പ്രതീകാത്മക ചിത്രം | AP
മുംബൈ : രണ്ട് ഡോസ് കോവിഡ് പ്രതിരോധ വാക്സിൻ എടുത്തവരെ എന്തുകൊണ്ട് ലോക്കൽ ട്രെയിനിൽ യാത്രചെയ്യാൻ അനുവദിക്കുന്നില്ലെന്ന് മുംബൈ ഹൈക്കോടതി സർക്കാരിനോട് ചോദിച്ചു. ലോക്കൽ ട്രെയിനിൽ യാത്രചെയ്യാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകരും മറ്റുള്ളവരും നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഇതുമായി ബന്ധപ്പെട്ട് സർക്കാർ എന്തെങ്കിലും പദ്ധതി രൂപപ്പെടുത്തുന്നുണ്ടോ എന്നും ചീഫ് ജസ്റ്റിസ് ദീപാങ്കർ ദത്ത, ജസ്റ്റിസ് ജി.എസ്. കുൽക്കർണി എന്നിവരടങ്ങിയ ഡിവിഷൻബെഞ്ച് അഡ്വക്കറ്റ് ജനറൽ അശുതോഷ് കുംഭകോണിയോട് ചോദിച്ചു.
എന്താണ് വാക്സിനെടുത്താലുള്ള നേട്ടം. വാക്സിൻ എടുത്തിട്ടും ജനങ്ങൾ വീട്ടിലിരിക്കണമെന്നാണോ. അവർക്ക് ജീവിക്കാൻ തൊഴിലെടുക്കേണ്ടേ -കോടതി ചോദിച്ചു. എല്ലാവർക്കും ലോക്കൽ ട്രെയിനിൽ യാത്രചെയ്യാനുള്ള ഒരു പദ്ധതി സർക്കാർ തയ്യാറാക്കുന്നില്ല എന്നായിരുന്നു കുംഭകോണിയുടെ മറുപടി. അഭിഭാഷകർക്കും കോടതി ജീവനക്കാർക്കും യാത്രചെയ്യാനുള്ള പാസുകൾ അനുവദിക്കാൻ റെയിൽവേ തയ്യാറാണെന്ന് റെയിൽവേക്കുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ അനിൽ സിങ് അറിയിച്ചു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതിന്റെ തിരക്കിലാണെന്നും അദ്ദേഹം ഉടൻതന്നെ ഇക്കാര്യങ്ങളിൽ ചർച്ച നടത്തി തീരുമാനമെടുക്കുമെന്നും അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചു. കേസിൽ തുടർവാദം ഓഗസ്റ്റ് അഞ്ചിന് നടക്കും.
ലോക്കൽ ട്രെയിൻയാത്ര എല്ലാവർക്കുമായി അനുവദിക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വ്യക്തമാക്കി. സാംഗ്‌ലിയിൽ തിങ്കളാഴ്ച പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതിനിടെ പത്രക്കാരുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. മൂന്നാംതരംഗം മുന്നിൽ നിൽക്കുന്ന ഈ അവസരത്തിൽ ലോക്കൽ ട്രെയിനിൽ എല്ലാവർക്കും യാത്രചെയ്യാനുള്ള സൗകര്യം അനുവദിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.