മുംബൈ: ക്ലാസ് എടുക്കുമ്പോൾ ശിരോവസ്ത്രം ധരിക്കരുതെന്ന് ആവശ്യപ്പെട്ടതിനെത്തുടർന്ന് അധ്യാപിക രാജിവെച്ചു.
മതവികാരം ബലികഴിച്ചുകൊണ്ട് ജോലിയിൽ തുടരാനില്ലെന്നുപറഞ്ഞാണ് കുർളയിലെ സ്കൂളധ്യാപിക ഷബീന ഖാൻ നസ്മീൻ രാജി നൽകിയത്.
ഭാരത് എജ്യുക്കേഷൻ സൊസൈറ്റിയുടെ വിവേക് ഇംഗ്ലീഷ് സ്കൂളിൽ അധ്യാപികയാണ് ഇരുപത്തഞ്ചുകാരിയായ ഷബീന. ബുർഖയും ഹിജാബും ധരിച്ചാണ് ഇവർ ക്ലാസെടുക്കാറ്. പുതുതായി സ്ഥാനമേറ്റ മുതിർന്ന സഹപ്രവർത്തകരിൽ ഒരാൾ ശിരോവസ്ത്രം മാറ്റണമെന്ന് ആവർത്തിച്ച് ആവശ്യപ്പെടുകയായിരുന്നെന്ന് ഷബീന പറയുന്നു.
ശിരോവസ്ത്രം ധരിക്കുന്നത് മതവിശ്വാസത്തിന്റെ ഭാഗമായതിനാൽ ഈ നിർദേശം അനുസരിക്കാൻ തയ്യാറായില്ല.
നിർബന്ധം കൂടിവന്നപ്പോൾ പ്രിൻസിപ്പലിനെയും മറ്റും വിവരമറിയിച്ചു. അവരുടെ ഭാഗത്തുനിന്ന് പ്രതികരണമൊന്നുമില്ലാതിരുന്നതിനാലാണ് രാജി നൽകിയത്- ഷബീന പറയുന്നു.
പരാതിയുമായി ജയ് ഹോ ഫൗണ്ടേഷൻ എന്ന സംഘടനയെയും ഷബീന സമീപിച്ചിട്ടുണ്ട്. പ്രശ്നത്തിൽ ഇടപെടണമെന്നാവശ്യപ്പട്ട് സംഘടനയുടെ ട്രസ്റ്റി ആദിൽ ഖത്രി വിദ്യാഭ്യാസ മന്ത്രി വിനോദ് താവ്‌ഡെയ്ക്ക് കത്തയച്ചു. മൗലികാവകാശലംഘനമാണിതെന്ന് ഖത്രി കുറ്റപ്പെടുത്തി.
ഷബീനയുടെ രാജി മാനേജ്‌മെന്റിനു കൈമാറിയിട്ടുണ്ടെന്നും തീരുമാനമെടുത്തിട്ടില്ലെന്നും പ്രിൻസിപ്പൽ പറഞ്ഞു.
Share this Article