ഗ്രഹങ്ങളുണ്ടായത് കൂട്ടിയിടിച്ചല്ല, കൂടിച്ചേർന്ന്


വലിയ കൂട്ടിയിടിയുടേതായ ഒരു തെളിവും ശാസ്ത്രജ്ഞർക്കു ലഭിച്ചില്ല. ഇതാണ് ഗ്രഹങ്ങളുണ്ടായത് സാവധാനമായ കൂടിച്ചേരൽ പ്രക്രിയയിലൂടെയാണെന്ന്‌ ഉറപ്പിക്കാൻ അവരെ സഹായിച്ചത്.

NASA|Jhuapl|SWRI|ROMAN TKACHENKO

ഗ്രഹങ്ങൾ രൂപപ്പെട്ടത് സാവധാനത്തിലുള്ള ഇടകലരലിലൂടെയാണെന്ന വാദം ശരിവെച്ച് പുതിയ പഠനം. സൗരയൂഥത്തിലെ ഗ്രഹങ്ങളുണ്ടായത് അതിശക്തമായ കൂട്ടിയിടികളിലൂടെയാണെന്നാണ് 1960 മുതൽ ശാസ്ത്രലോകത്ത്‌ നിലനിന്നിരുന്ന പ്രധാന വാദങ്ങളിലൊന്ന്. എന്നാൽ പദാർഥങ്ങൾ ശക്തമായി കൂട്ടിയിടിച്ചല്ല, മറിച്ച് പതിയെപ്പതിയെ കൂടിക്കലർന്നാണ് വലിയ ഗ്രഹങ്ങളുണ്ടായതെന്ന മറ്റൊരു സിദ്ധാന്തവും അടുത്തകാലത്ത് രംഗത്തെത്തി. ഈ വാദം ശരിവെക്കുന്നതാണ് പുതിയ പഠനം.

അമേരിക്കൻ അസോസിയേഷൻ ഫോർ ദി അഡ്വാൻസ്‌മെൻറ് ഓഫ് സയൻസാണ് ഈ പുതിയ കണ്ടെത്തൽ അവതരിപ്പിച്ചത്.

സൂര്യനിൽനിന്ന് 600 കോടി കിലോമീറ്റർദൂരെ കുയ്പർ ബെൽറ്റ് എന്ന മേഖലയിലുള്ള അരോകോത്ത് എന്ന ബഹിരാകാശവസ്തുവിനെ നിരീക്ഷിച്ചുനടത്തിയ പഠനങ്ങളാണ് ഈ സാധ്യതയിലേക്ക്‌ വിരൽചൂണ്ടിയത്. 460 കോടി വർഷങ്ങൾക്കുമുമ്പ് രണ്ടുവലിയ ബഹിരാകാശരൂപങ്ങൾ ചേർന്ന് സൗരയൂഥം രൂപപ്പെട്ടപ്പോൾ ബാക്കിയായ ഭാഗമാണ് കുയ്പർ ബെൽറ്റ്.

നാസയുടെ ന്യൂ ഹൊറൈസൺ എന്ന ബഹിരാകാശപേടകം ഒരുവർഷംമുമ്പ് പകർത്തിയ ചിത്രങ്ങളാണ് അരോകോത്തിന്റെ ഘടനയെപ്പറ്റി പഠിച്ച് ഗ്രഹങ്ങളുണ്ടായതിനെക്കുറിച്ച് നിഗമനത്തിലെത്താൻ ശാസ്ത്രജ്ഞരെ സഹായിച്ചത്.

ഈ പഠനത്തിൽ വലിയ കൂട്ടിയിടിയുടേതായ ഒരു തെളിവും ശാസ്ത്രജ്ഞർക്കു ലഭിച്ചില്ല. ഇതാണ് ഗ്രഹങ്ങളുണ്ടായത് സാവധാനമായ കൂടിച്ചേരൽ പ്രക്രിയയിലൂടെയാണെന്ന്‌ ഉറപ്പിക്കാൻ അവരെ സഹായിച്ചത്.

2005-ൽ സ്വീഡനിലെ പ്രൊഫ. ആൻഡേർസ് ജൊഹാൻസൺ എന്ന ശാസ്ത്രജ്ഞനാണ് സാവധാനത്തിലുള്ള ഗ്രഹരൂപവത്കരണസിദ്ധാന്തം അവതരിപ്പിച്ചത്.

content highlights: planet formation not by collission says new theory, New Horizons spacecraft

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram