പച്ചമലയാളത്തില്‍ ഭൗതികശാസ്ത്രം വിശദീകരിക്കുന്ന ശാസ്ത്രജ്ഞന്‍, കേരളം സംഭാവന ചെയ്ത അതുല്യ പ്രതിഭ


ഡോ. രാജഗോപാൽ കമ്മത്ത്

താണു പദ്മനാഭന്റെ ആശയപ്രകാരം പ്രപഞ്ചത്തിന്റെ ആദ്യകാലത്തെ സംഭവങ്ങള്‍ ഒരു അവസ്ഥാമാറ്റത്തിന്റെ സൂചനകള്‍ നല്‍കുന്നു. അത്തരത്തില്‍ നോക്കിയാല്‍ ഈ പ്രപഞ്ചത്തിനുമുന്‍പും ചില ഇടങ്ങള്‍ നിലനില്‍ക്കാനിടയുണ്ട്

2007 ൽ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാമിൽ നിന്ന് പത്മശ്രീ ഏറ്റുവാങ്ങുന്ന താണു പത്മനാഭൻ

2005ല്‍, ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്റെ അദ്ഭുതവര്‍ഷത്തിന് (1905) ഒരു നൂറ്റാണ്ടു തികയുന്ന വേളയിലാണ് പ്രൊഫ. താണു പദ്മനാഭനുമായി സംസാരിക്കാനിടയായത്. ഭാവനാസമ്പന്നനായ ഒരു കവിയുടെ മനസ്സാണ് ഈ ശാസ്ത്രജ്ഞന്റേത് എന്നു പെട്ടെന്ന് മനസ്സിലാക്കി. ഭാവനയാണല്ലോ ന്യൂട്ടന്‍, ഐന്‍സ്‌റ്റൈന്‍ എന്നിവരുള്‍പ്പെടെയുള്ള മഹാഗവേഷകരുടെ ഏറ്റവും മുന്തിയ ആശയങ്ങള്‍ക്കും സങ്കല്പനങ്ങള്‍ക്കും വഴിയൊരുക്കിയത്.

തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജില്‍ പഠിക്കുമ്പോള്‍ത്തന്നെ ചാള്‍സ് മിസ്‌നറും കിപ്പ് തോണും ജോണ്‍ വീലറും ചേര്‍ന്നെഴുതിയ ഗ്രാവിറ്റേഷന്‍ എന്ന പുസ്തകം അദ്ദേഹം മനഃപാഠമാക്കിയിരുന്നു. അതിലെ ഗണിതശാസ്ത്ര സമസ്യകള്‍ സുഗമമാക്കിയതാകട്ടെ 'യുക്തിഭാഷ' എന്ന പ്രാചീന ഭാരതീയ ഗണിതശാസ്ത്ര ഗ്രന്ഥവും. സംഗമഗ്രാമ മാധവനും നീലകണ്ഠ സോമയാജിയും തെളിച്ച പാതയിലൂടെ സഞ്ചരിച്ച് ഭൗതികശാസ്ത്രത്തിലെ ഇനിയും പൂര്‍ണമായും നാം ഗ്രഹിച്ചിട്ടില്ലാത്ത പ്രതിഭാസങ്ങളെക്കുറിച്ചുള്ള സുപ്രധാന ആശയങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചു. കേരളത്തില്‍നിന്ന് ഇത്രയും പ്രമുഖനായ ഗവേഷകന്‍, ലാളിത്യംനിറഞ്ഞ പെരുമാറ്റം, പച്ചമലയാളത്തില്‍ ഭൗതികശാസ്ത്രം വിശദീകരിക്കുന്ന ശാസ്ത്രജ്ഞന്‍, പ്രൊഫ. ഇ.സി.ജി. സുദര്‍ശനുശേഷം കേരളം ലോകത്തിനു സംഭാവന ചെയ്ത അതുല്യ പ്രതിഭ, ഇതൊക്കെ വിസ്മയത്തിനു വഴിയൊരുക്കി. അദ്ദേഹത്തെക്കുറിച്ച് കൂടുതലറിയാനും ഗവേഷണമേഖലകള്‍ അടുത്തറിയാനും ശ്രമിച്ചു.

നാര്‍ലിക്കറുടെ പ്രധാനശിഷ്യന്‍

തന്റെ കണ്ടെത്തലുകള്‍ മഹാസംഭവംപോലെ അവതരിപ്പിക്കാനോ കൈയടി നേടാനോ ശ്രമിച്ചില്ല.

പ്രമുഖ പ്രപഞ്ചവിജ്ഞാനീയ ശാസ്ത്രജ്ഞനായ ജയന്ത് നാര്‍ലിക്കറുടെ ശിഷ്യനായി മുംബൈയിലെ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചില്‍നിന്ന് ജ്യോതിര്‍ഭൗതികത്തില്‍ ഗവേഷണബിരുദം നേടുകയും ലോകോത്തരമായ സംഭാവനകള്‍ നല്‍കുകയും ചെയ്തു. പുണെയിലെ ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ആസ്‌ട്രോണമി ആന്‍ഡ് ആസ്ട്രോഫിസിക്‌സില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് സുപ്രധാനമായ സംഭാവനകള്‍ പിറന്നത്. കടുകട്ടിയായ ആശയങ്ങള്‍ പച്ചമലയാളത്തില്‍ വിവരിക്കുന്നതുകേട്ട് അന്തംവിട്ടിട്ടുണ്ട്. ആ സുപ്രധാന ആശയങ്ങള്‍ ലഘൂകരിച്ച് വിവരിക്കാന്‍ അദ്ദേഹവുമൊത്തുള്ള സംഭാഷണങ്ങള്‍ സഹായകമായിട്ടുണ്ട്. സയന്റിഫിക് അമേരിക്കനില്‍ ഗുരുത്വാകര്‍ഷണത്തെക്കുറിച്ചുള്ള നൂതനമായ ആശയങ്ങള്‍ ലളിതമായി അവതരിപ്പിച്ചു. മലയാളഭാഷയില്‍ അദ്ദേഹത്തിന്റേതായുള്ള ഒരു ജനപ്രിയ ശാസ്ത്രഗ്രന്ഥം പ്രതീക്ഷിച്ചെങ്കിലും നടന്നില്ല. കവിതകള്‍ ഇഷ്ടപ്പെട്ടിരുന്ന ഈ ശാസ്ത്രജ്ഞന്‍ പബ്ലിസിറ്റിക്കു പിന്നാലെ ഒരിക്കലും പോകുമായിരുന്നില്ല. തന്റെ കണ്ടെത്തലുകള്‍ മഹാസംഭവംപോലെ അവതരിപ്പിക്കാനോ കൈയടി നേടാനോ ശ്രമിച്ചില്ല.

ജ്യോതിര്‍ഭൗതിക കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. സഹധര്‍മിണി വാസന്തി പദ്മനാഭനും മകള്‍ ഹംസാ പദ്മനാഭനും ഇതേ മേഖലയില്‍ ഗവേഷകര്‍. ഹംസയുടെ പേരില്‍ ഒരു ഛിന്നഗ്രഹവുമുണ്ട്. അതാദ്യം അറിഞ്ഞ വേളയില്‍ അതിനു പ്രചാരമൊന്നും കൊടുക്കേണ്ടാ എന്നദ്ദേഹം ആവശ്യപ്പെട്ടു. ഇന്റര്‍നാഷണല്‍ ആസ്‌ട്രോണമിക്കല്‍ യൂണിയന്റെ ഇന്ത്യയിലെ പ്രമുഖ പ്രതിനിധിയായിരുന്നു. പ്രിന്‍സ്റ്റണിലും കേംബ്രിജിലും കാള്‍ടെക്കിലും പ്രഭാഷണത്തിനും അതിഥി അധ്യാപകനായും പ്രവര്‍ത്തിച്ചു.

ഗുരുത്വാകര്‍ഷണത്തിന്റെ ആവിര്‍ഭാവം

ഐസക് ന്യൂട്ടനും പിന്നീട് ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈനും ഗുരുത്വാകര്‍ഷണത്തെക്കുറിച്ചുള്ള സുപ്രധാന ആശയങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും പ്രപഞ്ചത്തിലെ ഏറ്റവും സുപ്രധാനമായ ആ അടിസ്ഥാന ബലത്തെക്കുറിച്ച് ഇനിയുമേറെ മനസ്സിലാക്കാനുണ്ടെന്ന ഉത്തമബോധ്യം പുതിയ പരികല്പനകളിലേക്കും ലോകത്തെ പ്രമുഖ ശാസ്ത്രഗവേഷണ സ്ഥാപനങ്ങള്‍ അത്യാദരത്തോടെ വീക്ഷിക്കുന്ന അംഗീകാരങ്ങളിലേക്കും താണു പദ്മനാഭനെ നയിച്ചു. ഗ്രാവിറ്റി റിസര്‍ച്ച് ഫൗണ്ടേഷന്റെ പുരസ്‌കാരം ഇത്തരത്തിലൊന്നാണ്. പ്രപഞ്ചത്തിന്റെ അടിസ്ഥാനബലങ്ങളായ വിദ്യുതകാന്തികം, അതിശക്ത അണുകേന്ദ്രബലം, അശക്ത അണുകേന്ദ്ര ബലം എന്നിവയ്‌ക്കൊപ്പം സ്ഥൂലതലത്തില്‍ പ്രാവര്‍ത്തികമാകുന്ന ഗുരുത്വാകര്‍ഷണം, ആവിര്‍ഭവിക്കുന്ന ഒരു പ്രതിഭാസമാണ്(എമര്‍ജന്റ് ഫിനോമിനന്‍) എന്ന് താണു പദ്മനാഭന്‍ സമര്‍ഥിച്ചു. അതോടൊപ്പംതന്നെ പ്രപഞ്ചത്തിന്റെ സൂക്ഷ്മതലത്തിലെ പ്രവര്‍ത്തനത്തിന്റെ പഠനമേഖലയായ ക്വാണ്ടം ഭൗതികശാസ്ത്രത്തെയും കൂട്ടിയിണക്കി ക്വാണ്ടം ഗുരുത്വം എന്ന സങ്കല്പനം പുതിയ അറിവുകളിലേക്ക് വെളിച്ചംവീശുമെന്ന് പ്രതീക്ഷിച്ചു. 'ആഫ്റ്റര്‍ ദ ഫസ്റ്റ് ത്രീ മിനിറ്റ്സ്' എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥത്തില്‍ പ്രപഞ്ചത്തിന്റെ ആദ്യത്തെ മൂന്നു നിമിഷങ്ങള്‍ക്ക് ശേഷമുള്ള കാര്യങ്ങളാണ് ചര്‍ച്ചചെയ്യുന്നത്. അതായത് അടിസ്ഥാന കണങ്ങളുടെ ഉദ്ഭവവും സ്ഥൂലഘടനയുടെ ഉദ്ഭവവും. പ്രപഞ്ചം ഉദ്ഭവിക്കാനും പരിണമിക്കാനും ദ്രവ്യം കൂടിച്ചേര്‍ന്ന് സ്ഥൂലഘടനകള്‍ രൂപം കൊള്ളാനും കാരണമാകുന്നത് ഗുരുത്വാകര്‍ഷണമാണ്. ഇനിയും പൂര്‍ണമായും മനസ്സിലാക്കിയിട്ടില്ലാത്ത ഈ ബലത്തെ ക്വാണ്ടംതലത്തില്‍ വിവരിച്ചാല്‍ കൂടുതല്‍ അറിവുകള്‍ ലഭിക്കും എന്നദ്ദേഹം പരികല്പന പുറപ്പെടുവിച്ചു. ഐന്‍സ്‌റ്റൈന്റെ ആശയ പ്രകാരം സ്ഥലകാലം എന്നത് ഒരു തുടര്‍ച്ചയാണ്. അതില്‍ ഗുരുത്വാകര്‍ഷണം സ്വാധീനം ചെലുത്തുന്നുമുണ്ട്. എന്നാല്‍, സ്ഥലകാലത്തിനൊരു താപനിലയുണ്ടെന്നും അത് ഒരു തുടര്‍ച്ചയല്ല മറിച്ച്, ഏറ്റവും സൂക്ഷ്മമായ ഘടകങ്ങളാല്‍ നിര്‍മിതമെന്നുമാണ് ആ പരികല്പന. ക്വാണ്ടം ഫീല്‍ഡ് തലത്തില്‍ ഈ ആശയത്തെ വിവരിക്കാനാകും.

പ്രപഞ്ചത്തിന്റെ ഉദ്ഭവവും പരിണാമവും

പ്രപഞ്ചത്തിലെ ഗാലക്‌സികളും ഗാലക്‌സിക്കൂട്ടങ്ങളും രൂപംകൊള്ളാനും ഇന്നു കാണുന്നതരത്തില്‍ കൂടിച്ചേര്‍ന്നു നിലകൊള്ളാനും കാരണമാകുന്ന പ്രതിഭാസങ്ങളെക്കുറിച്ചുള്ള ശ്രദ്ധേയമായ പഠനങ്ങള്‍ അദ്ദേഹം നടത്തി.

താണു പദ്മനാഭന്റെ ആശയപ്രകാരം പ്രപഞ്ചത്തിന്റെ ആദ്യകാലത്തെ സംഭവങ്ങള്‍ ഒരു അവസ്ഥാമാറ്റത്തിന്റെ (ഫേസ് ട്രാന്‍സിഷന്‍)സൂചനകള്‍ നല്‍കുന്നു. അത്തരത്തില്‍ നോക്കിയാല്‍ ഈ പ്രപഞ്ചത്തിനുമുന്‍പും ചില ഇടങ്ങള്‍ നിലനില്‍ക്കാനിടയുണ്ട്. അതേക്കുറിച്ചുള്ള ആശയങ്ങള്‍ ഇനിയും പ്രാപ്യമാകാനുണ്ട്. പ്രപഞ്ചത്തിന്റെ തുടക്കം എന്നു കരുതപ്പെടുന്ന ആ കാലഘട്ടത്തിനുപിന്നില്‍ ഒരു അവസ്ഥാമാറ്റമാണ്. അവിടെനിന്നു സ്ഥൂലഘടനകളുടെ തുടക്കമായി. പ്രപഞ്ചത്തിലെ ഏറ്റവും പ്രമുഖമായ ബലമായ ഗുരുത്വാകര്‍ഷണം പ്രപഞ്ചത്തിന്റെ തുടക്കത്തിനും പരിണാമത്തിനും സ്ഥൂലഘടനകളുടെ ആവിര്‍ഭാവത്തിനും ഹേതുവായി. പ്രപഞ്ചം പരിണമിക്കുകയാണ്. അത് ദ്രുതഗതിയില്‍ വികസിക്കുകയും ചെയ്യുന്നു. അതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നതാകട്ടെ ഇരുണ്ട ഊര്‍ജവും. പ്രപഞ്ചത്തിലെ ഗാലക്‌സികളും ഗാലക്‌സിക്കൂട്ടങ്ങളും രൂപംകൊള്ളാനും ഇന്നു കാണുന്നതരത്തില്‍ കൂടിച്ചേര്‍ന്നു നിലകൊള്ളാനും കാരണമാകുന്ന പ്രതിഭാസങ്ങളെക്കുറിച്ചുള്ള ശ്രദ്ധേയമായ പഠനങ്ങള്‍ അദ്ദേഹം നടത്തി. പ്രപഞ്ചത്തിന്റെ ഉദ്ഭവത്തിനു കാരണമായ സിന്‍ഗുലാരിറ്റി എന്ന അവസ്ഥ, അതായത് ഗുരുത്വാകര്‍ഷണം അതിന്റെ ഏറ്റവും പാരമ്യത്തില്‍ നിലനില്‍ക്കുന്ന, സ്ഥലവും കാലവും ഒന്നുചേര്‍ന്നു നിലകൊണ്ടിരുന്ന ഒരു ബിന്ദുവിനെക്കുറിച്ചുള്ള സങ്കല്പനം താണു പദ്മനാഭന്റെ ആശയത്തിലില്ല. പകരം നാമിന്നു കാണുന്ന പ്രപഞ്ചം, മുന്‍പുള്ള അവസ്ഥയില്‍ നിന്നുള്ള ഒരു മാറ്റമാണ്. അത്തരത്തില്‍ നോക്കിയാല്‍ പ്രപഞ്ചത്തിന് ഒരു ഉദ്ഭവമോ ഒടുക്കമോ ഇല്ല. അതങ്ങനെ തുടര്‍ന്നുകൊണ്ടേയിരിക്കും. സൂറിച്ച് പോളിടെക്‌നിക് എന്ന പ്രമുഖ സ്ഥാപനത്തില്‍ ഗവേഷണം ചെയ്യുന്ന മകള്‍ ഹംസാ പദ്മനാഭനുമൊത്താണ് ശ്രദ്ധേയമായ ഈ പരികല്പനകള്‍ അദ്ദേഹം അവതരിപ്പിച്ചത്.

താപഗതികത്തിലൂന്നിയുള്ള പ്രപഞ്ചത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള വിവരണം പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നു. ഇരുണ്ട ഊര്‍ജം പ്രപഞ്ചത്തിന്റെ പരിണാമത്തില്‍ വഹിക്കുന്ന പങ്കിനെക്കുറിച്ചുള്ള ആശയങ്ങളും അപ്രകാരം തന്നെ. പല ഗവേഷണങ്ങളും പാതിവഴിക്കാക്കിയാണ് അദ്ദേഹം അകാലത്തില്‍ വിടപറഞ്ഞത്. ഇനിയും അതുല്യമായ സംഭാവനകള്‍ ശാസ്ത്രലോകം പ്രതീക്ഷിച്ചിരുന്നു. എനിക്ക് സ്വകാര്യമായ നഷ്ടങ്ങള്‍ പലതാണ്. പ്രഭാഷണങ്ങള്‍ യുട്യൂബില്‍ അപ്ലോഡ് ചെയ്യുമ്പോള്‍ ഇനി ആരും അറിയിക്കാനില്ല. ക്വാണ്ടം ഗുരുത്വത്തെക്കുറിച്ച് മലയാളത്തില്‍ വിശദീകരിച്ചു തരാനും തത്കാലം ആരുമില്ല.

പുരസ്‌കാരങ്ങള്‍
ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാദമിയുടെ യങ് സയന്റിസ്റ്റ് അവാര്‍ഡ് (1984). പദ്മശ്രീ (2007). ഒന്‍പതുതവണ വിവിധ ഗവേഷണ പുരസ്‌കാരങ്ങള്‍ നേടി (1984, 2002, 2003, 2006, 2008, 2012, 2014, 2018, 2020) കേരള ശാസ്ത്രപുരസ്‌കാരം (2021)

(ശാസ്ത്രലേഖകനും സ്വതന്ത്ര ഗവേഷകനുമാണ് ലേഖകന്‍)

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram