ഇല്ല, സജിയുടേയും ബിപിന്റേയും നന്മകളെ മായിക്കാന്‍ നിങ്ങള്‍ക്കാവില്ല


ജോളി അടിമത്ര

ആരോടുള്ള കലിപ്പാണ് നിങ്ങള്‍ തീര്‍ക്കുന്നത്?.പ്രിയ സുഹൃത്തേ, അപകട മരണങ്ങളും ദുരന്തങ്ങളും ആര്‍ക്കും സംഭവിക്കാം.നിങ്ങള്‍ക്കും മാതാപിതാക്കളും ഭാര്യയും മക്കളും സഹോദരങ്ങളും ഉണ്ടാവുമല്ലോ.നിങ്ങളുടെ ഭാര്യയോ കുഞ്ഞോ ഇത്തരമൊരു ദുരന്തത്തില്‍പ്പെട്ടുമരിച്ചാല്‍ ... ശരീരം മറവുചെയ്യുംമുമ്പേതന്നേ ഇത്തരം കമന്റുകള്‍ ഒരാള്‍ പ്രചരിപ്പിച്ചെന്നറിഞ്ഞാല്‍ ,താങ്കളുടെ പ്രതികരണം എന്താവും

ഓതറ കാഞ്ഞിരത്തുമോടി സാല്‍വേഷന്‍ ആര്‍മി സെമിത്തേരിയിലേക്ക് ഇറക്കിവയ്ക്കുമ്പോള്‍ ബിപിന്റെ മുഖത്തേക്ക് ഒന്നുകൂടി നോക്കി.' മോനേ നീ കരുവാളിച്ചുപോയല്ലോടാ.. ' അമ്മയുടെ കരച്ചില്‍ അന്തരീക്ഷത്തിലുയര്‍ന്നു.

എന്തിനായിരുന്നു ബിബിന്‍ നീ മുണ്ടാറിലെ ആഴക്കായലിലേക്കു പോയത് ?മാതൃഭൂമി ചാനല്‍ സംഘത്തിന്റെ വാഹനം ഓടിക്കുന്ന ഡ്യൂട്ടി മാത്രമേ ബിബിനു ചെയ്യേണ്ടതായുള്ളൂ.പക്ഷേ റിപ്പോര്‍ട്ടര്‍ക്കും ക്യാമറമാനും ഒപ്പം അവനും കായലിലേക്കു പോയി.അത്രമാത്രം അവന്‍ വാര്‍ത്തകളെ സ്നേഹിച്ചു.പലപ്പോഴും ഡ്രൈവര്‍ ജോലി മാത്രമല്ല അവന്‍ ചെയ്തിരുന്നത്.ക്യാമറയും അനുബന്ധ ഉപകരണങ്ങളും താങ്ങിയെടുത്ത് സംഘത്തെ സഹായിക്കാന്‍ അവന്‍ ഉല്‍സാഹിച്ചു. ആരും പറഞ്ഞിട്ടല്ല,കണ്ടറിഞ്ഞ് ..കരയിലിരുന്ന് സമയം കൊല്ലുന്ന തൊഴിലാളിയായിരുന്നെങ്കില്‍ ബിബിന്‍ ഇപ്പോള്‍ ഈ ഭൂമിയില്‍ ഉണ്ടായിരുന്നേനേ.

പാവപ്പെട്ട ഒരു വീടിന്റെ പ്രതീക്ഷയായിരുന്നു അവന്‍.പള്ളിയിലെ ശവസംസ്‌കാര ശുശ്രൂഷയ്ക്കിടെ ബിബിന്റെ ജീവനറ്റ ശരീരത്തിനടുത്തുനിന്ന് അച്ഛന്‍ ബാബു പറഞ്ഞു,'എന്റെ മകനെ ഓര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു,ജീവിച്ചിരുന്നപ്പോള്‍ ചെയ്ത സ്വന്തം പ്രവര്‍ത്തി കൊണ്ട് അവന്‍ വലിയവനായി '.അതു ശരിവക്കുന്നതായിരുന്നു അന്ത്യയാത്ര അയയ്ക്കാന്‍ വന്ന ജനക്കൂട്ടം.

ഇതേ അനുഭവമായിരുന്നു സജിയുടെ വീട്ടിലും അനുഭവപ്പെട്ടത്.കടുത്തുരുത്തി ഗ്രാമത്തിലെ സകല വഴികളും ചൊവ്വാഴ്ച അവസാനിച്ചത് സജിയുടെ വീട്ടിലായിരുന്നു. വെള്ളപ്പൊക്ക ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ മുണ്ടാറില്‍ പോയ മാതൃഭൂമി ചാനല്‍സംഘം സഞ്ചരിച്ച വള്ളം മറിഞ്ഞാണ് സജിയും ബിബിനും മരിച്ചത്.

ഈ ഭൂമിയിലെ ഏതു മനുഷ്യജീവന്‍ പൊലിഞ്ഞാലും നമ്മുടെ മനസ്സ് ഉരുകണം.ശത്രുവായാലും മിത്രമായാലും .കാരണം ഈ മനോഹരമായ ഭൂമിയും സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും കാറ്റും മഴയും ഒന്നുമില്ലാത്ത മറ്റൊരു ലോകമാണ് മൃതരുടേതെന്ന് പറയപ്പെടുന്നു.സത്യമെന്തായാലും ഈ ലോകം അവര്‍ക്കിനി അന്യമാണ്.പ്രണയമില്ല,വഴക്കില്ല,ഇണക്കവും പിണക്കവുമില്ല,വാശിയും പകയുമില്ല.അങ്ങനൊരു നിര്‍ജീവ ലോകത്തേക്കു എന്നേക്കുമായി യാത്രയായരോട് പക കാണിക്കാന്‍ ആര്‍ക്കാണ കഴിയുക.

നമ്മളെത്ര മോശം വാക്കുകള്‍ ഉപയോഗിച്ച് അപഹസിച്ചാലും അവര്‍ പ്രതികരിക്കില്ലല്ലോ.എന്നിട്ടും എന്റെ സുഹൃത്തുക്കളേ ,നിങ്ങളെന്തിനാണ് മണ്‍മറഞ്ഞുപോയ ഈ സാധു യുവാക്കളെ അപമാനിക്കുന്നത്.തുരുത്തില്‍ ഒററപ്പെട്ടുപോയ പാവപ്പെട്ടവരുടെ ഇല്ലായ്മകള്‍ പുറംലോകത്തെത്തിക്കാനാണവര്‍ ജീവന്‍ പണയംവച്ചും കാറ്റും കോളും അവഗണിച്ച് കായലിനു നടുവിലേക്കു പോയത്.വാര്‍ത്ത കണ്ട് സഹായവുമായി വേണ്ടപ്പെട്ടവര്‍ ചെല്ലുമെന്ന പ്രതീക്ഷ.ഇതൊന്നും അവരുടെ സ്വന്തം കുടുംബത്തിനു വേണ്ടിയല്ലെന്നു നമ്മള്‍ മറക്കരുത്.അപകടത്തില്‍പെട്ടതിനു തലേന്ന് ഇതേ തുരുത്തില്‍ അരിയും സാധനങ്ങളും ദുരിതത്തില്‍പ്പെട്ടവര്‍ക്കു വിതരണംചെയ്യാന്‍ സജി മുമ്പിലുണ്ടായിരുന്നു.അല്ലാതെ നിങ്ങള്‍ പറയുംപോലെ ,'തുരുത്തിലുള്ളവരുടെ വായില്‍ മൈക്കിട്ടു കുത്തി സര്‍ക്കാരിനെതിരെ പറയിക്കാന'' ല്ല.ദുരന്ത വാര്‍ത്തയെ തുടര്‍ന്ന് 'സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തയുണ്ടാക്കാന്‍ പോയി വെള്ളത്തില്‍ വീണു മരിച്ച മാധ്യമ തൊഴിലാളിക്ക് ആദരാഞ്ജലി ' സോഷ്യല്‍ മീഡിയയിലൂടെ അര്‍പ്പിച്ച മലയാളിയുമുണ്ട്.

ആരോടുള്ള കലിപ്പാണ് നിങ്ങള്‍ തീര്‍ക്കുന്നത്?.പ്രിയ സുഹൃത്തേ, അപകട മരണങ്ങളും ദുരന്തങ്ങളും ആര്‍ക്കും സംഭവിക്കാം.നിങ്ങള്‍ക്കും മാതാപിതാക്കളും ഭാര്യയും മക്കളും സഹോദരങ്ങളും ഉണ്ടാവുമല്ലോ.നിങ്ങളുടെ ഭാര്യയോ കുഞ്ഞോ ഇത്തരമൊരു ദുരന്തത്തില്‍പ്പെട്ടുമരിച്ചാല്‍ ... ശരീരം മറവുചെയ്യുംമുമ്പേതന്നേ ഇത്തരം കമന്റുകള്‍ ഒരാള്‍ പ്രചരിപ്പിച്ചെന്നറിഞ്ഞാല്‍ ,താങ്കളുടെ പ്രതികരണം എന്താവും ?ചിന്തിച്ചിട്ടുണ്ടോ..ഇല്ലെങ്കില്‍ഇനി ചിന്തിക്കണം.

നിങ്ങളുടെ വാക്കുകള്‍ പ്രതിധ്വനിക്കുന്ന മനസ്സുമായാണ് രണ്ടു മൃതശരീരങ്ങളും ഞാന്‍ നോക്കിനിന്നത്.എനിക്കു സഹതാപം തോന്നി,നിങ്ങളോട്.അറിയപ്പെടാത്ത നൂറായിരം പ്രശ്നങ്ങള്‍ വെളിച്ചത്തുകൊണ്ടുവരാന്‍ ഓടിനടന്ന്,ജന്‍മനിയോഗം പൂര്‍ത്തിയാക്കി മണ്‍മറഞ്ഞുപോയ എന്റെ സഹപ്രവര്‍ത്തകരുടെ നന്‍മകളെ മായിക്കാന്‍ നിങ്ങള്‍ക്കാവില്ല.നിങ്ങളുടെ വിഷം പുരണ്ട വാക്കുകള്‍ക്കുമാവില്ല.

എന്നാല്‍ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനോട് എനിക്ക് വര്‍ദ്ധിച്ച ആദരവു തോന്നിയ നിമിഷങ്ങള്‍ക്കൂടിയാണിത് .ഒരിക്കല്‍ 'കടക്കൂ പുറത്ത് ' എന്ന് പത്രപ്രവര്‍ത്തകരോട് പറഞ്ഞ അദ്ദേഹം ,ഈ ദാരുണ സാഹചര്യത്തില്‍ എടുത്ത നടപടി നോക്കൂ.മുഖ്യമന്ത്രിയുടെ മനസ്സിന്റെ ഔന്നത്യമാണ് അതു വെളിപ്പെടുത്തിയത്.''സമൂഹത്തില്‍ പ്രയാസങ്ങളുണ്ടാവുമ്പോള്‍ അത് ജനങ്ങളെ അറിയിക്കാന്‍ ഉത്തരവാദിത്തം ഏറ്റടുക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ .സ്വന്തം തൊഴിലിനോടുള്ള ആത്മാര്‍ഥതയും കൂറുമാണ് ഇവരെ ജീവത്യാഗത്തിലേക്കു നയിച്ചത് 'ഇതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

സുഹൃത്തേ,അഭിപ്രായവ്യത്യാസങ്ങള്‍ നമ്മള്‍ക്കുണ്ടാകാം.സ്വാഭാവികം.പക്ഷേ ,മറ്റൊരാളിന്റെ മരണത്തിലും ദുരന്തത്തിലും ചെളി വാരി എറിയരുത്,ആഹ്ലാദിക്കരുത്.അത് വൈകൃതമുള്ള മനസ്സിനേ കഴിയൂ..

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram