തരത്തിലുള്ളതാണ്. നിർബന്ധിതവും ബലംപ്രയോഗിച്ചുള്ളതുമായ രതിക്കിടെ ഇര കൊല്ലപ്പെടുന്നതിനെ 'മർഡർ അണ്ടർ പ്രൊവോക്കേഷൻ'എന്നു പറയുന്നു.

അന്വേഷണ പരമ്പരയുടെ മുൻ ഭാ​ഗങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അമ്മയെ തല്ലിയാൽ രണ്ടുണ്ട് പക്ഷം എന്നു പറഞ്ഞതുപോലെ പീഡകർക്ക് ഓശാന പാടാനും ആളുകൾക്ക് പഞ്ഞമില്ല. ഫെയ്സ്ബുക്കിലെ ഒരു അഭിപ്രായസ്വാതന്ത്ര്യം കൂടി ഇവിടെ രേഖപ്പെടുത്തേണ്ടതുണ്ട്. പത്തുവയസുകാരിയോട് കാമം തോന്നുന്നുവെന്നും മഞ്ച് വാങ്ങി നൽകാറുണ്ടെന്നും പറഞ്ഞ് ഫെയ്സ്ബുക്കിൽ പീഡോഫീലീയ അനുകൂല ചർച്ചകൾക്ക് തുടക്കമിട്ട് കുപ്രസിദ്ധിയാർജിച്ച മുഹമ്മദ് ഫർഹാദ് വീണ്ടും വാർത്തകളിൽ കയറിപ്പറ്റിയതും ഈയിടെയാണ്. മലപ്പുറത്തെ തിയേറ്ററിൽ എട്ടു വയസുകാരിയെ പീഡിപ്പിച്ച കേസിൽ വേട്ടക്കാരന്റെ അവകാശവാദങ്ങളെ കുറിച്ച് സംസാരിച്ചാണ് ഫർഹാദ് വീണ്ടും രംഗത്തെത്തിയത്. 'അയാളും ഗതികേടിലല്ലേ, സെക്സ് ബോറടിച്ചു തുടങ്ങേണ്ട പ്രായത്തിൽ ഇത്രേം റിസ്‌കെടുത്ത് സ്ത്രീശരീരത്തിൽ ഒന്ന് തൊടാൻ വേണ്ടി മാത്രം തീയേറ്ററിലെ ഇരുട്ടിനെ ആശ്രയിക്കേണ്ട അവസ്ഥ'- എന്ന് ആരംഭിക്കുന്ന കുറിപ്പിൽ ഇരയെ പലതവണ അപമാനിക്കാനുളള ശ്രമം ഉണ്ട്. ഇണ ചേരാൻ ഒരു മുറി അന്വേഷിച്ച് ഇടപ്പളളി മുതൽ പാലാരിവട്ടം വരെ താൻ നടന്നിട്ടുണ്ടെന്നും പീഡകനായ മൊയ്തീൻ കുട്ടിയുടെ മനുഷ്യാവകാശത്തെ കുറിച്ചാണ് താൻ ഓർക്കുന്നതെന്നും അന്ന് ഫർഹാദ് കുറിച്ചു. ഫർഹാദിനെ പോലെ നിരവധി പേർ ബാലപീഡനത്തെ നിസാരവത്കരിക്കാൻ ശ്രമിച്ച് രംഗത്തെത്തുന്നതും ഭയത്തോടെ കാണേണ്ട വസ്തുത തന്നെയാണ്.

പീഡോഫൈൽ എന്ന വിഭാഗത്തെ എൽ.ജി.ബി.ടി.ക്യു എന്ന വിശാലതയോട് ചേർത്ത് നിർത്തിക്കൊണ്ട് ഒരു മുതിർന്ന 'P' യിലൂടെ ന്യായീകരിക്കാനും സാധൂകരിക്കാനുമുള്ള വിശ്രമമില്ലാത്ത പരിശ്രമം ഇതിന് പുറകിലുണ്ടെന്ന് സാമൂഹ്യനിരീക്ഷകർ വിലയിരുത്തുന്നു.

കേരളത്തിലെ വിവിധയിടങ്ങളിലെ സർവീസ് കാലയളവിൽ തന്റെ കണ്മുന്നിലൂടെ കടന്നു പോയ പീഡോഫൈൽ കേസുകളെ ഓർത്തെടുത്ത് പോലീസിലെ ഉന്നതോദ്യോ​ഗസ്ഥൻ പങ്കുവച്ച അനുഭവങ്ങൾ ഞെട്ടലുളവാക്കുന്നതായിരുന്നു. തിരക്കൊഴിഞ്ഞ ബീച്ച് പരിസരത്ത് കപ്പലണ്ടിയും മാലയും മറ്റും വിറ്റ് നടക്കുന്ന കുട്ടികളെ വിളിച്ചു കാറിൽ കയറ്റുന്ന വലിയ സാമൂഹ്യമായും സാമ്പത്തികമായും ഉയർന്ന ആളുകൾ. പിടയ്ക്കുന്ന നോട്ടുകളോടൊപ്പം കോലൈസ് കൂടിയാണ് അവർ കുട്ടികൾക്ക് സമ്മാനിക്കുന്നത്. ഐസ് കഴിച്ചുതീരും വരെ ഏ.സി കാറിലിരിക്കാം. ആസ്വദിച്ച് ഐസ് കഴിച്ചു കൊണ്ടിരിക്കുമ്പോൾ വദനസുരതത്തിന്റെ കുതന്ത്രം പുറത്തെടുക്കുന്നു. താനൊരു കൊടിയ ലൈംഗിക പീഡനത്തിന് ഇരയാവുകയാണെന്ന് ആ കുരുന്ന് അറിയുന്നുപോലുമില്ല.

കുഞ്ഞുനാളിലെ ഇത്തരം ചൂഷണങ്ങൾ, അതിന്റെ ഓർമകൾ ഒരാളെ ജീവിതകാലം മുഴുവൻ വേട്ടയാടപ്പെടും. പോസ്റ്റ് ട്രെമാറ്റിക് സ്ട്രസ് ഡിസോഡർ എന്ന ഒരവസ്ഥയെ വിശദമായിത്തന്നെ പരിചയപ്പെടേണ്ടതുണ്ട്. മൂന്നും നാലും ദശകങ്ങൾ പിന്നിട്ടിട്ടും വയസറിയിച്ചിട്ടില്ലാത്ത പ്രായത്തിൽ സംഭവിച്ചുപോയതിനെയോർത്ത് ഇന്നും നരകിക്കുന്നവർ. അവരുടെ അനുഭവത്തിലൂടെ, ജീവിതത്തിലൂടെതന്നെ അന്വേഷണവഴിയെ തിരിച്ചുവിടേണ്ടതുണ്ട്. വെളിപ്പെടുത്തലുകൾ എന്നും ആഘാതങ്ങൾ മാത്രമേ സൃഷ്ടിച്ചിട്ടുള്ളൂ. കേൾക്കാതെ പോകരുത് ആ ഓർത്തെടുക്കലുകളെ.

(തുടരും)

അന്വേഷണ പരമ്പരയുടെ മുൻ ഭാ​ഗങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക


നിങ്ങളുടെ അഭിപ്രായങ്ങള്‍ ഞങ്ങളുമായി പങ്കുവയ്ക്കാം: responseinvestigation@gmail.com

Content Highlights : Investigation on Pedophilia and crime against children forensic evidence Pedophile

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
lodge killing

2 min

'ജീവിക്കാൻ അനുവദിക്കുന്നില്ല'; ലോഡ്ജിൽ യുവതിയെ കഴുത്തറത്ത് കൊലപ്പെടുത്തി യുവാവ് പോലീസിൽ കീഴടങ്ങി

May 17, 2023


pkr pillai

2 min

നടനായ മകന്റെ മരണം,ഹിറ്റ് ചിത്രങ്ങളുടെ അവകാശം ആരുടെ പക്കലെന്നുപോലും മറന്നു;നൊമ്പരമായി പി.കെ.ആർ പിള്ള

May 17, 2023


parakala prabhakar

മോദി സര്‍ക്കാര്‍ പരാജയം, രാജ്യം സാമ്പത്തിക തകർച്ചയിൽ; വിമർശനവുമായി നിർമല സീതാരാമന്റെ ഭര്‍ത്താവ്

May 17, 2023