കേന്ദ്രധനമന്ത്രി നിർമല സീതാരാമനുമായി ചർച്ച നടത്തുന്ന ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ
ന്യൂഡൽഹി: കേന്ദ്രനികുതിയിൽ ഡൽഹിയുടെ വിഹിതം ഉടൻ നൽകണമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമനോട് ആവശ്യപ്പെട്ടു. എ.എ.പി. സർക്കാർ അധികാരമേറ്റശേഷം കേന്ദ്രമന്ത്രിയുമായുള്ള ആദ്യകൂടിക്കാഴ്ചയിലാണ് ഈ ആവശ്യം.
ഡൽഹിയിലെ സാമ്പത്തികവികസനത്തെക്കുറിച്ച് കാര്യക്ഷമമായ ചർച്ച നടന്നതായി സിസോദിയ പറഞ്ഞു. കേന്ദ്രസർക്കാർ മറ്റു മുനിസിപ്പൽ കോർപറേഷനുകൾക്ക് നൽകുന്ന രീതിയിൽ തന്നെ ഡൽഹി കോർപറേഷനുകൾക്കും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. പ്രതിവർഷം ഒരാൾക്ക് 488 രൂപ എന്ന നിലയ്ക്കാണ് തുക അനുവദിക്കുന്നത്. നിലവിൽ ഡൽഹിയിലെ മുനിസിപ്പൽ കോർപ്പറേഷനുകൾക്കൊന്നും കേന്ദ്രഫണ്ട് ലഭിക്കുന്നില്ല. ഏറെ വർഷമായി ഫണ്ടിന്റെ അഭാവം മുനിസിപ്പൽ കോർപ്പറേഷനുകൾ ഉന്നയിക്കുന്നു. കോർപ്പറേഷനുകൾക്കു നൽകാനായി അധിക ഫണ്ടൊന്നും കേന്ദ്രം ഡൽഹി സർക്കാരിനു നൽകുന്നില്ല.
കേന്ദ്രനികുതിയിലെ വിഹിതം ഉടൻ അനുവദിക്കണമെന്ന് ആവശ്യമുന്നയിച്ചു. പുതുതായി സ്കൂളുകളും ആശുപത്രികളും തുറക്കാൻ ഡൽഹിക്കു തുക നൽകണം. യമുനാ ശുചീകരണം, വൈദ്യുതി-വെള്ളം ഇളവു പദ്ധതി തുടങ്ങിയവയ്ക്കൊക്കെ പണം വേണം. 2001 മുതൽ കേന്ദ്രനികുതിവിഹിതം ഡൽഹിക്കു നൽകിയിട്ടില്ല. ധനകാര്യ കമ്മിഷൻ ശുപാർശയനുസരിച്ച് മറ്റു സംസ്ഥാനങ്ങൾക്ക് കേന്ദ്രനികുതിയുടെ 42 ശതമാനം നൽകുന്നു. 2001-നു മുമ്പ് ഡൽഹിക്കു കേന്ദ്രവിഹിതം ലഭിച്ചിരുന്നതായും സിസോദിയ ചൂണ്ടിക്കാട്ടി.
Share this Article
Related Topics