ജെ.എൻ.യുവിൽ കശ്മീരും 'കത്തിക്കാളുന്നു'; ഇടതുപക്ഷവും എ.ബി.വി.പി.യും നേർക്കുനേർ


2 min read
Read later
Print
Share

നാളെ പ്രസിഡൻഷ്യൽ സംവാദം. സ്ഥാനാർഥിയായി മലയാളിയും

ന്യൂഡൽഹി: ജെ.എൻ.യു. വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.യുടെ വിദ്യാർഥി വിഭാഗമായ എ.ബി.വി.പിയും ഇടതുപക്ഷവും തമ്മിൽ നേർക്കുനേർ പോരാട്ടം. എൻ.എസ്.യു. (ഐ), ബാപ്‌സ തുടങ്ങിയ സംഘടനകളൊക്കെ മത്സരരംഗത്തുണ്ടെങ്കിലും സംഘപരിവാറും ഇടതുപക്ഷവും മുഖാമുഖം നിന്നുള്ളതാണ് തിരഞ്ഞെടുപ്പുയുദ്ധം. കശ്മീർ ഉൾപ്പെടെ ദേശസ്നേഹവിഷയങ്ങളുയർത്തി എ.ബി.വി.പി. പ്രചാരണം നടത്തുമ്പോൾ കാവിരാഷ്ട്രീയത്തിന്റെ കെടുതികളും ദളിത്-ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അടിച്ചമർത്തലുകളുമാണ് ഇടതുപക്ഷത്തിന്റെ ആയുധം.

വിധിയെഴുത്തിനു മുമ്പായി രാഷ്ട്രീയപ്രത്യയ ശാസ്ത്രങ്ങളുടെ തീപ്പൊരി ജ്വലിക്കുന്ന പ്രസിഡൻഷ്യൽ സംവാദം ബുധനാഴ്ച രാത്രി നടക്കും. വെള്ളിയാഴ്ചയാണ് വിധിയെഴുത്ത്. ഞായറാഴ്ചയോടെ ഫലം പുറത്തുവരുമെന്നാണ് സൂചന. കശ്മീർ വിഭജനത്തെച്ചൊല്ലി ഇടതുപക്ഷം ഉപജാപം നടത്തുന്നെന്നാണ് എ.ബി.വി.പി.യുടെ ആരോപണം. ‘ഒരേയൊരിന്ത്യ, ഒരൊറ്റ ജനത’ എന്ന സന്ദേശം സാക്ഷാത്കരിക്കപ്പെട്ടതാണ് കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ തീരുമാനം. ദേശദ്രോഹികളെ സഹായിക്കുന്നതാണ് ഇടതുപക്ഷത്തിന്റെ നിലപാട്. അവർ ഇന്ത്യൻ പട്ടാളത്തിനെതിരേ കാമ്പസിൽ മുദ്രാവാക്യം മുഴക്കി. സംഘർഷത്തിന്റെ വക്താക്കളാണ് ഇടതുപക്ഷമെന്നും എ.ബി.വി.പി. കുറ്റപ്പെടുത്തി.

ജെ.എൻ.യു.വിൽ ഇതുവരെയുള്ള ഇടതുപക്ഷഭരണം വികസനം കൊണ്ടുവന്നില്ലെന്നാണ് മറ്റൊരു വിമർശനം. തങ്ങൾ വന്നാൽ എല്ലാ ക്ലാസുകളും ശീതീകരിക്കും. മൊബൈൽ റേഞ്ചിനുള്ള പ്രശ്നങ്ങൾ തീർക്കും. സ്കോളർഷിപ്പ് ലഭ്യമാക്കാനായി കാനറാ ബാങ്കിന്റെ ശാഖ കാമ്പസിൽ തുറക്കും. സർവമേഖലകളിലും വികസനം സാധ്യമാക്കി പഠനാന്തരീക്ഷം മെച്ചപ്പെടുത്തുമെന്നും എ.ബി.വി.പി. വാഗ്ദാനം ചെയ്യുന്നു. മനീഷ് ജാംഗിദ് (പ്രസിഡന്റ്), ശ്രുതി അഗ്നിഹോത്രി (വൈസ് പ്രസിഡന്റ്), ശബരീഷ്. പി.എ (ജനറൽ സെക്രട്ടറി), സുമന്തകുമാർ സാഹു (ജോ. സെക്രട്ടറി) എന്നിവരാണ് സ്ഥാനാർഥികൾ.

ജെ.എൻ.യു.വിന്റെ തനതു സ്വഭാവം തകർത്തുകളഞ്ഞ അധികൃതരുടെ നടപടി ഇടതുപക്ഷം ഉയർത്തിക്കാട്ടുന്നു. കേന്ദ്രസർക്കാർ സമ്മതത്തോടെ വൈസ് ചാൻസലർ നടപ്പാക്കിയ പരിഷ്കാരങ്ങൾ അക്കാദമിക അന്തരീക്ഷം ഇല്ലാതാക്കി. സ്കോളർഷിപ്പും സഹായധനവുമൊക്കെ വൻതോതിൽ വെട്ടിക്കുറച്ചു. രാജ്യത്ത് ദളിതരും ന്യൂനപക്ഷങ്ങളുമൊക്കെ വൻതോതിൽ വേട്ടയാടപ്പെടുന്നു. സംഘപരിവാർ രാഷ്ട്രീയം ജെ.എൻ.യു.വിലും നടപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ് എ.ബി.വി.പി.യെന്നും ഇടതുപക്ഷം ആരോപിക്കുന്നു. എസ്.എഫ്.ഐ., ഡി.എസ്.എഫ്., ഐസ, എ.ഐ.എസ്.എഫ്. എന്നീ സംഘടനകൾ ചേർന്ന് ഇടതുപക്ഷസഖ്യം എന്ന പേരിലാണ് മത്സരം. ഐഷ ഘോഷ് (പ്രസിഡൻറ്), സാകേത് മൂൺ (വൈസ് പ്രസിഡന്റ്), സതീഷ്ചന്ദ്ര യാദവ് (ജനറൽ സെക്രട്ടറി), മുഹമ്മദ് ഡാനിഷ് (ജോ. സെക്രട്ടറി) എന്നിവരാണ് ഇടതുസ്ഥാനാർഥികൾ.

എൻ.എസ്.യു. പ്രസിഡന്റ് സ്ഥാനത്തേയ്ക്കു മാത്രം മത്സരിക്കുന്നു. ദളിത് രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന ബാപ്‌സ ഇത്തവണ ഫ്രറ്റേണിറ്റി എന്ന സംഘടനയ്ക്കൊപ്പമാണ് മത്സരിക്കുന്നത്. ബാപ്‌സ പ്രസിഡന്റ് സ്ഥാനാർഥിയെ നിർത്തി. സെന്റർ ഫോർ ലോ ആൻഡ് ഗവേണൻസിലെ ഗവേഷക വിദ്യാർഥിയും മലയാളിയുമായ വസീം ആർ.എസാണ് ഫ്രറ്റേണിറ്റിയുടെ ജനറൽ സെക്രട്ടറി സ്ഥാനാർഥി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram