ജലത്തിന് ഓര്‍മ്മശക്തിയുണ്ടോ


ദിലീപ് മമ്പള്ളില്‍

ജലത്തിന്റെ ഓര്‍മ്മശക്തി എന്നത് കപടശാസ്ത്രമാണ്. ജലത്തിന്റെ ഓര്‍മ്മയ്ക്ക് നിലനില്‍ക്കാന്‍ സാധിക്കില്ല. കാരണം അത് ശാസ്ത്രത്തിന്റെ അടിസ്ഥാന നിയമങ്ങള്‍ക്ക് എതിരാണ്

ഐടി മദ്രാസില്‍ സദ്ഗുരു നടത്തിയ ഒരു പ്രഭാഷണം കേള്‍ക്കുകയുണ്ടായി. അതില്‍ അദ്ദേഹം പറയുന്നത് ജലത്തിന് ഓര്‍മ്മശക്തി ഉണ്ടെന്നതാണ് (https://www.youtube.com/watch?v=6C1p4HUHlfE). അതായത് ജലത്തില്‍ കലര്‍ന്ന തന്മാത്രകളെ ഓര്‍ക്കാന്‍ ജലത്തിന് കഴിയും. സദ്ഗുരു പറയുമ്പോഴാണ് പലരും ഇത് കേട്ടതെങ്കിലും, അദ്ദേഹം മാത്രം പറയുന്ന ആശയമല്ലിത്. ഹോമിയോപ്പതിയിലും ജലത്തിന്റെ ഓര്‍മ്മശക്തി എന്ന പ്രതിഭാസത്തിനു പ്രാധാന്യമുണ്ട്. ഹോമിയോപ്പതി ആയതിനാല്‍ ഇതില്‍ അത്ര കാര്യമില്ല എന്നുപറഞ്ഞു തള്ളാന്‍ വരട്ടെ. ജലത്തിന്റെ ഈ പ്രത്യേകത ശാസ്ത്രീയമായ പഠനങ്ങള്‍ക്ക് വിധേയമായതാണ്. വലിയ വിവാദങ്ങളിലൂടെ കടന്നുപോയ ഒരു വിഷയമാണിത്. ഇന്നും പല ശാസ്ത്രജ്ഞരും ജലത്തിന് (വിവാദമായ) പല പ്രത്യേകതകളും ഉണ്ടെന്ന് അവകാശപ്പെടാറുണ്ട്.

ശരിക്കും ജലത്തിന് ഓര്‍മ്മശക്തിയുണ്ടോ? ഉണ്ടെങ്കില്‍ എന്താണത്?

പ്രശസ്ത ശാസ്ത്രജേര്‍ണലായ 'നേച്ചറി'ല്‍ (Nature) വിവാദമായ ഒരു പ്രബന്ധം 1998-ല്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. ഷാക്ക് ബെന്‍വെനിസ്റ്റ് (Jacques Benveniste) എന്ന ഫ്രഞ്ച് ശാസ്ത്രജ്ഞനായിരുന്നു ഇതിന്റെ മുഖ്യഗവേഷകന്‍. ശരീരത്തിലെ രോഗപ്രതിരോധ കോശങ്ങളില്‍ ഒന്നായ ബാസോഫില്‍ (basophil) കോശങ്ങളെ ഉപയോഗിച്ച് നടത്തിയ ഗവേഷണഫലം ഇതായിരുന്നു: ഈ കോശങ്ങളെ ആക്ടിവേറ്റ് ചെയ്യിക്കുന്ന പ്രതിദ്രവ്യങ്ങള്‍ (antibody) അവയുടെ ഒരു തന്മാത്ര പോലും ഇല്ലാത്ത അത്രയും ഭീമമായ അളവില്‍ നേര്‍പ്പിച്ചപ്പോഴും, ആ ജലത്തിലെ ബാസോഫില്‍ കോശങ്ങള്‍ ആക്ടിവേറ്റ് ചെയ്യപ്പെട്ടു. അതിഭീമമായ എന്നുവച്ചാല്‍, പ്രതിദ്രവ്യത്തിന്റെ ഒരു തന്മാത്രപോലും ഉണ്ടാകാന്‍ വഴിയില്ലാത്ത വിധത്തില്‍ നേര്‍പ്പിക്കുക എന്നര്‍ത്ഥം.

ഒരു ഫീല്‍ കിട്ടാന്‍ ഇങ്ങനെ പറയാം. ഇടുക്കി ഡാമില്‍ ഒരു സ്പൂണ്‍ പഞ്ചസാര ഇട്ടശേഷം നന്നായി ഇളക്കുക. ശേഷം ഡാമിലെ വെള്ളത്തിനു മധുരം ഉണ്ടല്ലോ എന്ന് പറഞ്ഞാല്‍ എങ്ങനെയിരിക്കും?

ശാസ്ത്രപ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് മറ്റു വിദഗ്ധഗവേഷകര്‍ അത് പരിശോധിക്കുന്ന ഒരു ചടങ്ങുണ്ട്. ഇതിനു റിവ്യൂ ചെയ്യുക എന്നാണ് പറയുക. റിവ്യൂ ചെയ്യുന്ന റഫറിമാര്‍ ആ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞര്‍ ആയിരിക്കും. ഇങ്ങനെ റിവ്യൂ ചെയ്ത ഗവേഷകര്‍ ബെന്‍വെനിസ്റ്റിന്റെ ഗവേഷണഫലം മറ്റു മൂന്നു ലാബുകളില്‍കൂടി ചെയ്തു തെളിയിക്കാന്‍ സാധിച്ചാല്‍ മാത്രമേ പ്രസിദ്ധീകരിക്കാവൂ എന്ന് അഭിപ്രായപ്പെട്ടു. അതിന്റെ കാരണം പ്രത്യേകിച്ച് എടുത്തു പറയേണ്ടതില്ലല്ലോ. എങ്കിലും പരീക്ഷണം നടത്തിയ രീതി ശരിയായത് കൊണ്ട്, 'നേച്ചര്‍' എഡിറ്റര്‍ റഫറിമാരുടെ നിര്‍ദ്ദേശം അവഗണിച്ചുകൊണ്ട് ഗവേഷണഫലം പ്രസിദ്ധീകരിക്കുകയാണുണ്ടായത്.

ആ പ്രബന്ധം (https://www.nature.com/news/2004/041004/full/news041004-19.html) ശാസ്ത്രലോകത്ത് വലിയ വിവാദങ്ങള്‍ ഉണ്ടാക്കി. കാരണം ഇത് ഭൗതികശാസ്ത്രത്തിന്റെയും രസതന്ത്രത്തിന്റെയും അടിസ്ഥാന നിയമങ്ങള്‍ക്ക് വിരുദ്ധമാണ്.

വിവാദങ്ങള്‍ കൊഴുത്തപ്പോള്‍, എഡിറ്റര്‍ അടക്കമുള്ള ശാസ്ത്രജ്ഞരുടെ സാന്നിധ്യത്തില്‍ ബെന്‍വെനിസ്റ്റ് തന്റെ ലാബില്‍ പരീക്ഷണങ്ങള്‍ വീണ്ടും ചെയ്തു. പല തവണ ചെയ്‌തെങ്കിലും തന്റെ ഫലങ്ങള്‍ ആവര്‍ത്തിക്കാന്‍ സാധിച്ചില്ല. 'നേച്ചര്‍' തന്നെ ഈ വിവരവും പ്രസിദ്ധീകരിച്ചു. ബെന്‍വെനിസ്റ്റും നേച്ചറും തമ്മില്‍ ഇതിന്റെ പേരില്‍ എഴുത്ത് യുദ്ധങ്ങള്‍ നടന്നു. അതിനിടെ, ജലത്തിന്റെ ഓര്‍മ്മശക്തി തെളിയിച്ചാല്‍ പത്തുലക്ഷം ഡോളര്‍ സമ്മാനം നല്‍കാമെന്ന വാഗ്ദാനവുമായി മാജീഷ്യനും, കപടശാസ്ത്രങ്ങളെ പൊളിച്ചടുക്കുന്ന പ്രശസ്തനായ ജെയിംസ് റാണ്ടി (James Randi) മുന്നോട്ട് വന്നു. പക്ഷെ ആരും രാണ്ടിയുടെ മില്ലിയന്‍ ഡോളര്‍ സ്വന്തമാക്കിയില്ല.

ജലത്തിന്റെ ഓര്‍മ്മശക്തിയും, അതിന്റെ തെളിവായി ബെന്‍വെനിസ്റ്റിന്റെ പഠനവും ശരിയെന്ന് ഇന്നും കരുതുന്നത് ഹോമിയോപ്പതിക്കാരാണ്. അവര്‍ പറയുന്നത് അതിഭീമമായി നേര്‍പ്പിച്ചാലും പ്രതിദ്രവ്യങ്ങളെ ഓര്‍ത്തുവക്കാന്‍ ജലത്തിന് കഴിയുമെന്നാണ്. ജലതന്മാത്രകള്‍ മരുന്ന് തന്മാത്രകള്‍ക്ക് ചുറ്റും ചേര്‍ന്ന് മരുന്ന് തന്മാത്രയുടെ ആകൃതി കൈവരിക്കുന്നു എന്നും പിന്നീട് മരുന്നു തന്മാത്രയുടെ അഭാവത്തിലും അത് ജലത്തിന്റെ ഓര്‍മ്മയായി നിലനില്‍ക്കുന്നു എന്നുമാണ് വാദങ്ങള്‍.

മരുന്ന് തന്മാത്രകളുടെ അഭാവത്തില്‍ അവയുടെ ആകൃതി ജലതന്മാത്രകള്‍ നിലനിര്‍ത്തുമോ? സത്യത്തില്‍ ഇത് സാധ്യമല്ല. ജലതന്മാത്രകള്‍ക്കുള്ള താപോര്‍ജ്ജം അവയെ ക്രമരഹിതമായി ചലിപ്പിച്ചുകൊണ്ടേയിരിക്കും. അതിനാല്‍ ഒരു പ്രത്യേക ആകൃതികളില്‍ ഏതാനും തന്മാത്രകള്‍ക്ക് കൂടിയിരിക്കാനൊന്നും സാധ്യമല്ല. ഹൈഡ്രജന്‍ ബന്ധനത്തിനാല്‍ ജലതന്മാത്രകള്‍ പരസ്പരം ബന്ധിക്കപ്പെട്ടിട്ടുണ്ട് എന്ന് നിങ്ങള്‍ പഠിച്ചിട്ടുണ്ടാകും. ഇതിനര്‍ത്ഥം ഒരു ജലതന്മാത്ര മറ്റൊരു പ്രത്യേക ജലതന്മാത്രയുമായി മാത്രം എപ്പോഴും ബന്ധിക്കപ്പെട്ടിരിക്കും എന്നല്ല. അങ്ങനെ ആയിരുന്നെങ്കില്‍ ജലത്തിന് ദ്രാവകം ആയിരിക്കാന്‍ സാധിക്കില്ലല്ലോ. തന്മാത്രകള്‍ ക്രമരഹിതമായി ഇങ്ങനെ ഓടിനടക്കുകയാവും. പക്ഷെ ഇതിനിടയിലും ഏതെങ്കിലും ജലതന്മാത്രയുമായി ഒരു ഹൈഡ്രജന്‍ ബന്ധനം ഉണ്ടാകും എന്നുമാത്രം.

ഇനി ഒരു രസത്തിനു ജലത്തിന് ഓര്‍മ്മശക്തി ഉണ്ടെന്നുതന്നെ വയ്ക്കുക. ജലത്തില്‍ കലരുന്ന എല്ലാ തന്മാത്രകളേയും അതിനു 'ഓര്‍മ്മിച്ച്' വയ്‌ക്കേണ്ടിവരും. എന്നുവച്ചാല്‍ നാം കഴിക്കുന്ന ജലം ലക്ഷക്കണക്കിന് വിവിധങ്ങളായ തന്മാതകളെ ഓര്‍മ്മിച്ചുവക്കുന്ന ദ്രാവകമായിരിക്കും. ചിലപ്പോള്‍ നമ്മുടെ ജീവന്‍തന്നെ അപകടത്തിലായേനെ. കാരണം എന്തെല്ലാം അപകടം പിടിച്ച തന്മാത്രകളാണ് ചെറിയ അളവില്‍ നമ്മുടെ ജലത്തില്‍ കലരുന്നതെന്ന് പറയാന്‍ പറ്റില്ലല്ലോ.

ഹോമിയോപ്പതിയുടെ വാദങ്ങള്‍ അനുസരിച്ച് നേര്‍പ്പിക്കല്‍ കൂടുംതോറും മരുന്നിന്റെ വീര്യവും കൂടും. അങ്ങനെയെങ്കില്‍ തന്മാത്രകളുടെ അളവ് കുറയുന്നതിനനുസരിച്ച് അതിന്റെ അപകടവും കൂടും! ഇനി അതല്ലെങ്കില്‍ ജലത്തിന് മറക്കാനുള്ള കഴിവുകൂടി ഉണ്ടാകണം. അതല്ലെങ്കില്‍ ചില പ്രത്യേക തന്മാത്രകളെ മാത്രമേ ഓര്‍ക്കാവൂ എന്നത് ജലത്തിനറിയണം. എല്ലാ തന്മാത്രകളേയും ജലത്തിന് ഓര്‍മ്മിച്ചുവക്കാന്‍ കഴിയുമായിരുന്നെങ്കില്‍ ഒന്നുകില്‍ ജലം എല്ലാ തന്മാത്രകളുമുള്ള ഒരു മരുന്നയേനെ; അല്ലെങ്കില്‍ വിഷമായേനെ!

ഇത്തരം യുക്തിക്കൊന്നും വലിയ ജലത്തിന്റെ ഓര്‍മ്മശക്തിയെ മായ്ക്കാന്‍ കഴിയുന്നില്ല. ബെന്‍വെനിസ്റ്റിന്റെ ഗവേഷണഫലങ്ങള്‍ എല്ലാവരും മറന്നുകളഞ്ഞില്ല. ഇത്തവണ അത് ഏറ്റെടുത്തിരിക്കുന്നത് വേറെ ആരുമല്ല: 2008-ല്‍ വൈദ്യശാസ്ത്ര നൊബേല്‍ ജേതാവായ ലൂക്ക് മോണ്ടേനിയര്‍ (https://en.wikipedia.org/wiki/Luc_Montagnier) തന്നെയാണ്. എച്ച്‌ഐവി വൈറസിന്റെ കണ്ടുപിടുത്തത്തിനാണ് അദ്ദേഹം നോബല്‍ പുരസ്‌കാരം കരസ്ഥമാക്കിയത്.

ജലത്തിന് ഓര്‍മ്മശക്തി ഉണ്ടെന്നത് തന്നെയാണ് അദ്ദേഹത്തിന്റെ കണ്ടുപിടുത്തം. ഒരു പടികൂടി മുന്നില്‍ പോയി, അദ്ദേഹം അവകാശപ്പെടുന്നത് ഡിഎന്‍എ തന്മാത്രകള്‍ക്ക് നേരിയ ശക്തിയില്‍ ഇലക്ട്രോമാഗ്‌നെറ്റിക് തരംഗങ്ങള്‍ പുറപ്പെടുവിക്കാന്‍ കഴിയുമെന്നും അത് അളക്കാന്‍ തനിക്ക് കഴിഞ്ഞെന്നും അദ്ദേഹം അവകാശപ്പെട്ടു. ഈ ഇലക്ട്രോ ാഗ്‌നെറ്റിക് തരംഗങ്ങള്‍ ജലത്തില്‍ ഘടനാപരമായ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്നും അവ ഓര്‍മ്മയായി അവശേഷിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ തരംഗങ്ങള്‍ ഇന്റര്‍നെറ്റിലൂടെ അയക്കാമെന്നും, സൂക്ഷ്മജീവികളെ കണ്ടെത്താന്‍ ഉപയോഗിക്കാം എന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാല്‍ മറ്റുള്ള ശാസ്ത്രഞ്ജര്‍ ഇതിനെ കാര്യമായി എടുത്തില്ല. വലിയ അവകാശവാദങ്ങള്‍ക്ക് വലിയ തെളിവുകള്‍ വേണമല്ലോ. ഇവിടെ അതില്ല.

ജലത്തിന്റെ ഓര്‍മ്മയെ പിന്താങ്ങി വന്ന മറ്റൊരു ശാസ്ത്രഞ്ജന്‍ സാക്ഷാല്‍ ബ്രയാന്‍ ജോസഫ്‌സന്‍ ആണ്. സുപ്പര്‍കണ്ടക്ടിവിറ്റിയിലും, ക്വാണ്ടം ടണലിംഗ് എന്ന പ്രതിഭാസത്തിലും നടത്തിയ ഗവേഷണങ്ങള്‍ക്ക് അദ്ദേഹം 1973-ല്‍ നൊബേല്‍ പുരസ്‌കാരം നേടി. ക്വാണ്ടം പ്രതിഭാസമായ 'ജോസഫ്‌സന്‍ പ്രതിഭാസം' (https://en.wikipedia.org/wiki/Josephson_effect) ഇദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. ജലത്തിന്റെ ഓര്‍മ്മശക്തി മാത്രമല്ല, കോള്‍ഡ് ഫ്യൂഷന്‍, മനസിന്റെ സുപ്പര്‍പവര്‍ എന്നിങ്ങനെ ശാസ്ത്രം തള്ളിയ ചില കാര്യങ്ങള്‍ക്കെല്ലാം ജോസഫ്‌സന്‍ പിന്തുണ നല്‍കി.

ജലത്തിന്റെ ഓര്‍മ്മയുമായി ഇടക്കിടെ പഠനങ്ങള്‍ വരുന്നുണ്ട്. അതില്‍ ഒന്ന് വന്നത് ഇന്ത്യയില്‍നിന്നാണ്. ഇങ്ങനെയൊരു ഗവേഷണപ്രബന്ധം പ്രസിദ്ധീകരിച്ചത് ഐഐടി ബോംബെയിലെ ചില ശാസ്ത്രജ്ഞരാണ്. അവരത് പ്രസിദ്ധീകരിച്ചത് പക്ഷെ ഹോമിയോപ്പതിയുടെ തന്നെ ഒരു ജേര്‍ണലിലാണ്. നാനോകണങ്ങള്‍ (nanoparticles) അടങ്ങിയ ഹോമിയോമരുന്നുകള്‍ അവാഗാഡ്രോ സംഖ്യയെക്കാള്‍ (6 കഴിഞ്ഞ് 26 പൂജ്യങ്ങള്‍ ഇട്ട സംഖ്യ) കൂടുതല്‍ നേര്‍പ്പിച്ചിട്ടും അവര്‍ക്ക് അവരുടെ ലായനിയില്‍ നാനോകണങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞു എന്നതാണ് വാദം.

എന്തായാലും അവരുടെ പ്രബന്ധം വായിച്ചുവരുമ്പോള്‍ സംഗതി കൂടുതല്‍ രസകരമാണ്. അവര്‍ ലായനി കുലുക്കുമ്പോള്‍ ഉണ്ടാകുന്ന ചെറുകുമിളകളുടെ പ്രതലത്തില്‍ നാനോകണങ്ങള്‍ അടിയുമത്രേ. ജലതന്മാത്രകളുമായി ചേര്‍ന്നിരിക്കാനുള്ള നാനോകണങ്ങളുടെ പ്രത്യേകത അനുസരിച്ച് ഇങ്ങനെ കുമിളകളുടെ പ്രതലത്തില്‍ അല്ലെങ്കില്‍ ജലോപരീതലത്തില്‍ അടിയാനുള്ള സാധ്യതയുണ്ട് എന്നത് സത്യമാണ്. പക്ഷെ അവരുടെ കുലുക്കലില്‍ ഉണ്ടാകുന്ന കുമിളകളില്‍ ഇങ്ങനെ കണങ്ങള്‍ അടിയുന്നുണ്ടോ എന്നതിന് അവര്‍ തെളിവുകള്‍ ഒന്നും നല്‍കുന്നില്ല. ഇനി അവര്‍ പറഞ്ഞുവരുന്നത് അതിലും രസകരമായ കാര്യമാണ്. ഓരോ തവണ നേര്‍പ്പിക്കുമ്പോഴും ലായനിയുടെ ഉപരീതലത്തില്‍ നാനോകണങ്ങള്‍ വരുന്നു (ഇതിനു തെളിവൊന്നും നല്‍കുന്നില്ല). വീണ്ടും നേര്‍പ്പിക്കാനായി എടുക്കുന്നത് ഈ ഉപരീതലത്തില്‍ നിന്നുമുള്ള ഒരല്‍പ്പം ലായനിയാണ്. ഇങ്ങനെ വരുമ്പോള്‍ നേര്‍പ്പിക്കല്‍ ശരിയല്ല അല്ലെങ്കില്‍ ശാസ്ത്രീയമല്ല. സത്യത്തില്‍ ആ മരുന്ന് കൃത്യമായി നേര്‍പ്പിക്കപ്പെടുന്നില്ല. നേര്‍പ്പിച്ച രീതിതന്നെ ശരിയാകാന്‍ വഴിയില്ലെന്ന് പറയുമ്പോള്‍ പഠനത്തിന്റെ ഫലം കണക്കിലെടുക്കേണ്ട കാര്യം തന്നെ ഇല്ലല്ലോ.

ജലത്തിന്റെ ഓര്‍മ്മശക്തി മാത്രമല്ല, അതുമായി ബന്ധപ്പെട്ട മറ്റു ഗവേഷണങ്ങളും ചിലര്‍ നടത്തുന്നുണ്ട്. പ്രൊഫസര്‍ ജെറാള്‍ഡ് പോള്ളാക് (https://www.pollacklab.org/) പറയുന്നത് ജലത്തിന് ഖരം, ദ്രാവകം, വാതകം എന്നീ അവസ്ഥകള്‍ കൂടാതെ നാലാമതൊരു അവസ്ഥകൂടി ഉണ്ടത്രേ. അതുപോലെ ജലത്തുള്ളികള്‍ ഉണങ്ങിക്കഴിഞ്ഞാല്‍ ലഭിക്കുന്ന കറകള്‍ക്ക് (ചായയോ കാപ്പിയോ ഉങ്ങിയ കറ പോലെ) ജലത്തിന്റെ ഓര്‍മ്മശക്തിയുമായി ബന്ധമുണ്ട് എന്നാണ് ജര്‍മ്മന്‍കാരനായ പ്രൊഫസര്‍ ക്രൂപ്ലിന്‍ (http://www.weltimtropfen.de/index_english.html) അവകാശപ്പെടുന്നത്. പാട്ട് കേള്‍പ്പിച്ചശേഷം ഉണങ്ങി ഉണ്ടായ ജലത്തുള്ളിയുറെ കറകള്‍ക്ക് വ്യത്യസ്തമായ ആകൃതികള്‍ ആയിരിക്കുമത്രേ ഉണ്ടാകുക!

ചുരുക്കത്തില്‍ ജലത്തിന്റെ ഓര്‍മ്മശക്തി എന്നത് കപടശാസ്ത്രമാണ്. ഹോമിയോപ്പതി പോലെയുള്ള രീതികള്‍ ഇന്നും ഇതിനു പ്രാധാന്യം നല്‍കുന്നുണ്ട്. ജലത്തിന്റെ ഓര്‍മ്മ ശാസ്ത്രം ഇന്നുവരെ കണ്ടെത്താത്ത ഏതോ തത്ത്വങ്ങളെ അടിസ്ഥാനമാക്കി നിലനില്‍ക്കുന്നു എന്നരീതിയില്‍ കരുതുന്നവരുണ്ട്. ജലത്തിന്റെ ഓര്‍മ്മയ്ക്ക് നിലനില്‍ക്കാന്‍ സാധിക്കില്ല. കാരണം അത് ശാസ്ത്രത്തിന്റെ അടിസ്ഥാന നിയമങ്ങള്‍ക്ക് എതിരാണ്.

(തിരുപ്പതിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ (IISER) അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകന്‍).

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram