കല്യാൺ : കല്യാൺ-ഡോംബിവിലി എം.ഐ.ഡി.സി. പരിസരത്തെ 156 രാസവസ്തുകമ്പനികൾ മറ്റിടങ്ങളിലേക്ക് മാറ്റുകതന്നെ ചെയ്യുമെന്ന് പരിസ്ഥിതി, ടൂറിസം മന്ത്രി ആദിത്യ താക്കറെ പറഞ്ഞു.
ഡോംബിവിലി എം.ഐ.ഡി.സി.യിലെ റോഡുകൾ കോൺക്രീറ്റ് ചെയ്യുന്നതിന്റെ ഭൂമിപൂജ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനത്തിന്റെ കാര്യത്തിൽ സർക്കാരിന് മുൻഗണനയാണുള്ളതെങ്കിലും അതോടൊപ്പം പരിസ്ഥിതിക്കും പ്രാധാന്യം നൽകേണ്ടതുണ്ട്.
അതിനാലാണ് മലിനീകരണത്തിന് കാരണമായ ആ കമ്പനികൾ മറ്റിടങ്ങളിലേക്ക് മാറ്റാനുള്ളതീരുമാനം.
എന്നാൽ ഈ തീരുമാനംമൂലം ആരും തൊഴിൽരഹിതരാകാതിരിക്കാൻ പുതിയഅവസരങ്ങൾ ലഭ്യമാക്കിക്കൊടുക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.
മലിനീകരണത്തിന്റെപേരിൽ ഡോംബിവിലിയിലെ രാസവസ്തു നിർമാണകമ്പനികൾ മറ്റിടങ്ങളിലേക്ക് മാറ്റാനുള്ള തീരുമാനം സർക്കാർ പ്രഖ്യാപിച്ചശേഷം അതിനെതിരേ ബി.ജെ.പി.യടക്കം നടത്തിയ പ്രതിഷേധങ്ങളിൽ പ്രതികരിച്ചാണ് ആദിത്യയുടെ ഈ ഉറപ്പ്.
എം.ഐ.ഡി.സി. പരിസരത്തെ റോഡുകളുടെ ഭൂമിപൂജയോടൊപ്പം സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി കല്യാൺ വെസ്റ്റിലെ ദുർഗാഡി ക്രീക്ക് പരിസരത്തെ രണ്ടര കി.മീ. തീരപ്രദേശ വികസനത്തിന്റെയും അവിടെ സ്ഥാപിക്കുന്ന നാവികസേന മ്യുസിയത്തിന്റെയും ഭൂമിപൂജ ആദിത്യ താക്കറെ നിർവഹിച്ചു. കൂടാതെ കല്യാൺ ഈസ്റ്റിലെ ഡയാലിസിസ് സെന്റർ, നഗരസഭാ കെട്ടിടത്തിൽ പുതുക്കിപ്പണിത വിനായക് ദാമോദർ സവർക്കർ ഹാൾ എന്നിവയുടെ ഉദ്ഘാടനവും നിർവഹിച്ചു. ദുർഗാഡി ക്രീക്ക് തീരപ്രദേശം വികസനം നടത്താനായി 2017 മുതൽ ആലോചിച്ചുവരികയായിരുന്നു. ഒടുവിൽ നാലുവർഷത്തിന് ശേഷമാണ് ഇപ്പോൾ അതിനുതുടക്കം കുറിക്കുന്നത്.