മാലിന്യത്തെ തൊട്ടുരുമ്മി കഴിഞ്ഞ നാളുകളിനി ഭൂതകാലം മാത്രം, കല്ലുത്താൻകടവുകാര്‍ ഫ്‌ളാറ്റിലേക്ക്


കെ.പി നിജീഷ്കുമാർ

കല്ലുത്താന്‍കടവിലെ 89 നിവാസികളും മുതലക്കുളം റോഡ് നവീകരണത്തിന്റെ ഭാഗമായി മാറ്റിപ്പാര്‍പ്പിച്ച 14 കുടുംബങ്ങളുമാണ് ഫ്‌ളാറ്റിന്റെ സുരക്ഷിതത്വത്തിലേക്ക് മാറുന്നത്. മാതൃകാപരമായ മുന്‍കൈയെന്ന് ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി

കോഴിക്കോട് കല്ലുത്താന്‍കടവ് കോളനിക്കാര്‍ക്ക് പുതുതായി കോര്‍പ്പറേഷന്‍ നിര്‍മ്മിച്ചുനല്‍കിയ കല്ലുത്താന്‍ കടവ് ഫ്‌ളാറ്റ് സമുച്ചയം
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: സാജന്‍ വി. നമ്പ്യാര്‍.
കോഴിക്കോട്: ചെളിവെള്ളം ഊറ്റിക്കുടിച്ച് ദാഹമകറ്റി, മാലിന്യ കൂമ്പാരത്തെ തൊട്ടുരുമ്മിയുറങ്ങി നാല് പതിറ്റാണ്ടിലേറെ ദുരിത ജീവിതം നയിച്ച കോഴിക്കോട് കല്ലുത്താംകടവ് കോളനിക്കാരുടെ ഫ്‌ളാറ്റെന്ന സ്വപ്നം യാഥാര്‍ഥ്യമായി. ബി.ഒ.ടി അടിസ്ഥാനത്തില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ മുന്‍കൈയ്യെടുത്ത് നിര്‍മിച്ച ഫ്‌ളാറ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനം മുഖ്യമന്തി പിണറായി വിജയന്‍ നിര്‍വഹിച്ചു.

സംസ്ഥാനം വലിയ സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന സമയത്ത് ഇത്രയും വലിയ ഫ്‌ളാറ്റിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ കൈക്കൊണ്ട നടപടി മാതൃകാപരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്ത് പറഞ്ഞു. നാടിന് ഗുണപ്രദമാവും വിധം സ്വകാര്യ സംരഭകരെ സ്വീകരിച്ചാല്‍ വിജയിക്കും എന്നതിന്റെ ഉദാഹരണം കൂടിയാണ് കല്ലുത്താന്‍കടവ് പദ്ധതി. കാഡ്‌കോ എന്ന സ്വകാര്യ സംരഭകരാണ് എട്ട് നിലകളുള്ള ഫ്‌ളാറ്റ് സമുച്ചയത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഇതിലൂടെ വീടില്ലാത്ത നിരവധി പാവങ്ങളുടെ സ്വപ്നമാണ് യാഥാര്‍ഥ്യമായിരിക്കുന്നത്.

കല്ലുത്താൻ കടവ് കോളനിക്കാർക്കായി കോർപ്പറേഷൻ നിർമ്മിച്ചു നൽകിയ
ഫ്ലാറ്റ് സമുച്ചയത്തിന്റെ ആകാശ ദൃശ്യം. ഫോട്ടോ: ഫോട്ടോ കെ.കെ. സന്തോഷ്
കോഴിക്കോട്ടെ പഴം പച്ചക്കറി മാര്‍ക്കറ്റായ പാളയം കൂടി കല്ലുത്താന്‍ കടവിലേക്ക് മാറ്റാനാണ് നഗരസഭ ഉദ്ദേശിച്ചിരിക്കുന്നത്. അങ്ങനെയാവുമ്പോള്‍ കോഴിക്കോടിന്റെ മുഖച്ചായ മാറ്റുന്ന പദ്ധതിയായി കല്ലുത്താൻകടവ് മാറുമെന്നും മുഖ്യമന്ത്രി പറഞു. എല്ലാ ആധുനിക സൗകര്യത്തോടും കൂടിയ ഫ്‌ളാറ്റിന്റെ ആദ്യ താക്കോല്‍ താമസക്കാരി സരോജിനി ഗോപിനാഥിന് നല്‍കിയാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. കല്ലുത്താന്‍കടവിലെ 89 നിവാസികളും മുതലക്കുളം റോഡ് നവീകരണത്തിന്റെ ഭാഗമായി മാറ്റിപ്പാര്‍പ്പിച്ച 14 കുടുംബങ്ങളുമാണ് ഫ്‌ളാറ്റിന്റെ സുരക്ഷിതത്വത്തിലേക്ക് മാറുന്നത്.

കോളനി പൊളിച്ചുമാറ്റുന്ന സ്ഥലത്ത് ആധുനിക രീതിയിലുള്ള മാര്‍ക്കറ്റ് സമുച്ചയം നിര്‍മ്മിച്ച് പാളയം മാര്‍ക്കറ്റ് ഇവിടേക്ക് മാറ്റാനാണ് കോര്‍പറേഷന്‍ ഉദ്ദേശിക്കുന്നത്. മാര്‍ക്കറ്റ് കോംപ്ലക്‌സിന്റെ ശിലാസ്ഥാപനം മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ കോര്‍പ്പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ സ്വാഗതം പറഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ അധ്യക്ഷനായി. കോഴിക്കോട് എം.പി എം.കെ രാഘവന്‍, ഡെ. മേയര്‍ മീര ദര്‍ശക് എം.എല്‍.എമാരായ വി.കെ.സി മമ്മദ് കോയ, എ പ്രദീപ് കുമാര്‍ എന്നിവരും പങ്കെടുത്തു.

content highlights: Kalluthankadavu families get new flat

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram