ന്യൂഡൽഹി: മണ്ഡലകാലം തുടങ്ങാനിരിക്കേ തലസ്ഥാനത്തെ വിവിധ അയ്യപ്പക്ഷേത്രങ്ങളും അയ്യപ്പപൂജാ സമിതികളും മണ്ഡലപൂജ-മകരവിളക്ക് ആഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അയ്യപ്പക്ഷേത്രങ്ങളിൽ വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.
മണ്ഡലകാലത്തിന് ഞായറാഴ്ച തുടക്കമാവും.
വികാസ്പുരി: വികാസ്പുരി അയ്യപ്പപൂജാ സമിതിയുടെ നേതൃത്വത്തിൽ മണ്ഡലപൂജ ആഘോഷം നടക്കും. വികാസ്പുരി സി-ബ്ലോക്ക് ഉത്തര മൂകാംബിക ക്ഷേത്രത്തിൽ നവംബർ 17 മുതൽ ഡിസംബർ 27 വരെയാണ് പരിപാടി. ഭജന, ദീപാരാധന തുടങ്ങിയവയുണ്ടാകും.
ഗാസിയാബാദ്: ഗാസിയാബാദ് അയ്യപ്പഭക്തസംഘത്തിന്റെ നേതൃത്വത്തിൽ മണ്ഡലപൂജ ആഘോഷം നവംബർ 17 മുതൽ ജനുവരി 15 വരെ നടക്കും.
പൂജകൾ, ചുറ്റുവിളക്ക്, ഭജന, നിറമാല, അന്നദാനം, നൃത്ത-സംഗീത പരിപാടികൾ, ലക്ഷാർച്ചന തുടങ്ങിയവയുണ്ടാകും.
ബ്രിജ് വിഹാർ: ബ്രിജ് വിഹാർ അയ്യപ്പക്ഷേത്രത്തിൽ മണ്ഡലപൂജ ആഘോഷം നവംബർ 17 മുതൽ ഡിസംബർ 27 വരെ നടക്കും. ഭാഗവതപാരായണം, ഭജന, അന്നദാനം, കർണാടക സംഗീതക്കച്ചേരി, മഹാദീപാരാധന, കലാപരിപാടികൾ, വിളക്കുപൂജ, ഭരതനാട്യം, പുഷ്പാഭിഷേകം തുടങ്ങിയവ അരങ്ങേറും.
മയൂർവിഹാർ ഫേസ്- ഒന്ന്: മയൂർവിഹാർ ഫേസ്-ഒന്ന് ഉത്തരഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ മണ്ഡലപൂജ ആഘോഷം നവംബർ 17 മുതൽ ഡിസംബർ 27 വരെ നടക്കും.
വിവിധപൂജകൾ, കർണാടക സംഗീതക്കച്ചേരി, ഭജന, അയ്യപ്പൻവിളക്ക്, ഭക്തിഗാനമേള തുടങ്ങിയവയുണ്ടാകും.
മയൂർവിഹാർ ഫേസ്-രണ്ട്: മയൂർവിഹാർ ഫേസ് രണ്ട് ശ്രീധർമ്മ ശാസ്താ സമിതിയുടെ മണ്ഡലപൂജ ആഘോഷം നവംബർ 17 മുതൽ ഡിസംബർ 27 വരെ നടക്കും. പോക്കറ്റ് എ-യിലുള്ള ഗണേഷ് മന്ദിറിലാണ് പരിപാടി. ഗണപതിഹോമം, ഭജന, അന്നദാനം, എഴുന്നള്ളിപ്പ്, ശാസ്താപ്രീതി തുടങ്ങിയവയുണ്ടാകും.
നജഫ്ഗഢ്: നജഫ്ഗഢ് അയ്യപ്പസേവാ സമിതിയുടെ മണ്ഡലപൂജ ആഘോഷം ഞായറാഴ്ച ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ നടക്കും. രാവിലെ 5.30-ന് ഗണപതിഹോമം, 6.30-ന് ഉഷഃപൂജ, 7.30-ന് ലളിത സഹസ്രനാമപാരായണം, 8.30-ന് ഭജന, 11.45-ന് കലാപരിപാടി, ഉച്ചയ്ക്ക് 3.30-ന് എഴുന്നള്ളത്ത്, ചെണ്ടമേളം, ദീപാരാധന, മഹാദീപാരാധന തുടങ്ങിയവയുണ്ടാകും.