ആള്‍ക്കൂട്ടം ചേര്‍ന്നുള്ള കൊലകള്‍ക്കെതിരെ യോജിച്ച പ്രക്ഷോഭത്തിന് മുന്നിട്ടിറങ്ങുകയാണെന്ന് വിദ്യാര്‍ഥി യൂണിയന്‍ നേതാക്കള്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി എല്ലാ വിദ്യാര്‍ഥി സംഘടനകളുമായും പുരോഗമന ചിന്താഗതിക്കാരുമായുമൊക്കെ സംസാരിച്ചെന്ന് ശതരൂപ പറഞ്ഞു.
2014-ല്‍ ബി.ജെ.പി. സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണ് പാര്‍ശ്വവല്‍ക്കൃത വിഭാഗങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ധിച്ചതെന്ന് വിദ്യാര്‍ഥി യൂണിയന്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. അതു പെട്ടെന്നു തടഞ്ഞു നിര്‍ത്താനാവില്ല. സമരത്തിന് എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ അഭ്യര്‍ഥിക്കുന്നതായും യൂണിയന്‍ പ്രസ്താവിച്ചു.
ബല്ലഭ്ഗഢ് സ്വദേശി ജുനൈദ് ഡല്‍ഹി-മഥുര ട്രെയിനില്‍ മര്‍ദനമേറ്റു കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ജന്ദര്‍മന്തറില്‍ അടുത്തിടെ പ്രതിരോധ കൂട്ടായ്മ അരങ്ങേറിയിരുന്നു. ചലച്ചിത്രപ്രവര്‍ത്തക സാബ ദവാന്‍ സോഷ്യല്‍ മാധ്യമങ്ങളിലൂടെ നടത്തിയ പ്രചാരണത്തിലൂടെ നൂറു കണക്കിനാളുകള്‍ ജന്ദര്‍മന്തറില്‍ പ്രതിഷേധിക്കാനെത്തി.