'പ്രളയം വരുമെന്ന് ഞങ്ങൾ പറഞ്ഞിരുന്നു, അന്ന് പരിസ്ഥിതി പ്രവര്‍ത്തകരോട് ജനങ്ങള്‍ക്ക് പുച്ഛമായിരുന്നു'


By എ. മോഹൻകുമാർ / സി.കെ. റിംജു

9 min read
Read later
Print
Share

പശ്ചിമഘട്ട രക്ഷായാത്ര സുല്‍ത്താന്‍ ബത്തേരിയിലെത്തിയപ്പോള്‍ 'ഗോ ബാക്ക്' വിളികളുമായി ഒരുകൂട്ടം ആളുകള്‍ രംഗത്തെത്തി. ഇന്ന് ഉരുള്‍പൊട്ടലുണ്ടായി ഏറ്റവും നാശമുണ്ടായത് വയനാട്ടിലാണ്. അന്ന് ഗോ ബാക്ക് വിളിച്ചവര്‍ ഇന്ന് അറിയുന്നുണ്ടാവും ആ യാത്രയുടെ പ്രാധാന്യം.

പശ്ചിമഘട്ടത്തെ സംരക്ഷിക്കുക എന്ന് പ്രതിജ്ഞയെടുത്തുകൊണ്ട് ഒരു യാത്ര 1987ല്‍ കന്യാകുമാരിയില്‍നിന്ന് ആരംഭിച്ചു. പരിസ്ഥിതിപ്രവര്‍ത്തകരും ശാസ്ത്രജ്ഞരും എഴുത്തുകാരും ഫോട്ടോഗ്രാഫര്‍മാരും പത്രപ്രവര്‍ത്തകരുമെല്ലാം ചേര്‍ന്നുള്ള ആ പദയാത്ര കേരളത്തിന് ഒരു പുതിയ പാരിസ്ഥിതിക അവബോധം നല്‍കി. ഗോവയില്‍ സമാപിച്ച യാത്രയുടെ മുന്‍നിരയില്‍ എ. മോഹന്‍കുമാര്‍ എന്നൊരാളായിരുന്നു. ഈ യാത്രയ്ക്ക് മുമ്പും ശേഷവും പല പാരിസ്ഥിതികവിഷയങ്ങളില്‍ മുന്നറിയിപ്പുതന്നും സമരംചെയ്തും മോഹന്‍കുമാറിനെ നാം കണ്ടു. എന്നാല്‍, 2012ല്‍ കാസര്‍കോട്ടുനടന്ന എന്‍ഡോസള്‍ഫാന്‍ ഉപവാസസമരത്തിനുശേഷം ഈ മനുഷ്യനെ ആരും കണ്ടിട്ടില്ല. 'പശ്ചിമഘട്ടത്തെ മുറിവേല്‍പ്പിച്ചാല്‍ കേരളം അനുഭവിക്കേണ്ടിവരും' എന്ന് എത്രയോമുമ്പ് തെരുവിലലഞ്ഞ് തൊണ്ടപൊട്ടുമാറുച്ചത്തില്‍ നമ്മോടുപറഞ്ഞ ഈ പ്രകൃതിസ്‌നേഹി ഇപ്പോള്‍ എവിടെയാണ്? പ്രളയാനന്തരം നടത്തിയ അന്വേഷണം ഞങ്ങളെയെത്തിച്ചത് കുടജാദ്രിയുടെ താഴ്‌വരയിലെ കാട്ടിലായിരുന്നു. മനുഷ്യബന്ധങ്ങള്‍ തീരേ കുറച്ച്, മലയാളിയെപ്പറ്റി വേദനിച്ച്, കൃഷിചെയ്ത് മോഹന്‍കുമാര്‍ ഏകാകിയായി ഇവിടെ വസിക്കുന്നു, പ്രകൃതിയോടുള്ള കേരളീയന്റെ പരാക്രമത്തിനുമുന്നില്‍ തോറ്റുപോയ പരിസ്ഥിതിപ്രവര്‍ത്തകന്റെ പ്രതീകമായി...

തിരിമുറിയാതെ പെയ്ത മേഘക്കണ്ണീര്‍ ആദ്യം അണക്കെട്ടുകള്‍ നിറച്ചു. പിന്നെ, പുഴ. തുടര്‍ന്ന് നികത്താനായി ഇനിയും കുറച്ച് ബാക്കിവെച്ച വയല്‍...വീട്ടുമുറ്റം, സ്വീകരണമുറി. ഒടുവില്‍ ഒന്നാംനില. മലകള്‍ സ്വപ്നങ്ങളുടെ മേലേക്ക് ഇടിഞ്ഞുവീണുകൊണ്ടിരുന്നു. ഇന്ത്യയില്‍ ഏറ്റവും സുരക്ഷിതമെന്ന് അന്നുവരെ ഊറ്റംകൊണ്ട കേരളം ഭയന്നു. പത്രത്താളുകള്‍ ആ വാര്‍ത്തകളാല്‍ വിറച്ചു. പശ്ചിമഘട്ടം ഒരു പശ്ചാത്താപവുമില്ലാതെ വീടുകളിലേക്ക് ഒലിച്ചിറങ്ങിയപ്പോള്‍ ഓര്‍ത്തത് കാല്‍നൂറ്റാണ്ടിനപ്പുറം പശ്ചിമഘട്ടത്തിന്റെ പ്രാധാന്യം വിളിച്ചോതി കാല്പാടുകളാല്‍ അളന്നുതീര്‍ത്ത ഒരു യാത്രയായിരുന്നു'പശ്ചിമഘട്ട രക്ഷായാത്ര'. കന്യാകുമാരിമുതല്‍ ഗോവവരെയുള്ള ദക്ഷിണമേഖലായാത്രയ്ക്ക് ചുക്കാന്‍പിടിച്ച എ മോഹന്‍കുമാറിനെയായിരുന്നു. ഭോപാല്‍ വാതകപ്രശ്‌നം, നര്‍മദ ബചാവോ ആന്ദോളന്‍, ചിപ്‌കോ സമരം, എന്‍ഡോസള്‍ഫാന്‍ വിഷയം, ചാലിയാര്‍ സമരം, പൂയംകുട്ടി അണക്കെട്ട് പ്രശ്‌നം, പശ്ചിമഘട്ട സംരക്ഷണം, ആംസ്റ്റര്‍ഡാമില്‍ നടന്ന അന്താരാഷ്ട്ര ജലട്രിബ്യൂണല്‍, ലോകത്താദ്യമായി ജൈവവൈവിധ്യ പ്രമാണപത്രം തയ്യാറാക്കിയ ആള്‍, യൂത്ത് ഫോര്‍ ജസ്റ്റിസിന്റെ സ്ഥാപകനേതാവ് തുടങ്ങി പ്രകൃതിയുമായി ബന്ധപ്പെട്ട എല്ലാറ്റിനും മുന്നില്‍നിന്ന, പ്രകൃതിസന്തുലിതാവസ്ഥയെക്കുറിച്ചും കീടനാശിനികളെക്കുറിച്ചും വയല്‍ നികത്തലിനെക്കുറിച്ചും പശ്ചിമഘട്ട സംരക്ഷണത്തെക്കുറിച്ചും വായുമലിനീകരണത്തെക്കുറിച്ചും പതിറ്റാണ്ടുകളോളം കേരളത്തിന് മുന്നറിയിപ്പുകള്‍ തന്നുകൊണ്ടിരുന്ന മോഹന്‍മാഷിനെയായിരുന്നു.

2012ല്‍ കാസര്‍കോട്ട് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയമുന്നണി നടത്തിയ അനിശ്ചിതകാല നിരാഹാരസത്യാഗ്രഹത്തില്‍ 22 ദിവസം നിരാഹാരമിരുന്ന മോഹന്‍കുമാര്‍... ഒന്നുകില്‍ ആവശ്യം നേടിയെടുക്കല്‍ അല്ലെങ്കില്‍ മരണം എന്ന നിശ്ചയദാര്‍ഢ്യത്തോടെ നിരാഹാരമിരുന്ന മോഹന്‍കുമാര്‍...
ഒടുവില്‍ പല കാരണങ്ങളാല്‍ നിരാശയോടെ നിരാഹാരം അവസാനിപ്പിക്കേണ്ടിവന്ന മോഹന്‍കുമാര്‍...
അവശനായി ആസ്പത്രിയില്‍ കഴിയവേ ആരോടും പറയാതെ ഇറങ്ങിപ്പോയ മോഹന്‍കുമാര്‍...
ആ പരിസ്ഥിതിസ്‌നേഹി, മനുഷ്യസ്‌നേഹി ഇന്നെവിടെയാണ്? അന്വേഷണം ചെന്നെത്തിയത് ഒരു പത്തക്ക നമ്പറില്‍. 'വിളിച്ചാല്‍ കിട്ടില്ല. വാട്‌സ്ആപ്പില്‍ മെസേജ് ഇടൂ... വല്ലപ്പോഴും റെയ്ഞ്ച് വരുമ്പോള്‍ നോക്കിയേക്കാം. ചിലപ്പോള്‍ മറുപടികിട്ടും, ചിലപ്പോള്‍ ഇല്ല. അയാള്‍ പശ്ചിമഘട്ടതാഴ്വരയിലെ കാട്ടില്‍ ഏകാന്തവാസത്തിലാണ്' ഇതായിരുന്നു ആ നമ്പറിന്റെ ഉടമയില്‍നിന്ന് ലഭിച്ച മറുപടി. അതനുസരിച്ച് ഇങ്ങനെയൊരു മെസേജ് തയ്യാറാക്കി അയച്ചു:

'മോഹനേട്ടാ,
ഞാന്‍ മാതൃഭൂമി മംഗലാപുരം സ്റ്റാഫ് റിപ്പോര്‍ട്ടറാണ്. എഴുത്തുകാരന്‍ അംബികാസുതന്‍ മാങ്ങാട് പറഞ്ഞാണ് അങ്ങയെക്കുറിച്ച് അറിയുന്നത്. കേരളത്തിന്റെ ഇപ്പോഴത്തെ പശ്ചാത്തലത്തില്‍ അങ്ങയെ ഒന്നുവന്ന് കാണണമെന്നും കുറച്ച് സംസാരിക്കണമെന്നും ആഗ്രഹിക്കുന്നു. ഏട്ടന് സൗകര്യമുള്ള സമയം
അറിയിച്ചാല്‍ ഞാന്‍ വന്നുകാണാം. പ്രതീക്ഷയോടെ... റിംജു'

ഒരു ദിവസത്തിനപ്പുറം ആ മെസേജിനുകീഴെ വലതുകോണില്‍ രണ്ട് നീല ശരി വീണു. ഒപ്പം കൂപ്പുകൈ ചിഹ്നത്തില്‍ തുടങ്ങുന്ന മറുപടിയെത്തി.
'സൗകര്യംപോലെ വന്നുകൊള്ളുക. ഞാന്‍ മാധ്യമങ്ങളില്ലാത്ത, വാര്‍ത്താവിനിമയം മിനിമം മാത്രമുള്ള കാട്ടുമൂലയില്‍ ആണല്ലോ... കൊല്ലൂരില്‍നിന്ന് ഷിമോഗറോഡിലൂടെ 16 കിലോമീറ്റര്‍. ഗുരുട്ടെ എന്നസ്ഥലം. അവിടെനിന്ന് വലത്ത് സുമാര്‍ 600 മീറ്റര്‍. ഹൊസ്സെഗെദ്ദെ എന്നാണ് സ്ഥലം അറിയപ്പെടുക... വരുമ്പോള്‍ പഴയ പത്രങ്ങള്‍കൂടി കൊണ്ടുവന്നാല്‍ ഉപകാരം. ഒരു ദിവസം ഇവിടെ തങ്ങിമാത്രമേ മടങ്ങാവൂ...'

ഉച്ചവിശപ്പിന് കൊല്ലൂര്‍ദേവിയുടെ പ്രസാദം ആഹാരമായി... മഴ കഴുകി വൃത്തിയാക്കിയിട്ട കമ്പിളിപോലെ കിടക്കുന്നു കൊല്ലൂര്‍ശിവമോഗ റോഡ്. മഴപെയ്ത് തോര്‍ന്നിട്ടും റോഡിനിരുവശത്തുമുള്ള കാട്ടില്‍ മരമഴപെയ്യുന്നു. കാറിനൊപ്പം കോടയും കൂടെപ്പോന്നു. ശ്വാസനാളത്തിലേക്ക് തണുപ്പ് ഇരച്ചുകയറി. മഴയൊരുക്കിയ ചെറുവെള്ളച്ചാട്ടങ്ങള്‍ പിന്നിട്ട് വളഞ്ഞും പുളഞ്ഞും പോകുന്ന ആ റോഡ്, വാട്‌സാപ്പ് മെസേജില്‍ പറഞ്ഞപ്രകാരം ഒരു ഇരുമ്പുഗേറ്റിനടുത്ത് ചെന്നുനിന്നു. അവസാനമായി മൊബൈല്‍ സിഗ്‌നല്‍ തെളിഞ്ഞ കൊല്ലൂരില്‍നിന്ന് ഹൊസ്സെഗെദ്ദെയിലെ ഗേറ്റിനടുത്തെത്തിയാല്‍ ഹോണ്‍ അടിക്കാന്‍ നിര്‍ദേശം ലഭിച്ചിരുന്നു. അടിച്ചു. വെളുത്ത ഒറ്റമുണ്ടുടുത്ത, അപ്പൂപ്പന്‍താടിയെ ഓര്‍മിപ്പിക്കുന്ന താടിയുള്ള, തലയില്‍ വെള്ളമുണ്ട് മടക്കി പുതച്ച സാത്വികനായ ഒരു കൃശഗാത്രന്‍ ചെറു പുഴകടന്നുവന്ന് ഗേറ്റുതുറന്നു.

കൈകൂപ്പി നമസ്‌കരിച്ചു: ''തൂക്കുപാലം കഴിഞ്ഞദിവസം വെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി. അരയോളം വെള്ളമുണ്ട്, പുഴകടക്കാന്‍ പേടിയില്ലല്ലോ.''
ബാഗ് തലയില്‍വെച്ച് അരയറ്റം വെള്ളത്തില്‍ ഐസോളം തണുത്ത പുഴകടന്നു. ഒറ്റയടിപ്പാതയിലൂടെ അദ്ദേഹം മുമ്പേനടന്നു. വെള്ളഒറ്റമുണ്ടിനടിയില്‍ കൗപീനവാല്‍ തെളിഞ്ഞു, ഒപ്പം മനസ്സില്‍ ചില ചോദ്യങ്ങളും. പശ്ചിമഘട്ടതാഴ്‌വരയില്‍ കുടജാദ്രിയുടെ അടിവാരത്തിലെ ആ വീട്ടിലേക്ക് നിറയെ കരിയിലകള്‍ വീണളിഞ്ഞ കാടുനിറഞ്ഞ ഒറ്റയടിപ്പാതയിലൂടെ നടന്നു. കാല്‍പ്പെരുമാറ്റം കേട്ട് വളര്‍ത്തുനായകളായ ചിപ്പുവും ചിന്നനും പാഞ്ഞുവന്നു.
''പേടിക്കേണ്ട. കടിക്കേണ്ടവരെമാത്രമേ അവര്‍ കടിക്കൂ. നിങ്ങള്‍ ആ ഗണത്തില്‍ പെടില്ല.''
ഇരുവരും കാലില്‍വന്നൊന്നു നക്കി തിരിച്ചുപോയി. വലിയൊരു താന്നിമരത്തിനപ്പുറം വന്‍മരങ്ങള്‍ അതിരിടുന്ന കാടിനരികെ കല്ലുകെട്ടി മണ്ണുതേച്ച ആ വീട്... മുറ്റത്തെ പൈപ്പില്‍ കാല്‍കഴുകുമ്പോള്‍ നാലഞ്ച് അട്ടകള്‍ കടിച്ചുതൂങ്ങിയിരിക്കുന്നു. മോഹന്‍ മാഷ് ഉപ്പുവെള്ളത്താല്‍ അട്ടകളെ തുടച്ചുനീക്കി. പാദസേവ നടത്തി വീട്ടിലേക്ക്. ഇരുപൊളി വാതില്‍ ശക്തിയായി തുറന്ന് അകത്തുകടന്നു. തണുപ്പും മോഹന്‍മാഷും മാത്രമാണ് ആ വീട്ടില്‍ താമസം. ജനല്‍പ്പടിയില്‍ സിദ്ധസമാജസ്ഥാപകന്‍ സ്വാമി ശിവാനന്ദപരമഹംസരുടെ മടിയില്‍ അര്‍ധനഗ്‌നനായി ഇരിക്കുന്ന നിത്യാനന്ദസ്വാമിയുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോ. മോഹന്‍കുമാര്‍ വടകര സിദ്ധാശ്രമത്തില്‍നിന്ന് ദീക്ഷസ്വീകരിച്ചിട്ട് ഒന്നരപ്പതിറ്റാണ്ട് കഴിഞ്ഞു. പൂര്‍ണമായും സിദ്ധവഴിയിലാണ് ഇപ്പോള്‍ ജീവിതം. തുന്നിച്ചേര്‍ത്ത കുപ്പായമിടാത്തതിന്റെയും കൗപീനത്തിന്റെയും കാര്യം മനസ്സില്‍ മിന്നിമാഞ്ഞു. വീട്ടുമുറ്റത്തുനിന്ന് പറിച്ചെടുത്ത പഴുത്ത പേരക്കയും പാഷന്‍ ഫ്രൂട്ടും ചേര്‍ന്ന ജ്യൂസ് കുടിക്കാന്‍ തന്നു. ഇവിടെയെത്തുന്നവര്‍ക്ക് ഈ ഭൂമിയിലുണ്ടാക്കിയ എന്തെങ്കിലും ഭക്ഷിക്കാന്‍ നല്‍കുന്നതാണ് എന്റെ സന്തോഷം. സമയം മൂന്നുമണിയോടടുക്കുന്നു. ഞങ്ങളോട് ഇത്തിരി വിശ്രമിക്കാന്‍ നിര്‍ദേശിച്ചശേഷം മോഹന്‍കുമാര്‍ പറഞ്ഞു: ''അഞ്ചുമണിക്ക് എനിക്ക് ജപമുറിയില്‍ കയറണം. അരമണിക്കൂര്‍. അതുവരെ സംസാരിക്കാം. ജപംകഴിഞ്ഞ് എത്രവേണമെങ്കിലും.'' കസേരയില്‍ ചമ്രംപടിഞ്ഞിരുന്ന് മോഹന്‍ കുമാര്‍ സംസാരിക്കാന്‍ തുടങ്ങി.

ഇന്ത്യയിലൊട്ടുക്കും കേരളത്തിലും ഒട്ടേറെ പാരിസ്ഥിതികപ്രവര്‍ത്തനങ്ങള്‍ നടത്തി ഇപ്പോള്‍ എല്ലാംവിട്ട് ഈ പശ്ചിമഘട്ടക്കാട്ടില്‍ വന്നുചേര്‍ന്നത്...

ജീവിതത്തില്‍ എറ്റവും സന്തോഷം അനുഭവിക്കുന്നത് ഇപ്പോഴാണ്. ഈ വീട്ടില്‍ ആരുമില്ലാതെ, ശുദ്ധവായു ശ്വസിച്ച്, ശുദ്ധവെള്ളം കുടിച്ച്, ഇവിടെ ജൈവകൃഷിയിലൂടെ ഉണ്ടാക്കിയ ഭക്ഷണംമാത്രം കഴിച്ച്, പ്രകൃതിയെ ധ്യാനിച്ച് ഏകാന്തമായി ജീവിക്കുമ്പോള്‍ ഞാന്‍ അതിഭാഗ്യവാനും സന്തോഷവാനുമാകുന്നു. ഈ വീട് എനിക്ക് ക്ഷമയുടെ പരീക്ഷണശാലയാണ്. ഒട്ടേറെ വന്യമൃഗങ്ങള്‍ വീട്ടരികില്‍ വരും, രാജവെമ്പാല ഉള്‍പ്പെടെ. അതൊന്നും എന്നെ ഉപദ്രവിച്ചിട്ടില്ല. പ്രകൃതിയുമായി ബന്ധപ്പെടുന്നതുതന്നെ ഒരു ആത്മീയതയാണ്. ദീക്ഷ സ്വീകരിച്ചതിനുശേഷമുള്ള ആത്മീയതയും ആ വഴിക്കുതന്നെ.

നാട്ടില്‍ ഇപ്പോള്‍ ഒട്ടേറെ പരിസ്ഥിതി പ്രവര്‍ത്തകരുണ്ട്. മാധ്യമങ്ങള്‍ പരിസ്ഥിതിയെക്കുറിച്ച് വാചാലരാകുന്നു. അവിടെ എന്റെ ആവശ്യമില്ല എന്നുതോന്നി. പതിറ്റാണ്ടുകളായി ഞാന്‍ ആക്ടിവിസ്റ്റായിരുന്നു. അന്ന് എന്റെ ആവശ്യം അവിഭാജ്യമാണെന്ന നിലാപാടിലാണ് ഞാന്‍ പ്രവര്‍ത്തിച്ചത്. ഇന്ത്യയിലെവിടെ പാരിസ്ഥിതികപ്രശ്‌നങ്ങള്‍ ഉണ്ടായാലും അവിടെപ്പോയി താമസിച്ച് പ്രശ്‌നങ്ങള്‍ പഠിക്കാനാണ് ഞാന്‍ ഇഷ്ടപ്പെട്ടത്. അത് കേരളത്തിലുള്ളവര്‍ക്ക് മനസ്സിലാക്കി നല്‍കുകയായിരുന്നു എന്റെ ദൗത്യം. അത് ഞാന്‍ നിറവേറ്റി. പക്ഷേ, സഹപ്രവര്‍ത്തകരില്‍പോലും ഈഗോ വരുന്നത് തിരിച്ചറിഞ്ഞതോടെ ഞാന്‍ പിന്‍വാങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ പ്രകൃതിയോട് ഇണങ്ങിയ ഒരു സ്ഥലം താമസിക്കാനായി തേടിനടന്നു. യു.പി.യിലെ ഒരു മന്ത്രിയുടെ മകന്റെ സുഹൃത്ത് 100 ഏക്കര്‍ ഭൂമിയും 100 പശുക്കളെയും നല്‍കാം, അവിടെ ആശ്രമംകെട്ടി ജീവിച്ചോളൂ എന്ന് അഭ്യര്‍ഥിച്ചു. നര്‍മദ നദിക്കരയിലെ ഗ്രാമീണര്‍, അവിടെ വീടുകെട്ടിനല്‍കാമെന്ന് പറഞ്ഞു. അതൊക്കെ ഞാന്‍ സ്‌നേഹപൂര്‍വം നിരസിച്ചു. പിന്നീടാണ് ശിവമോഗ ജില്ലയിലെ കുടജാദ്രി താഴ്‌വരയില്‍ ഈ നാലേക്കര്‍ സ്ഥലം വാങ്ങിയത്. തൊട്ടടുത്തുള്ള പുഴയാണ് എന്നെ ഇവിടെ നില്‍ക്കാന്‍ പ്രേരിപ്പിച്ചത്. പിന്നെ വിഷാംശം കലരാത്ത മണ്ണ്, പശ്ചിമഘട്ടത്തിന്റെ വിശുദ്ധി. നാലുവര്‍ഷമായി ഇവിടെ താമസം തുടങ്ങിയിട്ട്. അടുത്ത സുഹൃത്തുക്കള്‍മാത്രം വല്ലപ്പോഴും വരും. വേറെ ഒരു ബന്ധവുമില്ല.

2012ലെ കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ നിരാഹാരസമരത്തിനുശേഷം പിന്നെ കണ്ടതേയില്ല എവിടെ അപ്രത്യക്ഷനായി

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കുവേണ്ടി പല ഗ്രൂപ്പായി പ്രവര്‍ത്തിക്കുന്നതിന് എതിരായിരുന്നു ഞാന്‍. എം.എ. റഹ്മാനോടും സുധീറിനോടും അമ്പലത്തറ കുഞ്ഞികൃഷ്ണനോടും ഇക്കാര്യം സൂചിപ്പിച്ചു. എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയമുന്നണി ഉണ്ടാക്കാന്‍ നിര്‍ദേശിച്ചത് ഞാനാണ്. അതുണ്ടാക്കി. പൊതുസമൂഹം ഏറ്റെടുക്കുന്നതിലൂടെയേ ഏതുസമരവും വിജയിക്കൂ എന്ന് ഇന്ത്യയിലെ പല പ്രമുഖ പാരിസ്ഥിതികസമരങ്ങളിലും പങ്കെടുത്ത എനിക്ക് ബോധ്യം വന്നിരുന്നു. എന്റെ സുഹൃത്തും ഭോപാല്‍ ഗ്യാസ് പീഡിത ജനമുക്തിമോര്‍ച്ചയുടെ നേതാവുമായ സതിനാഥ് സാരംഗിയാണ് ജനകീയമുന്നണി ഉദ്ഘാടനം ചെയ്തത്. മുന്നണി പല സമരപരിപാടികളും ആസൂത്രണം ചെയ്തു. നിരാഹാരസമരവും നടത്തി. അപ്പോള്‍ ഞാന്‍ കേരളത്തിനു പുറത്തായിരുന്നു. പലരും നിരാഹാരം കിടന്നു. ഒരു ദിവസം ജനകീയ മുന്നണി സംഘാടകരുടെ വിളിവന്നു. നിരാഹാരസമരത്തിന് മോഹന്‍ മാഷ് നേതൃത്വം നല്‍കണം. ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കും വരെ സമരം, അല്ലെങ്കില്‍ മരണം ഇതായിരുന്നു എന്റെ നിബന്ധന. ആ നിബന്ധന സമരസംഘാടകര്‍ അംഗീകരിച്ചതോടെ പിറ്റേന്നുതന്നെ ഞാന്‍ സമരപ്പന്തലിലെത്തി നിരാഹാരം തുടങ്ങി. ദീക്ഷ സ്വീകരിച്ച ഒരാള്‍ നിരാഹാരമനുഷ്ഠിക്കാന്‍ പാടില്ല. എങ്കിലും ഞാന്‍, നേരത്തേ പറഞ്ഞ പ്രകൃതിയുടെ ആത്മീയത മനസ്സിലുള്ളതിനാല്‍ നിരാഹാരമിരുന്നു, 22 ദിവസം. പലയിടങ്ങളില്‍ നിന്ന് സമ്മര്‍ദംവന്നു. ഒടുവില്‍ എന്നെ അറസ്റ്റുചെയ്തു. ആശുപത്രിയില്‍നിന്ന് ആരുമറിയാതെ ഞാന്‍ സുഹൃത്തിന്റെ വീട്ടിലേക്ക് പോയി.
ആ സമരപ്പന്തലില്‍വെച്ചും പലതരത്തിലുള്ള അഭിനയങ്ങള്‍ കണ്ടു. 'മാഷിങ്ങനെ തുടര്‍ച്ചയായി നിരാഹാരം കിടന്നാല്‍ ഞാനൊക്കെ എപ്പൊളാ' കിടക്കുക എന്ന ചോദ്യങ്ങള്‍ വരെ കേള്‍ക്കേണ്ടി വന്നപ്പോള്‍ മനസ്സുപറഞ്ഞു, എന്റെ റോള്‍ കഴിഞ്ഞു. ദീക്ഷയെടുത്തിട്ടും നിരാഹാരം കിടന്നതിന് ഗുരുവിനോട് മാപ്പുചോദിച്ചു...


സമയം അഞ്ചുമണിയോടടുത്തു. മൂന്ന് നായകള്‍ക്കും കുത്തരിച്ചോറ് പച്ചക്കറിയില്‍ കുഴച്ച് നല്‍കി. ചിന്നു എന്ന പൂച്ചക്കുട്ടിക്ക് പാത്രത്തില്‍ പാല്‍ നല്‍കി. ഇനി ഞാന്‍ ജപിച്ചുവരാം. മോഹന്‍കുമാര്‍ ജപമുറിയിലേക്ക് കയറി.
മണ്ണുതേച്ച ചുമരായതുകൊണ്ടുതന്നെ തണുപ്പാണ് ഈ വീട്ടിലെ പ്രധാന താമസക്കാരന്‍. തൊടിയിലേക്കിറങ്ങാനായി ചെരുപ്പിടാന്‍ നോക്കിയപ്പോള്‍ നിറയെ അട്ടകള്‍. ചുണ്ണാമ്പുവെള്ളത്തില്‍ അട്ടകളെ കഴുകിമാറ്റി. നാലേക്കര്‍ വരുന്ന ഭൂമിയില്‍ ഒരുഭാഗത്ത് ചേന, ചേമ്പ്, കൂര്‍ക്ക, വാഴ, ഓറഞ്ച് എന്നിവ വിളയിച്ചിരിക്കുന്നു. പാടം ഉഴുതുമറിച്ചിട്ടിട്ടുണ്ട്. നടാനായി ഞാറ് പാകിയിരിക്കുന്നു. സ്ഥലത്തിന്റെ ഒരുഭാഗത്ത് നെല്ലും ചേമ്പും ചേനയുമെല്ലാം ഒരുമിച്ച് വളര്‍ത്തിയിരിക്കുന്നു. അത് വിളവെടുത്തിട്ടുമില്ല. മഴ കനത്തതോടെ വീട്ടിലേക്ക് തിരികെയെത്തി. ചുക്ക്, ജീരകം, മല്ലി, ശര്‍ക്കര എന്നിവയിട്ട് ചൂടാക്കിയ കഷായവുമായി മോഹനന്‍ മാഷ്. ''ഇതാണെന്റെ പാനീയം. ചായ ഒരിക്കലും കുടിക്കരുത്. ഏറ്റവും കൂടുതല്‍ കീടനാശിനി തളിച്ച മാരകവിഷമാണ് ചായപ്പൊടി'' അദ്ദേഹം പറഞ്ഞു. പുറത്ത് മഴ പെയ്തുകൊണ്ടിരിക്കുന്നു, 'ഹൊ എന്ത് മഴയായിത്!' മഴയെ കുറ്റപ്പെടുത്തിയത് സഹിക്കാത്തപോലെ മോഹനന്‍ മാഷ്. ''മഴ പെയ്യട്ടെ. അതിനെ പെയ്യാന്‍ അനുവദിക്കൂ. നമ്മള്‍ നമ്മളായി നില്‍ക്കൂ...''

കേരളം പ്രളയത്തിലായിരുന്നു കഴിഞ്ഞ കുറേനാള്‍ അറിഞ്ഞിരുന്നോ...

കാറ്റുകൊണ്ടുവരുന്ന റെയ്ഞ്ചില്‍ സുഹൃത്തുക്കളുടെ ചില മെസേജുകള്‍ കണ്ടിരുന്നു. ഞാനിത് വര്‍ഷങ്ങള്‍ക്കുമുന്നേ അറിഞ്ഞിരുന്നു, കേരളത്തില്‍ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന്. അത് വിളിച്ചുപറഞ്ഞിരുന്നു. കേരളജനത ഇപ്പോഴാണ് അത് അനുഭവിക്കുന്നത്. അവര്‍ എന്നും സുരക്ഷിതരാണെന്നാണ് കരുതിയിരുന്നത്. ദൈവത്തിന്റെ സ്വന്തം നാട്. ഇവിടെ ഒന്നും സംഭവിക്കില്ല. പ്രളയവും വരള്‍ച്ചയുമൊക്കെ ഉത്തരേന്ത്യയിലും വിദേശരാജ്യങ്ങളിലുംമാത്രമേ സംഭവിക്കുകയുള്ളൂ എന്നവര്‍ വിശ്വസിച്ചുപോന്നു.

വര്‍ഷങ്ങള്‍ക്കുമുമ്പ് 200ല്‍പ്പരം സ്ലൈഡുകളുമായി കേരളത്തിലാകമാനമുള്ള കോളേജുകളിലും സര്‍ക്കാര്‍സ്ഥാപനങ്ങളിലും പരിസ്ഥിതിചൂഷണത്തിനെതിരേ പ്രചാരണം നടത്തിയവരില്‍ ഒരാളാണ് ഞാന്‍. അന്ന് പരിസ്ഥിതിപ്രവര്‍ത്തകരോട് ജനങ്ങള്‍ക്ക് പുച്ഛമായിരുന്നു. 1987 നവംബര്‍ ഒന്നിന് കന്യാകുമാരിയില്‍നിന്ന് ആരംഭിച്ച 'പശ്ചിമഘട്ട രക്ഷായാത്ര'യിലെ ദക്ഷിണമേഖലായാത്രയുടെ കോഓര്‍ഡിനേറ്റര്‍ ഞാനായിരുന്നു. പശ്ചിമഘട്ടത്തെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ജനങ്ങളെ അറിയിക്കുകയായിരുന്നു ലക്ഷ്യം. '83 മുതല്‍ നാലുവര്‍ഷമാണ് ആ യാത്രയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചത്. ഒടുവില്‍ രക്ഷായാത്രനടത്തുമ്പോള്‍ അതിനെതിരേ ഒരുപാട് ദുഷ്പ്രചാരണങ്ങള്‍ നടത്തി പലരും. യാത്ര സുല്‍ത്താന്‍ ബത്തേരിയിലെത്തിയപ്പോള്‍ 'ഗോ ബാക്ക്' വിളികളുമായി ഒരുകൂട്ടം ആളുകള്‍ രംഗത്തെത്തി. ഇന്ന് ഉരുള്‍പൊട്ടലുണ്ടായി ഏറ്റവും നാശമുണ്ടായത് വയനാട്ടിലാണ്. അന്ന് ഗോ ബാക്ക് വിളിച്ചവര്‍ ഇന്ന് അറിയുന്നുണ്ടാവും ആ യാത്രയുടെ പ്രാധാന്യം.

ജൈവവൈവിധ്യമേഖലയായ പച്ചക്കാനം ഡൗണ്‍ ടൗണ്‍ എസ്റ്റേറ്റ് സംരക്ഷിക്കാന്‍ ഞാന്‍ മുന്നോട്ടുവെച്ച ഒരു വഴി അത് വാങ്ങുക എന്നതായിരുന്നു. ബി. സുജാതദേവി പ്രസിഡന്റും ഞാന്‍ സെക്രട്ടറിയുമായി ഒരു ട്രസ്റ്റ് രൂപവത്കരിച്ചു. മൂന്നുകോടി വരുന്ന കേരള ജനതയില്‍നിന്ന് ഒരു രൂപവീതം സംഭാവനയായി വാങ്ങി ആ സ്ഥലം വാങ്ങുക എന്നതായിരുന്നു ആശയം എന്നാല്‍, ആ സദുദ്ദേശ്യത്തെ മനസ്സിലാക്കാന്‍ കഴിവില്ലാതെ ഒരു പത്രം എഴുതിപ്പിടിപ്പിച്ചത് 'Ex Nexalate turning green with foreign fund'എന്നായിരുന്നു.

പ്രളയകാരണമായി കനത്തമഴയെയും അണക്കെട്ടുകളെയും പഴിക്കുന്നുണ്ട്...

അണക്കെട്ടിന്റെ നിര്‍മാണങ്ങള്‍ എന്നുതുടങ്ങുന്നോ അന്ന് വനനശീകരണവും ആരംഭിക്കുന്നു. അണക്കെട്ടുകള്‍ നിര്‍മിച്ചാല്‍ മാത്രം പോരാ അത് അറ്റകുറ്റപ്പണി നടത്തി യഥാവിധി സംരക്ഷിക്കുകയും വേണം. ഷട്ടറിന് ഗ്രീസ് ഇടലോ അത് തുറക്കലോ മാത്രമല്ല അണക്കെട്ടിന്റെ ചുമതലയുള്ള അധികൃതരുടെ ജോലി. അത് നിലകൊള്ളുന്ന പ്രദേശത്തിന്റെ സംരക്ഷണംകൂടി കരുതലോടെ നോക്കണം. കേരളത്തിലെ മിക്ക അണക്കെട്ടുകളിലെ റിസര്‍വോയറും പ്രദേശത്തെ മലയിടിഞ്ഞുവീണ് തൂര്‍ന്നിട്ടുണ്ട്. പ്രദേശത്തെ വനനശീകരണമാണ് ഉരുള്‍പൊട്ടലിന് കാരണമാകുന്നത്. മണ്ണിടിഞ്ഞുവീണ് തൂരുന്നത് അണക്കെട്ടിലെ ജലനിരപ്പ് ഉയരാന്‍ കാരണമാവും. വൃഷ്ടിപ്രദേശത്തെ മഴ അളക്കുന്നത് കാര്യക്ഷമമാക്കണം. വെറുതേ നേരമ്പോക്കിനുവേണ്ടി മഴയളക്കരുത്. മഴ അളക്കാനും അത് രേഖപ്പെടുത്താനും നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ അതിന്റെ ഗൗരവം വ്യക്തമായി മനസ്സിലാക്കിവേണം പ്രവര്‍ത്തിക്കാന്‍. മഴ അളക്കുന്നതിലെ അശ്രദ്ധ ഭാവിയില്‍ അപകടം വരുത്തും. വയല്‍ നികത്തിയത് വെള്ളപ്പൊക്കത്തിന് കാരണമായിട്ടുണ്ട്. വയലുണ്ടായിരുന്നെങ്കില്‍ കരകവിയുന്ന പുഴവെള്ളം വയലിലേക്കെത്തി പിന്നീട് പുഴയിലേക്കുതന്നെ തിരിച്ചിറങ്ങുമായിരുന്നു. പമ്പ, മണിമലയാര്‍ എന്നിവയുടെ തീരങ്ങളിലെ 16 ഏക്കറിലധികം വയല്‍ മണ്ണിട്ട് തൂര്‍ത്തത് ആ പ്രദേശങ്ങളിലെ വെള്ളപ്പൊക്കത്തിന് കാരണമായിട്ടുണ്ട്.

നേരം രാത്രിയായി. വീട്ടില്‍ ക്ലോക്കില്ലാത്തതിനാല്‍ സമയവും അറിഞ്ഞില്ല. ഇവിടേക്ക് വന്നുകയറിയിട്ട് അഞ്ചുമണിക്കൂര്‍ കഴിഞ്ഞു. റെയ്ഞ്ചില്ലാത്തതിനാല്‍ മൊബൈല്‍ ഫോണിന്റെ ശല്യമില്ല. സംസാരത്തിനിടയില്‍ പയറുതോരനും വെള്ളരിക്കക്കറിയും തവിടുമാറ്റാത്ത ചോറും മോഹന്‍മാഷ് റെഡിയാക്കി. ഞങ്ങളെ അത്താഴത്തിനായി ക്ഷണിച്ചു. അത്താഴശേഷവും സംസാരം തുടര്‍ന്നു..

ഇനി ഒരു പുതിയ കേരളത്തെ എങ്ങനെയാണ് കെട്ടിപ്പടുക്കുക

കേരളം ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. പ്രളയത്തില്‍ സര്‍വതും നശിച്ച ആളുകള്‍ ഇനി പണമുണ്ടാക്കിയാല്‍ ഒന്നാംനിലയില്‍ വെള്ളം കയറാത്തരീതിയില്‍ മൂന്നുനിലയുള്ള വീടുണ്ടാക്കാനാണ് ശ്രമിക്കുക. ആ ചിന്താഗതി മാറണം. പ്രളയവും ഭൂകമ്പവും സ്ഥിരമായുണ്ടാവുന്ന രാജ്യങ്ങളിലെ ജനങ്ങളും ഭരണകൂടങ്ങളും എങ്ങനെ അതിജീവിച്ചെന്ന് പഠിക്കണം. കേരളത്തെ കെട്ടിപ്പടുക്കാന്‍ ആഗോളതലത്തില്‍ മലയാളികളുടെ കൂട്ടായ്മ ഉണ്ടാക്കിയെടുക്കണം. അത് കേവലം പണം സ്വരൂപിക്കല്‍ മാത്രമാവരുത്. ആഗോളമലയാളികളുടെ സാങ്കേതികമികവും അറിവും മറ്റെല്ലാവിധത്തിലുള്ള കഴിവുകളും ഏകോപിപ്പിച്ചുവേണം ആ കൂട്ടായ്മയുണ്ടാക്കാന്‍. അത് കേരള പുനരുദ്ധാരണത്തിന് ഉപയോഗപ്പെടുത്തണം. ഇത്തവണ ഉരുള്‍പൊട്ടലുണ്ടായ സ്ഥലങ്ങളില്‍ ഒരു തരത്തിലുള്ള നിര്‍മാണപ്രവര്‍ത്തനവും അനുവദിക്കരുത്, അത് വ്യക്തികളുടെ സ്ഥലമായാല്‍പ്പോലും. അവരെ നിലവിലുണ്ടായിരുന്നതിനേക്കാള്‍ മികച്ച ജീവിതസാഹചര്യങ്ങളൊരുക്കി പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.

മികച്ച ജൈവകര്‍ഷകനുള്ള പുരസ്‌കാരം ലഭിച്ചല്ലോ...

അത് ഇവിടെയുള്ള 'ശോദ്ധ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി ലിമിറ്റഡ്' എന്നൊരു സൊസൈറ്റി നല്‍കിയ അവാര്‍ഡാണ്. അതില്‍ അംഗങ്ങളായ 1200 കര്‍ഷകരില്‍ മികച്ച രീതിയില്‍ ജൈവകൃഷിനടത്തുന്ന കര്‍ഷകനെന്നനിലയിലാണ് എനിക്ക് പുരസ്‌കാരം നല്‍കിയത്. പൂര്‍ണമായും ജൈവവളം ഉപയോഗിച്ചാണ് കൃഷി. വനമേഖലയായതുകൊണ്ടുതന്നെ മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ഭക്ഷിക്കാനായി ഞാന്‍ കൃഷിയിടത്തിന്റെ ഒരു ഭാഗം മാറ്റിവെച്ചിട്ടുണ്ട്. അതില്‍നിന്ന് ഞാന്‍ വിളവെടുക്കാറില്ല. അത് അവര്‍ക്കുള്ളതാണ്.

കേരളത്തിലെ പുതിയ പരിസ്ഥിതി പ്രവര്‍ത്തനത്തെക്കുറിച്ചുള്ള പ്രതീക്ഷ...

പുതിയ തലമുറയില്‍ ഞാന്‍ പ്രതീക്ഷയര്‍പ്പിക്കുന്നു. വിദ്യാര്‍ഥികളൊക്കെ മികച്ച പാരിസ്ഥിതിക ബോധമുള്ളവരാണ്. ആ ബോധം മായാതെ കാക്കണം. 'മാതൃഭൂമി'യുടെ 'സീഡ്' പദ്ധതിയെക്കുറിച്ച് കേട്ടിട്ടുണ്ട്. അത് ഭാവിക്ക് ഗുണംചെയ്യും. ഇനിയുള്ള രാഷ്ട്രീയം പരിസ്ഥിതിയുടെ രാഷ്ട്രീയമാകണം. പാരിസ്ഥിതികബോധമുള്ള ഭരണാധികാരികള്‍ വരണം. ഒരു സംസ്ഥാനത്ത് ചുവന്ന പൂക്കളുള്ള എല്ലാ മരങ്ങളും വെട്ടിമാറ്റും എന്ന തീരുമാനമെടുക്കാന്‍ കെല്പുള്ള ഭരണാധികാരികളാണ് ഇന്നുള്ളത്. അതുകൊണ്ടുതന്നെ പ്രകൃതിയുടെ, പരിസ്ഥിതിയുടെ രാഷ്ട്രീയമാണ് ഇനി രൂപപ്പെടുത്തേണ്ടത്. പ്രകൃതിയെക്കുറിച്ച് മികച്ച ബോധമുള്ള രാഷ്ട്രീയ നേതൃത്വം വരണം.

സമയം 11 മണിയായിക്കാണും. ക്ലോക്കോ വാച്ചോ ഇല്ലാതെ മോഹനന്‍മാഷ് പറഞ്ഞു. അവിടെ വാച്ചിന്റെമാത്രം ഉപയോഗമുള്ള മൊബൈല്‍ ഫോണില്‍ തൊട്ടപ്പോള്‍ സമയം 10.58. ഇനി ഉറങ്ങാം‚, പുലര്‍ച്ചെ മൂന്നുമുതല്‍ 5.30 വരെ എന്റെ ജപസമയമാണ്. മനുഷ്യരെക്കാള്‍ വിശേഷബുദ്ധി മൃഗങ്ങള്‍ക്കാണെന്ന് അക്കമിട്ട് തെളിയിക്കുന്ന സ്വാമി ശിവാനന്ദപരമഹംസരുടെ ഒരു ലേഖനം വായിപ്പിച്ചതിനുശേഷം പുല്‍പ്പായയില്‍ ഉറങ്ങാന്‍ കിടന്നു. രാത്രിയില്‍ കാട്ടില്‍നിന്ന് ഏതൊക്കെയോ മൃഗങ്ങളുടെ ഓരിയിടല്‍. പുറത്ത് ജീവന്റെ കാവലാളായ പുഴ ഉറങ്ങാതെ ഒഴുകുന്നു...

രാവിലെ ജനലിലൂടെ കോടമഞ്ഞ് വന്നുതൊട്ടപ്പോഴാണ് ഉണര്‍ന്നത്. അടുക്കളയില്‍ ചുവന്ന കുത്തരി അരച്ച മാവുകൊണ്ട് ദോശചുടുകയാണ് മോഹന്‍മാഷ്. ചെറുപയര്‍ അടുപ്പില്‍ കറിയായി രൂപാന്തരപ്പെടാനുള്ള ശ്രമത്തിലാണ്. പുഴയില്‍പ്പോയി കുളിച്ചു. ''ക്ഷമയെന്ന വാളും ധൈര്യമെന്ന പരിചയും മാത്രമാണ് ജീവിതത്തില്‍ അത്യാവശ്യമെന്ന് സ്വാമിജി പറഞ്ഞിട്ടുണ്ട്.

എനിക്ക് ഒരു മാധ്യമപ്രവര്‍ത്തകനെ കാണാനോ സംസാരിക്കാനോ ഒരു താത്പര്യവുമുണ്ടായിരുന്നില്ല. നിങ്ങളയച്ച ആ വാട്‌സാപ്പ് മെസേജിലെ മോഹനേട്ടാ എന്നവിളി എന്നെ സ്പര്‍ശിച്ചു. അതുകൊണ്ടുമാത്രമാണ് വന്നുകൊള്ളൂ എന്ന് പറഞ്ഞത്. ഏട്ടാ എന്ന വിളിക്ക് സാര്‍ എന്ന വിളിയേക്കാള്‍ നൈര്‍മല്യമുണ്ടെന്നറിഞ്ഞു. എന്റെ ഈ സംസാരം കേരളത്തിന്റെ പ്രകൃതിയേയോ അവിടത്തെ പരിസ്ഥിതി പ്രവര്‍ത്തകരേയോ ബാധിക്കരുത്. അവര്‍ അവരുടെ കര്‍മം തുടരട്ടെ....''

അദ്ദേഹത്തിന്റെ മധുരമുള്ള ഈ വാക്കുകള്‍ക്കൊപ്പം കഴിഞ്ഞവര്‍ഷം വിളവെടുത്ത ചേനയും അപ്പോള്‍ തൊടിയിലിറങ്ങി പറിച്ച പച്ചക്കായയും ചേര്‍ത്തുണ്ടാക്കിയ കറിയും കുത്തരിച്ചോറും കഴിച്ച് ഉച്ചയോടെ യാത്രപറഞ്ഞിറങ്ങുമ്പോള്‍ മഴ വഴികാട്ടിയായി പുറത്ത് വന്നുനിന്നു...

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram