ന്യൂഡൽഹി: പ്രളയക്കെടുതിയിലായ കേരളത്തെ സഹായിക്കാൻ രംഗത്തിറങ്ങി വലിയ തുക സമാഹരിച്ച് മാധ്യമപ്രവർത്തകരും മാതൃകയായി. സുപ്രീംകോടതി നടപടികൾ റിപ്പോർട്ട് ചെയ്യുന്ന മലയാളികളടക്കമുള്ള മാധ്യമപ്രവർത്തകർ സമാഹരിച്ചത് 19 ലക്ഷത്തോളം രൂപ. സുപ്രീംകോടതി അഭിഭാഷകരിൽനിന്നും മറ്റുമായി പ്രളയ ദുരിതാശ്വാസ സഹായമായി ലഭിച്ച 18,60,700 രൂപ ടൂറിസംമന്ത്രി കടകംപള്ളി സുരേന്ദ്രന് കൈമാറി. മാധ്യമപ്രവർത്തകരായ ഭദ്ര സിൻഹ, ബി. ബാലഗോപാൽ, ജി. അനന്തകൃഷ്ണൻ, പി.എസ്. വിനയ, എം. ഉണ്ണിക്കൃഷ്ണൻ എന്നിവർ ചേർന്ന് കേരള ഹൗസിൽ വെച്ച് തുക കൈമാറി.
ഓഗസ്റ്റ് 27-ന് സുപ്രീംകോടതിക്കു സമീപമുള്ള ഇന്ത്യൻ സൊസൈറ്റി ഫോർ ഇന്റർനാഷണൽ ലോ ഓഡിറ്റോറിയത്തിൽ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയിൽ കലാസന്ധ്യ സംഘടിപ്പിച്ചിരുന്നു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സുപ്രീംകോടതിയിലെയും ഡൽഹി ഹൈക്കോടതിലെയും ജഡ്ജിമാരും മുതിർന്ന അഭിഭാഷകരും പങ്കെടുത്തിരുന്നു.
സുപ്രീംകോടതി ജഡ്ജിമാരായ ജസ്റ്റിസ് കുര്യൻ ജോസഫും ജസ്റ്റിസ് കെ.എം. ജോസഫും കേരളത്തിന് സഹായമഭ്യർഥിച്ച് പാട്ടുകൾ പാടിയതും ഏറെ ശ്രദ്ധേയമായി. രക്ഷാപ്രവർത്തനത്തിന് ആദ്യം രംഗത്തിറങ്ങിയ മത്സ്യത്തൊഴിലാളികൾക്ക് ആദരമർപ്പിച്ച് വികാരനൗകയുമായി എന്നു തുടങ്ങുന്ന അമരത്തിലെ ഗാനം ജസ്റ്റിസ് കെ.എം. ജോസഫ് ആലപിച്ചപ്പോൾ അതിജീവനത്തിന്റെ ഗാനമായ ‘വി ഷാൾ ഓവർ കം’ ജസ്റ്റിസ് കുര്യൻ ജോസഫ് പാടി. അന്നേദിവസത്തെ കലാസന്ധ്യക്ക് പുറമെ, വിവിധഘട്ടങ്ങളിലായി അഭിഭാഷകരും ജഡ്ജിമാരുമൊക്കെ പ്രളയദുരിതാശ്വാസത്തിനുള്ള സംഭാവന മാധ്യമപ്രവർത്തകരെ ഏൽപ്പിച്ചു.
Share this Article
Related Topics