വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ സ്വന്തം രാജ്യത്ത് നിന്നടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രതിഷേധം ഏറ്റു വാങ്ങേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ സ്‌പേസില്‍ നിന്നും പ്രതിഷേധം നേരിടേണ്ടി വന്ന ആദ്യത്തെയാളായി മാറിയിരിക്കുകയാണ് ട്രംപ്.
സ്വതന്ത്ര ബഹിരാകാശ ഏജന്‍സി വിക്ഷേപിച്ച കാലവാസ്ഥാ ബലൂണിലാണ് ട്രംപിനുള്ള പ്രതിഷേധ സന്ദേശമുള്ളത്. ജിപിഎസ് സെന്‍സറും ക്യാമറയും അടക്കം ഘടിപ്പിച്ച ഈ ബലൂണില്‍ ട്വിറ്റര്‍ സന്ദേശം അച്ചടിച്ച് ഘടിപ്പിക്കുകയായിരുന്നു. 'LOOK AT THAT, YOU SON OF A BITCH' എന്നാണ് ഈ പോസ്റ്ററില്‍ ട്രംപിനുണ്ടായിരുന്ന സന്ദേശം. യൂറി ഗഗാറിന്‍ ബഹിരാകാശത്തെത്തിയതിന്റെ 56 ാം വാര്‍ഷിക ദിനത്തിലാണ് ഈ വിചിത്രമായ പ്രതിഷേധവും അരങ്ങേറിയത്
'അഫ്രോഡിറ്റ്' എന്ന് പേരിട്ടിട്ടുള്ള ഈ ബലൂണിന്റെ വിക്ഷേപണത്തിന് നേതൃത്വം നല്‍കിയതും പദ്ധതിക്ക് ഏകോപനം നടത്തിയതും സ്വതന്ത്ര ബഹിരാകാശ ഏജന്‍സിയാണ്.
ബഹിരാകാശത്തുള്ള ആദ്യ രാഷ്ട്രീയ പ്രതിഷേധമാണ് ഇതെന്നാണ് സ്വതന്ത്ര ബഹിരാകാശ ഏജന്‍സിയിലെ ഒരംഗം വാഷിങ്ടണ്‍ പോസ്റ്റിന് അയച്ച മെയില്‍ പറഞ്ഞിരിക്കുന്നത്.
നാസയുടെ ഭൗമശാസ്ത്ര പഠനത്തിനുള്ള ഫണ്ട് വെട്ടിക്കുറക്കാനുള്ള ട്രംപിന്റെ നടപടിക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമാണിതെന്നാണ് ബഹിരാകാശ ശാസ്ത്രജ്ഞര്‍ പറയുന്നത്.