ടിക്കറ്റ് ബുക്കിങ് ആപ്പ്: ബിൽഡർ ഡോട്ട് എ.ഐ.ക്കെതിരേ നിയമനടപടിക്കൊരുങ്ങി എയർ ഇന്ത്യ


By

1 min read
Read later
Print
Share

മുംബൈ : എയർ ഇന്ത്യയുടെ ടിക്കറ്റ് ബുക്കിങ് ആപ്പിന്റെ പ്രോട്ടോടൈപ്പ് തയ്യാറാക്കിയെന്നും ഇതിലൂടെ ബുക്ക് ചെയ്യുന്നവർക്ക് സൗജന്യ ടിക്കറ്റ് നൽകുമെന്നുമുള്ള വാഗ്‌ദാനങ്ങളുമായി പത്രപ്പരസ്യമുൾപ്പെടെ പ്രചാരണം നടത്തിയതിന് ബിൽഡർ ഡോട്ട് എ.ഐ. എന്ന കമ്പനിക്കെതിരേ നിയമനടപടിക്കൊരുങ്ങി എയർ ഇന്ത്യ. ഇത്തരത്തിൽ ആപ്പ് തയ്യാറാക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് എയർ ഇന്ത്യ വ്യക്തമാക്കി. എയർ ഇന്ത്യയുടെ ലോഗോ സഹിതം പത്രപ്പരസ്യമായും സാമൂഹികമാധ്യമങ്ങൾ വഴിയുമാണ് പരസ്യപ്രചാരണം നടത്തിയത്.

ഇത്തരത്തിൽ ഒരു കമ്പനിയുമായും ധാരണയുണ്ടാക്കിയിട്ടില്ല. സൗജന്യ ടിക്കറ്റുകളും വാഗ്ദാനം ചെയ്തിട്ടില്ല. ഇത്തരം ആപ്പുകൾ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിൽ ജാഗ്രതവേണം. ഉപഭോക്താക്കളുടെ ഏതെല്ലാം വിവരങ്ങളാണ് ഇവർ ശേഖരിക്കുകയെന്ന് വ്യക്തമല്ലെന്നും എയർ ഇന്ത്യ യാത്രക്കാർക്ക് മുന്നറിയിപ്പുനൽകി. എയർ ഇന്ത്യയുടെ അനുമതികൂടാതെയാണ് ഇവർ ആപ്ലിക്കേഷൻ തയ്യാറാക്കിയിട്ടുള്ളത്. പരസ്യത്തിൽ നൽകിയിട്ടുള്ള ക്യു.ആർ. കോഡ് വഴി പ്രോട്ടോടൈപ്പ് ആപ്പിൽ പ്രവേശിക്കാമെന്നും പരസ്യത്തിനൊപ്പം നൽകിയിരുന്നു.

കോഡിങ് ഇല്ലാതെ വ്യവസായസ്ഥാപനങ്ങൾക്കും സംരംഭകർക്കും ആപ്ലിക്കേഷനുകൾ തയ്യാറാക്കാൻ സഹായിക്കുന്ന സ്റ്റാർട്ടപ്പ് കമ്പനിയാണ് ബിൽഡർ ഡോട്ട് എ.ഐ. സദുദ്ദേശത്തോടുകൂടിയാണ് ടിക്കറ്റ് ആപ്പ് തയ്യാറാക്കിയതെന്നും എയർ ഇന്ത്യക്ക് ഒരു സമ്മാനമെന്നനിലയിലാണ് ആപ്പിന്റെ പ്രോട്ടോടൈപ്പ് തയ്യാറാക്കിയതെന്നും ബിൽഡർ ഡോട്ട് എ.ഐ. പ്രതികരിച്ചു. ഇക്കാര്യത്തിൽ എയർ ഇന്ത്യ അധികൃതരുമായി ചർച്ചനടത്തുമെന്നും സമ്മാനമായി നൽകുന്നത് നേരിട്ടുവാങ്ങുന്ന ടിക്കറ്റായിരിക്കുമെന്നും വിശദീകരണക്കുറിപ്പിൽ പറയുന്നു. ഇത് കമ്പനിയുടെ പ്രചാരണപരിപാടിയുടെ ഭാഗമാണെന്നും ബിൽഡർ ഡോട്ട് എ.ഐ. പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram