ന്യൂഡല്‍ഹി: കാണാതായ വിദ്യാര്‍ഥി നജീബ് അഹമ്മദിനെ തിരയാന്‍ ജെ.എന്‍.യുവില്‍ തിങ്കളാഴ്ച പോലീസ് പടയെത്തി. പോലീസ് നായ്ക്കളുമടങ്ങുന്ന സംഘം രാവിലെ 11 മുതല്‍ വൈകിട്ടുവരെ കാമ്പസ്സില്‍ തിരച്ചില്‍ നടത്തിയെങ്കിലും കാര്യമായി തുമ്പൊന്നും ലഭിച്ചതായി അറിവില്ല. വിദ്യാര്‍ഥികള്‍ താമസിക്കുന്ന ഹോസ്റ്റലുള്‍പ്പെടെ സര്‍വകലാശാലയിലെ 60-70 ശതമാനം സ്ഥലങ്ങളിലും തിരച്ചില്‍ നടത്തിയെന്ന് പോലീസുദ്യോഗസ്ഥര്‍ അറിയിച്ചു. തിരച്ചില്‍ ചൊവ്വാഴ്ചയും തുടരും. നജീബിനെ കാണാതായ സംഭവത്തില്‍ ഹൈക്കോടതി നിര്‍ദേശമനുസരിച്ചാണ് ജെ.എന്‍.യുവില്‍ പോലീസ് പടയെത്തിയത്. ജെ.എന്‍.യു. വിദ്യാര്‍ഥി യൂണിയന്‍ റെയ്ഡുമായി സഹകരിച്ചു. അതേസമയം, കാമ്പസില്‍ പോലീസ് സാന്നിധ്യം അനുവദിച്ചതില്‍ എ.ബി.വി.പി. പ്രതിഷേധിച്ചു.
ക്രൈംബ്രാഞ്ച് ഡി.എസ്.പി. ജി. രാംഗോപാല്‍ നായിക്കിന്റെ നേതൃത്വത്തിലായിരുന്നു പോലീസ് സംഘം. വനിത-പുരുഷ പോലീസടക്കം അറുനൂറിലേറെപ്പേര്‍ സംഘത്തിലുണ്ടായിരുന്നു. നജീബ് താമസിച്ചിരുന്ന മഹി-മണ്ഡ് വി ഹോസ്റ്റലില്‍ വിശദമായ പരിശോധന നടന്നു. നജീബിന്റെ വസ്ത്രങ്ങള്‍ പോലീസ് നായ്ക്കളെക്കൊണ്ടു മണപ്പിച്ചു. എന്നാല്‍, കാമ്പസ്സിനുള്ളില്‍നിന്ന് യാതൊരുവിധ തുമ്പും ലഭിച്ചിട്ടില്ല. സ്‌പെഷ്യല്‍ സെല്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് എന്നിവയിലെ പോലീസുകാരും റെയ്ഡില്‍ പങ്കെടുത്തിരുന്നതായി മുതിര്‍ന്ന പോലീസുദ്യോഗസ്ഥന്‍ അറിയിച്ചു. 12 എ.സി.പിമാര്‍, 30 ഇന്‍സ്‌പെക്ടര്‍മാര്‍, 60 സബ് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിങ്ങനെ ഉന്നതോദ്യോഗസ്ഥരുടെ വലിയ സംഘംതന്നെ കൂട്ടത്തിലുണ്ടായിരുന്നു. ഡി.സി.പി. റാങ്കിലുള്ള രണ്ടുദ്യോഗസ്ഥര്‍ മേല്‍നോട്ടം വഹിച്ചു. വൈകിട്ട് അഞ്ചുവരെയുള്ള തിരച്ചിലില്‍ ഹോസ്റ്റലുകളും താമസകേന്ദ്രങ്ങളും അക്കാദമിക് ബ്ലോക്കുകളുമൊക്കെ പരിശോധിച്ചു. മൗണ്ടഡ് പോലീസിന്റെ സഹായത്തോടെ വനമേഖലയും അരിച്ചുപെറുക്കി. എന്നിട്ടും കാര്യമായ വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.
പോലീസ് തിരയാന്‍ ഏറെ വൈകിയെന്ന് കാമ്പസ്സിലുണ്ടായിരുന്ന നജീബിന്റെ ഉമ്മ ഫാത്തിമ നഫീസ് പറഞ്ഞു. നജീബിനെ കാണാതായ ഉടന്‍ അവര്‍ ഇതുപോലെ തിരയണമായിരുന്നു. തന്റെ മകനെ പോലീസ് കണ്ടുപിടിച്ച് തിരിച്ചേല്‍പ്പിക്കണമെന്നും അവര്‍ പറഞ്ഞു. ഇത്രയുംദിവസം പോലീസ് എന്തു ചെയ്യുകയായിരുന്നെന്ന് ജെ.എന്‍.യു. വിദ്യാര്‍ഥി യൂണിയന്‍ ചോദിച്ചു. നജീബിനെ കാണാതായിട്ട് 65 ദിവസമായി. ഇപ്പോള്‍ നടത്തുന്നത് അധരവ്യായാമം മാത്രമാണെന്നും യൂണിയന്‍ കുറ്റപ്പെടുത്തി. എന്നാല്‍, കോടതി ഉത്തരവനുസരിച്ച് തങ്ങള്‍ റെയ്ഡുമായി സഹകരിക്കുമെന്നും യൂണിയന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
അതേസമയം, വിദ്യാര്‍ഥി യൂണിയനെയും അധ്യാപക അസോസിയേഷനെയും രൂക്ഷമായി വിമര്‍ശിച്ച് എ.ബി.വി.പി. രംഗത്തെത്തി. 1983-നുശേഷം ആദ്യമായാണ് ജെ.എന്‍.യു.വില്‍ ഇത്രയും വലിയ പോലീസ് പടയെത്തുന്നതെന്ന് എ.ബി.വി.പി. നേതാവ് സൗരഭ് ശര്‍മ പറഞ്ഞു. കാമ്പസില്‍ പോലീസ് സാന്നിധ്യം എതിര്‍ക്കുകയും പ്രതിഷേധിക്കുകയും ചെയ്യാറുള്ള വിദ്യാര്‍ഥി യൂണിയന്‍ എന്താണ് മിണ്ടാതെ നില്‍ക്കുന്നതെന്നും സൗരഭ് ചോദിച്ചു.
ഒക്ടോബര്‍ 14-നാണ് എം.എസ്.സി. ബയോടെക്‌നോളജി വിദ്യാര്‍ഥി നജീബ് അഹമ്മദിനെ കാണാതായത്. തലേദിവസം ഹോസ്റ്റല്‍മുറിയില്‍ വെച്ച് നജീബിനെ എ.ബി.വി.പി. പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചിരുന്നു. നജീബിനെ കണ്ടെത്തുന്നവര്‍ക്ക് പ്രതിഫലമായി ഡല്‍ഹി പോലീസ് പത്തുലക്ഷം രൂപയും പ്രഖ്യാപിച്ചു. ഇതുവരെയും കേസില്‍ എന്തെങ്കിലും തുമ്പുണ്ടാക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ ഹൈക്കോടതിയും പോലീസിനെ അതിരൂക്ഷമായി കുറ്റപ്പെടുത്തിയിരുന്നു.