നല്ല മരുമകളാവാന്‍ പരിശീലന കോഴ്‌സോ? കേട്ടാല്‍ വിചിത്രമെന്ന് തോന്നുമെങ്കിലും മൂന്നുമാസത്തെ കോഴ്‌സിലൂടെ പെണ്‍കുട്ടികളെ നല്ല മരുമകളാക്കാന്‍ പഠിപ്പിക്കുമെന്നാണ് വാരണാസിയിലെ ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ വാദം. വിവാഹത്തിന് ഒരുങ്ങുന്ന പെണ്‍കുട്ടികളെയും അവരുടെ മാതാപിതാക്കളെയും ലക്ഷ്യം വെച്ചാണ് വിചിത്രമായ കോഴ്‌സുമായി യങ് സ്‌കില്‍ഡ് ഇന്ത്യ എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനി രംഗത്തുവന്നിരിക്കുന്നത്. അതേസമയം നല്ല മരുമകനാവാൻ കോഴ്സ് നൽകുന്നില്ലേ എന്ന ചോദ്യമാണ് വിഷയത്തിൽ വിമർശകർ ഉന്നയിക്കുന്നത്. പെൺകുട്ടികളെ നല്ല മരുമക്കളാവാൻ വ്യഗ്രഥപ്പെടുന്ന മാതാപിതാക്കൾ ആൺകുട്ടികളെ നല്ല മരുമക്കളാക്കാൻ ശ്രമിക്കാത്തതെന്തെന്നും അവർ ചോദിക്കുന്നു.
വിവാഹത്തിന് തയ്യാറെടുക്കുന്ന പെണ്‍കുട്ടികളെ മൂന്നുമാസത്തെ പരിശീലനപരിപാടിയിലൂടെ 'മികച്ച മരുമകളായി' വാര്‍ത്തെടുക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. 'എന്റെ മകള്‍, എന്റെ അഭിമാനം' എന്ന് പേരിട്ടിരിക്കുന്ന ഈ ക്രാഷ് കോഴ്‌സിന് ഇപ്പോള്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നതുെന്നും കമ്പനി അധികൃതര്‍ പറയുന്നു.
മാതാപിതാക്കള്‍ക്കിടയിലും പെണ്‍കുട്ടികള്‍ക്കിടയിലും നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് യങ് സ്‌കില്‍ഡ് ഇന്ത്യ എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനി ഈ പരിശീലനപരിപാടി ആരംഭിക്കുന്നത്. സ്റ്റാര്‍ട്ടപ്പ് കമ്പനിയും കാശിയിലെ വനിതാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനും ചേര്‍ന്ന് നടത്തിയ സര്‍വേയില്‍ പങ്കെടുത്ത മാതാപിതാക്കളില്‍ ഭൂരിഭാഗവും ഇത്തരത്തില്‍ ഒരു പരിശീലനം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. സര്‍വേയില്‍ പങ്കെടുത്ത പെണ്‍കുട്ടികളില്‍ 75 ശതമാനവും വിവാഹജീവിതത്തില്‍ ആത്മവിശ്വാസക്കുറവ് പ്രകടിപ്പിക്കുകയും ചെയ്തു. ഇതേതുടര്‍ന്നാണ് യങ് സ്‌കില്‍ഡ് ഇന്ത്യ മുന്‍കൈയെടുത്ത് മൂന്നുമാസത്തെ പരിശീലനപരിപാടിക്ക് തുടക്കം കുറിക്കുന്നത്.
ആശയവിനിമയത്തിനുള്ള കഴിവ്, മറ്റുള്ളവരുമായി എങ്ങനെ ഇടപെടണം, പ്രശ്‌നപരിഹാരങ്ങള്‍, സമ്മര്‍ദ്ദവും ഉത്കണഠയും എങ്ങനെ നേരിടണം, വസ്ത്രധാരണം, സോഷ്യല്‍ മീഡിയ ഉപയോഗം തുടങ്ങി വിവിധ വിഷയങ്ങളിലാണ് പെണ്‍കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നത്.
വിവാഹജീവിതത്തിലേക്ക് കാലെടുത്ത് വയ്ക്കുന്നവരെ ഏതു പ്രതിസന്ധിഘട്ടവും നേരിടാന്‍ പ്രാപ്തരാക്കുകയും, അവരെ ഒരു നല്ലമരുമകളായി വാര്‍ത്തെടുക്കുകയുമാണ് പരിശീലനപരിപാടിയുടെ ലക്ഷ്യമെന്ന് യങ് സ്‌കില്‍ഡ് ഇന്ത്യ സി.ഇ.ഒ നീരജ് ശ്രീവാസ്തവ പറഞ്ഞു.
മാതാപിതാക്കളില്‍നിന്നും പെണ്‍കുട്ടികളില്‍ നിന്നും നിരവധി അപേക്ഷകള്‍ ലഭിച്ചതിനാല്‍ അഭിമുഖം നടത്തിയതിന് ശേഷം മാത്രമേ ആദ്യ ബാച്ചിലേക്കുള്ള പെണ്‍കുട്ടികളെ തിരഞ്ഞെടുക്കുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനി ഇത്തരത്തിലുള്ള പരിശീലനപരിപാടികള്‍ സംഘടിപ്പിക്കുന്നതിനെതിരെയും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. സര്‍ക്കാരിന്റെ സ്റ്റാര്‍ട്ടപ്പ് ലക്ഷ്യങ്ങള്‍ക്ക് വിരുദ്ധമായാണ് യങ് സ്‌കില്‍ഡ് ഇന്ത്യയുടെ പരിശീലനപരിപാടിയെന്നാണ് വിമര്‍ശനം ഉന്നയിക്കുന്നവരുടെ വാദം.