ആന ചരിഞ്ഞ സംഭവം: വനം മന്ത്രി രാജിവെക്കണമെന്ന് മനേക ഗാന്ധി


1 min read
Read later
Print
Share

-

ന്യൂഡൽഹി: പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് ഫോറസ്റ്റ് ഡിവിഷനിൽ സ്‌ഫോടകവസ്തു കടിച്ച് ആന ചരിഞ്ഞ സംഭവത്തിൽ പ്രതികരണവുമായി മൃഗസംരക്ഷണ പ്രവർത്തകയും മുൻകേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ മനേക ഗാന്ധി. എന്നാൽ സംഭവം മലപ്പുറം ജില്ലയിലാണെന്നും മലപ്പുറം ജില്ല മൃഗങ്ങൾക്കെതിരെയുള്ള ക്രൂരതയ്ക്ക് കുപ്രസിദ്ധമാണെന്നുമാണ് മനേക ഗാന്ധി പ്രതികരിച്ചത്.

മൃഗങ്ങളോടുള്ള ക്രൂരതകൾ തുടരുമ്പോഴും ഇതുവരെ ഒരു നടപടിയും ഇതിനെതിരെ സ്വീകരിച്ചിട്ടില്ലെന്ന് മനേക പറയുന്നു. ട്വിറ്ററിലൂടെയും വാർത്താ ഏജൻസിയോടുമായിരുന്നു മനേക ഗാന്ധിയുടെ പ്രതികരണം.

ഇതുവരെ 600 ഓളം ആനകൾ കേരളത്തിൽ വിവിധ അമ്പലങ്ങളിലായി കൊല്ലപ്പെട്ടിട്ടുണ്ട്. ഉടമസ്ഥരുടെ മർദനമേറ്റും പട്ടിണികിടന്നും അല്ലെങ്കിൽ ബോധപൂർവം കൊലപ്പെടുത്തിയതുമായി ഈ കേസുകൾ നിരവധി തവണ താൻ കേരളത്തിലെ വനംവകുപ്പിനെ അറിയിച്ചിട്ടുണ്ട്. എല്ലാ ആഴ്ചയും തന്നെ വകുപ്പുമായി സംസാരിക്കുമെങ്കിലും ഇതുവരെ ഒരുനടപടിയും ഉണ്ടായിട്ടില്ല. ഇപ്പോൾ തന്നെ കൂടൽമാണിക്യം ക്ഷേത്രത്തിൽ ഒരു ആന നിരന്തരം മർദനത്തിനിരയായിക്കൊണ്ടിരിക്കുന്നു. ഉടൻ അത് ചരിയും. ഇതിനെ കുറിച്ച് ഞാൻ വകുപ്പിൽ പരാതി നൽകിയിട്ട് ഒരു മാസമാവുന്നു. എന്നാൽ ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്നും അവർ ആരോപിച്ചു.

നടപടി ആവശ്യപ്പെട്ട് എല്ലാവരും മന്ത്രിക്കും വകുപ്പ് സെക്രട്ടറിക്കും ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്കും ഇമെയിൽ ചെയ്യുകയും ഫോൺ വിളിക്കുകയും ചെയ്യണമെന്ന് അവർ ട്വിറ്ററിലൂടെ ആവശ്യപ്പെടുകയും അവരുടെ ഫോൺ നമ്പറുകളും ഇമെയിൽ വിലാസങ്ങളും ട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

വിഷയത്തിൽ വനംവകുപ്പ് സെക്രട്ടിയെ നീക്കണം, ഏതെങ്കിലും തരത്തിലുള്ള ധാർമികത ഉണ്ടെങ്കിൽ വനംവകുപ്പ് മന്ത്രി രാജിവെയ്ക്കണം. രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിലാണ് ഇത് സംഭവിച്ചിരിക്കുന്നതെന്നും എന്തുകൊണ്ട് അദ്ദേഹം നടപടിയെടുക്കാൻ തയ്യാറാവുന്നില്ലെന്നും മനേക ഗാന്ധി എഎൻഐയോട് പ്രതികരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram