തിരുത്തേണ്ടത് കുറ്റകൃത്യങ്ങളോടുള്ള സമീപനം; ജോളി കേസ് ഒരു മനഃശാസ്ത്രപരമായ അവലോകനം


പ്രജുല സുശാന്ത്

6 min read
Read later
Print
Share

കുട്ടിക്കാലത്ത് രക്ഷിതാക്കള്‍ അവര്‍ ചെയ്യുന്ന പല തെറ്റുകളും അംഗീകരിച്ചു കൊടുക്കുന്ന അവസ്ഥ കാണാറുണ്ട് . ഇത് ധാര്‍മ്മികമായ വികാസത്തിന് വിലങ്ങുതടിയാവുകയാണ് യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്.

ദിനം പ്രതി എണ്ണിതിട്ടപ്പെടുത്താന്‍ കഴിയാത്തത്ര കുറ്റകൃത്യങ്ങളാണ് ചുറ്റിലും നടക്കുന്നത് എന്ന് പറയേണ്ടല്ലോ. രൂപത്തിലും ഭാവത്തിലും വ്യത്യാസങ്ങളുണ്ടെന്നത് മാറ്റി നിര്‍ത്തിയാല്‍ ലക്ഷ്യവും ഉദ്ദേശവും ഒന്നു തന്നെയാണെന്ന് എടുത്ത് പരിശോധിച്ചാല്‍ മനസ്സിലാകും. അടിക്കടിയുണ്ടാകുന്ന നടുക്കങ്ങളെ തുടര്‍ന്നുള്ള മരവിപ്പാണ് വാര്‍ത്താ വായനക്കാരില്‍ പോലും ഉണ്ടാകുന്നതെന്നതില്‍ തര്‍ക്കമില്ല.
ഒന്നിനുപുറകെ ഒന്നായി അരങ്ങേറുന്ന കൊലപാതക പരമ്പരകള്‍ അല്ലെങ്കില്‍ സീരിയല്‍ കില്ലിങ് എന്ന ഗണത്തില്‍ ഏറ്റവും അവസാനത്തേത് കൂടിയാണ് ഈയിടെ നടന്ന കൂടത്തായി കൊലപാതക പരമ്പര. ഇത്തരം കൊലകളെ നീതിന്യായ വ്യവസ്ഥയുടെ കണ്ണിലൂടെ മാത്രം നോക്കിയാല്‍ പരിഹാരമുണ്ടാകുമോ എന്നതാണ് ചോദ്യം. കൊലയ്ക്ക് പിന്നിലെ താത്പര്യം എന്താണെന്നെങ്കിലും എപ്പോഴെങ്കിലും സമൂഹം ചര്‍ച്ച ചെയ്തിട്ടുണ്ടോ? ഇത് സമൂഹത്തില്‍ സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥ എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ? ഇത് ആവര്‍ത്തിക്കാനുള്ള സാധ്യത എത്രമാത്രമാണ് ഉള്ളതെന്നെങ്കിലും അറിഞ്ഞിരിക്കേണ്ട ഉത്തരവാദിത്തം നമുക്കുണ്ടാവേണ്ടതാണ്.
ഇതുകൊണ്ടാണ് ഇത്തരം സംഭവങ്ങളെ നിയമത്തിന്റെ കണ്ണിലൂടെ മാത്രം നോക്കി കണ്ടാല്‍ മതിയോ എന്ന ചോദ്യം ആദ്യമേ ഉന്നയിച്ചത്. സാധാരണക്കാരന്റെ മനോവ്യാപാരങ്ങളില്‍ നിന്ന് വ്യത്യസ്തമായി കൊലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ മനോവ്യാപാരങ്ങള്‍ വ്യത്യസ്തമാണ്. വ്യക്തിത്വത്തില്‍ കണ്ട് വരുന്ന പ്രശ്‌നങ്ങളാണ് പിന്നീട് കുറ്റകൃത്യത്തിലേയ്ക്ക് നയിക്കുന്നതും. കുറ്റകൃത്യങ്ങളെ തടയാൻ വ്യക്തിത്വ പ്രശ്‌നങ്ങളെന്താണെന്ന് തിരിച്ചറിഞ്ഞ് അതിനുള്ള പരിഹാരം കണ്ടെത്തുകയാണ് ആദ്യ പടി.
അടിസ്ഥാന മാനസിക പ്രശ്‌നങ്ങള്‍ ഇവയൊക്കെയാണ്
വികലമായ ചിന്താഗതി ( distorted cognision)
സാധാരണയില്‍ നിന്ന് വ്യത്യസ്തമായി തീര്‍ത്തും മറ്റൊരു ചിന്താഗതി വച്ചുപുലര്‍ത്തുന്നവരായിരിക്കും ഇവര്‍. വികലമായ ചിന്താഗതി അല്ലെങ്കില്‍ ഡിസ്റ്റോര്‍ട്ടഡ് കൊഗ്‌നിഷന്‍ എന്നാണ് മനശാസ്ത്രജ്ഞര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. തെറ്റ് ചെയ്താല്‍ ഉണ്ടാകുന്ന പശ്ചാത്താപം ഇത്തരക്കാര്‍ക്ക് ഉണ്ടാകില്ല കൂടാതെ നശീകരണ ചിന്ത അല്ലെങ്കില്‍ സാഡിസം എന്നുപറയുന്ന ഘടകവും ഇതിനോട് കൂട്ടിച്ചേര്‍ത്തു വായിയ്ക്കാം. ഒരുപക്ഷേ കുട്ടിക്കാലത്ത് അനുഭവിച്ച പ്രശ്‌നങ്ങളോ വ്യക്തിത്വത്തിന്റെ ഭാഗമായ മനോഭാവമോ ഒകെ ഇതിന് കാരണമായിട്ടുണ്ടാകാം. ചെയ്ത തെറ്റിനെ ന്യായീകരിക്കാന്‍ ഇങ്ങനെയുള്ളവര്‍ ഒരു മടിയും കാണിക്കില്ല. അതായത് സംഭവിച്ചത് ഒരു വലിയ തെറ്റാണെന്ന തിരിച്ചറിവ് ഇവര്‍ക്ക് ഉണ്ടാവുകയില്ല എന്ന് സാരം.
അറസ്റ്റഡ് മോറല്‍ ഡവലപ്പ്‌മെന്റ്
സമൂഹത്തെ കുറിച്ചും സമൂഹത്തിലെ സാമാന്യ നിയമങ്ങളെക്കുറിച്ചും ഇവര്‍ ബോധവാന്മാരായിരിക്കില്ല. അതായത് താന്‍ ചെയ്തത് സാമാന്യ നിയമത്തെ ഹനിക്കുന്നതാണെന്ന ചിന്ത ഉണ്ടാകില്ല. വളരെ ചെറുപ്പം മുതല്‍ തന്നെയോ പിന്നീടോ ധാര്‍മ്മിക ചിന്താ വികാസത്തിനേറ്റ (moral develoupment) മുരടിപ്പാണ് ഇതിന് കാരണം എന്ന് മനഃശാസത്ര വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു. സിഗ്മണ്ട് ഫ്രോയിഡിന്റെ വ്യക്തിത്വ സിദ്ധാന്തത്തില്‍ പറയുന്ന സൂപ്പര്‍ ഈഗോ എന്ന ഘടകം ഇവരില്‍ കുറഞ്ഞ അളവ് മാത്രമാണ് ഉള്ളതെന്ന് പല മനശാസ്ത്ര വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നു. മികച്ച ബുദ്ധിപരമായ നീക്കങ്ങള്‍ കുറ്റകൃത്യം നടപ്പാക്കാന്‍ ആവശ്യമാണെങ്കിലും അത് മറ്റൊരു രീതിയില്‍ വഴി തിരിച്ചു വിടുകയാണ് ഇവിടെ ചെയ്യുന്നത്.
ഇത്തരത്തില്‍ ധാര്‍മിക മൂല്യം നഷ്ടപ്പെടുന്ന അവസ്ഥയില്‍ നിന്നുകൊണ്ടുതന്നെ ഒരുതരം അതിബുദ്ധി പ്രവര്‍ത്തിപ്പിക്കാന്‍ തുടങ്ങുന്നു എന്നും കാണാം. പ്രശസ്ത മനഃശാസ്ത്രനായ ഐസങ്ക് ഇതേകുറിച്ച് പഠനം നടത്തിയിട്ടുണ്ട്. ചില പ്രത്യേക വ്യക്തിത്വങ്ങളില്‍ കുറ്റകൃത്യങ്ങള്‍ കണ്ടുവരുന്നതായി അദ്ദേഹം തന്റെ പഠനത്തിലൂടെ ചൂണ്ടിക്കാണിക്കുന്നു. കുട്ടിക്കാലത്ത് രക്ഷിതാക്കള്‍ അവര്‍ ചെയ്യുന്ന പല തെറ്റുകളും അംഗീകരിച്ചു കൊടുക്കുന്ന അവസ്ഥ കാണാറുണ്ട് . ഇത് ധാര്‍മ്മികമായ വികാസത്തിന് വിലങ്ങുതടിയാവുകയാണ് യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്. ഇത് മേല്‍പ്പറഞ്ഞതിന് ഒരു കാരണമായി കാണാം.
ഇന്‍ഫീരിയര്‍ നാച്ച്വര്‍
സ്ഥാനമാനങ്ങള്‍ കൊണ്ട് സമൂഹത്തില്‍ ചെറുതാണ് താന്‍ എന്ന ചിന്ത പലപ്പോഴും കുറ്റം ചെയ്യുന്നവരെ അലട്ടാറുണ്ട്. സീരിയല്‍ കൊലപാതകങ്ങള്‍ എടുത്തു പരിശോധിച്ചാല്‍ കുറ്റവാളിയില്‍ ഈ ചിന്താഗതി കണ്ടുവരുന്നതായി മനഃശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നു. ഈ അവസ്ഥ തുലനം ചെയ്യാന്‍ അവര്‍ ചില മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും ചെയ്യും. കണ്ടുപിടിക്കാന്‍ പറ്റാത്ത വിധേന സര്‍ട്ടിഫിക്കറ്റില്‍ കൃത്രിമം കാണിക്കല്‍, ഇല്ലാത്ത ജോലി ഉണ്ടെന്ന് പറഞ്ഞ് പ്രചരിപ്പിക്കല്‍, തുടങ്ങിയവ ഇതിന്റെ ഭാഗമാണ്. അതുകൊണ്ട് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത വിധം സമൂഹത്തില്‍ നല്ല നിലയില്‍ ഉള്ളവര്‍ കൊലയ്ക്കുപിന്നില്‍ ഉണ്ടെന്ന യാഥാര്‍ത്ഥ്യം പിന്നീട് തിരിച്ചറിയാറുണ്ട്. നേരത്തെ പറഞ്ഞ പെരുമാറ്റ വൈകല്യത്തിന്റെ ഭാഗം തന്നെയാണ് ഇതും.
സാമൂഹ്യവിരുദ്ധതയും വ്യക്തിത്വ വൈകല്യവും (antioscial perosnaltiy)
സമൂഹത്തിലെ സാമാന്യ നിയമങ്ങള്‍ നിരന്തരം ലംഘിക്കുന്നതാണ് മറ്റൊരു ലക്ഷണമായി മനശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നത് മറ്റുള്ളവരുടെ ചിന്ത എന്തായിരിക്കും എന്ന ആലോചന ഇവരില്‍ കണ്ടു വരാറില്ല എന്നതാണ്. മാസങ്ങള്‍ മാത്രം പ്രായമായ കുഞ്ഞുങ്ങളെ പോലും പീഡിപ്പിക്കാന്‍ ഇവരെ പ്രേരിപ്പിക്കുന്നത് ഈ മാനസികാവസ്ഥയാണ്. മറ്റുള്ളവരെ കബളിപ്പിച്ച് അതില്‍ നിന്ന് അളവില്ലാത്ത ഒരു ആനന്ദം കണ്ടെത്തുന്നവര്‍ ആയിരിക്കും ഇത്തരക്കാര്‍ . ഒരു വശത്ത് ഇരയുടെ ദുഃഖത്തില്‍ പങ്കെടുക്കുകപോലും ചെയ്യുമ്പോള്‍ ഉള്ളുകൊണ്ട് കുറ്റവാളി സന്തോഷിക്കുകയാണ് ചെയ്യുന്നത്. കുറ്റം മറ്റൊരാളില്‍ ആരോപിക്കുമ്പോഴോ പുറം ലോകം അറിയാതിരിക്കുമ്പോഴോ കുറ്റവാളി ഉള്ളുകൊണ്ട് ആഘോഷിക്കുന്നു. ഇതാണ് സൈക്കോപാത്ത് എന്ന അവസ്ഥയിലേയ്ക്ക് ഇവരെ എത്തിയ്ക്കുന്നതും. ഈ ആനന്ദം തുടരുകയെന്നതാണ് പിന്നീടുള്ള ഇവരുടെ ഉദ്ദേശം.
മോഡ് ഓഫ് ക്രൈം, സൈക്കോപാത്തിലേയ്ക്കുള്ള സഞ്ചാരം
കൊലക്ക് ഉപയോഗിക്കുന്ന രീതി അല്ലെങ്കില്‍ മോഡ് ഓഫ് ക്രൈം മിക്ക സീരിയല്‍ കൊലപാതകങ്ങളിലും കണ്ടുവരാറുണ്ട്. ഇത് ഇവരുടെ മാനസിക പ്രശ്‌നത്തിന് അതായത് സൈക്കോ പാത്ത് എന്ന് വിളിക്കുന്ന മനോരോഗത്തിന്റെ ലക്ഷണമാണെന്ന് മനഃശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു.നേരത്തെ പറഞ്ഞ ആന്തരിക ആനന്ദം തന്നെയാണ് ഇതിന്റെ ആധാരം. കുറ്റകൃത്യത്തിനു പല കാരണങ്ങള്‍ ഉണ്ടാകുമെങ്കിലും എല്ലാ സംഭവങ്ങളിലും ചില സമാനതകള്‍ കാണാന്‍ സാധിക്കും ഉദാഹരണത്തിന് കൊലചെയ്ത ആളിന്റെ തലയോട്ടികള്‍ സൂക്ഷിച്ചു വയ്ക്കുക മുടി, നഖം അല്ലെങ്കില്‍ ഏതെങ്കിലും ശരീരഭാഗം മാത്രമായി സൂക്ഷിക്കുക അതുമല്ലെങ്കില്‍ കൊല നടത്താന്‍ ഏതെങ്കിലുമൊരു ശരീരഭാഗത്തുമാത്രമുള്ള ആക്രമണം എന്നിവ ഇതില്‍പ്പെടും. തെളിവുകളൊന്നും തന്നെ കണ്ടെത്താതാകുമ്പോള്‍ അതേ വഴി പിന്‍തുടരാനുള്ള ഊര്‍ജ്ജം ഇവര്‍ക്ക് കൂടുതല്‍ ലഭിക്കുന്നു. സാധാരണക്കാരില്‍ ഇത്തരം കൊലപാതക പ്രേരണയൊക്കെ ചിലപ്പോഴെങ്കിലും ഉണ്ടായെന്നുവരാം എന്നാല്‍ ഇതിനെതിരെയുള്ള മാനസികമായ പ്രതിരോധം അഥവാ റെസിസ്റ്റന്‍സ് ഇല്ലാതാകുകയും ഒപ്പം സാഹചര്യങ്ങള്‍ വന്നുചേരുമ്പോഴുമാണ് കുറ്റവാളികള്‍ ജനിയ്ക്കുന്നത്.
ജോളി കേസില്‍ സംഭവിച്ചത്
സീരിയല്‍ കില്ലിങ്ങ് എന്ന വിഭാഗത്തില്‍ പെടുത്താവുന്ന ഒന്നാണ് കൂടത്തായി കൊലപാതകപരമ്പര എന്നത് ഇനിയും പറയേണ്ടല്ലോ. മേല്‍പ്പറഞ്ഞ ഘടകങ്ങളെല്ലാം കൂടത്തായി കേസിലും ഉണ്ടായിട്ടുണ്ട് അല്ലെങ്കില്‍ ഇനിയും കണ്ടെത്താന്‍ സാധ്യതയുണ്ട് എന്ന് തന്നെയാണ് മനശാസ്ത്രജ്ഞന്മാരുടെ അഭിപ്രായം. മോഡ് ഓഫ് മര്‍ഡറിന്റെ ഘടകങ്ങളുടെ തെളിവുകള്‍ എത്രമാത്രം ലഭിച്ചു എന്നത് പരിശോധിക്കേണ്ടത് തന്നെയാണ്. സയനൈഡ് ഉപയോഗം ഇതിന്റെ ഭാഗമായി കാണാം. എന്‍ ഐ ടി യില്‍ ജോലിചെയ്യുന്നു എന്ന പ്രചരണം നുണയായിരുന്നു എന്ന് പോലും വര്‍ഷങ്ങള്‍ കഴിഞ്ഞ് ഈയിടെയാണ് എല്ലാവരും അറിഞ്ഞത്. കൂടത്തായിയില്‍ നിന്ന് അധികം അകലെയല്ലാത്ത എന്‍ഐടിയില്‍ ജോലി ചെയ്യുന്നു എന്നുതന്നെയാണ് ഭര്‍ത്താവുള്‍പ്പെടെയുള്ളവര്‍ വിശ്വസിച്ചുപോരുന്നത്. ഇന്‍ഫീരിയര്‍ നാച്ച്വര്‍ തുലനം ചെയ്യാനുള്ള ശ്രമമായിരുന്നു ഇത് എന്ന് മനസ്സിലാക്കാം. ആന്റി സോഷ്യല്‍ അഥവാ സാമൂഹ്യ വിരുദ്ധതയും സംഭവത്തില്‍ കാണാം . ഇതോടൊപ്പം കുറ്റബോധം ഇല്ലാത്ത മനസ്സിന് ഉടമയാണ് വ്യക്തി എന്നതും വ്യക്തം. അറസ്റ്റഡ് മോറല്‍ ഡെവലപ്‌മെന്റിന് ഉടമയാണ് കുറ്റക്കാരി എന്നതും സീരിയല്‍ കില്ലിംഗ് എന്ന വിഭാഗത്തില്‍ തന്നെ കേസിനെ ഉള്‍പ്പെടുത്താന്‍ സഹായിക്കുന്നു. കൂടത്തായി കേസില്‍ കുറ്റപത്രത്തില്‍ പ്രതിചേര്‍ക്കപ്പെട്ട ജോളിയ്ക്ക്ക്ക് കൊലചെയ്യാന്‍ പല പ്രേരണകള്‍ (multiple motive) ഉണ്ടായിരുന്നുവെന്ന് പ്രശസ്ത മനശാസ്ത്രജ്ഞനും സൊസൈറ്റി ഫോര്‍ സൈക്കോളജി ആന്റ് സോഷ്യല്‍ ആക്ഷന്റെ സംസ്ഥാന പ്രസിഡന്റും നിയമ വിദഗ്ദനും കൂടിയായ ഡോ. എന്‍ കെ രജിത് പറയുന്നു. വര്‍ഷങ്ങളുടെ ഇടവേളകളില്‍ ആറ് കൊലകളാണ് പ്രതി നിറവേറ്റിയത്. സാമ്പത്തികമായതും അല്ലാത്തതുമായ ഗൂഢോദ്ദേശങ്ങള്‍ ഇതിന് പിന്നില്‍ ഉണ്ടായിരുന്നതായി മനസിലാക്കാം. തന്റെ വഴിയ്ക്ക് ചെറിയ തോതിലെങ്കിലും തടസ്സമായേക്കാവുന്നവരെയെല്ലാം എന്നെന്നേക്കുമായി ഈ ഭുമുഖത്ത് നിന്ന് ഇല്ലാതാക്കുക എന്ന രീതിയാണ് ഇവര്‍ പിന്തുടര്‍ന്നത് . ഇതില്‍ നിന്നും മാനസികമായ പ്രതിരോധം ഒട്ടും തന്നെ ഇല്ലാത്ത വ്യക്തിയാണ് കുറ്റം ചെയ്തിരിക്കുന്നതെന്നും മനസ്സിലാക്കാം.
ഇതു കൂടാതെ സമൂഹത്തില്‍ പലയിടങ്ങളില്‍ പല മുഖങ്ങള്‍ പ്രകടമാകാന്‍ ഇവര്‍ക്ക് കഴിഞ്ഞിരുന്നുവെന്ന് വ്യക്തം. ഇത്തരത്തിലുള്ള മനോ വൈകല്ല്യങ്ങള്‍ കൊലപാതക പരമ്പരയിലേയ്ക്ക് നയിച്ച മനശാസ്ത്രപരമായ ഘടകങ്ങളാണെന്ന് ഡോ . എന്‍ കെ രജിത് ഉള്‍പ്പെടുന്ന മനശാസ്ത്ര വിദഗ്ദ സംഘം വ്യക്തമാക്കുന്നു.
വ്യക്തിത്വ വികാസത്തില്‍ സംഭവിച്ച ചില പ്രശ്‌നങ്ങളാണ് ഇതിന് കാരണമെന്നും ഇവര്‍ ഉറപ്പിച്ചുപറയുന്നു. ഇതോടൊപ്പം തൊട്ടടുത്തുള്ള വ്യക്തിയെക്കുറിച്ച് പോലും വ്യക്തമായി അറിയാത്ത അവസ്ഥയിലേക്ക് സാധാരണക്കാരനെ എത്തിക്കുന്ന ഇന്നത്തെ സാമൂഹിക അന്തരീക്ഷം അല്ലെങ്കില്‍ സാമൂഹ്യ അന്തരങ്ങളാണ് കുറ്റവാളിയ്ക്ക് ചുറ്റും സുരക്ഷിതമായ പുകമറ തീര്‍ത്തതും മുന്നോട്ട് പോകാന്‍ പ്രേരിപ്പിച്ചതും.
കുറ്റശാസ്ത്രത്തില്‍ കുറ്റകൃത്യങ്ങളെ രണ്ടായി തിരിക്കുന്നു. മെന്‍സ്ട്രിയ എന്നും ആക്റ്റാന്‍സിയ എന്നുമാണ് അവ. ഇതില്‍ ആദ്യത്തെത് കുറ്റത്തിന് പ്രേരിപ്പിക്കുന്ന കാരണങ്ങളെയും രണ്ടാമത്തെത് ഗൂഢാലോചനകളെയും പ്രവൃത്തികളെയും കണിക്കുന്നു. ഈ രണ്ട് ഘടകങ്ങളും കൂടത്തായി സംഭവത്തില്‍ കാണാം. കര്‍ണാടകയിലെ കുപ്രസിദ്ധ സീരിയല്‍ കില്ലറായിരുന്ന മോഹന്‍ (സയനൈഡ് മോഹന്‍) , തൃശ്ശൂരിലെ സീരിയല്‍ കില്ലര്‍ റിപ്പര്‍ ജയചന്ദ്രന്‍ എന്നിവര്‍ നടത്തിയ സീരിയല്‍ കൊലകളുടെ ഗണത്തിലേക്ക് പെടുത്താവുന്ന സംഭവമാണ് കൂടത്തായി കൊലപാതകവും. നാല്‍പ്പതോളം കൊലപാതകങ്ങള്‍ നടത്തിയ രാമന്‍ രാഘവനെ പോലുള്ളവരുടെ യഥാര്‍ത്ഥ പ്രശ്‌നം എന്തായിരുന്നു എന്ന് കണ്ടെത്തേണ്ടതു തന്നെയാണ് . കുറ്റക്കാരെ വളരെക്കാലം നിയമത്തിന് മുന്നില്‍ അല്ലെങ്കില്‍ സമൂഹത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കഴിയാതിരിക്കുന്നത് തുടര്‍ നടപടികള്‍ക്ക് തടസ്സമാകാറുണ്ട്. ഇത്തരം കൊലപാതക പരമ്പരകള്‍ സമൂഹത്തിലുണ്ടാക്കുന്ന അരക്ഷിതാവസ്ഥ ചെറുതല്ല. കുറ്റവാളിയുടെ തുടര്‍ പരമ്പരയില്‍ പെടുന്നവരെ ഇതെങ്ങനെ ബാധിക്കും എന്നതും ചര്‍ച്ചചെയ്യേണ്ടതു തന്നെയാണ്.
ജയില്‍ശിക്ഷ യഥാര്‍ത്ഥ പ്രതിവിധിയോ, മനശാസ്ത്ര വിദഗ്ദരുടെ സേവനം ജയിലുകളിലേയ്ക്കും
നമ്മുടെ നാട്ടിലെ നിയമവ്യവസ്ഥയില്‍ സാധാരണഗതിയില്‍ നിയമപരമായ വശം (legal reason) മാത്രമാണ് പരിശോധിക്കപ്പെടാറുള്ളത്. മറിച്ച് മനശാസ്ത്രപരമായ വശങ്ങള്‍ ഒരിക്കലും വേണ്ടവിധം പരിശോധിക്കുന്നില്ല.
ഇങ്ങനെയുള്ള ആളുകള്‍ ജയില്‍ശിക്ഷ കഴിഞ്ഞ് വന്നാലും ഒരുപക്ഷേ കൊല തുടരാനുള്ള സാധ്യത തള്ളികളയാനാവില്ല. കാരണം മേല്‍പ്പറഞ്ഞ പ്രശ്‌നങ്ങള്‍ വ്യക്തിയില്‍ തന്നെ അടിഞ്ഞുകൂടി കിടക്കുകയാണ് ചെയ്യുന്നത്. സമൂഹത്തില്‍ വളര്‍ന്നു വരുന്ന ഇത്തരം പ്രവണതകള്‍ അല്ലെങ്കില്‍ മൂലകാരണങ്ങളെയാണ് പിഴുതെറിയേണ്ടത്. ഇതിന്റെ ആദ്യപടി കുടുംബങ്ങളില്‍ നിന്നുതന്നെയാണ് തുടങ്ങേണ്ടത്ല്ലോ..ഡിസ്റ്റോട്ടഡ് കൊഗ്‌നിസത്തിലേയ്ക്ക് നയിക്കാവുന്ന ചെറിയ കാരണങ്ങള്‍ പോലും ഇല്ലാതാക്കുകയെന്നതാണ് കുടുംബങ്ങളുടെ ഉത്തരവാദിത്തം. ക്രിമിനോജനിക് ഫാക്ടേഴ്‌സ് ഇല്ലാതാക്കുകയെന്നതാണ് ചെയ്യേണ്ടത്.
ജയിലുകളിലും ഇത്തരം പെരുമാറ്റ ക്രമീകരണ പദ്ധതികള്‍ ആവശ്യമാണ്. ഫോറന്‍സിക് സൈക്കോളജി ശക്തമാകുന്ന സാഹചര്യത്തിലും ജയിലുകളില്‍ ഇതിനുള്ള സജ്ജീകരണം ആയിട്ടില്ല. ഇതിനായി തെറാപ്യൂട്ടിക് വഴികള്‍ മനശാസ്ത്രത്തില്‍ ഉണ്ട്. അത് കൃത്യമായി പ്രായോജനപ്പെടുത്തിയാല്‍ തന്നെ ജയിലുകളില്‍ നിന്ന് ശിക്ഷ കഴിഞ്ഞിറങ്ങുന്നവര്‍ ഇത്തരം മാനസികാവസ്ഥയില്‍ നിന്ന് മോചിതരായെന്ന് പൂര്‍ണ്ണമായും പറയാന്‍ സാധിക്കും. സമൂഹത്തിലേയ്ക്ക് ഇറങ്ങുന്ന ഇവര്‍ മുന്‍ വിധികളില്ലാതെ സാഹചര്യങ്ങളെ നല്ല രീതിയില്‍ ഉപയോഗപ്പെടുത്താന്‍ പാകപ്പെടുകയും ചെയ്യും. അശോക ചക്രവര്‍ത്തിയ്ക്കും ഹിന്ദു പുരാണത്തില്‍ പരാമര്‍ശിക്കുന്ന അംഗുലീമാലനും മാറാന്‍ സാധിച്ചിട്ടുണ്ടെങ്കില്‍ ഇതും സാധ്യമാണ്. ഈ രീതിയിലേയ്ക്ക് പ്രശ്‌നങ്ങള്‍ക്ക് അടിസ്ഥാന പരിഹാരമാകണമെങ്കില്‍ ജയിലുകളില്‍ മനശാസ്ത്ര വിദഗ്ദരുടെ സേവനം ആവശ്യമാണെന്നതില്‍ സംശയമില്ല. ഇത് പല വിദേശ രാജ്യങ്ങളിലും പയറ്റിതെളിഞ്ഞ മാര്‍ഗ്ഗം കൂടിയാണ്. ജുവനൈല്‍ ഹോമുകളില്‍ ഇങ്ങനെയുള്ള സംവിധാനം നേര ഉയര്‍ന്ന ആവശ്യത്തിന്റെ ഫലമായി കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍ ജയിലുകളില്‍ എത്തിക്കുകയെന്നത് ഇപ്പോഴും ചോദ്യ ചിഹ്നമായി അവശേഷിക്കുകയാണ്. (തിരുവനന്തപുരം കോടതിയില്‍ നിലവില്‍ ഒരു പോസ്റ്റുണ്ട് )സൊസൈറ്റി ഫോര്‍ സൈക്കോളജി ആന്റ് സോഷ്യല്‍ ആക്ഷന്‍ 2004 മുതല്‍ ഈ ആവശ്യം മുന്നോട്ട് വെച്ചിരുന്നെങ്കിലും ഇതുവരെ ഫലം കണ്ടിട്ടില്ല. ജുവനൈല്‍ ഹോമിലാകട്ടെ ഇത്തരം പോസ്റ്റുകളുണ്ടെങ്കിലും സ്ഥിര നിയമനമല്ലാത്തതിനാല്‍ ഇവരുടെ പ്രവര്‍ത്തനത്തിന് തുടര്‍ച്ച ലഭിക്കാതെ ഒരു വഴിപാടായി മാറുന്നുവെന്ന ആരോപണവുമുണ്ട്. ഈ പോസ്റ്റിനെ ഗൗരവമായി കണ്ട് അര്‍ഹമായ അധികാരങ്ങള്‍ കൂടി അവര്‍ക്ക് നല്‍കി പ്രവര്‍ത്തനത്തിന്റെ വ്യാപ്തി കൂട്ടണമെന്നും ആവശ്യമുയരുന്നു.
കൃത്യമായ രീതി അവലംബിക്കുകയാണ് ഇതിനാവശ്യം. നിയമ വ്യവസ്ഥയില്‍ ഇത്തരം മാനസികമായ അവസ്ഥകള്‍ക്ക് പരിഗണനയില്ലെന്ന് നേരത്തെ പറഞ്ഞല്ലോ അതുകൊണ്ട് തന്നെ മനശാസ്ത്രപരമായ പിന്നാമ്പുറം അറിഞ്ഞ് ഇടപെടുന്നതിനായി ഈ ശാസ്ത്രത്തെ നിയമ പഠനത്തിന്റെ ഭാഗമാക്കുന്നതും ഗുണം ചെയ്യും. ഇങ്ങനെയുള്ള കാര്യങ്ങളില്‍ കൂടി ശ്രദ്ധ പതിപ്പിച്ചാലേ ഇനിയെങ്കിലും സമൂഹത്തില്‍ പെരുകി വരുന്ന കുറ്റകൃത്യങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാനാകൂ.
content highlights: Jolly case, Kerala crimes and human psychology, sociological analysis,Why crimes in Kerala

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

7 min

നിറങ്ങള്‍ നഷ്ടപ്പെടുന്ന ബാല്യം

Jun 29, 2019


mathrubhumi

4 min

അന്ന് ഗാന്ധി പറഞ്ഞു-ഇവര്‍ പശുവിന്റെയും ഹിന്ദുവിശ്വാസത്തിന്റെയും ശത്രുക്കൾ, ഇന്നവർക്ക് ഗാന്ധി പ്രതീകം

Jan 26, 2019


mathrubhumi

5 min

നവമാധ്യമലോകം ലോകക്രമത്തെ മാറ്റുമ്പോൾ

Apr 25, 2018