-
കൊച്ചി : കേള്‍വിയുടെ മറ്റൊരുതലം വിരല്‍തുമ്പിലേക്കെത്തിക്കുകയാണ് റേഡിയോയുടെ ന്യൂജന്‍ വിഭാഗമായ പോഡ്കാസ്റ്റിലൂടെ. കുറച്ചു വര്‍ഷങ്ങളായി ഇംഗ്ലീഷിലും മറ്റ് ഭാഷകളിലും നിറഞ്ഞ് നിന്നിരുന്ന പോഡ്കാസ്റ്റ് ഇന്ന് മലയാളികളുടേയും ഇടമാണ്. ലോക പോഡ്കാസ്റ്റ് ദിനം കേരളത്തില്‍ ശ്രദ്ധേയമാകുന്നതും ഇതിലൂടെയാണ്. 2014-ലാണ് മോഡേണ്‍ ലൈഫ് നെറ്റ്വര്‍ക്കിന്റെ സ്ഥാപകന്‍ സ്റ്റീവ് ലീ പോഡ്കാസ്റ്റ് ദിനമായി ആചരിക്കാന്‍ ആരംഭിച്ചത്. വിനോദവും വിജ്ഞാനവും ഒരുപോലെ പങ്കുവയ്ക്കുന്ന പോഡ്കാസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ദിനാചരണം ആരംഭിച്ചത്. ഇന്ന് മലയാളം പോഡ്കാസ്റ്റിംഗ് കമ്മ്യൂണിറ്റി എന്ന ഓണ്‍ലൈന്‍ കമ്മ്യൂണിറ്റിയുടെ കീഴില്‍ നൂറോളം മലയാളി പോഡ്കാസ്റ്റര്‍മാരാണ് കേള്‍വിക്കാരിലേക്കും പുതിയ ആശയങ്ങളുമായി ഓരോ തവണയുമെത്തുന്നത്. ലോക്ഡൗണും വര്‍ക്ക് ഫ്രം ഹോം കാലഘട്ടവുമെല്ലാം മലയാളികളിലെ പോഡ്കാസ്റ്റിലേക്ക് ആകര്‍ഷിച്ചിട്ടുണ്ട്. വളരെ കുറവ് ഡാറ്റ ഉപയോഗിച്ച് കൊണ്ട് വര്‍ക്ക് ഫ്രം ഹോം കാലത്ത് വിനോദോപാധിയായി മാറിയതാണ് പോഡ്കാസ്റ്റുകള്‍. ഏത് ജോലി ചെയ്യുമ്പോഴും പഠിക്കാനും ചിന്തിപ്പിക്കാനും കഴിയുന്ന ഒന്നായാണ് പോഡ്കാസ്റ്റുകള്‍ നില്‍ക്കുന്നത്. സ്വന്തം ഫോണില്‍ തന്നെ ഇത് ലഭ്യമാകുകയും ചെയ്യുന്നു. കഥകള്‍ പറയാനും, സീരീസ് ഇറക്കാനുമെല്ലാം ഇതിലൂടെ സാധിക്കുമെന്നതും ഒരു പ്രത്യേകതയാണ്.
എന്താണ് പോഡ്കാസ്റ്റ്
റേഡിയോയ്ക്ക് സമാനമായ ഒരു വേദിയാണ് പോഡ്കാസ്റ്റ്. പല വിഷയങ്ങള്‍, സംഭവങ്ങള്‍, അനുഭവങ്ങള്‍ എന്നിവയെല്ലാം ഇവിടെ പങ്കുവയ്ക്കപ്പെടും. ഓരോ പോഡ്കാസ്റ്റര്‍മാരും തനതായ ശൈലിയിലൂടെയായിരിക്കും ഇത് അവതരിപ്പിക്കുക. പരമ്പരകളായും സീസണുകളായുമെല്ലാം പോഡ്കാസ്റ്റര്‍മാര്‍ ഇത് കേള്‍വിക്കാരിലേക്ക് എത്തിക്കും. അഞ്ച് മിനിറ്റ് മുതല്‍ മണിക്കൂറുകളോളം ദൈര്‍ഖ്യമുള്ള പോഡ്കാസ്റ്റും ഇന്ന് കേള്‍ക്കാന്‍ സാധിക്കും. എഫ്.എം. ഓണ്‍ ഡിമാന്റ് എന്ന രീതിയിലാണ് പോഡ്കാസ്റ്റ് ഉപയോഗിക്കുന്നത്.
എങ്ങനെ കേള്‍ക്കാം
വളരെ എളുപ്പത്തില്‍ കേള്‍വിക്കാരിലേക്കെത്തുന്ന ഒന്നാണ് പോഡ്കാസ്റ്റ്. ഗൂഗിള്‍ പോഡ്കാസ്റ്റ്, ആപ്പിള്‍ പോഡ്കാസ്റ്റ്, സ്പോട്ടിഫൈ, ജിയോ സാവന്‍, ഗാന തുടങ്ങിയ ആപ്ലിക്കേഷനിലൂടെ ഇഷ്ടപ്പെട്ട പോഡ്കാസ്റ്ററിനെ കണ്ടെത്തി കേള്‍ക്കാന്‍ സാധിക്കും.
മലയാളം പോഡ്കാസ്റ്റിംഗ് കമ്മ്യൂണിറ്റി
മലയാളത്തില്‍ പോഡ്കാസ്റ്റ് ചെയ്യുന്നവരുടെ ഓണ്‍ലൈന്‍ കൂട്ടായ്മയാണ് മലയാളം പോഡ്കാസ്റ്റിംഗ് കമ്മ്യൂണിറ്റി. പോഡ്കാസ്റ്റ് ചെയ്യുന്നവരുടെ സംശയങ്ങള്‍ തീര്‍ക്കുക, സഹായിക്കുക, പ്രചരിപ്പിക്കുക തുടങ്ങിയവയാണ് ഇതിലൂടെ ചെയ്യുന്നത്. ഒപ്പം പുതിയ പോഡ്കാസ്റ്റിംഗ് ആശയങ്ങളും ഇവര്‍ പങ്കുവയ്ക്കുന്നു. പോഡ്കാസ്റ്റ് ദിനത്തോടനുബന്ധിച്ച് കുട്ടി പോഡ്കാസ്റ്റര്‍ എന്ന മത്സരമാണ് ഇവര്‍ ആരംഭിച്ചത്. കുട്ടികള്‍ക്കായുള്ള ഒരു കഥ പറയല്‍ മത്സരമാണിത്.
സമകാലീന കാര്യങ്ങളും അനുഭവങ്ങളും

സമകാലീന കാര്യങ്ങള്‍ സ്വന്തം അനുഭവങ്ങളില്‍ ചേര്‍ത്താണ് എപ്പിസോഡുകള്‍ ചെയ്യുന്നത്. പേഴ്സണല്‍ ജോണര്‍ ആണ് ഉപയോഗിക്കുന്നത്. വോയ്സ് ഓവര്‍ ആര്‍ടിസ്റ്റ് ആയത് കൊണ്ട് തന്നെ ഏറെ ഇഷ്ടമുള്ള മേഖലയായിരുന്നു. കോവിഡ് സമയത്ത് കേള്‍വിക്കാരെ കൂടുതലായി ലഭിച്ചു. പാട്ടുകളുടെ റിലീസ് കുറയുന്നത് അനുസരിച്ച് പോഡ്കാസ്റ്റിന് കൂടുതല്‍ ഇടം നേടാന്‍ സാധിച്ചു.
റെനീഷ്യ മഹേഷ്,
എന്നോടൊപ്പം
സ്വയരൂപീകരണത്തിന് സഹായകം
ജീവിതാനുഭവങ്ങളും, ജീവിതത്തിലെ പ്രതിസന്ധികളുമെല്ലാം പോഡ്കാസ്റ്റ് എപ്പിസോഡുകളില്‍ ഇടം നേടുന്നുണ്ട്. കേള്‍വിക്കാരുടെ അനുഭവങ്ങളും നമ്മുടെ കാഴ്ചപ്പാടുകളെ

മാറ്റുന്നതിന് സഹായിക്കും. ഒപ്പം ഒരുപാട് അറിവ് നേടാനും പുതിയ കാര്യങ്ങള്‍ കണ്ടുപിടിക്കാനും പോഡ്കാസ്റ്റിംഗ് സഹായിക്കുന്നുണ്ട്. സ്വയരൂപീകരണത്തിന് ഏറെ സഹായിക്കുന്നുണ്ട്. സ്ഥിരതയും ഉള്ളടക്കവുമാണ് പോഡ്കാസ്റ്റിനെ കേള്‍വിക്കാരിലേക്ക് ആകര്‍ഷിക്കുന്ന ഘടകം.
വിഷ്ണു സജീവ് ദ മല്ലു ഗൈജീന്‍ ഷോ

പോഡ്കാസ്റ്റ് - ജീവിതത്തിലെ ഏടുകള്‍
ജീവിതത്തിലേ വിവിധ ഏടുകളാണ് പോഡ്കാസ്റ്റില്‍ ഇടം നേടാറുള്ളത്. വളരെ രസകരമായ രീതിയില്‍ അവതരിപ്പിക്കാനാണ് ശ്രമിക്കാറുള്ളത്. എല്ലാവരും അനുഭവിച്ചിട്ടും ചിന്തിച്ചിട്ടുമുള്ള ഒരുപിടി കാര്യങ്ങളാണ് ഉള്ളടക്കമാകുന്നത്. ഏതൊരു പരിമിധിയില്‍ നില്‍ക്കുന്ന ആള്‍ക്കും പോഡ്കാസ്റ്റുമായി സമൂഹത്തിലേക്കെത്താന്‍ സാധിക്കും. സ്വത്വം വെളിപ്പെടുത്താതെയും ചെയ്യാന്‍ സാധിക്കുമെന്നത് അന്തര്‍മുഖികളേയും ഇതിലേക്ക് അടുപ്പിക്കുന്നുണ്ട്.
കെ.ജെ.കൃഷ്ണലാല്‍
ദ മലയാളി പോഡ്കാസ്റ്റ്