ബഹിരാകാശ യാത്രികരുടെ തലച്ചോറിന് വലിപ്പം കൂടുന്നുവെന്ന് പഠനം 


-

ടെക്സാസ്: ബഹിരാകാശത്തിൽ ദീർഘകാലം കഴിയുന്നത് മനുഷരുടെ തലച്ചോറിന്റെ വലിപ്പം കൂടാൻ കാരണമാകുമെന്ന് പഠനം. ടെക്സാസ് യൂണിവേഴ്സിറ്റിയിലെ ഹെൽത്ത് സയൻസ് സെന്ററിലെ ഗവേഷകർ ആണ് പഠനം നടത്തിയത്. 11 ബഹിരാകാശ സഞ്ചാരികളെയാണ് പഠനത്തിനായി നിരീക്ഷണ വിധേയരാക്കിയത്. ഇവരിൽ 10 പേരും പുരുഷന്മാരായിരുന്നു. ഇവർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകുന്നതിന് മുമ്പും പോയി വന്നതിന് ശേഷവും അവരുടെ തലച്ചോറിന്റെ എം.ആർ.ഐ സ്കാൻ വിവരങ്ങൾ അപഗ്രഥിച്ചാണ് ഗവേഷകർ പഠന റിപ്പോർട്ട് തയ്യാറാക്കിയത്.

ജേർണൽ റേഡിയോളജിയിൽ ഈ പഠന ഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബഹിരാകാശത്ത് ് അധികകാലം തങ്ങുന്നവരുടെ തലച്ചോറിലെ വൈറ്റ് മാറ്ററിന്റെ അളവ് വർധിച്ചത് പരിശോധനയിൽ വ്യക്തമായതായി പഠനത്തിന് നേതൃത്വം നൽകിയ ലാറി കാർമർ പറയുന്നു.

ഗുരുത്വാകർഷണമില്ലാത്ത അവസ്ഥയിൽ കഴിയുന്നതുമൂലം തലച്ചോർ വികസിക്കുന്നതിനൊപ്പം തലയോട്ടിക്കുള്ളിൽ കാണപ്പെടുന്ന ദ്രവമായ സെറിബ്രോ സ്പൈനൽ ഫ്ളൂയിഡിന്റെ അളവിലും വർധനവുണ്ടാകുന്നുണ്ടെന്നാണ് കണ്ടെത്തൽ. ഒരുവർഷത്തിന് ശേഷവും ഇതിൽ മാറ്റമില്ലാതെ തുടർന്നുവെന്നാണ് പഠനത്തിൽ തെളിഞ്ഞത്. മാത്രമല്ല ശരീരത്തിന്റെ ഉപാപചയ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന പിട്യൂറ്ററി ഗ്രന്ഥിയുടെ പ്രവർത്തനത്തിലും നേരിയ വ്യതിയാനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

പിട്യൂറ്ററി ഗ്രന്ഥിയുടെ ഉയരം ബഹിരാകാശ യാത്ര നടത്തുന്നതിന് മുമ്പുണ്ടായിരുന്നതിനേക്കാൾ കുറഞ്ഞതായും കണ്ടെത്തിയിട്ടുണ്ട്. ഇതിന് കാരണം സെറിബ്രോ സ്പൈനൽ ഫ്ളൂയിഡ് തലോട്ടിക്കുള്ളിൽ ചെലുത്തുന്ന മർദ്ദം ബഹിരാകാശത്തിലെ ഗുരുത്വമില്ലാത്ത സാഹചര്യത്തിൽ വർധിക്കുന്നതാകാം കാരണമെന്നാണ് കരുതുന്നത്.

മാത്രമല്ല ദീർഘകാലം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയുന്നത് മൂലം ബഹിരാകാശ യാത്രികരിൽ ചിലർക്ക് അവരുടെ കാഴ്ചകളിൽ വൈകല്യമുണ്ടായതായും പറഞ്ഞിട്ടുണ്ടെന്നും പഠനത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.

Content Highlights:Long duration of space travel causes astronaut brain to expand

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram