കേരളത്തില്‍ മതത്തിന്റെ പേരില്‍ പൊരിഞ്ഞ അടി തുടരുകയാണല്ലോ. അതിനിടെ പലരും മതസൗഹാര്‍ദ്ദ കഥകള്‍ പങ്കുവയ്ക്കുന്നുമുണ്ട്. കേരളത്തില്‍ വളര്‍ന്ന ഏതൊരാളെയും പോലെ എനിക്കുമുണ്ട് അത്തരം കഥകള്‍ ഒരുപാട്.
ചെറുപ്പത്തില്‍ ഞങ്ങളുടെ അയല്‍വാസികളായ ഒരു ഹിന്ദു കുടുംബത്തിന് എല്ലാ മലയാള മാസവും ഒന്നാംതീയതി രാവിലെ കണികാണുന്നതില്‍ വലിയ വിശ്വാസമായിരുന്നു. ആ ചേച്ചിയെ ആരോ തെറ്റിദ്ധരിപ്പിച്ചു ഈയുള്ളവന് ഭയങ്കര ഐശ്വര്യം ആണെന്ന്. എല്ലാ മാസവും ഒന്നാം തീയതി രാവിലെ കണികാണാന്‍ പാകത്തിന് ഞാന്‍ ആ വീട്ടില്‍ ചെല്ലുന്നത് ഒരു ആചാരമായി. നസ്രാണി ആയ, കണിയിലും ശകുനത്തിലും വിശ്വാസമില്ലാത്ത എന്റെ അമ്മയ്ക്ക് നിര്‍ബന്ധമായിരുന്നു ഞാന്‍ രാവിലെ കുളിച്ചൊരുങ്ങി വേണം ഈ പരിപാടിക്ക് പോകാന്‍ എന്ന്. നല്ല പലഹാരം ഒക്കെ കിട്ടുന്നതുകൊണ്ട് ഈ ആചാരം സംരക്ഷിക്കാന്‍ എനിക്കും സന്തോഷം. ഞാന്‍ നാടുവിടുന്നത് വരെ ഈ പരിപാടി തുടര്‍ന്നു. പിന്നീട് ചേച്ചിയും കുടുംബവും അവിടെനിന്ന് വീടുവിറ്റ് പോയി. വിറ്റ വീടിനും സ്ഥലത്തിനും നല്ല വിലകിട്ടിയെന്നും, അവരിപ്പോള്‍ വളരെ നല്ല നിലയിലാണെന്നും, എല്ലാം എന്റെ ഐശ്വര്യം കാരണമാണെന്നും ഞാന്‍ ഇടക്കിടക്ക് തള്ളാറുണ്ട്.
പറയാന്‍ വന്ന കഥ ഇതല്ല. ഈ കഥ നടക്കുന്നത് കഴിഞ്ഞ വര്‍ഷം ടാന്‍സാനിയയിലെ കിളിമഞ്ചാരോ പര്‍വ്വതത്തിലാണ്.
കഴിഞ്ഞ വര്‍ഷം എനിക്ക് പെട്ടെന്നൊരു പൂതി, കിളിമഞ്ചാരോ പര്‍വതത്തിന്റെ മണ്ടക്ക് വലിഞ്ഞു കയറണം. ആഫ്രിക്കയിലെ ഏറ്റവും പൊക്കമുള്ള പര്‍വ്വതമാണ്. ഏഴു ദിവസമെടുക്കും നടന്നു മുകളില്‍ എത്താനും തിരിച്ചു താഴെ വരാനും. കൂട്ടുകാര്‍ക്കാര്‍ക്കും തലക്ക് ഓളം ഇല്ലാത്തതുകൊണ്ട് ഒറ്റക്കാണ് സാഹസത്തിന് ഇറങ്ങിത്തിരിച്ചത്.
ഏതായാലും ഒരു ഗൈഡ് കമ്പനിയുടെ സേവനം ബുക്കുചെയ്ത് ടാന്‍സാനിയ്ക്ക് വച്ചുപിടിച്ചു. അവിടെ ചെന്നപ്പോള്‍ ഞങ്ങള്‍ ഏഴു പേരുള്ള ഒരു ഗ്രൂപ്പാണ്. ഒരു ബോട്‌സ്വാനകാരി, കുറെ അമേരിക്കക്കാര്‍, പിന്നെ ഞാന്‍.
യാത്ര തുടങ്ങി. ഓരോ ദിവസവും മണിക്കൂറുകള്‍ നീളുന്ന നടപ്പാണ്, രാത്രി ടെന്റ് അടിച്ച് ഉറക്കം. ഒന്നോ രണ്ടോ ദിവസം കഴിഞ്ഞപ്പോള്‍ നടപ്പ് വിരസമായിത്തുടങ്ങി. വഴിനീളെ നല്ല പ്രകൃതിഭംഗി ഉണ്ട്. പക്ഷെ കുറെ നടന്നുകഴിയുമ്പോള്‍ എത്രയും വേഗം ടെന്റില്‍ എത്തിയാല്‍ മതിയെന്നാവും. മുകളിലേക്ക് പോകുന്തോറും ഓക്‌സിജന്‍ കുറഞ്ഞു. ശ്വസിക്കാന്‍ തന്നെ ബുദ്ധിമുട്ടുള്ള സാഹചര്യം. അതിനാല്‍ ആര്‍ക്കും സംഭാഷണത്തില്‍ വലിയ താല്‍പ്പര്യമില്ല.
'എന്റെ ഐഡിയ ആയിപ്പോയി.....അല്ലെങ്കില്‍...'
ഒരു ദിവസം നടത്തത്തിനിടെ വെറുതെ ഞാന്‍ മൂളി, 'കരിമല കയറ്റം കഠിനമെന്നയ്യപ്പോ...'
പെട്ടെന്നൊരു ഐഡിയ-ഒരു വായ്ത്താരി ഇട്ടാല്‍ വിരസത മാറ്റാം. ഞാനീ കാര്യം കൂടെയുള്ളവരോട് പറഞ്ഞു. എല്ലാവര്‍ക്കും സംഭവം ഇഷ്ടപ്പെട്ടു. 'കല്ലും മുള്ളും കാലുക്ക് മെത്തൈ...' ഞാന്‍ വിളിക്കും. 'ശരണമയ്യപ്പാ' എന്ന് ഏറ്റു വിളിക്കണം എന്ന് മറ്റുള്ളവരെ ചട്ടംകെട്ടി. നല്ല രസം. ശരണം വിളിച്ച് ഓളംവെച്ച് കിളിമഞ്ചാരോയുടെ മുകളിലേക്ക്.
അവസാന ദിവസം യാത്ര തുടങ്ങുന്നത് രാത്രി പത്തുമണിക്കാണ്. രാവിലെ ആറു മണിയോടെ മുകളില്‍ എത്തി സൂര്യോദയം കാണാനാണ് പരിപാടി. ഇരുട്ടത്തു വീഴാതെ സൂക്ഷിക്കണം, കയ്യിലുണ്ടായിരുന്ന വെള്ളം ഐസായിപ്പോയ തണുപ്പ്. ഓക്‌സിജന്‍ തീരെ കുറവ്. ഓരോ ചുവടും വളരെ ബുദ്ധിമുട്ടാണ്. സംസാരിക്കാനോ വായ്ത്താരിയിടാനോ ഉള്ള ഊര്‍ജം ആര്‍ക്കും ബാക്കിയില്ല. വെളുപ്പിന് ഏതോ സമയത്ത് ഗൈഡ് പറഞ്ഞു ഒരു അഞ്ച് മിനിറ്റ് വിശ്രമിക്കാം എന്ന്.
അഞ്ചു മിനിറ്റ് വിശ്രമം കഴിഞ്ഞ് കൈ കുത്തി എഴുന്നേറ്റ വഴി ഒന്നും ഓര്‍ക്കാതെ ഞാന്‍ വിളിച്ചു പറഞ്ഞു 'പൊന്നും കുരിശു മുത്തപ്പോ പൊന്മല കേറ്റം'. ഞാന്‍ 'പൊന്നും കുരിശു മുത്തപ്പോ' എന്ന് പറഞ്ഞു നിര്‍ത്തിയതും കൂട്ടത്തിലെ ബോട്‌സ്വാനക്കാരിയുടെ മറുപടി വന്നു- 'ശരണമയ്യപ്പോ'.
ബോട്‌സ്വാനയിലൊക്കെ എന്താ മതസൗഹാര്‍ദ്ദം!
(ലേഖകന്‍ സ്വിറ്റ്‌സ്വര്‍ലന്‍ഡില്‍ വക്കീലായി ജോലി ചെയ്യുന്നു. അഭിപ്രായങ്ങള്‍ വ്യക്തിപരം)