മുംബൈ : കഴിഞ്ഞ ദിവസം അന്തരിച്ച മുതിർന്ന ശിവസേനാ നേതാവും മുൻമന്ത്രിയുമായ സുധീർ ജോഷിക്ക് നഗരം അന്ത്യാഞ്ജലി അർപ്പിച്ചു. മുൻ മുംബൈ മേയർ കൂടിയായിരുന്ന അദ്ദേഹത്തിന്റെ അന്ത്യകർമങ്ങൾ ഔദ്യോഗിക ബഹുമതികളോടെ ദാദർ ശ്മശാനത്തിൽനടന്നു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ഭാര്യ രശ്മി താക്കറെ, മന്ത്രി ആദിത്യ താക്കറെ, സുധീർ ജോഷിയുടെ അമ്മാവനും മുൻമുഖ്യമന്ത്രിയുമായ മനോഹർ ജോഷി, ശിവസേനാമന്ത്രിമാർ, മുതിർന്ന നേതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കോവിഡ് ബാധിച്ചശേഷം സുഖം പ്രാപിച്ചിരുന്നുവെങ്കിലും എൺപത്തിയൊന്നുകാരനായിരുന്ന അദ്ദേഹത്തെ വിവിധ ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്നു. മനോഹർ ജോഷി മന്ത്രിസഭയിൽ സുധീർ ജോഷി സ്കൂൾവിദ്യാഭ്യാസ-റവന്യൂവകുപ്പുകളുടെ ചുമതല വഹിച്ചിരുന്നു.
ബാൽ താക്കേറെ സുധീർ ജോഷിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നുവെങ്കിലും അവസാനം മനോഹർ ജോഷിക്ക് അവസരം ലഭിക്കുകയായിരുന്നു. 1968-ൽ ബി.എം.സി. കോർപ്പറേറ്ററായി രാഷ്ട്രീയജീവിതം ആരംഭിച്ച സുധീർ ജോഷി 1973-74ൽ മുംബൈ മേയറായിരുന്നു.