ലോകമെമ്പാടും വൈറലായ "മീ ടു" ഹാഷ് ടാഗ് മലയാളികള്‍ക്കിടയിലും ട്രെന്‍ഡിങ് ടോപ്പിക്കാവുന്നു. നിരവധി പേരാണ് തങ്ങള്‍ ജീവിതത്തിൽ നേരിട്ട ലൈംഗികാതിക്രമങ്ങളെ കുറിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ തുറന്നെഴുതുന്നത്. കുറ്റാരോപിതന്റെ പേരും വിലാസവും സംഭവം നടന്ന സാഹചര്യവും കൃത്യമായി വ്യക്തമാക്കികൊണ്ടുള്ളവയായിരുവന്നു ആ പോസ്റ്റുകള്‍. ഈ തുറന്നു പറച്ചിലുകൾക്ക് പിന്തുണയേകിക്കൊണ്ടും സാമൂഹിക മാധ്യമങ്ങളിലൂടെ വലിയൊരു മുന്നേറ്റത്തിന് സാക്ഷ്യം വഹിക്കുകയാണ് കേരളമിപ്പോൾ.
ഒരു മാധ്യമപ്രവര്‍ത്തക, മാധ്യമപ്രവര്‍ത്തകനും സമൂഹ്യപ്രവര്‍ത്തകനുമായ ഒരു പ്രമുഖ വ്യക്തിയിൽനിന്നു ഏല്‍ക്കേണ്ടി വന്ന മോശമായ പെരുമാറ്റം തുറന്നെഴുതിയതാണ് കേരളത്തിലെ "മീ ടു" ക്യാമ്പെയ്ന് ഊര്‍ജ്ജം പകര്‍ന്നത്. ജോലിയുമായി ബന്ധപ്പെട്ടുള്ള യാത്രയ്ക്കിടെ മദ്യപിച്ച ഇയാൾ മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറുകയായിരുന്നു. ഇയാളുടെ നീക്കത്തെ ശക്തമായി ചെറുത്ത മാധ്യമപ്രവർത്തക ഫെയ്സ്ബുക്കിലൂടെയാണ് തന്റെ അനുഭവം തുറന്നെഴുതിയത്.
"ഈ ഫോട്ടോ കണ്ടിട്ടാണ് നിന്റെ കൂടെ തൂത്തുക്കുടി വരാമെന്ന് ഞാന്‍ ഉറപ്പിച്ചത്..ഞാന്‍ ആകെ വല്ലാണ്ട് ആയിപ്പോയി. ഈ ഊളത്തരം പൊഴിഞ്ഞ അതേ വായില്‍നിന്നാണ് കാലയുടെ രാഷ്ട്രീയത്തെപ്പറ്റി സംവാദം നടന്ന വേദിയില്‍ കേരളത്തിലെ മാധ്യമസ്ഥാപനങ്ങളില്‍ ദളിത് സ്ത്രീകള്‍ ഇല്ലെന്നും സ്ത്രീ സമത്വം ഇല്ലെന്നും ഘോരഘോരം പ്രസംഗിച്ചത്. നേരം പോകുന്തോറും അയാളുടെ പൊയ്മുഖം അഴിഞ്ഞു വീഴുകയായിരുന്നു. ഫെയ്സ്ബുക്കിലെ സ്റ്റാറ്റസുകള്‍ക്ക് കിട്ടുന്ന ലൈക്കുകളുടെ, കമന്റുകളുടെ എണ്ണം തിട്ടപ്പെടുത്തി ആനന്ദം കണ്ടെത്തുന്ന, അതിലൂടെ പബ്ലിസിറ്റി ആഗ്രഹിക്കുന്ന ഒരു ചൊറിയന്‍ പുഴു മാത്രമാണ് അയാള്‍ എന്ന് വൈകുന്നേരത്തോടെ തന്നെ ഞാന്‍ മനസിലാക്കി.
രാത്രിയിലെ സംഭവവികാസങ്ങള്‍ അതിലും ഭയാനകമായിരുന്നു. മദ്യപിച്ച് കഴിഞ്ഞപ്പോള്‍ പുള്ളിക്ക് ഞാന്‍ അതീവ സുന്ദരിയായി തോന്നി. ഉമ്മ വെക്കണം കെട്ടി പിടിക്കണം എന്ന ആവശ്യങ്ങള്‍ വേറെ. എന്റെ ദേഹത്ത് തൊട്ടാല്‍ കൊന്നു കളയുമെന്ന് ഞാന്‍. അപ്പോള്‍ പുള്ളിയുടെ അടുത്ത് അടവ്.. എനിക്ക് ഒരു അമ്മേടേം അച്ഛന്റേം സ്നേഹം കിട്ടീട്ടില്ല.. എന്ന ഇന്നസെന്റ് മട്ട്. ഭാര്യയുമായി വേര്‍പിരിഞ്ഞ് നിക്കുവാണ്.. സ്നേഹം വേണമെന്ന്. മാറിക്കിടക്കെടോ എന്ന് ഞാന്‍ അലറിവിളിച്ച ഉടനെ അയാള്‍ മോങ്ങാന്‍ തുടങ്ങി. എനിക്ക് അയാളെ തല്ലിക്കൊല്ലാനുള്ള ദേഷ്യമുണ്ടായിരുന്നു. പെട്ടെന്ന് തന്നെ അയാള്‍ ഉറങ്ങി. പക്ഷേ പേടിയും വെറുപ്പും കൊണ്ട് ആ രാത്രി അത്രയേറെ യാത്രാക്ഷീണം ഉണ്ടായിരുന്നിട്ടും എനിക്ക് ഉറങ്ങാനേ പറ്റീല.
'പൂമൊട്ടുകളെ കൈവെള്ളയിലിട്ട് ഞെരിച്ചിട്ടല്ല വരാന്‍ പോകുന്ന വസന്തത്തെക്കുറിച്ച് സംസാരിക്കേണ്ടത്.' എന്നുപറഞ്ഞാണ് മാധ്യമപ്രവര്‍ത്തക പോസ്റ്റ് അവസാനിപ്പിക്കുന്നത്.
തന്റെ പതിനാറാം വയസില്‍ സുഹൃത്തായിരുന്ന ഒരാള്‍ തന്നെ ലൈംഗികമായി കയ്യേറ്റം ചെയ്ത അനുഭവം തുറന്നെഴുതിയതും ഇന്ന് സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ജയിലിലായിരുന്ന സാഹചര്യവും ഇതിനെതുടര്‍ന്നുണ്ടായിരുന്ന അരക്ഷിതാവസ്ഥയും തന്റെ സുഹൃത്ത് മുതലെടുക്കുകയായിരുന്നുവെന്നാണ് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ. പെണ്‍കുട്ടിയുടെ വിശ്വാസം ആര്‍ജിച്ചെടുത്ത ഇയാൾ അയാളുടെ വീട്ടില്‍വെച്ച് പെണ്‍കുട്ടിയെ ലൈംഗികമായി കയ്യേറ്റം ചെയതെന്നും പെൺകുട്ടി തൻരെ കുറിപ്പിൽ പറയുന്നു.
''ഒരു ദിവസം അവരുടെ വീട്ടില്‍ ചെന്നപ്പോള്‍ രാത്രി അയാളെന്നെ കേറി പിടിച്ചു. എന്താ ഈ കാണിക്കുന്നേ എന്നു ഞാന്‍ ചോദിച്ചപ്പോള്‍ തെറ്റുപറ്റിപ്പോയതാണു മോളേ എന്നു പറഞ്ഞു അയാള്‍ എന്റെ മുന്‍പില്‍ കുറേ കരഞ്ഞു. അത് അന്ന് ഞാനയാളുടെ മാപ്പപേക്ഷയായി കണക്കാക്കിപ്പോയി. അക്കാലത്ത് എന്റെ ജീവിതത്തില്‍ ഞാന്‍ ഇത്രയിധികം സംസാരിക്കുന്ന, ഇഷ്ടപ്പെടുന്ന വേറോരാള്‍ ഉണ്ടായിരുന്നില്ല. അടുത്ത വെക്കേഷനു ഞാന്‍ അയാളുടെ അടുത്ത് പോയപ്പോള്‍ അയാളെന്നെ ലൈംഗികമായി അബ്യൂസ് ചെയ്തു. എന്റെ ചിത്രങ്ങള്‍ അയാളുടെ കയ്യിലുണ്ടെന്നും അത് ഫെയ്സ്ബുക്കില്‍ ഇടുമെന്നും പറഞ്ഞു ഭീക്ഷണിപ്പെടുത്തിയ 16 വയസ്സുകാരിക്ക് അത് താങ്ങാവുന്നതിലും അപ്പുറത്തായിരുന്നു. അത്മഹത്യ പോലും അന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്ട്''
പെണ്‍കുട്ടിയ്ക്ക് പിന്തുണയുമായി ഇയാളുടെ മുന്‍ഭാര്യയും രംഗത്തെത്തി. പെണ്‍കുട്ടിയുടെ തുറന്നുപറച്ചിലിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കണമെന്ന് സംസ്ഥാന യുവജന കമ്മീഷന്‍ പോലീസീന് നിര്‍ദ്ദേശം നല്‍കിയതായി അധ്യക്ഷ ചിന്ത ജെറോം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. കേസ് എടുക്കാൻ ഡിജിപിയും നിർദേശിച്ചിട്ടുണ്ട്. അമാനവ സംഗമത്തിന്റെ നേതൃത്വനിരയിലുണ്ടായിരുന്ന ഈ വ്യക്തിക്കെതിരേ മറ്റു രണ്ട് സ്ത്രീകള്‍ കൂടി പരാതി ഉന്നയിച്ചിട്ടുണ്ട്.
ചിത്രകാരന്‍, ശില്‍പി എന്നീ നിലകളില്‍ പേരെടുത്ത ഒരു വ്യക്തിയിൽനിന്നുണ്ടായ ദുരനുഭവം മറ്റൊരു യുവതി തുറന്നെഴുതി. ബിടെക് പൂര്‍ത്തിയാക്കിയ യുവതിയ്ക്ക് കലയിലും താത്പര്യമുണ്ടായിരുന്നു. യാദൃശ്ചികമായാണ് ഇവര്‍ കോഴിക്കോട് കടപ്പുറത്ത് വച്ച് ഈ ചിത്രകാരനെ പരിചയപ്പെടുന്നത്.
ഒരുദിവസം 'കൊയ്യാനിക്വാര്‍ട്സി' എന്ന സിനിമയുടെ dvdയും കൊണ്ട് മറ്റാരുമില്ലാത്ത അയാളുടെ വീട്ടിലേക്ക്, അയാള്‍ ക്ഷണിച്ച സമയത്ത് എത്തി. ഓരോ പെഗ്ഗ് വിസ്‌കിയുമടിച്ച് പടം കണ്ടു. അത് കഴിഞ്ഞപ്പോള്‍ അയാള്‍ ചാര്‍കോളില്‍ വരച്ച ഒരു പെണ്‍കുട്ടിയുടെ പടം കാണിച്ചു, അവള്‍ അയാളോട് നന്നായി 'സഹകരിച്ച'തിനാലാണ് ഇത് നടന്നത് എന്ന് ആവര്‍ത്തിച്ച അയാള്‍ ഫൈന്‍ ആര്‍ട്‌സ് കോളേജില്‍ ന്യൂഡ് സ്റ്റഡികള്‍ ചെയ്തതിനെക്കുറിച്ചും പിന്നെ കല പഠിക്കണമെങ്കിലും പ്രാക്റ്റീസ് ചെയ്യണമെങ്കിലും ശരീരം തുറന്നിടേണ്ടതിന്റെ ആവശ്യത്തെക്കുറിച്ചുമൊക്കെ പ്രസംഗിച്ചു.
സംഗതി വേറെ വഴിക്കാണെന്ന് മനസ്സിലായപ്പോള്‍ ഞാന്‍ മെല്ലെ അവിടുന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചു. പിടിച്ചുവച്ച് ചുംബിച്ചപ്പോള്‍ ഓടിയാണ് ഞാനവിടുന്ന് രക്ഷപ്പെട്ടത്. പിന്നീട് തുടര്‍ച്ചയായി ഫോണ്‍വിളിച്ച് ശല്യം ചെയ്തയാളില്‍ നിന്ന് രക്ഷപ്പെടാന്‍ കുറച്ച് കാലം കോഴിക്കോട് നിന്ന് പോകേണ്ടി വന്നു.
ഇത് വെറും ഒരു ലൈംഗിക പീഡനമായിരുന്നില്ല എനിക്ക്. ബൗദ്ധികമായ അധികാര പ്രയോഗം തന്നെയായിരുന്നു. ഒരുപാട് കാലം കൂടി എന്നെ അസ്തിത്വപ്രതിസന്ധിയിലാക്കുകയും മറ്റു കലാന്വേഷണങ്ങളിലേക്ക് ചെല്ലാന്‍ ആത്മവിശ്വാസമില്ലാതാക്കുകയും ചെയ്ത സംഭവമായിരുന്നു അത്.
ദളിത് സാമൂഹ്യപ്രവര്‍ത്തക രേഖ രാജ് സമാന അനുഭവങ്ങളിലൂടെ കടന്നുപോയ പെണ്‍കുട്ടികള്‍ തന്നോട് അവരുടെ അനുഭവങ്ങള്‍ തുറന്ന് പറഞ്ഞതായി വ്യക്തമാക്കി.
"രണ്ടു ദിവസമായി നൂറുകണക്കിന് അനുഭവങ്ങള്‍ ഇന്‍ബോക്‌സില്‍ ഫോണില്‍ മെയിലില്‍ എനിക്ക് കിട്ടുന്നു - കണ്ടു നിന്ന നിസ്സഹായാര്‍ ,അനുഭവിച്ചവര്‍ അതിജീവിച്ചവര്‍ ,ഇപ്പോഴും ട്രോമയില്‍ കഴിയുന്നവര്‍ , അതിജീവിച്ചവരുടെ ഒപ്പം നില്‍ക്കുന്നവര്‍ പറയുന്നവ . എന്റെ ഹൃദയത്തിനും തലച്ചോറിനും താങ്ങാന്‍ പറ്റാത്ത അത്രയും വിവരങ്ങള്‍ കിട്ടിക്കൊണ്ടിരിക്കുന്നു", രേഖ ഫെയ്‌സ്ബുക്കില്‍ കുറിച്ചു..
ഉള്ളുപൊള്ളിക്കുന്ന അനുഭവമാണ് മറ്റൊരു പെണ്‍കുട്ടിക്ക് പറയാനുണ്ടായിരുന്നു. കണ്ണുനിറഞ്ഞല്ലാതെ അവളുടെ കുറിപ്പ് വായിച്ചുതീര്‍ക്കാനായില്ല. ഋതുമതിയായ ദിവസം തന്നെ സ്വന്തം വീട്ടില്‍ വച്ച് അച്ഛന്റെ സഹോദരനാല്‍ ക്രൂരമായി അവള്‍ പീഡിപ്പക്കപ്പെട്ടു ഇന്നും ആ ശപിക്കപ്പെട്ട രാത്രികളുടെ നടുക്കത്തില്‍ നിന്നും അവള്‍ മോചിതയായിയിട്ടില്ല.
ഉറങ്ങാന്‍ ഒറ്റ മുറി മാത്രമുള്ള കൊച്ചു വീട്.അസ്വാഭാവികതയൊന്നും തോന്നിയിരുന്നില്ല..പതിനാറു വയസുവരെയും അച്ഛനും അമ്മയും അനിയത്തിയും ഞാനും ഒരൊറ്റ മുറിയിലായിരുന്നു ഉറങ്ങിയിരുന്നത്.അതിനപ്പുറം ഒന്നും ചിന്തിച്ചില്ല.അന്ന് രാത്രി,കടുത്ത വയറുനോവും തുടയിടുക്കില്‍ രക്ത വഴുവഴുപ്പുമായി മയങ്ങുമ്പോള്‍ മുഖത്തു പുകയില-മദ്യ ഗന്ധമുള്ളൊരു കാറ്റ് വന്നടിക്കുന്നു. തഴമ്പ് പരുപരുപ്പുള്ളൊരു കൈ യോനിയിലെ രക്ത വഴുവഴുപ്പിലും.. പേടിച്ചു .മരവിച്ചു പോയി,അനങ്ങാന്‍ പോലും വയ്യായിരുന്നു..ഞാന്‍ കണ്ണുതുറന്നപ്പോള്‍ അയാള്‍ എണീറ്റു പോയി.ബാക്കി സമയം മുഴുവന്‍ പേടിച്ചിട്ട് ഒരുപോള കണ്ണടയ്ക്കാതെ ഞാനും..ഓര്‍ക്കുമ്പോള്‍ ഇന്നും നടുക്കം..ജീവിതത്തിലെ ഏറ്റവും നശിച്ച ദിവസമായി ഞാന്‍ കണക്കാക്കി..ആ നിമിഷം മരിച്ചുപോവാന്‍ ഞാന്‍ ആഗ്രഹിച്ചു..രാവിലെ ആയപ്പോള്‍ ഒന്നും സംഭവിക്കാത്ത പോലെ അയാള്‍ പെരുമാറി.പിന്നെ പിന്നെ ഞാന്‍ അയാളില്‍ നിന്നും ഓടിയൊളിച്ചു.അയാള്‍ പിന്നെ ബാംഗ്‌ളൂര്‍ക്ക് പോയതെ ഇല്ല.ഞങ്ങളുടെ വീട്ടില്‍ തന്നെ..ഓര്‍ക്കുക..ഒരു പെണ്ണ് സ്ത്രീയായി എന്ന് തെളിയുന്ന ദിവസത്തില്‍ അവള്‍ക്ക് സംഭവിച്ചതാണ്.. എന്നിട്ടും അയാളോടൊപ്പം തുടര്‍ന്നും സഹവസിക്കാന്‍ നിര്ബന്ധിതയാവുക...!അത് വിവരിക്കാന്‍ വാക്കുകളില്ല..
കുറ്റാരോപിതരെല്ലാം ദളിത് സാമൂഹിക പ്രവര്‍ത്തകരോ, മറ്റു സാമൂഹിക വിഷയങ്ങളില്‍ സജീവമായി ഇടപെടുന്നവരോ ആണ്. ഇത്തരക്കാര്‍ തങ്ങളുടെ പ്രവര്‍ത്തനമേഖലയും ബന്ധങ്ങളും സാമൂഹ്യപ്രവര്‍ത്തകന്‍ എന്ന ലേബലും മറയാക്കിയാണ് സ്ത്രീകളെ ചൂഷണം ചെയ്യുന്നത്. വരും ദിവസങ്ങളിലും മലയാളിയുടെ ഫെയ്‌സ്ബുക്ക് വാളുകള്‍ അനുഭവങ്ങൾ കൊണ്ട് നിറയും. അതുകൊണ്ട് ഉപദ്രവിച്ചവര്‍ കരുതിയിരിക്കുക, എല്ലാതരം പ്രതിബന്ധങ്ങളെയും അതിജീവിച്ച് അവള്‍ തുറന്ന് പറഞ്ഞ് തുടങ്ങി ..
NB: പേര് വെളിപ്പെടുത്തി തുറന്നു പറഞ്ഞ പെൺകുട്ടികളുടെ ആർജ്ജവത്തെ മാനിക്കുന്നു. നിയമപരമായ പ്രശ്നങ്ങൾ മൂലം ആരുടെയും പേര് വെളിപ്പെടുത്തുന്നില്ല.
Content Highlight: Me Too campaign trending in Kerala