മുംബൈ: സുപ്രീംകോടതി വിധിയെത്തുടർന്ന് മദ്യശാലകൾ അടയ്ക്കുന്നതിനെ മറികടക്കാൻ മഹാരാഷ്ട്ര സർക്കാർ ബദൽ മാർഗങ്ങൾ തേടുന്നു. നഗരങ്ങളിലൂടെ കടന്നുപോകുന്ന സംസ്ഥാനപാതകളെ നഗരസഭകൾക്ക് വിട്ടുകൊടുത്ത് അവയുടെ സംസ്ഥാന പാതാപദവി എടുത്തുകളയാനാണ് പദ്ധതി. സംസ്ഥാനത്തെ ചില നഗരസഭകൾ ഇത് നടപ്പാക്കിക്കഴിഞ്ഞു. ദേശീയ, സംസ്ഥാനപാതകളുടെ 500 മീറ്റർ പരിധിയിൽ മദ്യശാലകൾപാടില്ലെന്ന വിധി ബാറുകൾക്കും ബിയർ പാർലറുകൾക്കും മദ്യംവിളമ്പുന്ന റസ്റ്റോറന്റുകൾക്കും ബാധകമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതിനെത്തുടർന്ന് ശനിയാഴ്ച മഹാരാഷ്ട്രയിലെ 15,699 മദ്യശാലകളാണ് അടച്ചത്. ഇതുകാരണം സർക്കാറിന് എക്സൈസ് തീരുവയിനത്തിൽ പ്രതിവർഷം 7,000 കോടിയുടെ നഷ്ടമുണ്ടാകുമെന്ന് എക്സൈസ് മന്ത്രി ചന്ദ്രശേഖർ ബവാങ്കുളേ പറഞ്ഞു. വ്യാപാര മേഖലയ്ക്കുണ്ടാവുന്ന നഷ്ടം ഇതിലും എത്രയോ കൂടുതലാണ്.
നഗരങ്ങളിലൂടെ കടന്നുപോകുന്ന പാതകളുടെ സംസ്ഥാനപാതാപദവി എടുത്തുകളഞ്ഞാൽ ഇപ്പോൾ അടച്ച മദ്യശാലകളിൽ പകുതിയോളമെണ്ണം വീണ്ടും തുറക്കാൻ പറ്റും. നഗരങ്ങളിലൂടെ കടന്നുപോകുന്ന സംസ്ഥാനപാതകൾക്ക് നഗരത്തിലേക്ക് കടക്കുന്നതിനു മുമ്പ് ഗതാഗതക്കുരുക്കൊഴിവാക്കാൻ ബൈപ്പാസുണ്ടെങ്കിൽ നഗരത്തിലെ ഭാഗം നഗരസഭയ്ക്ക് വിട്ടുകൊടുക്കാനാണ് പദ്ധതി. ഇതിന് തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരംനൽകുന്ന വിജ്ഞാപനം 2001-ൽ പുറപ്പെടുവിച്ചിട്ടുണ്ട്. സംസ്ഥാനപാതയെന്ന പദവി ഒഴിവായാൽ അതിന്റെ അറ്റകുറ്റപ്പണി നടത്താനുള്ള ചുമതല തദ്ദേശ സ്ഥാപനങ്ങൾക്കായിരിക്കും.
പാതയോരത്തെ മദ്യശാലകൾ നീക്കണമെന്ന വിധി വന്നയുടൻതന്നെ മഹാരാഷ്ട്രയിലെ ജൽഗാവ്, യവത്മൽ നഗരസഭകൾ നഗരപ്രദേശത്തുകൂടി കടന്നുപോകുന്ന സംസ്ഥാനപാതകൾ ഏറ്റെടുത്തുകൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇക്കാര്യം അവർ സംസ്ഥാന സർക്കാറുകളെ അറിയിച്ചിട്ടുമുണ്ട്. മറ്റു നഗരസഭകളും ഇതേമാർഗം പിന്തുടരുമോയെന്ന ചോദ്യത്തിന് പ്രശ്ന പരിഹാരത്തിന് ശ്രമിച്ചുകൊണ്ടിരിക്കുകയാണ് എന്നായിരുന്നു മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ മറുപടി.
മദ്യശാലകൾ പാതയോരങ്ങളിൽനിന്ന് മാറ്റി പുതിയ സ്ഥലങ്ങളിൽ തുടങ്ങാനാഗ്രഹിക്കുന്നവരിൽനിന്ന് അതിന് പ്രത്യേകം നിരക്കൊന്നും ഈടാക്കില്ലെന്ന് എക്സൈസ് മന്ത്രി അറിയിച്ചു. എന്നാൽ അങ്ങനെ മാറ്റിസ്ഥാപിക്കുന്നത് അപ്രായോഗികമാണെന്നാണ് ഹോട്ടലുടമകൾ പറയുന്നത്. പാതയോരത്തെ ഹോട്ടലുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും അവയിൽ മദ്യം വിളമ്പുന്നില്ല. മദ്യമില്ലെന്നറഞ്ഞപ്പോൾ പലരും ഭക്ഷണംകഴിക്കാതെ സ്ഥലംവിട്ടതായി ഹോട്ടലുടമകൾ പറഞ്ഞു.