ജെ.എൻ.യു. വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ് ഇന്ന്


2 min read
Read later
Print
Share

പ്രസിഡൻഷ്യൽ സംവാദത്തിൽ ചർച്ചാവിഷയമായി ആമസോണിലെ കാട്ടുതീ മുതൽ കാന്റീനിലെ ശുചിത്വംവരെ

ന്യൂഡൽഹി: ജവഹർലാൽ നെഹ്രു സർവകലാശാല (ജെ.എൻ.യു.) വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിനുമുന്നോടിയായി നടന്ന പ്രസിഡൻഷ്യൽ സംവാദത്തിൽ ആഗോളതലം മുതൽ പ്രാദേശികതലം വരെയുള്ള വിഷയങ്ങൾ ചർച്ചയായി. ‘ജയ് ഭീം’, ‘ലാൽ സലാം’, ‘വന്ദേ മാതരം’ തുടങ്ങിയ മുദ്രാവാക്യങ്ങൾ അലയടിച്ച അന്തരീക്ഷത്തിൽ നടന്ന സംവാദത്തിൽ ആമസോൺ വനത്തിലെ കാട്ടുതീ മുതൽ സർവകലാശാല കാന്റീനിലെ ശുചിത്വംവരെ സ്ഥാനാർഥികൾ ചർച്ചചെയ്തു.

ജെ.എൻ.യു.വിലെ പ്രസിദ്ധമായ ഗംഗാ ദാബയ്ക്ക് സമീപത്തായിരുന്നു പരിപാടി. ജമ്മുകശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കൽ, ആൾക്കൂട്ടക്കൊല തുടങ്ങിയ ദേശീയ വിഷയങ്ങളിലും സ്ഥാനാർഥികൾ തങ്ങളുടെ അഭിപ്രായം പങ്കുവെച്ചു. സർവകലാശാലയിലെ വിഷയങ്ങൾ പ്രതിപാദിച്ചെങ്കിലും കേന്ദ്രസർക്കാരിന്റെ നേട്ടത്തെക്കുറിച്ചായിരുന്നു എ.ബി.വി.പി. കൂടുതലും ഉന്നയിച്ചത്.

പ്രതിപക്ഷകക്ഷികളുടെ സംവാദം ഭൂരിഭാഗവും ഇതിനുള്ള മറുപടിയിലും ഒതുങ്ങി. ‘ഭാരത് മാതാ കീ ജയ്’, ‘വന്ദേ മാതരം’ എന്നീ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ടാണ് എ.ബി.വി.പി. സ്ഥാനാർഥി മനീഷ് ജൻഗിദ് സംസാരിക്കാൻ ആരംഭിച്ചത്. ‘സർവകലാശാലയ്ക്ക് കളങ്കം (രാജ്യദ്രോഹക്കേസ്) വരുത്തിയതിന് ഉത്തരവാദികളാണ് ‘ടുക്‌ഡെ-ടുക്‌ഡെ’ സംഘം. കശ്മീരിന് പ്രത്യേകപദവി നൽകിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയതിനെ ഞങ്ങൾ ആഘോഷിച്ചപ്പോൾ കരസേനയെ അധിക്ഷേപിക്കുകയായിരുന്നു ഇടതുപാർട്ടികൾ’- മനീഷ് കുറ്റപ്പെടുത്തി.

തിരഞ്ഞെടുക്കപ്പെട്ടാൽ ‘കാമ്പസ് കേന്ദ്രീകൃതമായ’ രാഷ്ട്രീയമാതൃക കൊണ്ടുവരും. രാജ്യദ്രോഹക്കേസ് കോടതിയുടെ പരിഗണനയിലാണെന്ന് മനീഷിന് മറുപടി നൽകിയാണ് എൻ.എസ്.യു.ഐ. സ്ഥാനാർഥി പ്രശാന്ത് കുമാർ തന്റെ പ്രസംഗത്തിന് തുടക്കമിട്ടത്. ഇതോടെ ബാപ്‌സ, ഇടതുവിഭാഗം എന്നിവർ കൈയടിച്ചു.

രണ്ടുകോടി തൊഴിലവസരങ്ങൾ ലഭിക്കുമെന്നാണ് തങ്ങൾക്ക് കിട്ടിയിരുന്ന വാഗ്ദാനം. ഈ ജോലികൾ ഇപ്പോൾ എവിടെയെന്നും പ്രശാന്ത് ചോദിച്ചു. കൊല്ലപ്പെട്ട മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ്, എം.എം. കൽബുർഗി എന്നിവരുടെ ആശയങ്ങൾക്ക് അഭിവാദ്യം അർപ്പിക്കുന്നെന്ന് ഇടതുവിഭാഗത്തിന്റെ സ്ഥാനാർഥി ഐഷെ ഗോഷ് പറഞ്ഞു.

ആൾക്കൂട്ടമർദനത്തിന് ഇരയായി കൊല്ലപ്പെട്ട അഖ്‌ലാക്ക്, ജുനൈദ്, പെഹ്‌ലു ഖാൻ എന്നിവരെ തങ്ങൾക്ക് മറക്കാനാവില്ല. ലോകമൊട്ടാകെ വലതുപക്ഷക്കാരെ ഉയർത്തിക്കൊണ്ടുവരാൻ മുതലാളിത്തശക്തികൾ പ്രോത്സാഹനം നൽകുകയാണ്. പണത്തിന്റെ ബലത്തിൽ വിജയിച്ച തിരഞ്ഞെടുപ്പിനെ ജനാധിപത്യപരമായി തങ്ങൾക്ക് കണക്കാക്കാനാവില്ല. വിവരാവകാശനിയമം, ട്രാൻസ്‌ജെൻഡർ ബിൽ, കശ്മീരിലെ മനുഷ്യാവകാശലംഘനം എന്നീ വിഷയങ്ങളിൽ സർക്കാരിനെ ഗോഷ് കുറ്റപ്പെടുത്തി.

വലത്, ഇടത് സംഘടനകളെ കുറ്റപ്പെടുത്തിയായിരുന്നു ബാപ്‌സ സ്ഥാനാർഥി ജിതേന്ദ്ര സുന സംസാരിച്ചത്. ആർ.എസ്.എസ്സും ബി.ജെ.പി.യും ദേശവിരുദ്ധരാണെന്നും മുതലാളിത്തത്തെ കൊണ്ടുവന്നത് സി.പി.എമ്മാണെന്നും ജിതേന്ദ്ര ആരോപിച്ചു. വിദ്യാഭ്യാസം സ്വകാര്യവത്കരിക്കുകയാണ് സർക്കാരെന്നും പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളിൽനിന്നുള്ള വിദ്യാർഥികൾക്ക് പഠനസൗകര്യം നിഷേധിക്കുന്നെന്നും ഛാത്ര ആർ.ജെ.ഡി. സ്ഥാനാർഥി പ്രിയങ്ക ഭാരതി കുറ്റപ്പെടുത്തി. സംവാദം മുറുകിയതോടെ എ.ബി.വി.പി.യും ഇടതുവിഭാഗക്കാരും തമ്മിൽ ചെറിയ സംഘർഷമുണ്ടായി. തുടർന്ന് 20 മിനിട്ടോളം പരിപാടി നിർത്തിവെക്കേണ്ടിവന്നു. ‘ജെ.എൻ.യു. വിലെ യോഗി’ എന്നറിയപ്പെടുന്ന രാഘവേന്ദ്ര മിശ്രയും സംവാദത്തിൽ പങ്കെടുത്തു. വെള്ളിയാഴ്ചയാണ് തിരഞ്ഞെടുപ്പ്. ഫലം ഞായറാഴ്ച പുറത്തുവരും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram