രാജ്യദ്രോഹ കേസിൽ കനയ്യ കുമാറിനും ഉമർ ഖാലിദിനുമെതിരേ കുറ്റപത്രം


2 min read
Read later
Print
Share

ന്യൂഡൽഹി: ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്ന കേസിൽ ജവാഹർലാൽ നെഹ്രു സർവകലാശാല സ്റ്റുഡന്റ്‌സ് യൂണിയൻ മുൻ പ്രസിഡന്റ് കനയ്യ കുമാർ, ഉമർ ഖാലിദ് എന്നിവർ ഉൾപ്പെടെ പത്ത് പേർക്കെതിരേ ഡൽഹി പോലീസ് കുറ്റപത്രം സമർപ്പിച്ചു.

പാർലമെന്റ് ആക്രമണക്കേസിലെ പ്രതിയായ അഫ്‌സൽ ഗുരുവിനെ തൂക്കിലേറ്റിയതിൽ പ്രതിഷേധിച്ച് 2016 ഫെബ്രുവരി ഒമ്പതിന് കാമ്പസിനുള്ളിൽ നടത്തിയ പ്രകടനത്തിൽ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നാണ് കേസ്. കനയ്യ കുമാർ, ഉമർ ഖാലിദ് എന്നിവർക്ക് പുറമേ അനിർബൻ ഭട്ടാചാര്യ, കശ്മീർ വിദ്യാർഥികളായ അക്വിബ് ഹുസൈൻ, മുജീബ് ഹുസൈൻ, മുനീബ് ഹുസൈൻ, ഉമർഗുൽ, റയീസ് റസൂൽ, ബഷീർ ഭട്ട്, ബഷറത്ത് എന്നിവർക്കെതിരേയുമാണ് മെട്രൊപൊളിറ്റൻ മജിസ്‌ട്രേറ്റ്‌ സുമിത് ആനന്ദ് മുമ്പാകെ ഡൽഹി പോലീസ് കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രം കോടതി ചൊവ്വാഴ്ച പരിഗണിക്കും. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കനയ്യ കുമാറിനെ മഹാസഖ്യത്തിന്റെ സ്ഥാനാർഥിയായി മത്സരിപ്പിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

കുറ്റപത്രത്തിൽ 36 പേരുകൾകൂടി

പട്യാല കോടതിയിൽ സമർപ്പിച്ച 1,200-ഓളം പേജുകൾ വരുന്ന കുറ്റപത്രത്തിൽ 36 വിദ്യാർഥികളുടെ പേരുകൾ കൂടി പോലീസ് ഉൾപ്പെടുത്തിയിട്ടുണ്ട്. സ്റ്റുഡന്റ്‌സ് യൂണിയൻ മുൻ വൈസ് പ്രസിഡന്റ് ഷെഹല റഷീദ്, സി.പി.ഐ. നേതാവ് ഡി. രാജയുടെ മകൾ അപരാജിത, രമ നാഗ, അഷുതോഷ് കുമാർ, ബനോജ്യോത്സ്‌ന ലാഹിരി തുടങ്ങിയ വിദ്യാർഥികളുടെ പേരുകളാണ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അഫ്‌സൽ ഗുരു അനുസ്മരണച്ചടങ്ങിൽ ഇവർ പങ്കെടുത്തിരുന്നതായും എന്നാൽ, ഇവർക്കെതിരേ തെളിവുകൾ ലഭിച്ചിട്ടില്ലെന്നും പോലീസ് കുറ്റപത്രത്തിൽ പറയുന്നു.

രാജ്യദ്രോഹം, ക്രിമിനൽ ഗൂഢാലോചന, കലാപമുണ്ടാക്കൽ തുടങ്ങി വിവിധ കുറ്റങ്ങൾ

രാജ്യദ്രോഹം, നിയമവിരുദ്ധമായി സംഘം ചേരൽ, ക്രിമിനൽ ഗൂഢാലോചന, കലാപമുണ്ടാക്കൽ, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ വിവിധ കുറ്റങ്ങളാണ് പത്തുപേർക്കെതിരേ ചുമത്തിയിരിക്കുന്നത്. വിദ്യാർഥി യൂണിയൻ പ്രസിഡന്റായിരുന്ന കനയ്യ കുമാറാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. ദേശവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കാൻ വിദ്യാർഥികളെ കനയ്യ കുമാർ പ്രേരിപ്പിച്ചെന്നും കുറ്റപത്രത്തിലുണ്ട്. സി.സി.ടി.വി. ദൃശ്യങ്ങൾ, മൊബൈൽ ദൃശ്യങ്ങൾ, വിവിധ രേഖകൾ തുടങ്ങിയവയും പോലീസ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കശ്മീർ വിദ്യാർഥികളുടെ സാന്നിധ്യത്തിന് സി.സി.ടി.വി. ദൃശ്യങ്ങൾ തെളിവ്

സി.സി.ടി.വി. ക്യാമറകളിലെയും മൊബൈലുകളിലെയും ദൃശ്യങ്ങൾ യഥാർഥത്തിലുള്ളതാണെന്നും കശ്മീരിൽനിന്നുള്ള വിദ്യാർഥികളുടെ സാന്നിധ്യം തെളിയിക്കുന്നതിനുള്ള ദൃശ്യങ്ങളുണ്ടെന്നും പോലീസ് അവകാശപ്പെട്ടു. പ്രകടനത്തിൽ മുഖം മറച്ച് പങ്കെടുത്ത കശ്മീർ വിദ്യാർഥികൾ മടങ്ങിപ്പോകുമ്പോൾ മുഖം മറച്ചിരുന്നില്ല. സി.സി.ടി.വി. ദൃശ്യങ്ങളിൽ ഇത് വ്യക്തമാണെന്നും പോലീസ് പറഞ്ഞു. അഫ്‌സൽ ഗുരു അനുസ്മരണത്തിൽ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്ന് ആരോപിച്ച് ബി.ജെ.പി. എം.പി. മഹേഷ് ഗിരിയും എ.ബി.വി.പി.യും നൽകിയ പരാതികളിൽ 2016 ഫെബ്രുവരി 11-നാണ് ഡൽഹി പോലീസ് കേസെടുത്തത്. സർവകലാശാലയുടെ അനുമതിയില്ലാതെയാണ് അഫ്‌സൽ ഗുരു അനുസ്മരണം നടത്തിയത്. നേരത്തേ അനുസ്മരണത്തിന് സർവകലാശാല അനുമതി നൽകിയിരുന്നെങ്കിലും എ.ബി.വി.പി.യുടെ പരാതിയുടെ അടിസ്ഥാനത്തിൽ റദ്ദാക്കുകയായിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram