അധിനിവേശങ്ങളുടെയും യുദ്ധത്തിന്റെയും വര്‍ഗ്ഗീയതയുടെയുമെല്ലാം ഏറ്റവും വലിയ ജീവിക്കുന്ന ഇരകള്‍ എന്നും സ്ത്രീകളും കുട്ടികളുമാണ്. അത്തരത്തില്‍ പട്ടാളക്കാര്‍ കൊന്നു തള്ളിയ മനുഷ്യ ജീവനുകളെ കുറിച്ചും ക്രൂരമായി ബലാല്‍സംഗം ചെയ്ത സ്ത്രീകളുടെയും കുട്ടികളുടെയും ജീവിത ദൈന്യതകളുമാണ് ദക്ഷിണ സുഡാനിൽ നിന്ന് കേൾക്കുന്നത്. പട്ടാളക്രൂരതയെ അതിജീവിച്ച 100 പേരുടെ നേര്‍സാക്ഷ്യങ്ങളിലൂടെ ആംനസ്റ്റി ഇന്റര്‍നാഷണലാണ് ദക്ഷിണ സുഡാനിലെ യുദ്ധകുറ്റകൃത്യങ്ങളുടെ കഥ പുറം ലോകത്തെത്തിക്കുന്നത്.
ഒരല്‍പം ശ്വാസം അവശേഷിച്ച എന്തും അവിടെ കൊലചെയ്യപ്പെടുകയായിരുന്നു. യുദ്ധത്തിലെ കുറ്റകൃത്യങ്ങളുടെ ഏറ്റവും ഭീതിതമായ അനുഭവങ്ങളാണ് അവരിലോരോരുത്തരും പങ്കുവെച്ചത്.
ലീര്‍, മായെന്‍ഡിട്ട കൗണ്ടികളിലാണ് നരനായാട്ടുകളത്രയും നടന്നത്. പക്ഷെ ക്രൂരതയ്ക്ക് ഉത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതില്‍ ഭരണകൂടം വന്‍ പരാജയമാവുകയായിരുന്നു.
21 ഏപ്രിലിലാണ് ഏറ്റവും ഒടുവിലത്തെ കലാപം ഇവിടെ പൊട്ടിപുറപ്പെട്ടത്. ഗ്രാമങ്ങളിലേക്കെത്തിയ പട്ടാളക്കാര്‍ തുരുതുരാ വെടിവെക്കുകയായിരുന്നു. അടുത്ത ചതുപ്പിലേക്ക് രക്ഷയ്‌ക്കോടിവര്‍ക്ക് നേരെ യാതൊരു ദയയുമില്ലാതെ വെടിവെച്ചു. ചിലരെ കെട്ടിത്തൂക്കി.തന്റെ ഭർത്താവടക്കം മൂന്ന് പേരെ പട്ടാളക്കാര്‍ വെടിവെച്ചു കൊന്നതിന് ദൃക്‌സാക്ഷിയാണ് നയാലോണി.
"എന്റെ ഭര്‍ത്താവ് പോരാളിയായിരുന്നില്ല. വെറും കര്‍ഷകന്‍ മാത്രമായിരുന്നു. ചതുപ്പിലേക്ക് ഭര്‍ത്താവിനൊപ്പം ഞാനും ഓടിയിരുന്നു പക്ഷെ ഭര്‍ത്താവിന് വെടിയേറ്റു. വെടിയേറ്റ് വേദനയില്‍ പുളഞ്ഞ അദ്ദേഹത്തിനുനേരെ ജീവന്‍ വെടിയും വരെ പട്ടാളക്കാര്‍ വെടിയുതിര്‍ക്കുകയായിരുന്നു". നയാലോണി പറയുന്നു.
ഓടാന്‍ കഴിയാത്തവരെയും വൃദ്ധരെയും ദയയേതുമില്ലാതെ പട്ടാളക്കാര്‍ വെടിവെച്ചു. തങ്ങളുടെ അയല്‍വാസികളായ വൃദ്ധരെ പട്ടാളം തീയിട്ടു ചുട്ടു കൊല്ലുന്നത് നേരില്‍ കണ്ടവരാണ് സംഭവങ്ങള്‍ തുറന്നു പറഞ്ഞവരില്‍ പലരും.
90 വയസ്സുകാരനെ പോലും വെറുതെ വിട്ടില്ല. അദ്ദേഹത്തെ കഴുത്തറുത്താണ് പട്ടാളം കൊലപ്പെടുത്തിയത്.
തന്റെ ഭര്‍ത്താവിനെയും അനേകം കുട്ടികളെയും പട്ടാളം തീയിട്ടു കൊന്നതിന് ദൃക്‌സാക്ഷിയാണ് ന്യാവെകെ എന്ന സ്ത്രീ.
"അവര്‍ ഏഴ് പട്ടാളക്കാരായിരുന്നു. അവര്‍ കുട്ടികളെയെല്ലാം ഒരു കൂരയ്ക്കുള്ളിലാക്കി അതിന് തീയിട്ടു. കുട്ടികള്‍ ശരീരം വെന്ത് ആര്‍ത്തുനിലവിളിക്കുന്നുണ്ടായിരുന്നു. അതിലൊരു കുട്ടി പുറത്തു കടക്കാന്‍ ശ്രമിച്ചപ്പോള്‍ പട്ടാളക്കാര്‍ വാതില്‍ കൊട്ടിയടച്ചു. മരിച്ച കുട്ടികളില്‍ രണ്ടോ മൂന്നോ വയസ്സുള്ള ഒരു കുട്ടിയുമുണ്ടായിരുന്നു. ആണ്‍ കുട്ടികള്‍ വലുതായാല്‍ അവര്‍ പോരാളികളാവുമെന്ന് ഭയപ്പെട്ടാണ് ആ കുട്ടികളെ അവർ കൊന്നൊടുക്കിയത്".
പെണ്‍കുട്ടികളെയും സ്ത്രീകളെയും കൊന്നൊടുക്കുന്നതിന് പകരം ലൈംഗിക അടിമകളാക്കുകയായിരുന്നു. പല സ്ത്രീകളെയും ആഴ്ചകളോളം തടവിലിട്ടാണ് ബലാല്‍സംഗം ചെയ്തത്.
എട്ട് വയസ്സുള്ള പെണ്‍കുട്ടിയെയും 15 വയസ്സുള്ള ആണ്‍കുട്ടിയെയും ബലാല്‍സംഗം ചെയ്യുന്നത് നേരിട്ടു കണ്ടവരും ഉണ്ട്.
"എന്റെ സഹോദരന്റെ 13 വയസ്സുള്ള മകളെ അവര്‍ ബലാല്‍സംഗം ചെയ്തു. ഞങ്ങളവളെ കണ്ടെത്തുമ്പോള്‍ അവള്‍ രക്തത്തില്‍ കുളിച്ച് കിടക്കുകയായിരുന്നു. അഞ്ച് പട്ടാളക്കാര്‍ ചേര്‍ന്നാണ് അവളെ ബലാല്‍സംഗം ചെയ്തത്. അവള്‍ക്ക് നടക്കാന്‍ പോലും ആവതില്ലായിരുന്നു. ഏതു നിമിഷവും അവള്‍ മരണത്തിന് കീഴടങ്ങിയേക്കാം".അദ്ദേഹം പറഞ്ഞു നിർത്തി.
കൊള്ളയ്ക്കും മോഷണത്തിനും കുറവില്ലായിരുന്നു. ജീവന്‍ ഭയന്ന് ഓടിയൊളിച്ച ഗ്രാമീണരുടെ സര്‍വ്വതും കൊള്ളയടിക്കാനും പട്ടാളം മറന്നില്ല. കൊള്ളയടിക്കാന്‍ പറ്റാത്തവ തീയിട്ടും നശിപ്പിച്ചു .
2016ല്‍ ഇത്തരത്തില്‍ പട്ടാളം കാട്ടിയ അതിക്രമത്തിന്റെ റിപ്പോര്‍ട്ട് ആംനസ്റ്റി ഇന്റര്‍നാഷണല്‍ പുറത്ത് വിട്ടിരുന്നു. ഉത്തരവാദികളായ പട്ടാളക്കാരെ ശിക്ഷിക്കണമെന്ന നിര്‍ദേശം യുഎന്‍ മുന്നോട്ടുവെക്കുകയുമുണ്ടായി.എന്നാൽ അതുണ്ടായില്ലെന്ന് മാത്രമല്ല അന്ന് കുറ്റകൃത്യങ്ങളിൽ പങ്കാളികളായ അതേ പട്ടാളക്കാരാണ് ഇത്തവണയും ഈ നരഹത്യകളും മനസ്സാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരതകളും ചെയ്തതെന്നും ആംനസ്റ്റി ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.