മുംബൈ: തീവണ്ടിയാത്രയില്‍ നല്ല ഭക്ഷണം കിട്ടുന്നില്ലെന്ന യാത്രക്കാരുടെ പരാതിക്ക് പരിഹാരമേകാന്‍ റെയില്‍വേ പല പദ്ധതികളും ആസൂത്രണം ചെയ്യുന്നു. ഇതിന്റെഭാഗമായി സാവന്ത്വാടി റെയില്‍വേ സ്റ്റേഷനില്‍ യാത്രികര്‍ക്ക് കൊങ്കണ്‍ രുചിക്കൂട്ടോടുകൂടിയ ഭക്ഷണം വിളമ്പാന്‍ തുടങ്ങി.
ഐ.ആര്‍.സി.ടി.സിയുടെ മേല്‍നോട്ടത്തിലാണ് ഈ പദ്ധതി നടപ്പാക്കിയിരിക്കുന്നത്. സാവന്ത്വാടി സ്റ്റേഷനില്‍ നിര്‍ത്തുന്ന വണ്ടികളില്‍ മാത്രമായിരിക്കും തത്കാലം ഈ സേവനം ലഭിക്കുക. രാവിലെ ഏഴ് മുതല്‍ രാത്രി 10 വരെ സമയാസമയം പ്രാതലും ഉച്ചഭക്ഷണവും അത്താഴവുമൊക്കെ തയ്യാറായിരിക്കും.
ഗോല്‍മ ചട്‌നിയും സുറുമ ഫ്രൈയും ഫിഷ് കറിയും കൊങ്കണിന്റെ മാത്രമായ സോള്‍കടി, സുക്ക ചിക്കണ്‍, അംബാ പോളി, കോകം സിറപ്പ് എന്നിവയൊക്കെ ഇവിടെയുണ്ടാകും. യാത്രികര്‍ നേരത്തെ ഓണ്‍ലൈനില്‍ ബുക്ക് ചെയ്യണമെന്നുമാത്രം. പണം ഓണ്‍ലൈനായോ കാഷ് ആയോ നല്‍കാം. 'ഫുഡ് ഓണ്‍ ട്രാക്ക്' എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് ഭക്ഷണം ബുക്ക് ചെയ്യേണ്ടത്.
30 സ്ത്രീകളുടെ 'മെഹര്‍' എന്ന സ്വയംസഹായ സംഘമാണ് ഈ ഭക്ഷണം തയ്യാറാക്കുന്നത്. അടുക്കളയും മറ്റും സജ്ജമാക്കുന്നതിന് നബാര്‍ഡും ലുപിന്‍ ലബോറട്ടറീസും ചേര്‍ന്ന് 6.23 കോടി രൂപയാണ് ഈ സംഘത്തിന് സഹായധനം നല്‍കിയിരിക്കുന്നത്. ഭക്ഷണയിനങ്ങള്‍ തയ്യാറാക്കുന്നതിനുള്ള പ്രത്യേക പരിശീലനം ഈ സംഘത്തിന് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച മുതല്‍ ഇവര്‍ യാത്രികര്‍ക്ക് ഭക്ഷണം വിളമ്പിത്തുടങ്ങി.
രണ്ട് ചപ്പാത്തിയും ഉസല്‍ കറിയും വാങ്ങിയാല്‍ 60 രൂപയാണ് വില. സോള്‍കടി 23 രൂപ. റൈസ് നൂഡില്‍സിന് 98 രൂപ. വെജിറ്റബിള്‍ സ്‌പെഷ്യല്‍ താലിയ്ക്ക് 265 രൂപ. ഏറ്റവും കൂടിയ വില സുറുമൈ താലിക്കാണ് - 517 രൂപ. രണ്ട് ചപ്പാത്തി, മീന്‍ കറി, സുറുമൈ ഫ്രൈ, ചോറ്, ഗോല്‍മ ചട്ട്ണി, സോള്‍കടി, കാജൂര്‍ പാന്‍ തുടങ്ങിയവയാണ് ഇതിലുള്ളത്.
ഡിസംബര്‍ മൂന്നിനാണ് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു സാവന്ത്വാടിയില്‍ ഈ പദ്ധതി ഉദ്ഘാടനം ചെയ്തത്. കൊങ്കണ്‍പാതയിലെ കൂടുതല്‍ സ്റ്റേഷനുകളില്‍ ഈ പദ്ധതി വ്യാപിപ്പിക്കാന്‍ ഐ.ആര്‍.സി.ടി.സി ആലോചിക്കുന്നുണ്ട്.
Share this Article
Related Topics