മുംബൈ: ആദായവിലയ്ക്കുള്ള സാരിവിൽപ്പന ജനക്കൂട്ടം നിയന്ത്രണാതീതമായതിനെത്തുടർന്ന് പോലീസ് ഇടപെട്ട് അവസാനിപ്പിച്ചു. മുംബൈയ്ക്കടുത്ത് ഉല്ലാസ് നഗറിൽ പത്തുരൂപയുടെ സാരിവിൽപ്പനയാണ് നാലാമത്തെ ദിവസം നിർത്തേണ്ടിവന്നത്. ഗജാനൻ മാർക്കറ്റിൽ രംഗ് ക്രിയേഷൻ എന്ന പേരിൽ വസ്ത്രവ്യാപാരസ്ഥാപനം നടത്തുന്ന അശ്വിൻ സഖാരേയാണ് പത്തുരൂപയ്ക്ക് സാരി വിൽപ്പന തുടങ്ങിയത്.
90 രൂപയ്ക്ക് മൊത്തവ്യാപാര സ്ഥാപനത്തിൽനിന്ന് താൻ വാങ്ങുന്ന സാരികളാണ് പത്തുരൂപയ്ക്ക് വിൽക്കുന്നതെന്നും തന്റെ ലാഭത്തിൽ ഒരു പങ്ക് ഉപഭോക്താക്കളുമായി പങ്കുവെക്കാനാണ് തീരുമാനമെടുത്തതെന്നും സഖാരേ പറയുന്നു. ഒരാഴ്ച നീളുന്ന ആദായവിൽപ്പന ബുധനാഴ്ചയാണ് തുടങ്ങിയത്.
ഓരോദിവസം കഴിയുംതോറും സാരി വാങ്ങാനെത്തുന്ന സ്ത്രീകളുട എണ്ണം കൂടിക്കൂടി വന്നു. വിദൂര പ്രദേശങ്ങളിൽനിന്നുപോലും ആളുകൾ എത്താൻ തുടങ്ങി. ശനിയാഴ്ച കട തുറക്കുന്നതിനു മുമ്പുതന്നെ നൂറുകണക്കിനാളുകൾ പുറത്ത് കാത്തുനിൽക്കുന്നുണ്ടായിരുന്നു. വിൽപ്പന തുടങ്ങിയപ്പോഴേക്ക് തിരക്ക് പിന്നെയും കൂടി. തിരക്ക് നിയന്ത്രണാതീതമാവുമെന്ന് കണ്ടപ്പോൾ കച്ചവടം അവസാനിപ്പിക്കാൻ പോലീസ് ആവശ്യപ്പെട്ടു. കാത്തു നിന്ന സ്ത്രീകൾ അതോടെ നിരാശരായി മടങ്ങി. നാലു ദിവസംകൊണ്ട് പത്തു രൂപയുടെ 2000 സാരി വിറ്റെന്നാണ് സഖാരേ പറയുന്നത്.
Content Highlights: ten rupees for one saree, police blocked sales in mumbai
Share this Article