ചൊവ്വയിലെ ജലത്തിന് എന്ത് സംഭവിച്ചു; ഉത്തരം കണ്ടെത്തിയെന്ന് ഗവേഷകര്‍


1 min read
Read later
Print
Share

ചൊവ്വയിലെ ബസാള്‍ട്ട് ശിലകളില്‍ ഭൂമിയുടേതിനെക്കാള്‍ 25 ഇരട്ടി ജലം സംഭരിക്കപ്പെട്ടിരിക്കുന്നു എന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. ലാവയില്‍ നിന്ന് രൂപപ്പെടുന്ന ബസാള്‍ട്ട് പാളികള്‍ സ്‌പോഞ്ച് പോലെ പ്രവര്‍ത്തിച്ച് ജലം വലിച്ചെടുക്കുകയായിരുന്നു എന്നാണ് ഗവേഷകര്‍ പറയുന്നത്.

ലണ്ടന്‍: ചൊവ്വയിലുണ്ടായിരുന്ന ജലപ്രവാഹത്തിന് എന്ത് സംഭവിച്ചു എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തിയതായി ഒരുകൂട്ടം ശാസ്ത്രഗവേഷകര്‍. ചൊവ്വോപരിതലം ഈ ജലം വലിച്ചെടുത്ത് പാറകളില്‍ സൂക്ഷിച്ചിരിക്കാം എന്ന നിഗമനത്തിലാണ് പുതിയ പഠനങ്ങള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. നേച്ചര്‍ ജേര്‍ണലിന്റെ പുതിയ ലക്കത്തിലാണ് പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ചൊവ്വ ഗ്രഹത്തിന്റെ ഉപരിതലം ഇന്ന് തരിശായതും ഉറഞ്ഞതും വിജനവുമാണെങ്കിലും ഒരിക്കല്‍ ജലസമ്പന്നമായിരുന്നു എന്നത് പഠനങ്ങളിലൂടെ നേരത്തെ കണ്ടെത്തിയിരുന്നതാണ്. എന്നാല്‍, ഈ ജലത്തിന് പിന്നീടെന്ത് സംഭവിച്ചു എന്നത് ഉത്തരമില്ലാത്ത ചോദ്യമായി അവശേഷിക്കുകയായിരുന്നു. ചൊവ്വയുടെ കാന്തികമണ്ഡലങ്ങളുടെ ഘര്‍ഷണഫലമായി ഈ ജലം നഷ്ടപ്പെട്ടിരിക്കാമെന്ന അനുമാനമാണ് ഇതുവരെയുണ്ടായിരുന്നത്. അതിതീവ്രമായ സൗരകാറ്റ് മൂലം ജലം ബഹിരാകാശത്തേക്ക് നീരാവിയായി മാറിയിരിക്കാമെന്നും അതല്ല ബാഹ്യോപരിതലത്തിനു താഴെ മഞ്ഞുകട്ടകളായി സംഭരിക്കപ്പെട്ടിരിക്കാമെന്നും വാദങ്ങളുയര്‍ന്നു. എന്നാല്‍, ഇവയെ സ്ഥിരീകരിക്കാനുള്ള തെളിവുകളൊന്നും ഇതുവരെ ലഭ്യമായിരുന്നില്ല.

ധാതുക്കളെക്കുറിച്ചുള്ള പഠനം ചോദ്യത്തിന്റെ ഉത്തരത്തിലേക്ക് നയിക്കുമെന്ന കണക്കുകൂട്ടലില്‍ മുന്നോട്ട് നീങ്ങിയ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഒരു കൂട്ടം ശാസ്ത്രഗവേഷകരാണ് താരതമ്യപഠനത്തിലൂടെ പുതിയ കണ്ടെത്തല്‍ അവതരിപ്പിച്ചിരിക്കുന്നത്. ഭൂമിയുടെ അന്തര്‍ഭാഗത്തെ ശിലാഫലകങ്ങളുടെ ഘടനയുമായി ചൊവ്വാന്തര്‍ ഭാഗത്തെ ശിലാഫലകങ്ങളെ താരതമ്യപഠനം നടത്തിയാണ് പുതിയ തെളിവുകള്‍ ശേഖരിച്ചത്. ഘര്‍ഷണഫലമായി എത്രത്തോളം ജലം നഷ്ടപ്പെട്ടിരിക്കാമെന്നാണ് ഗവേഷകര്‍ നിരീക്ഷിച്ചത്.

ശിലാതാപം,ആന്തരികോപരിതല മര്‍ദ്ദം,ചൊവ്വയുടെ സ്വാഭാവിക സവിശേഷതകള്‍ എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു പഠനം. ചൊവ്വയിലെ ബസാള്‍ട്ട് ശിലകളില്‍ ഭൂമിയുടേതിനെക്കാള്‍ 25 ഇരട്ടി ജലം സംഭരിക്കപ്പെട്ടിരിക്കുന്നു എന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. ലാവയില്‍ നിന്ന് രൂപപ്പെടുന്ന ബസാള്‍ട്ട് പാളികള്‍ സ്‌പോഞ്ച് പോലെ പ്രവര്‍ത്തിച്ച് ജലം വലിച്ചെടുക്കുകയായിരുന്നു എന്നാണ് ഗവേഷകര്‍ പറയുന്നത്.

content highlights: mars, absorbed water on its surface , sponch like reaction, basalt rocks

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram