പുണെ: പുണെയിലെ സെക്‌സ് റാക്കറ്റില്‍നിന്ന് പോലീസ് രക്ഷപ്പെടുത്തി റെസ്‌ക്യൂമിലേക്ക് മാറ്റിയ നടിയും മോഡലുമായ യുവതി പോലീസിനെതിരെ പരാതിയുമായി രംഗത്ത് വന്നു. പോലീസ് പുറത്തുവിട്ട വിവരങ്ങള്‍ വ്യാജമാണെന്നാണ് നടിയുടെ വാദം. ഈ നടിയെ കഴിഞ്ഞദിവസമാണ് പുണെയിലെ സ്റ്റാര്‍ഹോട്ടലില്‍നിന്ന് പോലീസ് രക്ഷപ്പെടുത്തിയത്.
സുരക്ഷാ കാരണങ്ങളാലാണ് നടിയെ സോഷ്യല്‍സെക്യൂരിറ്റി സെല്ലിന്റെ നിര്‍ദേശപ്രകാരം റെസ്‌ക്യൂ ഹോമിലേക്ക് മാറ്റിയത്. ഇവിടത്തെ ഉദ്യോഗസ്ഥന്മാരുമായി വഴക്കിട്ട്‌പോയ നടി പിന്നീട് വിശ്രാന്തവാഡി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
നടിയുടെ മാധ്യമ ഉപദേഷ്ടാവ് മുഖേന പുറപ്പെടുവിച്ച ഒരു വാര്‍ത്താക്കുറിപ്പിലാണ് പുണെ പോലീസിനെതിരെ പരാതി ഉയര്‍ത്തിയിട്ടുള്ളത്. പുണെ പോലീസ് പുറത്തുവിട്ട വിവരങ്ങള്‍ വ്യാജവും കെട്ടിച്ചമച്ചതും നിയമവിരുദ്ധവുമാണെന്നാണ് അവര്‍ പറയുന്നത്. ഔദ്യോഗികമായ കാര്യങ്ങള്‍ക്കായി പുണെയില്‍ എത്തിയപ്പോള്‍ തന്നെ കെണിയില്‍ അകപ്പെടുത്തുകയാണ് ഉണ്ടായത് എന്നാണ് പ്രസ്താവനയില്‍ പറയുന്നത്.
ഫിലിം ഷൂട്ടിങ്ങിനെപ്പറ്റി സംസാരിക്കാന്‍ താന്‍ താമസിച്ചിരുന്ന ഹോട്ടല്‍മുറിയില്‍ കാണാനെത്തിയപ്പോഴാണ് രാത്രി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് ഒരു സംഘം മുറിയിലെത്തിയത്. അനാശ്യാസ കുറ്റം ആരോപിച്ച് ഇവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ജാമ്യംപോലും ലഭ്യമാകാത്ത കുറ്റം ചുമത്തി ജയിലിലടയ്ക്കുമെന്ന ഭീഷണിയും ഉണ്ടായത്രെ.
ഇതൊഴിവാക്കാന്‍ 15 ലക്ഷം രൂപയും ആവശ്യപ്പെട്ടു. ഇതിന് തയ്യാറാകാത്ത സാഹചര്യത്തിലാണ് റെസ്‌ക്യൂഹോമിലേക്ക് മാറ്റിയത്. ഇവിടെ വെച്ചും വനിതാപോലീസുകാര്‍ അസഭ്യംപറഞ്ഞ് അക്രമിക്കാന്‍ തുടങ്ങിയപ്പോള്‍ ഓടി രക്ഷപ്പെടുകയാണ് ഉണ്ടായതെന്ന് പ്രസ്താവനയില്‍ പറയുന്നു.
Share this Article
Related Topics