
താണു പദ്മനാഭൻ
അവിശ്വസനീയതയോടെയാണ് ആ വാട്സാപ്പ് സന്ദേശം വായിച്ചത്. 'ഡോ. താണു പദ്മനാഭന് അന്തരിച്ചു എന്നുകേള്‍ക്കുന്നു, ശരിയാണോ'. 2021-ലെ 'കേരള ശാസ്ത്രപുരസ്കാരം' ലഭിച്ച ശാസ്ത്രജ്ഞന് എന്നനിലയ്ക്ക് ഡോ. പദ്മനാഭനെ ഇന്റര്‍വ്യൂചെയ്ത് മാതൃഭൂമി ആഴ്ചപ്പതിപ്പിന് കവര്‍സ്റ്റോറി തയ്യാറാക്കാന്‍, കഴിഞ്ഞമാസം ഏതാണ്ട് രണ്ടാഴ്ചയിലേറെ ഞാന്‍ ചെലവിട്ടിരുന്നു. വളരെ കണിശതയോടെയും കൃത്യനിഷ്ഠയോടെയും കാര്യങ്ങളെ സമീപിക്കുന്ന, ആശയങ്ങളെ അങ്ങേയറ്റം തെളിമയോടെ വിശകലനംചെയ്യുന്ന ഒരു ഗുരുനാഥനെയാണ് അന്ന് ആ ശാസ്ത്രജ്ഞനില്‍ കണ്ടത്.
നാലുവര്‍ഷംമുമ്പ് പദ്മനാഭന് 60 തികഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ വിദ്യാര്‍ഥികളും സുഹൃത്തുക്കളും ചേര്‍ന്ന് തയ്യാറാക്കിയ ഒരു പുസ്തകമുണ്ട്: 'ഗ്രാവിറ്റി ആന്‍ഡ് ക്വാണ്ടം'. അതിലെ ജീവചരിത്രക്കുറിപ്പില്‍ ജസീറ്റ് സിങ് ബാഗ്ല, സുനു എന്‍ജിനിയര്‍ എന്നിവര്‍ ഇങ്ങനെ രേഖപ്പെടുത്തി: 'ഗ്രാവിറ്റിയുടെ കാര്യത്തില്‍ ഒരു അടിസ്ഥാനസങ്കല്പവ്യതിയാനം സംഭവിച്ചത് 1915-ലാണ്, ഐന്‍സ്റ്റൈന്റെ സാമാന്യ ആപേക്ഷികതാസിദ്ധാന്തംവഴി. ഒരു നൂറ്റാണ്ട് പിന്നിടുമ്പോള്‍, പദ്മനാഭന്റെ ഗവേഷണം വഴി പുതിയൊരു സങ്കല്പവ്യതിയാനം സംഭവിക്കാനുള്ള പുതിയ മുന്നേറ്റത്തിന്റെ വക്കിലാണ് നമ്മള്'.
അത്തരമൊരു ബ്രേക്ക്ത്രൂവിന്റെ വക്കില്‍ ശാസ്ത്രലോകം നില്ക്കുമ്പോള്, ഗ്രാവിറ്റിയെവിട്ട് പദ്മനാഭന് വിടവാങ്ങി എന്നത് ഏറെ സങ്കടകരമാണ്. ആദ്യം വായിച്ചപ്പോള്‍ അത് വ്യാജസന്ദേശമാകണേ എന്ന് ഒരുവേള മനസ്സില്‍ തോന്നിയെങ്കിലും എല്ലാ നാടകീയതകളെയും തോല്‍പ്പിക്കുന്ന പരിണാമഗുപ്തി മരണത്തിനുണ്ടെന്ന യാഥാര്‍ഥ്യത്തിലേക്ക് അധികം വൈകാതെയെത്തി. ഏറെ ഗുരുത്വമുണ്ടായിരുന്ന, ഗുരുത്വം ജീവിതവ്രതമാക്കിയ ആ ശാസ്ത്രജ്ഞന് വിടവാങ്ങിയിരിക്കുന്നു!

ഗ്രാവിറ്റിക്കുവേണ്ടിയുള്ള ജന്മമായിരുന്നു ഡോ. പദ്മനാഭന്റേത്. പുതിയ തലമുറയ്ക്ക് നല്‍കാനുള്ള സന്ദേശമെന്താണെന്ന്, സംസാരിക്കുന്നതിനിടെ ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ''ഏതിലാണോ നിങ്ങള്‍ക്ക് കൂടുതല്‍ താത്പര്യം, അത് പിന്തുടരുക. ബഹുമതികളും അംഗീകാരങ്ങളും പിന്നാലെ എത്തിക്കൊള്ളും. ചെയ്യുന്ന കാര്യത്തില്‍ താത്പര്യം വേണം, പ്രതിബദ്ധതയും.'' സ്വന്തം ജീവിതംതന്നെയാണ് ഈ ചുരുങ്ങിയ വാക്കുകളില്‍ അടുത്ത തലമുറയോടുള്ള സന്ദേശമായി ഡോ. പദ്മനാഭന് നല്‍കിയതെന്ന് ഇപ്പോഴത് വീണ്ടും വായിക്കുമ്പോള്‍ വ്യക്തമാകുന്നു.
തിരുവനന്തപുരം നഗരത്തില്‍ ചെലവിട്ട ഇല്ലായ്മകളുടെ ബാല്യത്തില്‍പ്പോലും പിതാവിന്റെ പക്കല്‍നിന്ന് പകര്‍ന്നുകിട്ടിയ ഗണിതം മുറുകെപ്പിടിച്ചാണ് പദ്മനാഭന് വളര്‍ന്നത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ ഫിസിക്സ് മെയിനെടുത്ത് ബി.എസ്സി.ക്ക് ചേരുമ്പോഴേക്കും ഗ്രാവിറ്റി ആ യുവാവിനെ ആവേശിച്ചു കഴിഞ്ഞിരുന്നു. ബി.എസ്സി.യും എം.എസ്സി.യും സ്വര്‍ണ മെഡലോടെ ഒന്നാംറാങ്കില്‍ പാസായി, മുംബൈയിലെ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചില്‍നിന്ന് 'ക്വാണ്ടം കോസ്മോളജി'യില്‍ പിഎച്ച്.ഡി. നേടി അവിടെത്തന്നെ അധ്യാപകനാകുമ്പോഴും വര്‍ഷങ്ങള്‍ക്കുശേഷം പുണെയില്‍ 'ഇന്റര്‍-യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ആസ്ട്രോണമി ആന്‍ഡ് ആസ്ട്രോഫിസിക്സി'(IUCAA)ല്‍ ചേരുമ്പോഴും ആസ്ട്രോഫിസിക്സിലെ പല വിഷയങ്ങളിലും ആഴത്തില്‍ പഠിച്ചെങ്കിലും വിടാതെ കൂടെക്കൂട്ടിയത് ഗ്രാവിറ്റിയെയായിരുന്നു.
സൂക്ഷ്മപ്രപഞ്ചത്തില്‍ ഗുരുത്വാകര്‍ഷണം ഉള്‍ക്കൊള്ളിക്കാനുള്ള 'ക്വാണ്ടം ഗ്രാവിറ്റി' എന്ന പഠനശാഖയിലാണ് പദ്മനാഭന്റെ പ്രധാന സംഭാവന. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കംമുതല്‍ ക്വാണ്ടംഗ്രാവിറ്റിക്ക് കൂടുതല്‍ സമയം മാറ്റിവെക്കാന്‍ അദ്ദേഹം തീരുമാനിച്ചു. സാമാന്യ ആപേക്ഷികതാസിദ്ധാന്തം (ജനറല്‍ റിലേറ്റിവിറ്റി), ക്വാണ്ടംഭൗതികം-ഇതുരണ്ടും ഒറ്റസിദ്ധാന്തത്തിന്റെ ഭാഗമാക്കി മാറ്റാന്‍ ഇതുവരെനടന്ന ഒരു ശ്രമവും വിജയിച്ചിട്ടില്ല. എന്തുകൊണ്ട് കഴിയുന്നില്ല എന്ന ചോദ്യത്തിന് ഉത്തരം നല്‍കുന്നതാണ് പദ്മനാഭന്റെ പഠനം.
കഴിഞ്ഞ രണ്ടുപതിറ്റാണ്ടായി പദ്മനാഭന് നടത്തുന്ന അന്വേഷണം നല്കുന്ന സൂചന ഇങ്ങനെയാണ്: ജനറല്‍ റിലേറ്റിവിറ്റിയില്‍ പറയുന്ന 'സ്ഥല-കാല ഘടന' (സ്പേസ്-ടൈം ഘടന)യെക്കുറിച്ച് നമ്മള് വെച്ചുപുലര്‍ത്തുന്ന അബദ്ധധാരണയാണ് പരാജയങ്ങള്ക്കുകാരണം. തെറ്റായ ഭൗതികസത്ത(physical entity)യ്ക്കുമേലാണ് ക്വാണ്ടംനിയമങ്ങള്‍ നമ്മള് പ്രയോഗിക്കാന്‍ ശ്രമിക്കുന്നത്! ഇക്കാര്യത്തില്‍ ശരിയായ വഴി എന്താണെന്ന് പറഞ്ഞുതരുന്നു പദ്മനാഭന്റെ പഠനങ്ങള്‍. പക്ഷേ, ആ വഴിയിലൂടെ ശാസ്ത്രം നീങ്ങുന്നതുകാണാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.
പ്രപഞ്ചപഠനമാണ് പദ്മനാഭന്റെ മുദ്രപേറുന്ന മറ്റൊരു പഠനമേഖല. 2017-ല്‍ പ്രാപഞ്ചികസ്ഥിരാങ്കം സംബന്ധിച്ച് മകള്‍ ഡോ. ഹംസ പദ്മനാഭനുമായി ചേര്‍ന്ന് പദ്മനാഭന് പ്രസിദ്ധീകരിച്ച പഠനത്തെക്കുറിച്ച് ഇതുവരെ ശാസ്ത്രലോകം ചര്‍ച്ചചെയ്തു കഴിഞ്ഞിട്ടില്ല. ''ഞങ്ങള്‍ ശരിയായ വഴിയിലാണെന്ന ഉറച്ച വിശ്വാസമുണ്ട്'' -പദ്മനാഭന് ഈ ലേഖകനോട് പറഞ്ഞു.
വളരെ അര്‍ഥവത്തായ ഒരു സംഗതി പ്രസ്താവിച്ചുകൊണ്ടാണ് പദ്മനാഭന് ഇന്റര്‍വ്യൂ അവസാനിപ്പിച്ചത്. തന്നെപ്പോലുള്ള ശാസ്ത്രജ്ഞര്‍ ബഹുമതികള്ക്കുവേണ്ടിയല്ല ഗവേഷണം നടത്തുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്. ഞങ്ങള്‍ എന്താണോ വര്ക്കുചെയ്യുന്നത്, അത് ആസ്വദിക്കുന്നു. അതാണ് ഏറ്റവും വലിയ പ്രതിഫലം. ''പ്രപഞ്ചരഹസ്യങ്ങള്‍ കണ്ടെത്തുന്നതിലെ നിര്വൃതിതന്നെയാണ് ഏറ്റവും വലിയ പ്രതിഫലം'' -അദ്ദേഹം അറിയിച്ചു. ആ നിര്‍വൃതി അനുഭവിച്ചുതന്നെയാണ് പദ്മനാഭന് വിടവാങ്ങുന്നത്. ഭാവിഗവേഷകര്‍ക്ക് ഗ്രാവിറ്റിയുടെ പുതിയപാത തുറന്നിട്ടുകൊണ്ട്!