ഡല്‍ഹി ഹൈക്കോടതി ചൊവ്വാഴ്ച കേസ് പരിഗണിക്കാനിരിക്കെയാണ് മാര്‍ച്ച് നടത്തിയത്. ജെ.എന്‍.യു. വിദ്യാര്‍ഥികളും സാമൂഹികപ്രവര്‍ത്തകരും മാര്‍ച്ചില്‍ പങ്കെടുത്തു. ബാരിക്കേഡുകള്‍ മറികടക്കാന്‍ ശ്രമിച്ച ഇവരെ പോലീസ് തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി.
''ഞാന്‍ ഒറ്റയ്ക്കല്ല, രാജ്യം മുഴുവന്‍ എനിക്ക് പിന്തുണയുമായുണ്ട്. എന്റെ ആവശ്യങ്ങള്‍ അവഗണിക്കുന്ന മനോഭാവം നിങ്ങള്‍ക്കേറെനാള്‍ തുടരാനാകില്ല'' -ഫാത്തിമ പറഞ്ഞു.
പോലീസ് ഉദ്യോഗസ്ഥര്‍ പ്രതിഷേധക്കാരെ ബംഗ്ലാദേശികളെന്ന് വിളിച്ചതായി അവര്‍ പരാതിപ്പെട്ടു. സി.ബി.ഐ. ഉദ്യോഗസ്ഥരില്‍നിന്ന് തൃപ്തികരമായ മറുപടി ലഭിക്കുംവരെ പിരിഞ്ഞുപോകില്ലെന്ന് നജീബിന്റെ ബന്ധു സദഫ് മുഷറഫ് പറഞ്ഞു. സംഘര്‍ഷത്തിനിടെ പരിക്കേറ്റ രണ്ടുപേരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഫൊറന്‍സിക് പരിശോധന വേഗത്തിലാക്കാന്‍ കോടതി ഡിസംബറില്‍ സി.ബി.ഐ.യോട് ആവശ്യപ്പെട്ടിരുന്നു. 2016 ഒക്ടോബറിലാണ് ജെ.എന്‍.യു.വിലെ എം.എസ്.സി. ബയോടെക്‌നോളജി വിദ്യാര്‍ഥിയായ നജീബിനെ ഹോസ്റ്റലില്‍നിന്നു കാണാതായത്.
എ.ബി.വി.പി. വിദ്യാര്‍ഥികളുമായുണ്ടായ സംഘട്ടനത്തിനുശേഷമാണ് നജീബിനെ കാണാതായതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കഴിഞ്ഞ മേയില്‍ അന്വേഷണം സി.ബി.ഐ.ക്ക് കൈമാറുകയായിരുന്നു.