ന്യൂഡല്‍ഹി: ഇന്ത്യയില്‍ ചലച്ചിത്രമേഖലയിലെ 'കാസ്റ്റിങ് കൗച്ച്' എന്ന ലൈംഗികചൂഷണത്തെക്കുറിച്ച് മലയാളനടിമാര്‍ ഉള്‍പ്പെടെ മുമ്പ് പറഞ്ഞിട്ടുണ്ടെങ്കിലും 'മീടൂ' എന്ന പ്രചാരണം ഇപ്പോഴത്തെ നിലയില്‍ വ്യാപകമായത് ബോളിവുഡ് നടി തനുശ്രീ ദത്തയുടെ വെളിപ്പെടുത്തലോടെയാണ്. 2008-ല്‍ 'ഹോണ്‍ ഓകെ പ്ലീസ്' എന്ന സിനിമയുടെ ചിത്രീകരണവേളയില്‍ നാനാ പടേക്കര്‍ വഴിവിട്ടുപെരുമാറിയെന്നായിരുന്നു തനുശ്രീ പറഞ്ഞത്. അന്ന് ഇക്കാര്യം പറഞ്ഞപ്പോള്‍ ആരും തനിക്കൊപ്പം നിന്നില്ലെന്നും അവര്‍ പറഞ്ഞു. ഇന്ത്യയിലും 'മീടൂ' ആരംഭിക്കേണ്ട സമയമായെന്നു പറഞ്ഞ നടിക്ക് പിന്തുണയുമായി സോനം കപൂറും പ്രിയങ്ക ചോപ്രയും കജോളുമുള്‍പ്പെടെയുള്ള നടിമാരുമെത്തി.
പിന്നാലെയാണ് മാധ്യമലോകത്തും 'മീടൂ' തുടങ്ങിയത്. മുതിര്‍ന്ന ഇംഗ്ലീഷ് പത്രവര്‍ത്തകരായ കെ.ആര്‍. ശ്രീനിവാസ്, ഗൗതം അധികാരി എന്നിവര്‍ക്കെതിരേ മാധ്യമപ്രവര്‍ത്തക സന്ധ്യാ മേനോനാണ് ആരോപണമുന്നയിച്ചത്. സന്ധ്യയുള്‍പ്പെടെ ഏഴുപേരാണ് ശ്രീനിവാസിനെതിരേ ആരോപണമുന്നയിച്ചത്.
ചൊവ്വാഴ്ചയാണ് ടെസ് ജോസഫ് മുകേഷിനെതിരേ രംഗത്തെത്തിയത്. 'കോടീശ്വരന്‍' പരിപാടിയുമായി ബന്ധപ്പെട്ട് ചെന്നൈയിലെ ലെ മെറിഡിയന്‍ ഹോട്ടലില്‍ താമസിക്കുമ്പോള്‍ മുകേഷ് തന്നെ പലവട്ടം ഫോണില്‍ വിളിച്ചെന്നും തന്റെ മുറി അയാളുടേതിനടുത്തേക്ക് മാറ്റിച്ചെന്നും ടെസ് ട്വീറ്റ് ചെയ്തു. പരിപാടിയുടെ നടത്തിപ്പുകാരായ കമ്പനിയുടെ മേധാവി ഡെറിക് ഒബ്രിയാന്‍ (ഇപ്പോള്‍ തൃണമൂല്‍ എം.പി.) ഇടപെട്ട് തന്നെ രക്ഷിച്ചെന്നാണ് ടെസിന്റെ ട്വീറ്റ്. പരിപാടിയുടെ നടത്തിപ്പുസംഘത്തിലെ ഏക വനിതയായിരുന്നു ടെസ്. വെളിപ്പെടുത്തല്‍വന്നതോടെ മുകേഷ് നിയമസഭാംഗത്വം രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസിന്റെയും മഹിളാ മോര്‍ച്ചയുടെയും നേതൃത്വത്തില്‍ ചൊവ്വാഴ്ച കൊല്ലത്ത് പ്രകടനങ്ങള്‍ നടന്നു.
തന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് മുകേഷിന്റെ വീട്ടിലേക്ക് രാഷ്ട്രീയപ്പാര്‍ട്ടികള്‍ മാര്‍ച്ച് നടത്തുന്നതിനോട് തനിക്കു യോജിപ്പില്ലെന്നും അന്നുനടന്ന അനുഭവം വെളിപ്പെടുത്തിയെന്നേയുള്ളൂവെന്നും ടെസ് പ്രതികരിച്ചു.
വൈരമുത്തുവും പ്രതിക്കൂട്ടില്‍
ബോളിവുഡ് നടി കങ്കണാ റണൗട്ട് 'ക്വീന്‍' സിനിമയുടെ സംവിധായകന്‍ വികാസ് ബഹലിനെതിരേ ആരോപണമുന്നയിച്ചിരുന്നു. ദേശീയ പുരസ്‌കാരജേതാവായ തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരേയും ആരോപണമുണ്ടായിട്ടുണ്ട്. സന്ധ്യാ മേനോനാണ് വൈരമുത്തുവിനെതിരേ ആരോപണം ഉന്നയിച്ചാണ് പേരുവെളിപ്പെടുത്താത്ത പെണ്‍കുട്ടിയുടെ സന്ദേശം പുറത്തുവിട്ടത്. വൈരമുത്തുവിനെതിരേ പെണ്‍കുട്ടി ഉന്നയിച്ച ആരോപണം ഗായിക ചിന്മയിയും പങ്കുവെച്ചിട്ടുണ്ട്. ഇതിനെക്കുറിച്ച് വൈരമുത്തു പ്രതികിരിച്ചിട്ടില്ല.ചെരിപ്പെടുക്കാതോടി
എട്ടൊന്‍പതു വയസ്സുള്ളപ്പോള്‍ സ്റ്റുഡിയോയില്‍ ഉറങ്ങിക്കിടക്കവേ തനിക്ക് ലൈംഗാതിക്രമം നേരിടേണ്ടിവന്നെന്ന് ചിന്‍മയി. പത്തുപതിനൊന്നു വയസ്സുള്ളപ്പോള്‍ സംഗീതപരിപാടിക്കിടെ 'ബഹുമാന്യ'നായയാള്‍ അപമാനിച്ചു. പിന്നീടൊരിക്കല്‍ അമ്മയെ പുറത്തുനിര്‍ത്തി തന്നെ ഒറ്റയ്ക്ക് ഓഫീസ് മുറിയിലേക്കു വിളിച്ച ഒരാളെ വെട്ടിച്ച് ചെരിപ്പുപോലും എടുക്കാതെ ഓടിപ്പോയെന്നും ചിന്മയി പറയുന്നു.മാപ്പുചോദിച്ച് ചേതന്‍ ഭഗത്
യുവാക്കളുടെ പ്രിയപ്പെട്ട എഴുത്തുകാരിലൊരാളായ ചേതന്‍ ഭഗത്ത് തനിക്ക് ലൈംഗികച്ചുവയുള്ള സന്ദേശമയച്ചെന്ന് യുവതി വെളിപ്പെടുത്തി. ഇതേത്തുടര്‍ന്ന് ഭാര്യയോടും യുവതിയോടും ചേതന്‍ മാപ്പു പറഞ്ഞു.ബോളിവുഡ് നടന്‍ അലോക് നാഥ് 20 വര്‍ഷം മുമ്പ് തന്നെ ബലാത്സംഗം ചെയ്‌തെന്ന് എഴുത്തുകാരി വിനിത നന്ദ ആരോപിച്ചു. സംഭവം സമ്മതിക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നില്ലെന്ന് നാഥ് പ്രതികരിച്ചു.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകായ മനോജ് രാമചന്ദ്രന്‍, മായങ്ക് ജെയ്ന്‍, സിദ്ധാര്‍ഥ് ഭാട്ടിയ, മേഘ്നാഥ് ബോസ്, ഉദയ് സിങ് റാണ, സിദ്ധാന്ത് മിശ്ര എന്നിവര്‍ക്കെതിരെയും ആരോപണമുയര്‍ന്നിട്ടുണ്ട്.
ഓള്‍ ഇന്ത്യ ബക്ചോദ് എന്ന ടി.വി. പരിപാടിക്ക് തുടക്കം കുറിച്ച തന്‍മയി ഭട്ട്. ഗുരിഷ്മാന്‍ കമ്പ, നടന്‍ രജത് കപൂര്‍, ഗാനരചയിതാവ് വരുണ്‍ ഗ്രോവര്‍ എന്നിവരും മിടൂ ആരോപണവിധേയരില്‍ ഉള്‍പ്പെടുന്നു.
മീടൂ(MeToo)
കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് ഹോളിവുഡില്‍ MeToo (ഞാനും ലൈംഗികാതിക്രമത്തിന് ഇരയായി എന്ന് അര്‍ഥം) പ്രസ്ഥാനം ആരംഭിച്ചത്. നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്‌റ്റൈന്റെ ലൈംഗികാതിക്രമത്തെക്കുറിച്ച് ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ച വാര്‍ത്തയാണ് ഇതിനു തുടക്കമിട്ടത്. പ്രമുഖ നടിമാര്‍ വെയ്ന്‍സ്‌റ്റൈനെതിരേ വെളിപ്പെടുത്തില്‍ നടത്തി. ഇതിനുപിന്നാലെ, നടി അലിസ മിലാനോയാണ് നടിമാരെയും ലൈംഗികാതിക്രമത്തിനിരയായ മറ്റുള്ളവരെയും തുറന്നുപറച്ചലിന് പ്രചോദിപ്പിച്ച് MeToo ഹാഷ്ടാഗില്‍ ട്വീറ്റ് ചെയ്തത്. ഒക്ടോബര്‍ 15 ഉച്ചയ്ക്ക് ഇങ്ങനെയൊരു ട്വീറ്റ് വന്ന് 24 മണിക്കൂറിനകം 47 ലക്ഷം പേര്‍ ഈ ഹാഷ്ടാഗ് ഉപയോഗിച്ച് പോസ്റ്റിട്ടു.ഇതിനുമുമ്പേ അടയാളമില്ലാത്ത 'മിടൂ' പ്രചാരണം യു.എസിലുണ്ടായിരുന്നു. 2006-ല്‍ മനുഷ്യാവകാശപ്രവര്‍ത്തക ടരാന ബര്‍ക്ക് ആണ് ഈ പ്രചാരണം ആരംഭിച്ചത്. മറ്റൊള്‍ക്കുനേരിട്ട ദുരനുഭവത്തോട് താദാത്മ്യപ്പെട്ട് സ്വന്തം അനുഭവം പങ്കിട്ട് അവര്‍ക്ക് കരുത്തേകാനായിരുന്നു ഈ പ്രചാരണം.
Content Highlight: 'Me Too' Campaign In India