മുംബൈ : മകൾ ഷീനാബോറയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഇന്ദ്രാണി മുഖർജിയുടെ ജാമ്യപേക്ഷയിൽ നിലപാട് ആരാഞ്ഞ സുപ്രീം കോടതി സി.ബി.ഐ. യ്ക്ക് നോട്ടീസ് അയച്ചു.
ഇന്ദ്രാണി മുഖർജി ജുഡീഷ്യൽ കസ്റ്റഡിയിലാണുള്ളത്. കഴിഞ്ഞ ആറരവർഷമായി ഇന്ദ്രാണി മുഖർജി ജയിലിൽ കിടക്കുകയാണെന്നും അടുത്ത 10 വർഷം എടുത്താൽകൂടി നിലവിലെ സാഹചര്യത്തിൽ വിചാരണ പൂർത്തിയാക്കാൻ സാധ്യതയില്ലെന്നും അവർക്കുവേണ്ടി ഹാജരായ മുകുൾ രോഹ്തഗി വാദിച്ചു. 185 സാക്ഷികളെ കൂടി ഇനി വിസ്തരിക്കാനുണ്ട്.
കഴിഞ്ഞ 18 മാസത്തിനുള്ളിൽ പുതിയതായി ഒരു സാക്ഷിയേയും വിസ്തരിച്ചിട്ടില്ല. ഈ കേസിൽ അവരുടെ കൂട്ടുപ്രതിയായ മുൻ ഭർത്താവ് പീറ്റർമുഖർജി കഴിഞ്ഞമാർച്ചിൽ ജാമ്യത്തിലിറങ്ങി.
ഇന്ദ്രാണി മുഖർജി ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നതായും രോഹ്തഗി വാദിച്ചു. ജസ്റ്റിസ് എൽ. നാഗേശ്വരറാവു വാദം കേൾക്കൽ രണ്ട് ആഴ്ചത്തേക്ക് നീട്ടി.