രാജ്യദ്രോഹക്കേസ്: കുറ്റപത്രം വൈകിയതിനെ ന്യായീകരിച്ച് പോലീസ്


1 min read
Read later
Print
Share

ന്യൂഡൽഹി: ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്ന കേസിൽ ജവഹർലാൽ നെഹ്രു സർവകലാശാല സ്റ്റുഡന്റ്‌സ് യൂണിയൻ മുൻ പ്രസിഡന്റ് കനയ്യകുമാർ, ഉമർ ഖാലിദ് എന്നിവർ ഉൾപ്പെടെയുള്ള പ്രതികൾക്കെതിരേ കുറ്റപത്രം സമർപ്പിക്കാൻ മൂന്ന് വർഷമെടുത്തതിനെ ന്യായീകരിച്ച് ഡൽഹി പോലീസ്.

രാജ്യവ്യാപകമായി അന്വേഷണം നടത്തേണ്ടിവരുകയും ഒട്ടേറെ രേഖകളും തെളിവുകളും പരിശോധിക്കേണ്ടിവരികയും ചെയ്യുന്ന ഇത്തരം കേസുകളിൽ കുറ്റപത്രം സമർപ്പിക്കാൻ കൂടുതൽ സമയം വേണ്ടിവരുന്നത് സ്വാഭാവികമാണെന്ന് അന്വേഷണസംഘത്തിൽപ്പെട്ട ഉദ്യോഗസ്ഥൻ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പ് സമീപിച്ചിരിക്കേ കനയ്യകുമാർ ഉൾപ്പെടെയുള്ളവർക്കെതിരേ കുറ്റപത്രം സമർപ്പിച്ചത് രാഷ്ട്രീയലക്ഷ്യത്തോടെയാണെന്ന് വ്യാപകമായ പ്രചാരണമുണ്ടായ പശ്ചാത്തലത്തിലാണ് അന്വേഷണം പൂർത്തിയാക്കാൻ വൈകിയതിനെ ഡൽഹി പോലീസ് ന്യായീകരിച്ചത്. കുമാർ ഉൾപ്പെടെയുള്ളവർ കുറ്റപത്രം സമർപ്പിക്കാൻ വൈകിയതിനെ ചോദ്യംചെയ്തു.

മൂന്ന് വർഷമാകുമ്പോൾ കുറ്റപത്രം സമർപ്പിക്കുന്നത് തിരഞ്ഞെടുപ്പിന് മുമ്പായി സംഭവത്തെ രാഷ്ട്രീയവത്‌കരിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് കനയ്യ കുമാർ ആരോപിച്ചത്. കേസിലെ അന്വേഷണം രാജ്യവ്യാപകമായി നടന്നതിനാലാണ് കുറ്റപത്രം നൽകാൻ വൈകിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. ഒട്ടേറെ തെളിവുകൾ ശേഖരിക്കേണ്ടതുണ്ട്. ഒട്ടേറെ പ്രതികളെയും പ്രതികളെന്ന് സംശയിക്കുന്നവരെയും സാക്ഷികളെയും ചോദ്യംചെയ്യേണ്ടിയിരുന്നു. ഇവരെ ചോദ്യംചെയ്യുന്നതിനാണ് ഏറെസമയം ചെലവഴിക്കേണ്ടിവന്നതെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. പാർലമെന്റ് ആക്രമണക്കേസിലെ പ്രതിയായ അഫ്‌സൽ ഗുരുവിനെ തൂക്കിലേറ്റിയതിൽ പ്രതിഷേധിച്ച് 2016 ഫെബ്രുവരി ഒമ്പതിന് കാമ്പസിനുള്ളിൽ നടത്തിയ പ്രകടനത്തിൽ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നാണ് കേസ്. കനയ്യ കുമാർ, ഉമർ ഖാലിദ് എന്നിവർക്കുപുറമേ അനിർബൻ ഭട്ടാചാര്യ, കശ്മീർ വിദ്യാർഥികളായ അക്വിബ് ഹുസൈൻ, മുജീബ് ഹുസൈൻ, മുനീബ് ഹുസൈൻ, ഉമർ ഗുൽ, റയീസ് റസൂൽ, ബഷീർ ഭട്ട്, ബഷറത്ത് എന്നിവർക്കെതിരേയുമാണ് ഡൽഹി പോലീസ് കുറ്റപത്രം സമർപ്പിച്ചത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram