മന്ത്രിമാരെ ലക്ഷ്യമിട്ട് കേന്ദ്ര ഏജൻസികൾ: മഹാരാഷ്ട്ര പിടിക്കാന്‍ ബി.ജെ.പി.യുടെ ‘ഡിസംബർ പദ്ധതി’?


എൻ.ശ്രീജിത്ത്

2 min read
Read later
Print
Share

മുംബൈ: ഡിസംബർ മാസത്തിനുള്ളിൽ മഹാരാഷ്ട്രയിലെ ഭരണം ബി.ജെ.പി.യുടെ കൈകളിലെത്തിക്കാനുള്ള പദ്ധതിക്കുള്ള തുടക്കമാണ് അനിൽ ദേശ്‌മുഖിന്റെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റെന്ന് രാഷ്ട്രീയനിരീക്ഷകർ കണക്കുകൂട്ടുന്നു.

സംസ്ഥാന ഭരണം ബി.ജെ.പി.യിൽനിന്ന് കൈവിട്ടുപോയത് കേന്ദ്രം ഭരിക്കുന്ന പാർട്ടിക്ക് കടുത്ത നാണക്കേടായി മാറിയിട്ടുണ്ട്. ശിവസേന തങ്ങൾക്കൊപ്പം നിൽക്കുമെന്നായിരുന്നു ബി.ജെ.പി.യുടെ അവസാനം വരെയുള്ള കണക്കുകൂട്ടൽ. ആ കണക്ക് കൂട്ടലിനെയാണ് ശരദ്പവാർ തകിടം മറിച്ചത്. അതിനെ മറികടക്കാൻ വേണ്ടിയാണ് കേന്ദ്ര ഏജൻസികളെ മഹാരാഷ്ട്രയിൽ നിർബാധം ബി.ജെ.പി. അഴിച്ചുവിട്ടിട്ടുള്ളത്.

സംസ്ഥാനസർക്കാരിന് പരമാവധി തലവേദന സൃഷ്ടിക്കുകയാണ് കേന്ദ്രനയം. സംസ്ഥാനസർക്കാരിലെ മന്ത്രിമാരുടെ അഴിമതി കണ്ടെത്തി അവരെ രാജിവെപ്പിക്കുക. ഒപ്പം അവരെ ജയിലഴിക്കുള്ളിലാക്കുക എന്ന തന്ത്രമാണ് ബി.ജെ.പി. പയറ്റുന്നത്. ശരദ്പവാറിന്റെ അടുത്ത വിശ്വസ്തൻ അനിൽ ദേശ്‌മുഖിനെ മന്ത്രി സ്ഥാനത്തുനിന്ന് രാജിവെപ്പിക്കാനും ഇ.ഡി.യുടെ കസ്റ്റഡിയിൽ ഇടാനും കഴിഞ്ഞത് ശരദ്പവാറിന് നൽകിയ കനത്ത തിരിച്ചടിയായാണ് വിലയിരുത്തുന്നത്.

രണ്ടാമത്തെ വിശ്വസ്തനും ബന്ധുവുമായ അജിത് പവാറിനുമുകളിലാണ് കേന്ദ്ര ഏജസികൾ നിലവിൽ വട്ടമിട്ട് പറക്കുന്നത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ആദായ നികുതി വകുപ്പ് എന്നീ സ്ഥാപനങ്ങൾ അജിത് പവാറിന്റെ പിറകെ കൂടിയിട്ട് മാസങ്ങളായി. ചൊവ്വാഴ്ച 1400 കോടി ആദായ നികുതി വകുപ്പ് കണ്ടുകെട്ടുകയും ചെയ്തത് പുതിയ നീക്കമാണ്. ഇനി അജിത് പവാറിനെയും ബന്ധുക്കളെയുമാവും വരും ദിനങ്ങളിൽ കേന്ദ്ര ഏജൻസികൾ ലക്ഷ്യം വെക്കുന്നത്.

ബി.ജെ.പി. നേതാവ് സാഗർ മെഘെയുടെ മകളെയാണ് മുംബൈയുടെ മുൻ പോലീസ് കമ്മിഷണറായ പരംബീർ സിങ്ങിന്റെ മകൻ റോഷൻ വിവാഹം ചെയ്തത്. പരംബീർ സിങ് അനിൽ ദേശ്‌മുഖിനെതിരേ അഴിമതി ആരോപണങ്ങൾ അഴിച്ചു വിട്ടത് ബി.ജെ.പി. സമ്മർദമാണെന്നും പറയപ്പെടുന്നുണ്ട്.

പരംബീർ സിങ് ബി.ജെ.പി. സഹായത്തോടെ രാജ്യം വിട്ടുവെന്ന് ഏതാനും ദിവസം മുമ്പ് ശിവസേനാ നേതാവ് സഞ്ജയ് റാവുത്ത് ആരോപിച്ചിരുന്നു. വരും ദിവസങ്ങളിൽ ഉദ്ധവ് താക്കറെ മന്ത്രിസഭയിലെ മന്ത്രിമാരുടെ അഴിമതി കണ്ടെത്തുന്നതോടൊപ്പം രാജിവെപ്പിച്ച് സംസ്ഥാനത്ത് ഭരണപ്രതിസന്ധി സൃഷ്ടിച്ച്, മറ്റൊരു രാഷ്ട്രപതി ഭരണത്തിന് വഴിതുറക്കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. അത് ബി.ജെ.പി. ഭരണത്തിലേക്കുള്ള വഴി തുറക്കലാവും. ബി.ജെ.പി. കണക്കുകൂട്ടിയ ഈ പദ്ധതി ഏതാനും മാസത്തിനുള്ളിൽ മഹാരാഷ്ട്രയുടെ മണ്ണിൽ വിളയുമോ എന്നാണ് രാഷ്ട്രീയനിരീക്ഷകർ ഉറ്റുനോക്കുന്നത്.


സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമെന്ന് ഭരണപക്ഷം

മുംബൈ: മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിന്റെ അറസ്റ്റ് സംസ്ഥാനത്തെ ത്രികക്ഷി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ബി.ജെ.പി. പദ്ധതിയുടെ ഭാഗമാണെന്ന് ശിവസേനയും എന്‍.സി.പി.യും കോണ്‍ഗ്രസും കുറ്റപ്പെടുത്തി.

ദേശ്മുഖിന്റെ അറസ്റ്റ് നിയമത്തിന്റെ ചട്ടക്കൂട്ടിനു നിരക്കുന്നതല്ലെന്ന് ശിവസേനാ വക്താവ് സഞ്ജയ് റാവുത്ത് പറഞ്ഞു. ദേശ്മുഖിനെതിരേ പരാതി നല്‍കിയ മുന്‍ മുംബൈ പോലീസ് കമ്മിഷണര്‍ പരംബീര്‍ സിങ് ഒളിവിലാണ് എന്നതു തന്നെ ഇത് കെട്ടിച്ചമച്ച കേസാണ് എന്നതിന് തെളിവാണ്. സിങ്ങിനെ നാടുവിടാന്‍ സഹായിച്ചത് കേന്ദ്ര സര്‍ക്കാരാണെന്ന് റാവുത്ത് പറഞ്ഞു.

കേന്ദ്ര അന്വേഷണ ഏജന്‍സികളായെ സി.ബി.ഐ., ഇ.ഡി., ആദായനികുതി വകുപ്പ്, എന്‍.സി.ബി. എന്നിവയെ ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനാണ് ബി.ജെ.പി. ശ്രമിക്കുന്നതെന്ന് എന്‍.സി.പി. വക്താവ് നവാബ് മാലിക് പറഞ്ഞു. ആരോപണത്തിന് തെളിവു നല്‍കാതെ പരാതിക്കാരന്‍ നാടുവിട്ട് എന്നതുതന്നെ ഇത് അനീതിയാണെന്നതിന് തെളിവാണെന്ന് കോണ്‍ഗ്രസ് വക്താവ് സച്ചിന്‍ സാവന്ത് പറഞ്ഞു. സി.ബി.ഐ. നടത്തിയ പ്രാഥമികാന്വേഷണത്തില്‍ ദേശ്മുഖ് കുറ്റക്കാരനല്ലെന്ന് തെളിഞ്ഞതാണെന്ന് അദ്ദേഹം പറഞ്ഞു.

Content Highlights: Central agencies targeting ministers: BJP's 'December plan'

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram