ചെളിവാരിയെറിയലില്‍ മുങ്ങി വിദേശസഹായം


എം.കെ. അജിത് കുമാര്‍

കേരളത്തിന് നല്‍കിയ സഹായവാഗ്ദാനം വിവാദമായ പശ്ചാത്തലത്തിലാവാം തുകയുമായി ബന്ധപ്പെട്ട കാര്യം യു.എ.ഇ. ഉറപ്പിച്ചു പറയാത്തതെന്നാണ് സ്ഥാനപതിയുടെ അഭിമുഖത്തില്‍നിന്ന് വ്യക്തമാവുന്നത്. ഏതെങ്കിലും തരത്തിലുള്ള സമ്മര്‍ദം അതിനുപിറകില്‍ നടന്നിട്ടുണ്ടോയെന്നും പറയാനാവില്ല.

ന്യൂഡല്‍ഹി: പ്രളയത്തിന്റെ ഭീകരത ഏതാണ്ട് ഒന്നടങ്ങിയപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചാരം നേടിയ ഒട്ടേറെ സന്ദേശങ്ങളില്‍ ഒന്നിതാണ്: 'വെള്ളം ഇറങ്ങിത്തുടങ്ങി. ഇനിയുള്ളത് ചെളിയാണ്. അത് പരസ്പരം വാരിയെറിയണം'.

വെള്ളപ്പൊക്കക്കെടുതി നേരിടാനുള്ള കേന്ദ്രസഹായത്തിന്റെയും യു.എ.ഇ. ഭരണകൂടം വാഗ്ദാനംചെയ്ത 700 കോടി രൂപ സ്വീകരിക്കുന്നതിന്റെയും പേരില്‍ ചെളി വാരിയെറിയല്‍ തുടങ്ങിക്കഴിഞ്ഞു. വിദേശസഹായം സ്വീകരിക്കില്ലെന്ന കേന്ദ്രനിലപാട് കേരളത്തില്‍ വലിയ പ്രതിഷേധത്തിനും വിവാദത്തിനും ഇടവെച്ചിരുന്നു. ഇതിനിടെയാണ് 700 കോടി രൂപയുടെ സഹായം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് ഇന്ത്യയിലെ യു.എ.ഇ. സ്ഥാനപതി വെള്ളിയാഴ്ച വിശദീകരിച്ചത്. 700 കോടിയുടെ കണക്ക് ആരാണ് പറഞ്ഞതെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ ചോദിച്ചതോടെ വിവാദം കൊഴുത്തു.

കേരളത്തിന് നല്‍കിയ സഹായവാഗ്ദാനം വിവാദമായ പശ്ചാത്തലത്തിലാവാം തുകയുമായി ബന്ധപ്പെട്ട കാര്യം യു.എ.ഇ. ഉറപ്പിച്ചു പറയാത്തതെന്നാണ് സ്ഥാനപതിയുടെ അഭിമുഖത്തില്‍നിന്ന് വ്യക്തമാവുന്നത്. ഏതെങ്കിലും തരത്തിലുള്ള സമ്മര്‍ദം അതിനുപിറകില്‍ നടന്നിട്ടുണ്ടോയെന്നും പറയാനാവില്ല.

വിദേശസഹായം വാങ്ങുന്നതിനുപിന്നിലെ നയവും കീഴ്വഴക്കവും വലിയൊരു അനങ്ങാപ്പാറയല്ല. മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ് സുനാമി ദുരന്തവേളയില്‍ എടുത്ത തീരുമാനമല്ലാതെ ഇതിനുപിന്നില്‍ വേറൊരു കീഴ്വഴക്കമില്ല. നയത്തിന്റെ കാര്യമാണെങ്കില്‍, ഈ സര്‍ക്കാര്‍തന്നെ 2016-മേയില്‍ കൊണ്ടുവന്ന ദേശീയ ദുരന്തനിവാരണ പദ്ധതിയില്‍(എന്‍.ഡി.എം.പി.) പറയുന്നത് സ്വമേധയാ ഉള്ള വിദേശസഹായം സ്വീകരിക്കാമെന്നാണ്.

അഞ്ചുവര്‍ഷംമുമ്പ് ഉത്തരാഖണ്ഡ് പ്രളയംവന്നപ്പോള്‍ അമേരിക്ക വാഗ്ദാനംചെയ്തത് ഒരുകോടിക്ക് തുല്യമായ ഡോളറാണ്. തുച്ഛമായ തുക ഇന്ത്യ നിരസിച്ചത് സ്വാഭാവികം. രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ കണക്കിലെടുത്ത് പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശസഹായം സ്വീകരിക്കാമെന്ന് മുന്‍വിദേശകാര്യ സെക്രട്ടറിമാരായ നിരുപമ റാവുവും ശിവശങ്കര്‍ മേനോനും കഴിഞ്ഞദിവസം പ്രസ്താവിച്ചിരുന്നു.

ഏതായാലും യു.എ.ഇ.യുടെ സഹായം ആ രാജ്യം ഇന്ത്യയ്ക്കോ കേരളത്തിനോ നേരിട്ട് നല്‍കുന്ന തുകയായി ഇവിടെ എത്തില്ലെന്ന കാര്യം കേന്ദ്രനിലപാടോടെ വ്യക്തമായിക്കഴിഞ്ഞു. ആ നിലയ്ക്ക് ഏതെങ്കിലും ഫൗണ്ടേഷന്‍, ഏജന്‍സി എന്നിവയിലൂടെയോ പ്രവാസികള്‍ മുഖേനയോ ആയിരിക്കും അത് സംസ്ഥാനത്തെത്തുക. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കോ പുനര്‍നിര്‍മാണപദ്ധതികളിലോ യു.എ.ഇ.യുടെ വാഗ്ദാനത്തുക എത്തുമെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ, കേരളവുമായി ഏറ്റവുമടുത്ത സൗഹൃദം പങ്കിടുന്ന യു.എ.ഇ.യുടെ സഹായം വേണ്ടെന്ന് ഇന്ത്യ ഔദ്യോഗികമായി പ്രഖ്യാപിക്കുമ്പോള്‍ അതുണ്ടാക്കാനിടയുള്ള മുറിവ് വലുതായിരിക്കും. കേന്ദ്രവും കേരളവും തമ്മിലുള്ള രാഷ്ട്രീയ ഏറ്റുമുട്ടല്‍ ശക്തമാവുകയും ചെയ്യും.

Content Highlights: kerala floods 2018; controversy about foreign help

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram