മുംബൈ : മധ്യറെയിൽവേയിൽ താനെ, ദിവ സ്റ്റേഷനുകൾക്കിടയിൽ നിർമിച്ച അഞ്ചുംആറും പാതകൾ പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച നാടിന് സമർപ്പിച്ചു. വീഡിയോ കോൺഫ്രൻസ് മുഖേനയായാണ് പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. പുതിയ സർവീസുകൾക്ക് പ്രധാനമന്ത്രി പച്ചക്കൊടി കാട്ടി.
താനെയിൽ സംഘടിപ്പിച്ച ചടങ്ങിൽ റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ്, മുഖ്യമന്ത്രി ഉദ്ധവ് താക്കറേ, ഉപമുഖ്യമന്ത്രി അജിത്പവാർ, റെയിൽവേസഹമന്ത്രി റാവുസാഹേബ് ദൻവേ എന്നിവർ പങ്കെടുത്തു. 620 കോടി രൂപ ചെലവഴിച്ചാണ് പുതിയപാതകൾ നിർമിച്ചിട്ടുള്ളത്. ദീർഘദൂരതീവണ്ടികൾ പുതിയപാതയിലൂടെ ഓടും. ബാക്കിയുള്ള നാലുപാതകൾ ലോക്കൽ തീവണ്ടികൾക്ക് മാത്രമായിട്ടുള്ളതായിരിക്കും.
എ.സി. ലോക്കൽ ട്രെയിൻനിരക്ക് കുറയുമെന്ന് മന്ത്രി
കൂടിയനിരക്ക് 80 രൂപയാക്കിയേക്കും
മുംബൈ : എ.സി. ലോക്കൽ ട്രെയിൻനിരക്ക് കുറയുമെന്ന് കേന്ദ്ര റെയിൽവേ സഹമന്ത്രി റാവുസാഹേബ് ദൻവേ. എ.സി. ലോക്കൽ ട്രെയിൻനിരക്ക് കുറയ്ക്കുന്ന കാര്യം കേന്ദ്ര റെയിൽവേമന്ത്രാലയം ചർച്ചചെയ്തതായും ഉടനെ ഇക്കാര്യത്തിൽ പ്രഖ്യാപനം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. പാസഞ്ചേഴ്‌സ് അസോസിയേഷൻ പ്രതിനിധികളോടാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
നിരക്ക് കുറയ്ക്കുന്നതിനോടൊപ്പം കൂടുതൽ എ.സി. സർവീസുകൾ ആരംഭിക്കാനും പദ്ധതിയുണ്ടെന്ന് മന്ത്രി പറഞ്ഞു. മെട്രോയുടെ ടിക്കറ്റ് നിരക്കിന് സമാനമായിട്ടുള്ള നിരക്ക് ക്രമീകരണമായിരിക്കും എ.സി. സർവീസിലും ഏർപ്പെടുത്താൻ ആലോചിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കൂടിയനിരക്ക് 220 രൂപയിൽനിന്ന് 80 രൂപയായി കുറയും. അഞ്ച് കിലോമീറ്റർ ദൂരത്തിന് നിലവിലുള്ള 65 രൂപ 10 രൂപയായും കുറയുമെന്നാണ് അറിയുന്നത്. ഫസ്റ്റ് ക്ലാസ് യാത്രക്കാരെ എ.സി.ലോക്കലുകളിലേക്ക് ആകർഷിക്കാനാണ് റെയിൽവേയുടെ നീക്കം.