കുഞ്ഞുങ്ങള്‍ വീടിന്റെ ഐശ്വര്യം ആണെന്നാണ് പറയാറ്. കുഞ്ഞുങ്ങളുടെ പൊട്ടിച്ചിരികളും കുഞ്ഞിക്കുറുമ്പുകളും വീടിനെ എപ്പോഴും സന്തോഷ ഭരിതമാക്കും. കഴിഞ്ഞ ആഴ്ച വീട്ടിലൊരു കുഞ്ഞിനെ നഷ്ടപ്പെട്ട വേദന മനസ്സില്‍ നിന്ന് മായാതെ നില്‍ക്കുമ്പോഴാണ് ഗോരഖ്പൂരിലെ കുഞ്ഞുങ്ങളുടെ മരണം വാര്‍ത്തയായെത്തിയത്.
മക്കളെ നഷ്ടപ്പെട്ട അമ്മമാരുടെ വേദന അറിഞ്ഞത്. ആശുപത്രി അധികൃതരുടെ അനാസ്ഥ ആയാലും സര്‍ക്കാരിന്റെ അനാസ്ഥയായാലും നഷ്ടം മാതാപിതാക്കള്‍ക്കു മാത്രമാണ്. ജീവന്‍ നഷ്ടപ്പെട്ട കുഞ്ഞു ശരീരം നെഞ്ചോട് ചേര്‍ത്ത് അമ്മമാര്‍ വിങ്ങുന്നത് ഹൃദയഭേദകമായിരുന്നു. ആംബുലന്‍സ് സൗകര്യം പോലും അവര്‍ക്ക് ലഭിച്ചില്ല. ബൈക്കിലും ഓട്ടോയിലും ഒക്കെയായി പിഞ്ചു കുഞ്ഞുങ്ങളുടെ ശരീരവുമായി വീടുകളിലേക്കു പോകുന്ന മാതാപിതാക്കളെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കാനാണ്. അവരുടെ പ്രതീക്ഷകളും സന്തോഷങ്ങളുമാണ് ആ ആശുപത്രി പരിസരത്ത് അവസാനിച്ചത്.
മരണകാരണം ഓക്സിജന്റെ അഭാവമായാലും ജപ്പാന്‍ ജ്വരമായാലും ഈ വലിയ ദുരന്തത്തിന്റെ ഉത്തരവാദിത്വം ആരെങ്കിലും ഏറ്റെടുത്തേ മതിയാകൂ. എന്തു തന്നെയായാലും ഒരു മെഡിക്കല്‍ കോളേജില്‍ അവശ്യം വേണ്ട ഓക്സിജന്‍ സിലിണ്ടറുകളുടെ അഭാവം ദുരന്തം വന്നപ്പോഴായിരുന്നില്ല ചര്‍ച്ച ചെയ്യേണ്ടിയിരുന്നത്. 'ഓക്സിജന്‍ സിലിണ്ടറുകളുടെ അഭാവം മാത്രമാണോ 74 പിഞ്ചു ജീവനുകളെടുത്തത്?' എന്നത് പ്രധാന ചോദ്യമാണ്. കുട്ടികള്‍ക്ക് വേണ്ടി മാത്രമുള്ള ആശുപത്രിയൊന്നുമായിരുന്നില്ല അത്, എങ്കിലും ഇത്രയും കുഞ്ഞുങ്ങള്‍ എങ്ങനെ മരണപ്പെട്ടു?
രോഗികള്‍ക്ക് കാണപ്പെട്ട ദൈവമാണ് ഡോക്ടര്‍മാര്‍. ഡോക്ടര്‍മാരുടെ മുന്നിലെത്തിയാല്‍ തങ്ങളുടെ രോഗം ഭേദമായി എന്നാണ് പലരുടെയും ചിന്ത. എന്നാല്‍ ദൈവപരിവേഷം പൂണ്ട ഇവര്‍ തന്നെ പലപ്പോഴും കൊലയാളികളാവുന്നതാണ് നാം കാണാറ്. രക്ഷിക്കേണ്ടതിനു പകരം കൈയൊഴിയുന്ന പല ഡോക്ടര്‍മാരെയും കാണാം. എന്നാല്‍ അവരില്‍ നിന്നു വ്യത്യസ്തനായാണ് ഗോരഖ്പുരിലെ ബാബ രാഘവ്ദാസ് ആശുപത്രിയിലെ ശിശുരോഗ വിദഗ്ധന്‍ ഡോ. കഫീല്‍ അഹമ്മദ് ഖാനെ രക്ഷപ്പെട്ട കുഞ്ഞുങ്ങളുടെ മാതാപിതാക്കള്‍ കാണുന്നത്. അദ്ദേഹം ഉണ്ടായിരുന്നതു കൊണ്ടു മാത്രമാണ് തങ്ങളുടെ മക്കളുടെ ജീവന്‍ നിലനില്‍ക്കുന്നത് എന്നാണ് അവര്‍ സാക്ഷ്യപ്പെടുത്തുന്നത്.
കഴിഞ്ഞ ആഴ്ച നാല് ആശുപത്രികള്‍ കൈയൊഴിഞ്ഞതു മൂലം ഏഴു മണിക്കൂര്‍ മരണത്തോട് മല്ലടിച്ച് ഒടുവില്‍ മരണത്തിന് കീഴടങ്ങിയ മുരുകനെ നാം കണ്ടു. വെന്റിലേറ്റര്‍ സൗകര്യമില്ലെന്ന് പറഞ്ഞ് ചികിത്സ നിഷേധിക്കുകയായിരുന്നു മുരുകന്. അദ്ദേഹം തമിഴന്‍ ആയതാണ് ചികിത്സ മുടക്കാന്‍ കാരണമെന്ന് പറയുന്നുണ്ട്. മുരുകനൊപ്പം ആരും ഉണ്ടായിരുന്നില്ല എന്നു മാത്രമല്ല സ്വദേശം തമിഴ്നാടും ആയിപ്പോയി. ആ യുവാവിന്റെ ജീവന്‍ നഷ്ടപ്പെടാന്‍ ഇതു മാത്രമാണ് കാരണം. ഏതെങ്കിലും ഒരു ഡോക്ടര്‍ മുരുകനെ ചികിത്സിക്കാന്‍ തയ്യാറായിരുന്നെങ്കില്‍ 'ഇനിയെന്ത്?' എന്ന ചോദ്യമുയര്‍ത്തി നില്‍ക്കുന്ന അനാഥമായ ഒരു കുടുംബത്തെ നമുക്ക് കാണേണ്ടി വരില്ലായിരുന്നു.
രണ്ടാം ലോക മഹായുദ്ധ കാലത്ത് ഹിറ്റ്‌ലറുടെ നാസി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ വിഷവാതകം കടത്തി വിട്ട് യെഹൂദന്മാരെ കൂട്ടക്കൊല ചെയ്തത് ചരിത്രമാണ്. ഇവിടെ പ്രാണവായു കിട്ടാതെ അമ്മമാരുടെ കണ്‍മുന്നില്‍ പിടഞ്ഞു മരിച്ചത് പിഞ്ചു കുഞ്ഞുങ്ങളാണ്. പ്രാണവായുവിനു വേണ്ടി മക്കള്‍ പിടിയുന്നത് കാണാനാകാതെ ആ അമ്മമാര്‍ എത്ര തവണ കണ്ണുപൊത്തിയിട്ടുണ്ടാകും. അവരുടെ തൊണ്ടപൊട്ടുമാറുള്ള നിലവിളിക്ക് ഒരു വേള ചെവി കൊടുത്തിരുന്നെങ്കില്‍, ഇത്രയും മാതാപിതാക്കള്‍ക്ക് കുഞ്ഞുങ്ങളെ നഷ്ടമാകില്ലായിരുന്നു.
മനുഷ്യ ജീവന്‍ കൊണ്ട് പന്താടുകയല്ല, എന്തു ചികിത്സ നല്‍കിയായാലും ആ ജീവന്‍ തിരിച്ചു പിടിക്കാനാണ് ഡോക്ടര്‍മാര്‍ ശ്രമിക്കേണ്ടത്. ആളുകള്‍ക്ക് ആശുപത്രിയിലെത്തിയാല്‍ എല്ലാം ശരിയാകും എന്ന ചിന്തയുണ്ട്. എന്നാല്‍ പലപ്പോഴും ഒന്നും ശരിയാകാതെ നഷ്ടങ്ങള്‍ ബാക്കിയാവുകയാണ് പതിവ്. സര്‍ക്കാര്‍ കൈ മലര്‍ത്തുമ്പോള്‍ നഷ്ടമായ 74 കുഞ്ഞു മാലാഖമാരുടെ ജീവന് ആര് സമാധാനം പറയും? തുടര്‍ച്ചയായി കുഞ്ഞു ജീവനുകള്‍ അവിടെ നഷ്ടപ്പെടുകയാണ്.
ഉത്തരവാദികളായവരെ സംരക്ഷിക്കാതെ അവരെ നിയമത്തിനു മുന്നില്‍ കൊണ്ടു വരണം. ഇനിയൊരു കൂട്ടക്കുരുതി ഉണ്ടാകരുത്. വേര്‍പാടുകള്‍ എന്നും വേദനയാണ്. ചേതനയറ്റ കുഞ്ഞുങ്ങളെ ചേര്‍ത്തു പിടിച്ച അമ്മമാരുടെ നിലവിളികള്‍ കാതില്‍ മുഴങ്ങുന്നു.