-
ലിസ്ബൺ: മാതൃദിനത്തിൽ അമ്മയ്ക്ക് അപ്രതീക്ഷിത സമ്മാനവുമായി പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. മെഴ്സിഡസ് കാറാണ് അമ്മ മരിയ ഡോളോറെസിന് സമ്മാനിച്ചത്. അമ്മയ്ക്കും തന്റെ കുട്ടികളുടെ അമ്മയായ ജോർജീന റോഡ്രിഗസിനും മാതൃദിന ആശംസ സാമൂഹികമാധ്യമത്തിലൂടെ നേരുകയും ചെയ്തു.
പോർച്ചുഗലിൽ മേയ് മൂന്നിനാണ് മാതൃദിനം. ക്രിസ്റ്റ്യാനോയുടെ ജീവിതത്തിലും ഫുട്ബോൾ കരിയറിലും നിർണായക സ്വാധീനമുണ്ട് മരിയയ്ക്ക്. കഴിഞ്ഞ മാർച്ചിൽ പക്ഷാഘാതത്തെത്തുടർന്ന് ഏറെനാൾ ചികിത്സയിലായിരുന്നു. അതിനുമുമ്പ് അർബുദത്തോട് പോരാടിയാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്.
സാമൂഹികമാധ്യമമായ ഇൻസ്റ്റഗ്രാമിലൂടെ സമ്മാനത്തിന് നന്ദി പറഞ്ഞ മരിയ അമ്മമാർക്ക് ആശംസയർപ്പിക്കുകയും ചെയ്തു. 22 ലക്ഷം പേരാണ് ഇൻസ്റ്റഗ്രാമിൽ മരിയ ഡോളോറസിനെ പിന്തുടരുന്നത്.