1967ല്‍ ബംഗാളില്‍ ഉദിച്ചസ്തമിച്ച ചുവന്ന ബോധ്യത്തിന്റെ പേരാണ് നക്‌സല്‍ബാരി. മെയ് 25-ന് കര്‍ഷക സമരത്തിന് നേരെ പോലീസ് നടത്തിയ നരനായാട്ടില്‍ കൊല്ലപ്പെട്ട ഒമ്പത് ആദിവാസി സ്ത്രീകളുടെയും രണ്ട് കുട്ടികളുടെയും രക്തസാക്ഷിത്വമാണ് രാജ്യം പിന്നീട് കണ്ട ചുവപ്പന്‍ ഇടനാഴിക്ക് വഴിവച്ചതെന്ന് പറയാം.
ജന്മി വാഴ്ച്ചയുടെ അടിച്ചമര്‍ത്തലിനെതിരെയും കൃഷി ഭൂമിക്കുവേണ്ടിയും രാജ്യമൊട്ടുക്ക് അസംഘടിതമായ ഒരു ജനതയെ തെരുവിലിറക്കാന്‍ സാധിച്ചു എന്നതാണ് 1967ന് ശേഷം കണ്ട സമാനതകളില്ലാത്ത വിസ്മയം. അരികുവത്കരിക്കപെട്ട ജനതയെ ഏറെക്കുറെ ചുവന്ന ധാരയിലേക്ക് കൊണ്ടുവരാന്‍ അന്നത്തെ വിപ്ലവകാരികളായ ചാരു മജുംതാറിനും കനു സന്യാലും പോലുള്ള സഖാക്കള്‍ക്ക് കഴിഞ്ഞിരുന്നു.
ഒരു ജനതയുടെ ജീവനുള്ള സ്വപ്നത്തിന്റെ പേരായിരുന്നു കനു സന്യാല്‍. ജീവിതത്തിന്റെ അവസാന മുദ്രാവാക്യവും ഉറക്കെ ബുര്‍ഷ്വ ഭരണകൂടത്തിന് നേരെ വിരല്‍ ചൂണ്ടി വിളിച്ച സഖാവ്. അതിതീവ്ര രോഗാവസ്ഥയില്‍ മണ്ണുകൊണ്ടുണ്ടാക്കിയ തന്റെ ഒറ്റമുറി കുടിലില്‍ രോഗം മൂര്‍ച്ഛിച്ച് വീണ സമയത്ത് അന്നത്തെ ബംഗാള്‍ ഗവണ്‍മെന്റ് എല്ലാ ഉത്തരവാദിത്തവും ഏറ്റെടുക്കാം എന്ന് പറഞ്ഞ് മുന്നോട്ട് വന്നപ്പോള്‍, അദ്ദേഹത്തിന്റെ സവിനയമുള്ള മറുപടി 'എന്റെ ജനതക്ക് ലഭ്യമല്ലാത്ത ഒരു ജീവിതസാധ്യതയും താന്‍ ആഗ്രഹിക്കുന്നില്ല' എന്നായിരുന്നു. ത്യാഗനിര്‍ഭരമായ വിപ്ലവാത്മക ജീവിതത്തിന്റെ മനുഷ്യവത്കരിക്കപ്പെട്ട, ബുദ്ധനോളം ആഴത്തില്‍ ഇന്ത്യയുടെ ആത്മാവില്‍ പതിഞ്ഞ മറ്റൊരു പേരാണ് കനു സന്യാല്‍.
വന്‍കിട ഭൂമാഫിയക്കും ബുര്‍ഷകള്‍ക്കും വേണ്ടി സിപിഎമ്മില്‍ ചില ശബ്ദങ്ങള്‍ ഉയരാന്‍ തുടങ്ങിയത് ഈ കാലഘട്ടത്തില്‍ ആയിരുന്നു. ഇതോടെയാണ് രാഷ്ട്രീയവത്കരിക്കപ്പെടാത്ത വലിയൊരു വിഭാഗം ആദിവാസി, കര്‍ഷക ജനത പാര്‍ട്ടിക്ക് എന്നെന്നേക്കുമായി അന്യമായത്. ഇത്തരത്തില്‍ ബൂര്‍ഷ്വാവത്കരണത്തിന് ഇരകളായിക്കൊണ്ടിരിക്കുന്ന നിലവിലെ കമ്യുണിസ്‌ററ് പാര്‍ട്ടികളോടുള്ള കടുത്ത വിയോജിപ്പും കൂടെയായപ്പോള്‍ ആ വികാരം കൂടുതല്‍ ചുവപ്പിലേക്ക് നീങ്ങാന്‍ മഹാഭൂരിപക്ഷം യുവാക്കളെയും കര്‍ഷക ജനതയെയും പ്രചോദിപ്പിച്ചു.
കേരളത്തില്‍ പോലും വലിയ സ്വധീനം ചെലുത്താന്‍ നക്‌സല്‍ബാരിക്ക് കഴിഞ്ഞിരുന്നു. കുന്നിക്കല്‍ നാരായണന്‍, അജിത തുടങ്ങി ഒട്ടേറെ മുന്‍നിര പോരാളികളെ അത് വാര്‍ത്തെടുത്തു. ജന്മിയും ഭരണകൂടവും അടിവസ്ത്രം പോലെ ഉപയോഗിച്ചിരുന്ന ഒരു ജനതക്ക് കാടുകളില്‍ പൂത്തുലഞ്ഞ സഖാവ് വര്‍ഗീസ് പുതുജീവനേകി. അവര്‍ക്ക് പ്രിയപ്പെട്ട അടിയൊരുടെ പെരുമനായിമാറി സഖാവ് മാറി. തങ്ങളുടെ നിലവിവിളിയും പ്രതിധ്വനിക്കപ്പെടുന്നുണ്ട് എന്ന ബോധ്യം മലയോര മേഖലയെ കൂടുതല്‍ ചുവപ്പിച്ചു. ബുര്‍ഷ്വാ മാടമ്പിമാരെ പോലെ ഭരണകൂടവും അനിയന്ത്രിതമായി പടര്‍ന്ന്‌കൊണ്ടിരിക്കുന്ന ഈ ശക്തിക്ക് മുന്നില്‍ പലപ്പോഴും നിശ്ചലമാകേണ്ടി വന്നു എന്നതും ചരിത്രം.
രാജനും വര്‍ഗീസും അസ്തമിച്ചുപോയ രണ്ട് ബിംബങ്ങളല്ല. മലയാളിയുടെ നെഞ്ചില്‍ ഇന്നും നീറുന്ന പ്രതീക്ഷയുടെ, പ്രത്യാശയുടെ വലിയ തുരുത്തുകള്‍ ഒരു ജനതക്ക് നല്‍കിയ കാലത്തിന്റെ നീതിബോധമായിരുന്നു അവര്‍. നക്‌സല്‍ ബാരിക്ക് ശേഷം 51 വര്‍ഷങ്ങള്‍ക്കിപ്പുറവും രക്തസാക്ഷി സ്മാരകങ്ങള്‍ക്ക് മുന്നില്‍ വഴിയറിയാതെ നില്‍ക്കുന്ന, ഭൂരഹിത കര്‍ഷക ജനതയുണ്ട് എന്നതാണ് യാഥാര്‍ഥ്യം. അത് തന്നെയാണ് ഉദിച്ചസ്തമിച്ചതോ നിറം മങ്ങിപോയതോ ആയ വിസ്മയമായിരുന്നു നക്‌സല്‍ ബാരി എന്ന ചിന്തയുടെ ഉറവിടം. നക്‌സലിസത്തെ കുറിച്ചോര്‍ത്ത് രോഷം കൊള്ളുന്നവര്‍ ആരും തന്നെ അവര്‍ പറഞ്ഞ ജനതയെക്കുറിച്ച് ഓര്‍ക്കാനേ ഇഷ്ടപ്പെടാത്തവരായിരുന്നു.