2013 മാര്‍ച്ച് എട്ട് - തൊടുപുഴയിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് അന്ന് തിരക്കുള്ള ദിവസമായിരുന്നു. അണക്കെട്ടുകളിലെ ചോര്‍ച്ച പരിശോധിക്കാനും വിലയിരുത്താനും ഡാം സുരക്ഷ അതോറിറ്റി ചെയര്‍മാനും ഉന്നത ഉദ്യോഗസ്ഥരും എത്തുന്നു. അണക്കെട്ടുകള്‍ സംബന്ധിച്ച ചെറിയ കാര്യങ്ങള്‍ പോലും എപ്പോഴും വലിയ വാര്‍ത്തയാണ്. ദൃശ്യമാധ്യമങ്ങള്‍ ഇത്തരം വാര്‍ത്തകള്‍ക്ക് നല്ല പ്രാധാന്യവും നല്‍കി വരുന്നുണ്ട്.
ഉന്നത ഉദ്യോഗസ്ഥ സംഘത്തിനൊപ്പം മുഴുവന്‍ മാധ്യമപ്രവര്‍ത്തകരും തൊടുപുഴയില്‍ നിന്ന് പുറപ്പെട്ടു. ഡാം സുരക്ഷ അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായരും ഇരുപത്തിയഞ്ചോളം വരുന്ന ഉന്നത ഉദ്യോഗസ്ഥരും അടങ്ങുന്നതാണ് സംഘം. കുത്തുങ്കല്‍ ഡാമിലേക്കാണ് ആദ്യം പോയത്. കുറച്ചുകൂടി വലിയ ചോര്‍ച്ച അവിടെയാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഒരു മണിക്കൂര്‍ നേരമെടുത്ത് സംഘം ചോര്‍ച്ച വിശദമായി പരിശോധിച്ചു. ഉച്ചയോടെ ലോവര്‍ പെരിയാര്‍ പാംബ്ലെ ഡാമിലെത്തി. അണക്കെട്ടിന്റെ താഴത്തെ ഭാഗം പരിശോധിച്ചു. ഷട്ടര്‍ ഉയര്‍ത്തുന്നതും താഴ്ത്തുന്നതും പരിശോധിച്ച് ബോധ്യപ്പെടണമെങ്കില്‍ മുകള്‍ ഭാഗത്ത് എത്തണം. ഒരു വശത്തായി സ്ഥിതി ചെയ്യുന്ന ഗോവണിയിലൂടെ സംഘാംഗങ്ങള്‍ ഓരോരുത്തരായി മുകളിലേക്ക് കയറി. ഇത് അതീവ സുരക്ഷാ പ്രാധാന്യമുള്ള മേഖലയാണെന്നും ദൃശ്യമാധ്യമങ്ങള്‍ ഈ സ്ഥലം ക്യാമറയില്‍ പകര്‍ത്തരുതെന്ന് ഡാം സുരക്ഷ അതോറിറ്റി നിഷ്‌കര്‍ഷിച്ചു. മാധ്യമപ്രവര്‍ത്തകര്‍ താഴെ നിന്നാല്‍ മതിയെന്നും നിര്‍ദ്ദേശിച്ചു. അങ്ങനെയെങ്കില്‍ അങ്ങനെ എന്ന മട്ടില്‍ മാധ്യമപ്രവര്‍ത്തകര്‍ അണക്കെട്ടിന്റെ താഴെ ഭാഗത്ത് വെറുതെ ചുറ്റിക്കറങ്ങി നടന്നു.
അണക്കെട്ടിന്റെ സൗന്ദര്യവും വെള്ളത്തിന്റെ ഒഴുക്കും ആസ്വദിച്ച് മാധ്യമപ്രവര്‍ത്തകര്‍ സൊറ പറഞ്ഞിരിക്കുന്നതിനിടയിലാണ് രണ്ടു സ്ത്രീകളുടെ നിലവിളി കേട്ടത്. ശബ്ദം കേള്‍ക്കുന്നത് അണക്കെട്ടിന്റെ മുകള്‍ ഭാഗത്ത് നിന്നാണ്. 'അയ്യോ...അമ്മേ....എനിക്ക് വയ്യേ...' എന്നൊക്കെ ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ട് ഗോവണിയിലൂടെ താഴേക്ക് ഓടിയിറങ്ങാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥകളെയാണ് പിന്നീട് കണ്ടത്. മുടിയാകെ അഴിച്ചിട്ട്, തലയിലും ദേഹത്തും കൈകൊണ്ട് തട്ടിയും ഉലഞ്ഞുവീഴുന്ന വസ്ത്രങ്ങള്‍ വാരിപ്പിടിച്ചുമാണ് ഉദ്യോഗസ്ഥകളുടെ താഴോട്ടിറക്കം.
സത്രീശബ്ദത്തേയും കവച്ചുവയ്ക്കുന്ന പുരുഷകേസരികളുടെ ദീനവിലാപം തൊട്ടുപുറകെയെത്തി. ഗോവണിയിലൂടെ ഇറങ്ങാന്‍ പറ്റിയില്ലെങ്കില്‍ താഴേക്ക് എടുത്തു ചാടും എന്ന മട്ടിലായിരുന്നു അവരുടെ പങ്കപ്പാട്. ചിലര്‍ ഷര്‍ട്ട് വലിച്ചൂരാന്‍ ശ്രമിക്കുന്നു. മറ്റു ചിലര്‍ തല ഷര്‍ട്ടിനുള്ളില്‍ തിരുകാന്‍ ശ്രമിക്കുന്നു. സംഗതി പന്തിയല്ല എന്ന് ഒറ്റ നോട്ടത്തില്‍ തന്നെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ബോധ്യപ്പെട്ടെങ്കിലും എന്താണ് സംഭവിച്ചതെന്ന് മനസിലായില്ല. അത് മനസിലാക്കി തന്നത് കൊടുങ്കാറ്റ് പോലെയുള്ള ആ വരവായിരുന്നു. ഗോവണിയിറങ്ങി വരുന്ന ഉദ്യോഗസ്ഥരെ മറികടന്നുകൊണ്ട് പെരുംതേനീച്ചക്കൂട്ടം ഇരമ്പിയടുത്തു. കറുത്ത പാറക്കെട്ട് പാറി വരുന്നതുപോലെ ലക്ഷക്കണക്കിന് ഈച്ചകള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കുതിച്ചു. തേനീച്ചകളുടെ ഇരമ്പലില്‍ കാതടച്ചു. അടിയുടെ ഇടിയുടെ വെടിയുടെ മുന്നില്‍ അടിപതറാതെ നില്‍ക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ ജീവനും കൊണ്ട് ഓടി.
ഇരുപത്തിനാല് മണിക്കൂറും ഓഫീസില്‍ ഇരിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരെക്കാളും ഓടാന്‍ മിടുക്കര്‍ മാധ്യമ പ്രവര്‍ത്തകരായിരുന്നു. റിപ്പോര്‍ട്ടറും ക്യാമറാമാനും കാറിന്റെ ഡ്രൈവറും ഞാന്‍ മുന്‍പേ....ഞാന്‍ മുന്‍പേ എന്ന മട്ടില്‍ ജീവന്‍ രക്ഷിച്ചു. മാതൃഭൂമി ന്യൂസ് പ്രതിനിധി ജീവ് ടോം മാത്യുവും ക്യാമറമാന്‍ ജോജോയും കൂട്ടത്തിലുണ്ടായിരുന്നു. ജസ്റ്റിസ് രാമചന്ദ്രന്‍ നായരടക്കമുള്ള സംഘം എങ്ങനെയെല്ലാമോ ഓടി അവരുടെ കാറിനടുത്തെത്തി. കാറിനുള്ളില്‍ കയറിയാല്‍ തേനീച്ചയുടെ കുത്തില്‍ നിന്ന് രക്ഷപ്പെടാമല്ലോ. ഇപ്പോള്‍ത്തന്നെ ആവശ്യത്തിലധികം കുത്തേറ്റിട്ടുണ്ട്. മുഖത്തും തലയ്ക്കും കൈയ്ക്കും കുത്തേറ്റു. ശരീരമാകെ നീറുന്ന വേദനയാണ്. മുടിയിഴകളിലും ചെവിയുടെ ഭാഗത്തും ഈച്ചകള്‍ പറ്റി നില്‍ക്കുന്നുണ്ട്. കൂടുതല്‍ തേനീച്ചകള്‍ പറന്നെത്തുകയും ചുറ്റും വട്ടമിട്ട് പറക്കുകയുമാണ്. വല്ലാത്ത അസ്വസ്ഥത. ചിലര്‍ കുഴഞ്ഞുവീഴാന്‍ തുടങ്ങി. എങ്ങനെയെങ്കിലും സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയേ മാര്‍ഗ്ഗമുള്ളൂ. ചുരുങ്ങിയ പക്ഷം കാറില്‍ സുരക്ഷിതമായി ഇരിക്കുകയെങ്കിലും വേണം. ഭാഗ്യം കാറിനടുത്ത് എത്തിയല്ലോ എന്ന ആശ്വാസത്തോടെ ഉദ്യോസ്ഥര്‍ ഡോര്‍ വലിച്ചു - തുറക്കുന്നില്ല. ഡോറില്‍ വിരലമര്‍ത്തി ഒന്നു കൂടി വലിച്ചു - ഇല്ല തുറക്കുന്നില്ല. ഡ്രൈവറെ നോക്കിയിട്ട് ആ ഭാഗത്ത് എവിടേയും കാണാനുമില്ല. തേനീച്ചകളുടെ കുത്തേറ്റ് അയാളും ഓടിയിട്ടുണ്ടാകും. കാറിന് ചുറ്റും ഓടി എല്ലാ ഡോറും വലിച്ചു നോക്കി - ഒരു രക്ഷയുമില്ല, ഡോര്‍ ലോക്കാണ്. ഡ്രൈവറോടുള്ള അരിശം മനസില്‍ ഇരച്ചുകയറി. ദയാദാക്ഷിണ്യമില്ലാത്ത തേനീച്ചകളുടെ ആക്രമണത്തില്‍ അധികനേരം അവിടെ നില്‍ക്കാനും വയ്യ. തിരിഞ്ഞോടി മറ്റൊരു ഭാഗത്ത് നിലയുറപ്പിച്ചു.
ഇതിനിടയില്‍ തേനീച്ചകളെ തുരത്താനായി ഡാം ജീവനക്കാര്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങി. ഉണങ്ങിയ പുല്ലുകള്‍ കൂട്ടിയിട്ട് തീയിട്ടു. ഇലകള്‍ വാരിക്കൂട്ടി പലയിടത്തായി തീയും പുകയുമുണ്ടാക്കി. അര മണിക്കൂര്‍ നേരം കഴിഞ്ഞപ്പോള്‍ തേനീച്ചകള്‍ പിന്‍വാങ്ങിത്തുടങ്ങി. മരങ്ങള്‍ക്കിടയിലും പാറകള്‍ക്കടിയിലും ഒളിച്ചിരുന്ന വീരശൂര പരാക്രമികളായ മാധ്യമകേസരികളും ഉദ്യോഗസ്ഥ പ്രഭുക്കളും ഓരോരുത്തരായി പുറത്തിറങ്ങി. കുത്തേല്‍ക്കാത്തവര്‍ കുറവായിരുന്നു കൂട്ടത്തില്‍. ഓരോരുത്തര്‍ക്കും കിട്ടിയിട്ടുണ്ട് കുറഞ്ഞത് ഒന്നോ രണ്ടോ കുത്ത്. പരിക്കേറ്റവരെയെല്ലാം ഉടന്‍ അടിമാലി, കോതമംഗലം ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ഏറ്റവും കുറവ് കുത്തേറ്റവരും പരിക്കേറ്റവരും മാധ്യമപ്രവര്‍ത്തകരായിരുന്നു. അതേസമയം ഏറ്റവും കൂടുതല്‍ ദു:ഖിതരും അവരായിരുന്നു. ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായരടക്കമുള്ള ഉന്നതസംഘത്തെ പെരുംതേനീച്ചകള്‍ ആക്രമിക്കുന്ന ദൃശ്യം നേരാംവണ്ണം പകര്‍ത്താന്‍ പറ്റിയില്ല എന്ന സങ്കടമാണ് റിപ്പോര്‍ട്ടര്‍മാരേയും ക്യാമറാമാന്‍മാരേയും അലട്ടിയത്. തേനീച്ചകളുട കുത്ത് ഭയന്ന് എല്ലാവരും ഓടുകയായിരുന്നല്ലോ. അതിനിടയില്‍ എങ്ങനെ ദൃശ്യം കൃത്യതയോടെ പകര്‍ത്തും. ഉദ്യോഗസ്ഥര്‍ ഓടുന്നതും നിലവിളിക്കുന്നതുമായ ഒന്നോ രണ്ടോ ഷോട്ടുകള്‍ ഉണ്ടെന്നല്ലാതെ തേനീച്ച ആക്രമണത്തിന്റെ ഭീകരത പ്രേക്ഷകരെ അറിയിക്കാന്‍ പാകത്തിനുള്ള ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്യാന്‍ സാധിച്ചിട്ടില്ല. സംഭവിച്ചിരിക്കുന്നത് വലിയ വാര്‍ത്തയുമാണ്. സംഭവം ന്യൂസ് ഡെസ്‌കില്‍ വിളിച്ചറിയിക്കേണ്ട താമസം ദൃശ്യങ്ങള്‍ എവിടെയെന്ന് ചോദിച്ച് അടുത്ത വിളിയെത്തും. ലഭിച്ച ദൃശ്യങ്ങള്‍ എത്രത്തോളം പ്രയോജനപ്പെടും എന്നു പരിശോധിക്കുകയാണ് ഓരോ ചാനലിന്റേയും റിപ്പോര്‍ട്ടറും ക്യാമറാമാനും. ദൃശ്യം കിട്ടിയിട്ടുണ്ടോ എന്ന കാര്യത്തില്‍ ജീവ് ടോം മാത്യുവിനും ഉറപ്പില്ല. ക്യാമറമാന്‍ ജോജോയെ എവിടെ നോക്കിയിട്ടും കാണുന്നുമില്ല. മറ്റു ക്യാമറാമാന്‍മാരുടെ കൂട്ടത്തില്‍ ജോജോയെ കാണാതിരുന്നപ്പോള്‍ തന്നെ ജീവ് ടോം മാത്യുവിന്റെ ചങ്കിടിച്ചു. ജോജോയ്ക്ക് വിഷ്വല്‍സ് ഒന്നും ഷൂട്ട് ചെയ്യാന്‍ പറ്റിയിട്ടുണ്ടാവില്ല. തന്നെക്കാള്‍ മുന്‍പേ അവനും ഓടിക്കാണും. വിഷണ്ണനായി നില്‍ക്കുന്ന ജീവിന്റെ മുന്നിലേക്ക് അളിയാ എന്ന വിളിയുമായി ജോജോ വന്നപ്പോള്‍ ജീവിന് ദേഷ്യമാണ് തോന്നിയത്. 'നീ എവിടാരുന്നെടാ,.. ഞാനോ ഓടി. വിഷ്വല്‍ എടുക്കാതെ നീ ഓടാമോ. ഇനിയിപ്പോ എന്തു ചെയ്യും. ഉദ്യേഗസ്ഥര്‍ കുത്തേറ്റ് പിടയുന്ന സുന്ദരന്‍ ദൃശ്യമാണല്ലോ നീ നഷ്ടപ്പെടുത്തിയത്. നിന്റെ ശരീരത്തിലാണെങ്കില്‍ ഒരു ഈച്ച പോലും തൊട്ടിട്ടില്ല. ഷര്‍ട്ട് ചുളിഞ്ഞിട്ടില്ല. മുഖത്ത് പരിഭ്രമമോ പേടിയോ ഇല്ല. എല്ലാവരും ഓടി വിയര്‍ത്തൊലിച്ചുനില്‍ക്കുമ്പോള്‍ നിന്റെ മുഖത്ത് ഒരു തുള്ളി വിയര്‍പ്പില്ല. പുകയടിച്ച് സകലരുടേയും കണ്ണ് കലങ്ങിയിരിക്കുവാ. നിന്റെ കണ്ണ് തെളിഞ്ഞ തടാകം പോലെ ഇരിക്കുവല്ലേ. ആത്മാര്‍ത്ഥത വേണമെടാ ആത്മാര്‍ത്ഥത. നിനക്ക് അത് ഉണ്ടെന്നുകരുതിയാണ് ഞാന്‍ ഓടിയത്. ഇല്ലേല്‍ ഞാന്‍ ഓടുവാരുന്നോ. ഇവിടെ നിന്നേനെ. കുത്തുകൊണ്ടിട്ടാണെങ്കിലും നിന്നെക്കൊണ്ട് വിഷ്വല്‍ എടുപ്പിച്ചേനെ.' ജീവ് ക്ഷോഭിച്ചു.
അളിയാ ഇപ്പോ എന്നതാ പറ്റിയേ, ഇത്ര ചൂടാവാന്‍ - പതിവ് ശൈലിയില്‍ ജോജോ ചോദിച്ചു.
എന്നതാ പറ്റിയേന്നോ, നാണമുണ്ടോടാ നിനക്കിത് ചോദിക്കാന്‍. നമുക്ക് വിഷ്വല് എവിടെ. നീ ആദ്യം അതിന് സമാധാനം പറ.
അളിയാ, വിഷ്വല് ദേ ഇതിനകത്തൊണ്ട്. ഈ ക്യാമറേല്. വന്നു കാണ്. എന്നിട്ട് പറ എന്നെ തല്ലണോ കെല്ലണോന്ന്
ദ്യേഷ്യം കൊണ്ട് വിറച്ചുനില്‍ക്കുകയായിരുന്ന ജീവ് ചെറുതായൊന്ന് തണുത്തു. ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ ഇരുവരും പരിശോധിച്ചു. ഓരോ ഷോട്ട് മാറി മാറി വരുമ്പോഴും ജീവിന്റെ കണ്ണുകള്‍ വികസിച്ചു. മുഖത്ത് രക്തപ്രസാദം തിരിച്ചുകിട്ടി. സന്തോഷത്താല്‍ മുഖം വിടര്‍ന്നു. അഭിമാനത്തോടെ ജോജോയെ നോക്കി. അഭിനന്ദനം പോലെ തോളില്‍ തട്ടി. ഡാമിന് കീഴെ നടന്ന സകലസംഭവങ്ങളും ക്യാമറയിലുണ്ട്. തേനീച്ചകളുടെ കുത്തേറ്റ ജസ്റ്റിസ് സി എന്‍ രാമചന്ദ്രനും സംഘവും ഗോവണിയിലൂടെ ഓടിയിറങ്ങുന്നത്, എങ്ങോട്ടു പോകണം എന്തു ചെയ്യണം എന്നറിയാതെ പരക്കം പായുന്നത്, ഒച്ചവയ്ക്കുന്നത്. കാറിനടുത്തേക്ക് ഓടുന്നത്, ഡോര്‍ വലിച്ചു തുറക്കാന്‍ ശ്രമിക്കുന്നത്, ശ്രമം പരാജയപ്പെട്ട് മറ്റൊരിടത്തേക്ക് ഓടി രക്ഷപ്പെടുന്നത്, തീയിടുന്നത് - അങ്ങനെ എല്ലാം ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഇത്രയും പൂര്‍ണ്ണതയുള്ള ദൃശ്യം മറ്റൊരു ചാനലിന്റെ ക്യാമറയിലും കിട്ടിയിട്ടില്ല. ചിലര്‍ക്ക് തുടക്കം കിട്ടി. മറ്റു ചിലര്‍ക്ക് ഒടുക്കം കിട്ടി. ബാക്കിയുള്ളവര്‍ക്ക് എവിടെ നിന്നൊക്കെയോ ചില കഷ്ണങ്ങള്‍ കിട്ടി എന്നല്ലാതെ സമഗ്രദൃശ്യങ്ങള്‍ ആര്‍ക്കും ലഭിച്ചിരുന്നില്ല. തുടക്കം മുതല്‍ ഒടുക്കം വരെ മുഴുവനായും പ്ലേ ചെയ്യാവുന്ന ദൃശ്യമാണ് ജോജോയുടെ ക്യാമറയില്‍ പതിഞ്ഞിരിക്കുന്നത്.
'അളിയാ നിന്നെ സമ്മതിച്ചെടാ, ഇത്രയും കഷ്ടപ്പെട്ട് നീ ഇത് പകര്‍ത്തിയല്ലോ. തേനീച്ചകളെ പേടിക്കാതെ നീ ഇതെല്ലാം ഷൂട്ട് ചെയ്തല്ലോ, സമ്മതിച്ചെടാ സമ്മതിച്ചു' ജീവ് ജോജോയെ അഭിനന്ദനങ്ങള്‍ കൊണ്ടു മൂടി
ഇതെന്ത്, ഇതൊക്കെ ചെറുത് എന്ന മട്ടില്‍ വിനയാന്വിതനായി ജോജോ നിന്നു.
എന്നാലും ജോജോ,. ജസ്റ്റിസും ഉദ്യോഗ്‌സഥരും തേനീച്ചയുടെ കുത്തേറ്റ് കാറിനടുത്തേക്ക് ഓടുന്നതും ഡോറ്് വലിക്കുന്നതുമായ ദൃശ്യം നിനക്ക് മാത്രം എങ്ങനെ കിട്ടിയെടാ. നല്ല ക്ലോസ് വിഷ്വലുമാണല്ലോ
അത്..അത് ഞാന്‍ അവരുടെ തൊട്ടു മുന്‍പില്‍ അല്ലാരുന്നോ !
തൊട്ടു മുന്‍പിലോ ?
അതെ, തൊട്ടു മുന്‍പില്.
അപ്പോ നിന്നെ തേനീച്ച കുത്തിയില്ലേ?
എന്നെ തേനീച്ച കുത്തത്തില്ല
അതെന്താ നിന്നെ തേനീച്ച കുത്താത്തേ?
ഞാന്‍ അകത്തല്ലേ
അകത്തോ ?
അതെ കാറിനകത്ത്
ആരുടെ കാറിനകത്ത് ?
ഡാം സേഫ്റ്റി അതോറിറ്റി ചെയര്‍മാന്റെ
അദ്ദേഹത്തിന്റെ കാറിനുള്ളില്‍ ഇരുന്നാണോ നീ ഇതെല്ലാം ഷൂട്ട് ചെയ്തത് ?
അതെ
എടാ, തേനീച്ചയുടെ കുത്തേറ്റ് അവരൊക്കെ കാറിനടുത്തേക്ക് ഓടി വന്നപ്പോ നീ എന്താ പിന്നെ ഡോര്‍ തുറക്കാതിരുന്നത് ?
തുറന്നാല്‍ തേനീച്ച അകത്ത് കയറത്തില്ലെയോ, കുത്ത് എനിക്കും കൊള്ളത്തില്ലേ. ഇതിപ്പോ കുത്ത് കിട്ടിയുമില്ല - അവര്‍ക്ക് കുത്ത് കിട്ടുന്ന വിഷ്വലും കിട്ടിയില്ലേ.